ഇപ്പോൾ ഏതായാലും ഇതേക്കുറിച്ച് കൂടുതൽ പഠനം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. അതിനായി ഡിഎൻഎ ടെസ്റ്റുകളും മറ്റ് വിശകലനങ്ങളും നടക്കും. ആ കാലഘട്ടത്തിൽ ജപ്പാനിൽ ആരാധനാ വസ്തുക്കളായി മമ്മിഫൈഡ് മെർമെയ്ഡുകൾ ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്നു. 

ജപ്പാനിലെ ഗവേഷകർ(Researchers in Japan) 300 വർഷം പഴക്കമുള്ള(300 year-old) ഒരു 'മെർമെയ്ഡ് മമ്മി'(Mermaid mummy)യുടെ ഉത്ഭവം കണ്ടെത്തുന്നതിനുള്ള പരീക്ഷണം ആരംഭിച്ചിരിക്കയാണ്. യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്നതിനു വേണ്ടി നിർമ്മിക്കപ്പെട്ടതായിരിക്കാം എന്ന് കരുതുന്ന വിചിത്രരൂപത്തിലുള്ള ഈ വസ്തു 1700 -കളുടെ തുടക്കത്തിലുള്ളതാണെന്ന് വിശ്വസിക്കപ്പെടുന്നു.

30 സെന്റി മീറ്ററാണ് ഇതിന്റെ നീളം. കരയുന്ന തരത്തിലാണ് മുഖം. കൈകൾ മുഖത്തേക്ക് ഉയർത്തിയിട്ടുണ്ട്. ജപ്പാനിലെ ഹോൺഷു ദ്വീപിന്റെ തെക്ക് ഭാഗത്തുള്ള ഒകയാമ പ്രിഫെക്ചറിലെ ഒരു ക്ഷേത്രത്തിലെ പെട്ടിയിലാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്. എന്നാൽ, ഇതുവരെ അതിന്റെ കൃത്യമായ ഉത്ഭവം അജ്ഞാതമായി തുടരുന്നു. രൂപത്തിന് നഖങ്ങളും പല്ലുകളും തലയിൽ രോമവും ഉള്ളതായി തോന്നുന്നുണ്ട്. മമ്മിഫൈ ചെയ്തിരിക്കുന്ന ഈ വസ്തുവിനെ കുറാഷിക്കി സയൻസ് ആൻഡ് ആർട്‌സ് സർവകലാശാലയിലെ മൃഗാശുപത്രിയിൽ സിടി സ്കാനിനായി അയച്ചിട്ടുണ്ട്. 

1736 -നും 1741 -നും ഇടയിൽ പസഫിക് സമുദ്രത്തിലെ മത്സ്യബന്ധന വലയിൽ ഇത് കുടുങ്ങിയതായി അവകാശപ്പെടുന്ന ഒരു കുറിപ്പ് അത് കണ്ടെത്തിയ പെട്ടിയിൽ ഉണ്ടായിരുന്നു എന്ന് ജപ്പാനിലെ അസാഹി ഷിംബുൻ പത്രം പറയുന്നു. ഇത് ഒരു കുടുംബം സൂക്ഷിച്ചുവെന്നും പിന്നീട് അത് മറ്റൊരാൾക്ക് കൈമാറിയെന്നും പറയപ്പെടുന്നു. അത് ഒടുവിൽ ഒരു ക്ഷേത്രം ഏറ്റെടുക്കുകയും, പ്രദർശിപ്പിച്ചിക്കുകയും ചെയ്‍തിരുന്നു.

ഒകയാമ ഫോക്ലോർ സൊസൈറ്റിയിലെ ഹിരോഷി കിനോഷിത, നിഗൂഢ ജീവികളെക്കുറിച്ച് ഗവേഷണം നടത്തിയ ജാപ്പനീസ് പ്രകൃതി ചരിത്രകാരനായ കിയോകി സാറ്റോയെ പഠിക്കുന്നതിനിടയിലാണ് ഈ വസ്തു കണ്ടെത്തിയത്. ഇതൊരു യഥാർത്ഥ മത്സ്യകന്യകയാണ് എന്ന് താൻ കരുതുന്നില്ല. ഇത് ഒന്നുകിൽ യൂറോപ്പിലേക്ക് കയറ്റി അയക്കാനോ അല്ലെങ്കിൽ ജപ്പാനിലെ തന്നെ എന്തെങ്കിലും പ്രത്യേക പരിപാടിക്ക് വേണ്ടിയോ ഉണ്ടാക്കിയതാവാം എന്ന് അദ്ദേഹം പറയുന്നു. എങ്കിലും അടുത്തിടെ വരെ വിശദമായ ഒരു പരിശോധനയൊന്നും അതേക്കുറിച്ച് അന്വേഷിച്ച് നടന്നിട്ടില്ല.

ഇപ്പോൾ ഏതായാലും ഇതേക്കുറിച്ച് കൂടുതൽ പഠനം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. അതിനായി ഡിഎൻഎ ടെസ്റ്റുകളും മറ്റ് വിശകലനങ്ങളും നടക്കും. ആ കാലഘട്ടത്തിൽ ജപ്പാനിൽ ആരാധനാ വസ്തുക്കളായി മമ്മിഫൈഡ് മെർമെയ്ഡുകൾ ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്നു. ക്ഷേത്രത്തിലെ പ്രധാന പുരോഹിതൻ പറഞ്ഞു: “കൊറോണ വൈറസ് പാൻഡെമിക്കിനെ ചെറുതായി എങ്കിലും ലഘൂകരിക്കാൻ ഇത് സഹായിക്കുമെന്ന് പ്രതീക്ഷിച്ച് ഞങ്ങൾ അതിനെ ആരാധിച്ചു. എന്നാൽ, ഈ ഗവേഷണ പ്രോജക്റ്റിന് ഭാവി തലമുറകൾക്ക് ഇതേക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”

റിപ്പോർട്ടിന്റെ ഫലങ്ങൾ ശരത്കാലത്ത് പ്രസിദ്ധീകരിക്കപ്പെടും എന്ന് കരുതുന്നു.