1967 -ൽ നടന്ന ഇസ്രയേലും ജോർദാൻ, ഈജിപ്ത്, സിറിയ എന്നീ അയൽരാജ്യങ്ങളും തമ്മിൽ നടന്ന 'സിക്സ് ഡേ വാർ' എന്നറിയപ്പെട്ട യുദ്ധത്തിൽ ജയം ഇസ്രയേലിന്റെ പക്ഷത്തായിരുന്നു. അന്നവർ തങ്ങളുടെ അതിർത്തി കാര്യമായിത്തന്നെ വികസിപ്പിച്ചു. നേരത്തെ ഇസ്രയേലിന്റെ ഭാഗമല്ലാതിരുന്ന പല പ്രദേശങ്ങളിലേക്കും അവരുടെ കടന്നുകയറ്റമുണ്ടായി. അവിടങ്ങളിലെ ജനങ്ങളോടെല്ലാം അവർക്ക് ശത്രുതയും സ്വാഭാവികമായും ഉണ്ടായി. 

 

 

ഈ കയ്യേറ്റം നടന്നതിന് കൃത്യം രണ്ടു പതിറ്റാണ്ടിനു ശേഷം, 1987 -ൽ, ഇസ്രായേൽ അധിനിവേശ പ്രദേശങ്ങളിൽ നിന്ന് പ്രതിരോധങ്ങളുടെ ഒരു അലയടി തന്നെ ഉണ്ടായി. അന്ന് ഇസ്രയേലിന്റെ കടന്നുകയറ്റം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് നിരത്തിലിറങ്ങിയത് അഞ്ചുലക്ഷത്തോളം പലസ്തീനി പൗരന്മാരായിരുന്നു. അപ്രതീക്ഷിതയുണ്ടായ ഈ പ്രതിഷേധപ്രകടനങ്ങളെ നിയന്ത്രണ വിധേയമാക്കാൻ അന്ന് ഇസ്രായേൽ നിയോഗിച്ചത് എൺപത്തിനായിരത്തിലധികം സൈനികരെയാണ്. ഇസ്രായേലി സൈനികരും പലസ്തീനി പ്രതിഷേധക്കാരും തമ്മിൽ അന്ന് തെരുവുയുദ്ധങ്ങൾ തന്നെ നടന്നു. ഒരു വശത്ത് സെമി ഓട്ടോമാറ്റിക് യന്ത്രത്തോക്കുകളേന്തിയ ഇസ്രായേലി കമാൻഡോകൾ. മറുവശത്ത്, ഇസ്രായേലി ബോംബാക്രമണത്തിൽ തകർന്നു വീണ തങ്ങളുടെ വീടുകളുടെ അവശിഷ്ടങ്ങളിൽ നിന്ന് പെറുക്കിയെടുത്ത കല്ലിന്റെയും കോൺക്രീറ്റിന്റെയും  കഷ്ണങ്ങളും കയ്യിലേന്തി  പലസ്തീനി പൗരന്മാരും. ആകെ സംഘർഷഭരിതമായി അന്ന് പ്രദേശം. ഒളിച്ചും പാത്തും നിന്ന് കവണയ്ക്ക് കല്ലടിച്ച് പലസ്തീനി ബാലകരും യുവാക്കളും ഇസ്രായേലി സൈന്യത്തിന്റെ മനോവീര്യം കെടുത്തി.  

 

 

'ഇൻതിഫാദ' എന്ന വാക്കിന് അറബിയിൽ 'കുടഞ്ഞു കളയുക' എന്നാണർത്ഥം. പലസ്തീനികളുടെ വ്യാഖ്യാനത്തിൽ, അവരുടെ മേൽ പുരണ്ട അഴുക്കായ ഇസ്രയേലികളെ കുടഞ്ഞു കളയാൻ നടത്തിയ പരിശ്രമം എന്നർത്ഥം. ഈ വാക്ക് മധ്യ പൂർവേഷ്യയിൽ ആദ്യമായി ഉപയോഗിക്കപ്പെടുന്നത് 1952 -ലെ ഈജിപ്ഷ്യൻ വിപ്ലവകാലത്താണ്. തങ്ങളുടെ മേൽ ആധിപത്യം സ്ഥാപിച്ചുകൊണ്ടിരുന്ന, തങ്ങൾക്ക് സഞ്ചാരസ്വാതന്ത്ര്യം  നിഷേധിച്ചു കൊണ്ടിരുന്ന, തങ്ങൾക്കുമേൽ ഉരുക്കുമുഷ്ടി പ്രയോഗിച്ചു കൊണ്ടിരുന്ന ഇസ്രായേൽ ഭരണകൂടത്തിനെതിരെ തിരിയാൻ പലസ്തീനിലെ ജനങ്ങൾക്ക് പ്രകോപനത്തിന്റെ ഒരു തീപ്പൊരിയുടെ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. ഒടുവിൽ 1987 ഡിസംബർ 8 -ന് അതും സംഭവിച്ചു. ഇസ്രയേലിന്റെ ഒരു പട്ടാള ട്രക്ക്, പലസ്തീനികൾ സഞ്ചരിച്ച രണ്ടു വാനുകളുമായി കൂട്ടിയിടിക്കുന്നു. ആ വാഹനങ്ങളിൽ സഞ്ചരിച്ചിരുന്ന നാല് പലസ്തീനി തൊഴിലാളികൾ തത്സമയം കൊല്ലപ്പെടുന്നു. അത് കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഗാസയിൽ വെച്ച് ഒരു ഇസ്രായേലി പൗരൻ പലസ്തീൻകാരന്റെ കുത്തേറ്റു കൊല്ലപ്പെട്ടതിന്റെ പേരിൽ ഇസ്രായേൽ മനഃപൂർവം നടത്തിയ പ്രതികാരനടപടി എന്നാണ് അന്ന് പലസ്തീനികൾ ഈ അപകടത്തെ കാണുന്നത്. 

 

അതോടെ പലസ്തീനികളുടെ ഭാഗത്തുനിന്ന് കലാപങ്ങൾ പൊട്ടിപ്പുറപ്പെടുന്നു. ആദ്യത്തെ ഒരു വർഷത്തിലാണ് പ്രധാനപ്പെട്ട ഇൻതിഫാദ കലാപങ്ങൾ ഒക്കെയും നടക്കുന്നത്. കല്ലുകൾ, പെട്രോൾ ബോംബുകൾ എന്നിവയിൽ തുടങ്ങിയ പലസ്തീനി ആക്രമണങ്ങൾക്ക് താമസിയാതെ റൈഫിളുകളും, ഹാൻഡ് ഗ്രനേഡുകളും, സ്‌ഫോടകവസ്തുക്കളും ഒക്കെ കൂട്ടുചെല്ലുന്നു. ഇസ്രായേലി സൈന്യം പ്രത്യാക്രമണം  കടുപ്പിക്കുന്നതിനൊപ്പിച്ച് പലസ്തീനികളും ആയുധങ്ങൾ മാരകമാക്കിക്കൊണ്ടുവന്നു. ആ കലാപകാലത്തെ പലസ്തീനി ഇസ്രായേലി മരണങ്ങളുടെ അനുപാതം 3:1 എന്നായിരുന്നു എന്ന് അന്ന് ഇസ്രായേലിൽ പ്രവർത്തിച്ചിരുന്ന ചില എൻജിഒകളുടെ റിപ്പോർട്ടുകളിൽ പരാമർശമുണ്ട്. . 

1988 -ൽ അമേരിക്കയുടെ മധ്യസ്ഥതയിൽ ചർച്ചകൾ നടക്കുന്നു. അക്രമങ്ങളെ തള്ളിപ്പറയാൻ പിഎൽഒ തയ്യാറാകുന്നു. ഇസ്രായേൽ എന്ന രാജ്യത്തെ ഏറെക്കുറെ അവർ അംഗീകരിക്കുന്നു. ഇതിന്റെ പേരിലുള്ള ഭീകരവാദത്തെ പിന്തുണയ്ക്കില്ല എന്നും പ്രസ്താവിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതി ഇസ്രയേലിനെ അംഗീകരിച്ചുകൊണ്ടുള്ള 242 ആം നമ്പർ പ്രമേയം കൊണ്ടുവരുന്നു. 1993 നും 1995 നും ഇടയിൽ നിരവധി ഉടമ്പടികൾ പലസ്തീൻ ഇസ്രായേൽ ഭരണാധികാരികൾക്കിടയിൽ ഒപ്പുവെക്കപ്പെടുന്നു. അങ്ങനെ ഒന്നാം ഇൻതിഫാദ, അത് തുടങ്ങി ആറു വർഷത്തിനുള്ളിൽ കെട്ടടങ്ങുന്നു.  പിഎൽഒ പ്രായോഗികതയുടെ പാത പിടിച്ചതോടെ തീവ്രവാദത്തിന്റെ വഴിയിൽ ഹമാസ് എന്ന പുതുസംഘടന ഉദയം കൊണ്ടതും, അവർ ഓസ്ലോ ഉടമ്പടി അടക്കമുള്ളവയെ തള്ളിപ്പറഞ്ഞ് ഇസ്രായേലിലെ മർമ്മപ്രധാനമായ ഇടങ്ങളിൽ നിരന്തരം  ചാവേറാക്രമണങ്ങൾ നടത്തിയതും, അതിനെതിരെ മൊസ്സാദിന്റെ സഹായത്തോടെ രൂപീകരിച്ച ചെറി, സാംസൺ സ്‌ക്വാഡുകൾ വഴി മാരകമായി  ഇസ്രായേൽ തിരിച്ചടിച്ചതും,  അടിച്ചമർത്തൽ കടുപ്പിച്ചതുമൊക്കെ പിന്നീട് പലസ്തീനിലെ ജന ജീവിതം തുടർന്നങ്ങോട്ടും നരകതുല്യമാക്കുന്നുണ്ട്. 

1987 ഡിസംബർ 9 -നു തുടങ്ങി, ആറുവർഷം നീണ്ടുനിന്ന, 1300 ഫലസ്തീനികൾക്ക് ജീവൻ നഷ്ടമായ, 1,20,000 പേർക്ക് പരിക്കേറ്റ, ആറുലക്ഷം പേർ ജയിലിലടക്കപ്പെട്ട, 'ഒന്നാം ഇൻതിഫാദ' എന്നറിയപ്പെട്ട ഈ പോരാട്ടത്തിന് ഇന്നേക്ക് 33 വയസ്സ്.