മത്സ്യത്തിൻറെ വയറിന്‍റെ ഭാഗത്ത് വിവിധ നിറങ്ങളും പുള്ളികളും കാണാം. അവയുടെ വായഭാഗം ചുവന്നതാണ്, അവയുടെ വലിയ കണ്ണുകൾ സ്വർണനിറത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. 

കണ്ടാല്‍ ഏതോ ചിത്രകഥയിലേതാണോ എന്ന് തോന്നുന്ന ഒരു കളര്‍ഫുള്‍ മത്സ്യത്തെ കണ്ടെത്തിയിരിക്കുകയാണ് ഒറിഗോണിലെ ഒരു തീരത്ത് നിന്നും. കഴിഞ്ഞയാഴ്ച കണ്ടെത്തിയ മത്സ്യത്തിന്റെ പ്രത്യേകത അതിന്റെ നിറം മാത്രമല്ല. ഇതിന്റെ ഭാരം 100 പൗണ്ടാണ്. അതായത് 45 കിലോ വരും. 

സംസ്ഥാനത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള കടൽത്തീരത്തെ സൺസെറ്റ് ബീച്ചിലാണ് മൂൺ ഫിഷ് എന്നും പേരുള്ള ഓപ മത്സ്യത്തെ കണ്ടെത്തിയത്. ഈ മത്സ്യം ഒറിഗോൺ തീരത്ത് വളരെ അപൂർവമാണെന്ന് 'സീസൈഡ് അക്വേറിയം' ഒരു ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഒപ്പം മൂന്നര അടി നീളമുള്ള മത്സ്യത്തിന്റെ നിരവധി ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. 

സീസൈഡ് അക്വേറിയം ജനറല്‍ മാനേജര്‍ കെയ്ത് ചാന്‍ഡ്ലര്‍ പറഞ്ഞത്, 'ഇത്തരം മത്സ്യങ്ങള്‍ ഈ തീരത്ത് വളരെ അപൂര്‍വമാണ്. കണ്ടെത്തുമ്പോള്‍ അത് നല്ല രൂപത്തില്‍ തന്നെ ആയിരുന്നു' എന്നാണ്. 'അവ കാണാന്‍ വളരെ വ്യത്യസ്തവും മനോഹരവുമാണ്. പ്രദേശത്തുള്ളവരും ഇതിനെ കണ്ട ആവേശത്തിലായിരുന്നു' എന്നും കെയ്ത് സിഎന്‍എന്നിനോട് പറഞ്ഞു. 

നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ പറയുന്നത് അനുസരിച്ച്, സമുദ്രത്തിൽ ആഴത്തിൽ വസിക്കുന്നതിനാൽ ഈ ജീവിവർഗങ്ങളെക്കുറിച്ച് വളരെക്കുറച്ചേ അറിയൂ. മിതശീതോഷ്ണ, ഉഷ്ണമേഖലാ ജലത്തിലാണ് ഈ ഇനം സാധാരണയായി കാണപ്പെടുന്നത്. ഓപ അസാധാരണമായ ഒരു മത്സ്യമാണ്, NOAA -യുടെ വിശദീകരണം അനുസരിച്ച്, അവയ്ക്ക് വൃത്താകൃതിയിലുള്ളതും പരന്നതുമായ ശരീരമാണ്, അത് തിളങ്ങുന്ന ചാരനിറത്തിലാണ്.

മത്സ്യത്തിൻറെ വയറിന്‍റെ ഭാഗത്ത് വിവിധ നിറങ്ങളും പുള്ളികളും കാണാം. അവയുടെ വായഭാഗം ചുവന്നതാണ്, അവയുടെ വലിയ കണ്ണുകൾ സ്വർണനിറത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. അവയെ കണ്ടെത്തിയപ്പോഴുള്ള നിലയനുസരിച്ച് അക്വേറിയത്തിലെ സ്റ്റാഫ് എത്തുന്നതിന് ഒരു മണിക്കൂറില്‍ താഴെ മാത്രം സമയത്താണ് അവ അവിടെയെത്തിയത് എന്നാണ് കരുതപ്പെടുന്നത്. നിര്‍ഭാഗ്യവശാല്‍ അത് ചത്തുപോയിരുന്നു. എങ്കിലും പക്ഷികള്‍ കൊത്തിയെടുക്കും മുമ്പ് നമ്മളവിടെ എത്തി എന്നാണ് ജീവനക്കാര്‍ പറഞ്ഞത്. 

ഓപ ഒരു വലിയ ഫ്രീസറിലാണ് സൂക്ഷിക്കുന്നതെന്ന് ചാൻഡ്ലർ പറഞ്ഞു. മത്സ്യത്തെ കീറിമുറിച്ച് കൂടുതൽ പഠിക്കാൻ കൊളംബിയ റിവർ മാരിടൈം മ്യൂസിയം എന്ന പ്രാദേശിക സംഘടനയുമായി ചേർന്ന് പ്രവർത്തിക്കാൻ അക്വേറിയം പദ്ധതിയിടുന്നു. ഭാ​ഗ്യമുള്ള ഏതെങ്കിലും ഒരു സ്കൂൾ സംഘത്തിന് പഠനത്തിന്റെ ഭാഗമാകാനുള്ള അവസരം ലഭിക്കുമെന്നും അക്വേറിയം കൂട്ടിച്ചേർത്തു. സ്പീഷിസുകളെക്കുറിച്ച് കൂടുതലറിയാൻ അക്വേറിയം ഇതിനെ കീറിമുറിച്ച് പരിശോധിക്കുന്നതിൽ നിന്നും സാധ്യമായ എല്ലാ വിവരങ്ങളും ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് എന്നും ചാൻഡലർ പറഞ്ഞു.