Asianet News MalayalamAsianet News Malayalam

ലോകത്തെ നടുക്കിയ ലോക്കർബി വിമാന ബോംബിങ്ങിന് ഇന്നേക്ക് മുപ്പത്തിരണ്ടാണ്ട്..!

1986 -ൽ ഗദ്ദാഫിയുടെ ഇളയ മകൾക്ക് ജീവനാശമുണ്ടായ അമേരിക്കൻ മിസൈലാക്രമണങ്ങൾക്കുള്ള മറുപടിയാവാം ഈ ബോംബിങ് എന്ന് അന്വേഷണ ഏജൻസികൾ അന്ന് വിലയിരുത്തി.

32 years since the Lockerbie Bombing by Libyan terrorists revenge to america
Author
Lockerbie, First Published Dec 21, 2020, 3:54 PM IST

1988 അമേരിക്കൻ വ്യോമയാന ചരിത്രത്തിലെ ഒരു ദുഃഖദിനമാണ്. ഇന്നേക്ക് 32 വർഷം മുമ്പാണ്, ലണ്ടനിൽ നിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട പാൻ ആം വിമാനം 103 , സ്കോട്ട്ലണ്ടിലെ ലോക്കർബിക്ക് മുകളിൽ വെച്ച് ഒരു ബോംബുസ്ഫോടനത്തിൽ ഛിന്നഭിന്നമായത്. വിമാനത്തിലെ 243 യാത്രികരും, 16 കാബിൻ ക്രൂ അംഗങ്ങളും, 11 ലോക്കർബി നിവാസികളും ഈ അപകടത്തിൽ കൊല്ലപ്പെട്ടു. ഒരു കാസറ്റ് പ്ലെയറിൽ ഒളിപ്പിച്ച് വിമാനത്തിന്റെ കാർഗോ ഹോൾഡ് ഏരിയയിൽ സ്ഥാപിച്ചിരുന്ന സിംടെക്സ് ബോംബ്, 31,000 അടി ഉയരത്തിൽ വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. 

 

32 years since the Lockerbie Bombing by Libyan terrorists revenge to america

 

189 അമേരിക്കൻ പൗരന്മാർക്ക് ജീവനാശമുണ്ടായ ഈ അപകടം, അമേരിക്കയ്ക്ക് നേരെ നടന്ന അന്നോളമുള്ള ഏറ്റവും വലിയ തീവ്രവാദ ആക്രമണങ്ങളിൽ ഒന്നായിരുന്നു. ഒരു പക്ഷേ, അതുവരെയുള്ള  അന്താരാഷ്ട്ര കുറ്റകൃത്യങ്ങളിൽ ഏറ്റവും വിശദമായി അന്വേഷിക്കപ്പെട്ട ഒന്നും ഇതുതന്നെ ആയിരിക്കും. വിമാനം ജർമനിയിലെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ ഉണ്ടായിരുന്ന സമയത്താണ് അക്രമികൾ ഈ ബോംബ് വിമാനത്തിൽ പ്ലാന്റ്  ചെയ്തത് എന്ന് കരുതപ്പെടുന്നു. ഇത്, 1986 -ൽ അമേരിക്ക ലിബിയയിൽ നടത്തിയ, ഗദ്ദാഫിയുടെ ഇളയ മകൾക്ക് ജീവനാശമുണ്ടായ മിസൈലാക്രമണങ്ങൾക്കുള്ള മറുപടിയാവാം എന്ന് അന്വേഷണ ഏജൻസികൾ അന്ന് വിലയിരുത്തി. 1988 -ൽ പേർഷ്യൻ ഗൾഫിൽ വെച്ച് അമേരിക്ക അബദ്ധവശാൽ ഒരു ഇറാനിയൻ യാത്രാവിമാനം വെടിവെച്ചു വീഴ്ത്തിയ സംഭവത്തിനുള്ള പ്രതികാരമായും ലോക്കർബി സംഭവത്തെ കണക്കാണുന്നവരുണ്ട്. 

 

32 years since the Lockerbie Bombing by Libyan terrorists revenge to america

 

ഈ ആക്രമണം ഉണ്ടാകുന്നതിനു പതിനാറു ദിവസങ്ങൾക്ക് മുമ്പ്, ഫിൻലണ്ടിലെ ഹെൽസിങ്കിയിലുള്ള അമേരിക്കൻ എംബസിയിൽ അധികം താമസിയാതെ തന്നെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് പുറപ്പെടുന്ന ഒരു പാൻ ആം വിമാനത്തിൽ ബോംബുവെക്കപ്പെടും എന്ന ഒരു അജ്ഞാത ഫോൺസന്ദേശം കിട്ടിയിരുന്നു. എന്നാൽ ആ സന്ദേശത്തെ അവർ ഗൗരവമായി കാണുകയോ, വിമാനക്കമ്പനിക്ക് മുന്നറിയിപ്പ് നൽകുകയോ ഉണ്ടായില്ല. 

18..35 -ന് ലണ്ടൻ ഹീത്രോ വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ്  ചെയ്ത വിമാനം, സ്കോട്ലൻഡിനു മുകളിലൂടെ പറന്നുചെന്ന് അറ്റ്ലാന്റിക് സമുദ്രം കടന്നു കൊണ്ട് അമേരിക്കയിലേക്ക് പോകാനുള്ളതായിരുന്നു. വിമാനം പറത്തിയ ക്യാപ്റ്റൻ ജെയിംസ് മാക്ക്വാറിക്ക് 11,000 മണിക്കൂറിന്റെ പറത്തൽ പരിചയമുണ്ടായിരുന്നു. 18.58 -ന് പ്രെസ്റ്റ് വിക്ക് എയർ ട്രാഫിക് കൺട്രോളുമായി സമ്പർക്കം പുലർത്തിയ വിമാനം, 19.02 അടുപ്പിച്ച് റഡാറിൽ നിന്ന് മറഞ്ഞു. അല്പസമയത്തിനുള്ളിൽ അതുവഴി കടന്നുപോയ ഒരു ബ്രിട്ടീഷ് എയർ വിമാനം താഴെ വലിയൊരു തീകത്തുന്നത് കണ്ടു എന്ന് എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചു. ഒരു ഡിസ്ട്രെസ്സ് കോൾ കൊടുക്കാനുള്ള സാവകാശം പോലും അപകടം നടന്നപ്പോൾ പൈലറ്റിന് ലഭിച്ചില്ല എന്നതാണ് വാസ്തവം. 

 

32 years since the Lockerbie Bombing by Libyan terrorists revenge to america

 

കാർഗോ ഹോൾഡ് ഏരിയയിൽ നടന്ന സ്‌ഫോടനത്തിൽ ആ ജെറ്റ് വിമാനത്തിന്റെ വശങ്ങളിൽ 50  സെന്റിമീറ്റർ വലിപ്പത്തിൽ ഒരു ദ്വാരമുണ്ടാക്കി. ആ ദ്വാരം കാരണം വിമാനത്തിന്റെ ഉൾവശവും പുറംഭാഗവും തമ്മിലുണ്ടായ മർദ്ദവ്യത്യാസം വിമാനത്തെ കഷ്ണങ്ങളായി ചിതറിത്തെറിക്കാൻ കാരണമാവുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ തന്നെ വിമാനത്തിന്റെ മുൻഭാഗം പൊട്ടിത്തെറിച്ച് അടർന്നു പോയിക്കഴിഞ്ഞിരുന്നു. അത് ലോക്കർബി പട്ടണത്തിൽ നിന്നും ഏതാനും മൈലുകൾ അകലെയായിട്ടാണ് ചെന്ന് വീണത്. എന്നാൽ, ബാക്കി ഭാഗം പിന്നെയും മുന്നോട്ടു സഞ്ചരിച്ച് ലോക്കർബി പട്ടണത്തിലെ ഒരു ജനവാസ കേന്ദ്രത്തിനു മുകളിൽ ചെന്ന് വീണു. 

പൊട്ടിത്തെറിച്ച ആ 747 വിമാനത്തിന്റെ ഇന്ധനം നിറച്ചിരുന്ന ചിറകുഭാഗം വന്നു പതിച്ചത് ഷെർവുഡ് ക്രെസന്റ് എന്ന ഒരു ജനവാസ മേഖലയിലായിരുന്നു. നിലം തൊട്ട പാടെ അത് പൊട്ടിത്തെറിച്ച് പ്രദേശത്തുണ്ടായത് 47 മീറ്റർ ആഴത്തിലുള്ള ഒരു ഗർത്തമാണ്. ആ തെരുവിലെ രണ്ടു കുടുംബങ്ങളിൽ നിന്നുള്ള പതിനൊന്നു പേർ നിമിഷനേരം കൊണ്ട് കൊല്ലപ്പെട്ടു. വിമാനത്തിലെ യാത്രികരുടെ ചിതറിത്തെറിച്ച ശരീരഭാഗങ്ങൾ, കളിപ്പാട്ടങ്ങൾ, ക്രിസ്മസ് സമ്മാനങ്ങൾ, സ്യൂട്ട്കേസുകൾ എന്നിവ ലോക്കർബി കെട്ടിടത്തിന്റെ പല ഭാഗങ്ങളിലായി ചിതറിത്തെറിച്ചു. രണ്ടായിരം ചതുരശ്രമൈൽ വിസ്തൃതിയിലാണ് മരിച്ചവരുടെ ശരീരങ്ങൾ ചെന്നുവീണത്.  ചുരുങ്ങിയത് രണ്ടു യാത്രക്കാരെങ്കിലും നേരത്തെ കണ്ടെത്താൻ സാധിച്ചിരുന്നെങ്കിൽ രക്ഷപ്പെട്ടിരുന്നേനെ എന്ന് ആശുപത്രി അധികൃതർ പിന്നീട് അറിയിക്കുകയുണ്ടായി. 

32 years since the Lockerbie Bombing by Libyan terrorists revenge to america

 

സുദീർഘമായ അന്വേഷണത്തിന് ശേഷം 1991 നവംബറിൽ ബ്രിട്ടീഷ് അമേരിക്കൻ ഏജൻസികൾ ഈ ബോംബിങ്ങിനു പിന്നിൽ പ്രവർത്തിച്ചവർ എന്ന് കണ്ടെത്തിയത്,  അബ്ദുൽബാസിത് അൽ മെഗ്രാഹി, അൽ അമീൻ ഖൈലിഫ ഫിമാ എന്നീ രണ്ടു ലിബിയൻ പൗരന്മാരെ ആയിരുന്നു. അൽ മെഗ്രാഹി ലിബിയൻ അറബ് എയർലൈൻസ് മേധാവിയും, ഗദ്ദാഫിയുടെ രഹസ്യപ്പോലീസിൽ ഓഫീസറും ആയിരുന്നു. പത്തുവർഷത്തോളം നീണ്ട നിയമ നടപടികൾക്കൊടുവിൽ മെഗ്രാഹിയെ നെതർലൻഡ്‌സിലെ ഒരു നിഷ്പക്ഷ കോടതിയിൽ വെച്ച് സ്‌കോട്ടിഷ് ജഡ്ജിമാർ വിചാരണ ചെയ്ത് കൊലക്കുറ്റത്തിന് ശിക്ഷിച്ചു. സംഭവം നടന്നപ്പോൾ മുതൽ തങ്ങൾക്ക് ഗൂഢാലോചനയിൽ പങ്കില്ല എന്നാവർത്തിച്ച ലിബിയൻ ഗവൺമെന്റിൽ 2003 ഓഗസ്റ്റിൽ കുറ്റം ഏറ്റുപറഞ്ഞ്, അപകടത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്കും, പാൻ ആം എയർലൈൻസിനും നഷ്ടപരിഹാരം നൽകാൻ തയ്യാറായി. അതിനു പകരമായി യുഎൻ ലിബിയക്കെതിരെ ഏർപ്പെടുത്തപ്പെട്ടിരുന്ന ഉപരോധം നീക്കുകയും ചെയ്തു. എന്നാൽ, ഈ കുറ്റസമ്മതവും നഷ്ടപരിഹാരം നൽകലും ഒന്നും തങ്ങൾക്ക് പശ്ചാത്താപം തോന്നിയതുകൊണ്ടല്ല, അതൊക്കെ ഉപരോധങ്ങൾ നീക്കിക്കിട്ടാൻ വേണ്ടി മാത്രമാണ് എന്നും, സമാധാനത്തിനുള്ള വിലനൽകുക മാത്രമാണ് ലിബിയ ചെയ്യുന്നത് എന്നുമുള്ള ലിബിയൻ പ്രധാനമന്ത്രിയുടെ പരസ്യ പ്രസ്താവന അന്ന് അപകടത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് ഏറെ പ്രയാസമുണ്ടാക്കിയ ഒന്നായിരുന്നു. 

Follow Us:
Download App:
  • android
  • ios