കടുത്ത പോഷകാഹാരക്കുറവും നിർജ്ജലീകരണവും മൂലം തളർന്നവശരായി തുണിപോലുമില്ലാതെ എത്തിയ ഇവരെ ആദ്യം ഗ്രാമവാസികൾ മദ്യപിച്ചെത്തിയവരാണെന്നാണ് തെറ്റിദ്ധരിച്ചത്.

ഏകദേശം 100 ദിവസത്തോളം പസഫിക് സമുദ്രത്തിൽ അകപ്പെട്ടുപോയ അഞ്ചുപേർ അത്ഭുതകരമായി ജീവിതത്തിലേക്ക്. രണ്ട് കൗമാരക്കാരുൾപ്പെടെ അഞ്ചുപേരടങ്ങുന്ന സംഘം കടലിൽ അതിജീവിച്ചത് കടലാമകളെയും പക്ഷികളെയും ഭക്ഷിച്ചും മഴവെള്ളം കുടിച്ചുമാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. മൈക്രോനേഷ്യയിലെ ദ്വീപുകൾക്കിടയിൽ ഒരു മണിക്കൂർ മാത്രം നീളുന്ന യാത്രയ്ക്കായി പുറപ്പെട്ട ഇവർ സഞ്ചരിച്ചിരുന്ന ചെറുബോട്ട് വഴിതെറ്റി കടലിൽ അകപ്പെടുകയായിരുന്നു. അതിനിടെ കുടുംബത്തിലെ നാല് അംഗങ്ങൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു.

മൈക്രോനേഷ്യയിലെ ദ്വീപുകൾക്കിടയിൽ സാധനങ്ങൾ വാങ്ങുന്നതിനുവേണ്ടി ജൂലൈ 30-നാണ് ടെഡ്‌വിൻസൺ പോളും കുടുംബാംഗങ്ങളും ഉൾപ്പെടെ ഒൻപതുപേരടങ്ങുന്ന സംഘം 20 അടി നീളമുള്ള ചെറിയ ബോട്ടിൽ യാത്ര തിരിച്ചത്. എന്നാൽ, യാത്രയ്ക്കിടെ വീശിയടിച്ച ശക്തമായ കൊടുങ്കാറ്റിൽ അകപ്പെട്ട് ബോട്ടിന്റെ നിയന്ത്രണം നഷ്ടമാവുകയും ഇന്ധനം തീർന്ന് ബോട്ട് സമുദ്രത്തിലേക്ക് ഒഴുകിപ്പോവുകയുമായിരുന്നു.

കടലിൽ അകപ്പെട്ട ഇവർ രക്ഷാപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടാനായി അടുത്തു കൂടെ കടന്നുപോയ കപ്പലുകൾക്കും വിമാനങ്ങൾക്കും കൈവീശി സൂചനകൾ നൽകിയെങ്കിലും ആരുടെയും കണ്ണിൽപ്പെട്ടില്ല.

നാളുകൾ നീണ്ട ആഴക്കടലിലെ അലച്ചിലിനിടയിൽ വിശപ്പും നിർജ്ജലീകരണവും താങ്ങാനാവാതെ സംഘത്തിലെ ഒരു കുട്ടിയുൾപ്പെടെ നാലുപേർ മരണത്തിന് കീഴടങ്ങി. മരിച്ച പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ വിങ്ങുന്ന മനസ്സോടെ സമുദ്രത്തിലേക്ക് തള്ളേണ്ടിവന്നു അവർക്ക്.

3,000 മൈൽ അകലെ കര

ഏകദേശം 100 ദിവസത്തോളം സമുദ്രത്തിൽ അലഞ്ഞുതിരിഞ്ഞ ബോട്ട് 3,000 മൈലിലധികം ദൂരം താണ്ടി ഒടുവിൽ നവംബർ ഒന്നിനാണ് കിരിബാത്തിയിലെ ഫാനിങ് ദ്വീപിന്റെ പവിഴപ്പുറ്റുകൾ നിറഞ്ഞ തീരത്തടിഞ്ഞത്. തീരത്ത് തട്ടി ബോട്ട് തകർന്നതോടെ, അതിജീവിച്ച മൂന്ന് പുരുഷന്മാരും രണ്ട് കൗമാരക്കാരും ഉൾപ്പെടുന്ന അഞ്ചംഗ സംഘം പള്ളിമണിയുടെ ശബ്ദം പിന്തുടർന്ന് അടുത്തുള്ള ഗ്രാമത്തിലേക്ക് നടന്നെത്തുകയായിരുന്നു.

കടുത്ത പോഷകാഹാരക്കുറവും നിർജ്ജലീകരണവും മൂലം തളർന്നവശരായി തുണിപോലുമില്ലാതെ എത്തിയ ഇവരെ ആദ്യം ഗ്രാമവാസികൾ മദ്യപിച്ചെത്തിയവരാണെന്നാണ് തെറ്റിദ്ധരിച്ചത്. എന്നാൽ, ഇവരുടെ അവസ്ഥ മനസ്സിലാക്കിയ പള്ളിയിലെ പാസ്റ്റർ ഇവരെ ഏറ്റെടുത്ത് പ്രാഥമിക പരിചരണങ്ങൾ നൽകുകയായിരുന്നു.

ആരോഗ്യനിലയിൽ പുരോഗതി

നിലവിൽ നഴ്സിങ് ഓഫീസർ പൗകിൻ ടൊറോറോയുടെ മേൽനോട്ടത്തിൽ ചികിത്സയിൽ കഴിയുന്ന ഇവർ ആരോ​ഗ്യം വീണ്ടെടുത്തു വരികയാണ്. ഇവർ ഭക്ഷണത്തോടും ചികിത്സയോടും നന്നായി പ്രതികരിക്കുന്നുണ്ടെന്ന് ആരോഗ്യപ്രവർത്തകർ അറിയിച്ചു. അതിജീവിച്ചവരെ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതിനായി കിരിബാത്തി സർക്കാരുമായി ചർച്ചകൾ ആരംഭിച്ചതായി ചൂക്ക് ഗവർണർ അലക്സാണ്ടർ നറൂഹ് സ്ഥിരീകരിച്ചു.

YouTube video player