വീടിനായുള്ള നറുക്കെടുപ്പ് നവംബർ 4 -ന് തൽസമയമായി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന് ആതിഥേയത്വം വഹിക്കുന്നത് ട്വെൻഫോർ സഹോദരങ്ങളാണ്.
യുകെയിൽ വെറും 277 രൂപയ്ക്ക് 3.7 കോടി രൂപ വിലമതിക്കുന്ന ഒരു ആഡംബര വീട് സ്വന്തമാക്കാനുള്ള അവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത്. കേട്ടാൽ തമാശയായി തോന്നാമെങ്കിലും സംഗതി സത്യമാണ്. നാല് കിടപ്പുമുറികൾ ഉള്ള ആഡംബര ഭവനമാണ് ഈ ചെറിയ തുകയ്ക്ക് സ്വന്തമാക്കാൻ സാധിക്കുന്നത്.
സഹോദരങ്ങളായ ജേസണും വില്ലും ചേർന്ന് സംഘടിപ്പിച്ച ഡാനിയൽ ട്വെൻഫോർ നറുക്കെടുപ്പിലൂടെയാണ് ഇത് സാധ്യമാകുന്നത്. നറുക്കെടുപ്പിൽ വിജയിയാകുന്ന ഒരു ഭാഗ്യശാലിക്ക് അത്യാധുനിക സൗകര്യങ്ങളുള്ള വിശാലമായ വീട്ടിൽ വാടകയും പണയവുമില്ലാതെ താമസിക്കാനുള്ള അവസരം അവർ വാഗ്ദാനം ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. യുണൈറ്റഡ് കിംഗ്ഡത്തിലെ കെന്റിലെ മെഡ്‌വേയിലാണ് മനോഹരമായ ഈ ആഡംബര വീട് സ്ഥിതി ചെയ്യുന്നത്.
രാജകീയമായ പ്രോപ്പർട്ടി മൂന്ന് നിലകളിലായി വ്യാപിച്ചുകിടക്കുന്നു, കൂടാതെ നാല് വലിയ കിടപ്പുമുറികൾ, ആഡംബരപൂർണമായ ഭക്ഷണം കഴിക്കാവുന്ന അടുക്കളയും ഡൈനറും, മനോഹരമായ ഒരു സ്വീകരണമുറി, പൂന്തോട്ടം എന്നിങ്ങനെ വേണ്ടതെല്ലാം ഇവിടെയുണ്ട്. കൂടാതെ അത്യാഡംബരപൂർവ്വമായ ഒരു സ്വർണ്ണ ഫയർ പ്ലേസും ഇവിടെയുണ്ട്.
വീടിനായുള്ള നറുക്കെടുപ്പ് നവംബർ 4 -ന് തൽസമയമായി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന് ആതിഥേയത്വം വഹിക്കുന്നത് ട്വെൻഫോർ സഹോദരങ്ങളാണ്. യുകെയിലെ ബ്രിസ്റ്റോൾ സിറ്റി സെന്ററിൽ 500,000 പൗണ്ട് വിലമതിക്കുന്ന മൂന്ന് അപ്പാർട്ടുമെന്റുകൾ ഒറ്റയടിക്ക് നൽകിയതിന് ഇവർ പ്രശസ്തരാണ്.
നറുക്കെടുപ്പിൽ വിജയിയായി വീട് സ്വന്തമാക്കുന്ന ആൾക്ക് അവിടെ ഇഷ്ടമുള്ളത് ചെയ്യാൻ സ്വാതന്ത്ര്യമുണ്ട്. അവർക്ക് ഒന്നുകിൽ അതിൽ താമസിക്കാം, അല്ലെങ്കിൽ വാടകയ്‌ക്ക് നൽകാം, ഇതിന് പ്രതിമാസം £2,000 വരെ അല്ലെങ്കിൽ 1,86, 515 രൂപ വരെ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഏതായാലും 277 രൂപ കൊടുത്ത് ഒരു ഭാഗ്യ പരീക്ഷണം നടത്താൻ തയ്യാറായാൽ ഒരുപക്ഷേ കോടികൾ വിലമതിക്കുന്ന ആ ആഡംബര ഭവനം നിങ്ങളുടേതായേക്കാം.
