Asianet News MalayalamAsianet News Malayalam

തടാകത്തിൽ നിന്നും പിടികൂടിയത് ഭീമൻ ​ഗോൾഡ്‍ഫിഷിനെ, ഭാരം 30 കിലോ!

കാരറ്റ് ആ തടാകത്തിൽ ഉണ്ട് എന്ന് എപ്പോഴും തനിക്ക് അറിയാമായിരുന്നു. എന്നാൽ, അതിനെയാണ് താൻ പിടികൂടിയിരിക്കുന്നത് എന്ന് കരുതിയിരുന്നില്ല എന്നും ഹാക്കറ്റ് പറഞ്ഞു.

30kg goldfish catches by fisherman
Author
First Published Nov 23, 2022, 9:34 AM IST

ജലം മൊത്തം അത്ഭുതമാണ്. അതിനകത്ത് എന്തൊക്കെ ഒളിച്ചിരിക്കുന്നുണ്ട് എന്ന് പറയുക സാധ്യമല്ല. ഇവിടെ ഒരു മീൻപിടിത്തക്കാരൻ ഒരു ഭീമൻ ​ഗോൾഡ്‍ഫിഷിനെ അതുപോലെ കണ്ടെത്തിയിരിക്കുകയാണ്. അതാണ് ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ ​ഗോൾഡ്‍ഫിഷ് എന്നാണ് കരുതുന്നത്. എത്രയാണ് അതിന്റെ ഭാരം എന്നോ? 30 കിലോ!

ആൻഡി ഹാക്കറ്റ് എന്ന മത്സ്യത്തൊഴിലാളി ഫ്രാൻസിലെ ഷാംപെയ്നിലെ ബ്ലൂവാട്ടർ തടാകങ്ങളിൽ മത്സ്യബന്ധനം നടത്തുകയായിരുന്നു. അപ്പോഴാണ് 30 കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ള 'ദ കാരറ്റ്' എന്ന് വിളിക്കുന്ന ​ഗോൾഡ്‍ഫിഷിനെ കണ്ടെത്തിയത്. 

20 വർഷം മുമ്പാണ് ഈ ​ഗോൾഡ്ഫിഷിനെ പ്രസ്തുത തടാകത്തിൽ ഇട്ടത്. എന്നാൽ, അത് അങ്ങനെ ആരുടേയും കണ്ണിൽ പെടുന്ന ഒന്നായിരുന്നില്ല. അത് ആളുകളുടെ കണ്ണിൽ പെടാതെ ആ തടാകത്തിൽ കഴിഞ്ഞു. ഹാക്കറ്റ് 25 മിനിറ്റ് എടുത്തിട്ടാണ് അതിനെ പിടിച്ചത്. 

കാരറ്റ് ആ തടാകത്തിൽ ഉണ്ട് എന്ന് എപ്പോഴും തനിക്ക് അറിയാമായിരുന്നു. എന്നാൽ, അതിനെയാണ് താൻ പിടികൂടിയിരിക്കുന്നത് എന്ന് കരുതിയിരുന്നില്ല എന്നും ഹാക്കറ്റ് പറഞ്ഞു. അത് ഹാക്കറ്റിന്റെ ചൂണ്ടയിൽ നിന്നും പലതവണ വഴുതി മാറി. ആ സമയത്ത് തന്നെ അത് ഒരു ഭീമൻ മീനാണ് എന്ന് അയാൾക്ക് മനസിലായിരുന്നു. പിന്നാലെ, അതിന്റെ ഓറഞ്ച് നിറവും വെളിപ്പെട്ടു. 

ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ ​ഗോൾഡ്‍ഫിഷിനേക്കാൾ 13 കിലോ കൂടുതലാണ് കാരറ്റിന്. അന്ന് അതിനെ പിടിച്ചിരുന്നത് 2019 -ൽ യുഎസ്സിലെ മിനസോട്ടയിൽ നിന്നും ജേസൺ ഫ്യുജേറ്റ് എന്നയാളാണ്. 

ഏതായാലും പിടിച്ചത് കാരറ്റിനെയാണ് എന്ന് മനസിലായപ്പോൾ ഹാക്കറ്റ് അതിനെ സുരക്ഷിതമായി തടാകത്തിലേക്ക് തന്നെ ഇറക്കി വിട്ടു. അതിന് മുമ്പ് അതിന്റെ പല ചിത്രങ്ങളും ഹാക്കറ്റ് പകർത്തി. അത് സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വയ്ക്കുകയും ചെയ്തു. 

Follow Us:
Download App:
  • android
  • ios