അതിശയിപ്പിക്കുന്ന കാര്യം എന്തെന്നാൽ, രണ്ട് കുഞ്ഞുങ്ങളും പരസ്പരം അടുത്തിരിക്കുന്ന രീതിയിലാണ് കണ്ടെത്തിയതെങ്കിലും അവയുടെ മരണകാലങ്ങള്‍ തമ്മില്‍ ആയിരക്കണക്കിന് വർഷങ്ങളുടെ വ്യത്യാസമുണ്ട്.

സ്റ്റോക്ക്ഹോമിലെ സെന്‍റര്‍ ഫോര്‍ പാലിയോജെനെറ്റിക്സ് വിദഗ്ദ്ധര്‍ വംശനാശം സംഭവിച്ച ഗുഹാകാലത്തെ സിംഹക്കുട്ടിയുടെ ഒരു മമ്മി കണ്ടെത്തിയിരിക്കുകയാണ്. 40,000 വര്‍ഷത്തിലധികമാണ് ഇതിന്‍റെ പഴക്കം എന്നാണ് കരുതുന്നത്. 

ലൈവ് സയൻസ് റിപ്പോർട്ട് ചെയ്തത് അനുസരിച്ച്, മാമോത്ത് ദന്തവേട്ടക്കാരാണ് ഇത് കണ്ടെത്തിയത്. ഏകദേശം നാല് വർഷം മുമ്പ് 2017 -ൽ സൈബീരിയയിലെ യാകുട്ടിയയിലെ ഉരുകുന്ന പെർമാഫ്രോസ്റ്റിൽ ഒരു സിംഹത്തിന്റെ അവശിഷ്ടം കണ്ടെത്തിയിരുന്നു. സ്പാര്‍ട്ട എന്ന് ഇതിന് പേര് നല്‍കി. 2018 -ൽ വെറും 50 അടി അകലെ ഒരു ആണ്‍ സിഹത്തെയും കണ്ടെത്തി. ബോറിസ് എന്നാണ് ഇതിന് പേര് നല്‍കിയത്. 

വര്‍ഷങ്ങളോളം ഇതിന് മേല്‍ ആഴത്തിലുള്ള പഠനം നടന്നു. വംശനാശം സംഭവിച്ച സിംഹക്കുട്ടികളുടെ ശരീരഘടനയെക്കുറിച്ച് ഇതുവരെ കാണാത്ത വിശദാംശങ്ങളിൽ പഠിക്കാൻ കഴിയുന്നത് ഇതാദ്യമാണെന്ന് ശാസ്ത്രജ്ഞർ വെളിപ്പെടുത്തി. ഇന്നത്തെ ആഫ്രിക്കന്‍ സിംഹങ്ങളോട് അടുത്ത ബന്ധമുള്ളവയാണ് ഈ കണ്ടെത്തിയിരിക്കുന്ന സിംഹമെന്ന് കരുതുന്നു. ഭൂമിയുടെ വടക്കൻ അർദ്ധഗോളത്തിൽ 2.1 ദശലക്ഷം മുതൽ 11,600 വർഷം വരെ നീണ്ടുനിന്ന അവസാന ഹിമയുഗകാലത്ത് അവ ധാരാളമായി ഉണ്ടായിരുന്നു. എന്നിരുന്നാലും, ഗുഹാ സിംഹങ്ങൾക്ക് കഠിനമായ മരവിപ്പിക്കുന്ന അവസ്ഥകളെപ്പോലും എളുപ്പത്തിൽ നേരിടാൻ കഴിയും. 

ബോറിസും സ്പാർട്ടയും തണുത്തുറഞ്ഞ താപനിലയിൽ കണ്ടെത്തിയപ്പോൾ വളരെ ചെറുപ്പമായിരുന്നു. റേഡിയോകാർബൺ ഡേറ്റിംഗ്, എക്സ്-റേ ഇമേജിംഗ്, ഭാഗിക ഡിഎൻഎ സീക്വൻസിംഗ് എന്നിവ കുഞ്ഞുങ്ങൾക്ക് ഒന്നോ രണ്ടോ മാസം മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ മരിക്കുമ്പോൾ എന്ന് വെളിപ്പെടുത്തി. 

അതിശയിപ്പിക്കുന്ന കാര്യം എന്തെന്നാൽ, രണ്ട് കുഞ്ഞുങ്ങളും പരസ്പരം അടുത്തിരിക്കുന്ന രീതിയിലാണ് കണ്ടെത്തിയതെങ്കിലും അവയുടെ മരണകാലങ്ങള്‍ തമ്മില്‍ ആയിരക്കണക്കിന് വർഷങ്ങളുടെ വ്യത്യാസമുണ്ട്. 28,000 വർഷങ്ങൾക്ക് മുമ്പ് സ്പാർട്ട മരിച്ചുവെങ്കില്‍, 43,000 വർഷങ്ങൾക്ക് മുമ്പേ ബോറിസ് മരിച്ചിട്ടുണ്ട്.

ഗുഹയിലാവാം ഈ സിംഹങ്ങള്‍ കഴിഞ്ഞിരുന്നത്. ഗുഹയുടെ തകര്‍ച്ച അവയുടെ മരണത്തിലേക്ക് നയിച്ചിട്ടുണ്ടാകാം എന്നെല്ലാം വിദഗ്ദ്ധര്‍ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ വെളിപ്പെടുത്തുന്നു. അവയുടെ അസ്ഥികളും മറ്റും തകര്‍ന്നതെല്ലാം ഇതിന് കാരണമായി പറയുന്നു. എന്നാല്‍, അന്നത്തെ കാലത്ത് എങ്ങനെയാണ് ഇവ ജീവിച്ചിരുന്നത്, ഭക്ഷണം തേടിയിരുന്നത്, കഠിനമായ കാലാവസ്ഥയെ എങ്ങനെ അതിജീവിച്ചു എന്നതെല്ലാം ഇനിയും കണ്ടെത്താനുണ്ട്.