ദില്ലിയിൽ കോൺഗ്രസ് ദയനീയമായി പരാജയപ്പെടുന്നത് ഇത് തുടർച്ചയായ മൂന്നാംവട്ടമാണ്. തെരഞ്ഞെടുപ്പിനെ നേരിടുന്ന കാര്യത്തിൽ ഇത്തവണ കോൺഗ്രസിന്റെ ദേശീയ നേതൃത്വം ദയനീയമായ രീതിയിൽ പരാജയപ്പെട്ടു.dബിജെപിയുടെയും ആം ആദ്മി പാർട്ടിയുടെയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ എങ്ങനെ നേരിടണം എന്നകാര്യത്തിൽ വ്യക്തമായ ഒരു ദിശാബോധം കോൺഗ്രസിന് ഈ തെരഞ്ഞെടുപ്പിനെ സമീപിച്ച വേളയിൽ ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ദില്ലിയിലെ  കോൺഗ്രസിന്റെ ഈ ഫ്ലോപ്പ് ഷോ, ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസ്  മനഃപൂർവം സ്വീകരിച്ച തന്ത്രമാണ് എന്ന ആക്ഷേപം പോലും ശക്തമാണ്. 

2013 -ലാണ് കോൺഗ്രസിന്റെ പതനം തുടങ്ങുന്നത്. ആം ആദ്മി പാർട്ടി ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ തങ്ങളുടെ ആദ്യത്തെ അഗ്നിപരീക്ഷയെ നേരിടുന്ന സമയമായിരുന്നു അത്. വെറും ഒരു വർഷത്തെ പ്രായവും പരിചയവും മാത്രമുള്ള, തെരഞ്ഞെടുപ്പ് റാലികൾ പോലും സംഘടിപ്പിച്ച് വേണ്ടത്ര പ്രവർത്തന പരിചയമില്ലാത്ത ഈ പാർട്ടിയെ ആരും സഖ്യത്തിൽ പോലും പരിഗണിച്ചില്ല. എന്നാൽ, അഴിമതി കൊണ്ട് പൊറുതിമുട്ടിയിരുന്ന ദില്ലിയിലെ ജനങ്ങൾ കന്നി തെരഞ്ഞെടുപ്പിൽ തന്നെ ആം ആദ്മി പാർട്ടിക്ക് സാമാന്യം നല്ലൊരു പിന്തുണ നൽകിക്കൊണ്ട്, മറ്റുള്ള മുഖ്യധാരാ പാർട്ടികൾക്ക് മുഖമടച്ചൊരു അടി തന്നെ കൊടുത്തു. ഭരണകക്ഷിയായ കോൺഗ്രസിന്റെ ദയനീയ പരാജയത്തിന് ആം ആദ്മി പാർട്ടി കാരണമായി. 2015 -ലെ തെരഞ്ഞെടുപ്പിൽ തുടച്ചു നീക്കൽ പൂർണ്ണമായി. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചരിത്രത്തിൽ ആദ്യമായി കോൺഗ്രസിന്റെ അക്കൗണ്ട് ശുദ്ധശൂന്യം. 70 -ൽ 67 സീറ്റും നേടി ആം ആദ്മി പാർട്ടി ദില്ലിയുടെ ഒരു തേരോട്ടം തന്നെ നടത്തി അക്കുറി. 

ഇത്തവണത്തെ തെരഞ്ഞെടുപ്പിലാണെങ്കിൽ, കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് ഒട്ടും ആത്മവിശ്വാസം തുടക്കം മുതൽക്കേ ഉണ്ടായിരുന്നില്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വികാസ്പുരിയിലെ കോൺഗ്രസ് സ്ഥാനാർഥിയായ മുകേഷ് ശർമ്മ, പോസ്റ്റൽ വോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തിക്കഴിഞ്ഞപ്പോൾ തന്നെ തന്റെ പരാജയം സമ്മതിച്ചു കൊണ്ട് നടത്തിയ ഈ ട്വീറ്റ്.

 

ഒരുകാലത്ത് ദില്ലി കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്നു. ഏറെക്കാലം ഷീലാ ദീക്ഷിത് എന്ന മുതിർന്ന നേതാവിന്റെ കരങ്ങളിൽ സുഭദ്രമായിരുന്ന ഒരു സംസ്ഥാനം. അത് തുടർച്ചയായ മൂന്നാം വട്ടവും കോൺഗ്രസിന്റെ 'കൈ'വിട്ടുപോകാൻ, ഇത്തവണയും അരവിന്ദ് കെജ്‌രിവാളിനെ തിരികെ ഭരണത്തിലെത്തിക്കാൻ വഴിവെട്ടിയ രാഹുൽ ഗാന്ധിയുടെ അഞ്ചു പാളിച്ചകൾ ഒന്ന് പരിശോധിക്കാം. 

 

ദിശാബോധമില്ലാത്ത കേന്ദ്ര നേതൃത്വം 

തെരഞ്ഞെടുപ്പ് നടക്കുമ്പോൾ രാഹുൽ ഗാന്ധി അല്ലായിരുന്നു കോൺഗ്രസിന്റെ കേന്ദ്രനേതൃത്വത്തിൽ എന്നത് ശരിതന്നെ. എന്നാൽ, 2019 -ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ സമ്പൂർണ്ണ പരാജയത്തിലേക്ക് നയിച്ച രാഹുൽ ഗാന്ധി തന്നെയാണ് ആ മൂഡ് വരും വർഷത്തിലും നിലനിർത്തി ആം ആദ്മി പാർട്ടിക്ക് അനുകൂലമായ ഒരു സാഹചര്യം ഈ തെരഞ്ഞെടുപ്പിൽ സൃഷ്ടിച്ചു നൽകിയത്. 2013 -ൽ പാർട്ടി നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ രാഹുൽ പറഞ്ഞത്, "ഈ തെരഞ്ഞെടുപ്പിൽ ജനങ്ങളിൽ നിന്നേറ്റ പരാജയത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട്, സങ്കൽപ്പിക്കാൻ പോലുമാകാത്ത മാറ്റങ്ങൾ സംസ്ഥാനത്തെ പാർട്ടിയുടെ പ്രവർത്തനരീതികളിൽ കൊണ്ടുവരും എന്നാണ്" രാഹുൽ ആ പറഞ്ഞത് അത്രയും സത്യം തന്നെയാണ്. തൊട്ടടുത്ത വർഷം നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലേറി. കോൺഗ്രസ് 52 സീറ്റിലേക്ക് ഒതുങ്ങി. 2019 -ൽ വീണ്ടും ബിജെപി അധികാരം നിലനിർത്തി. കോൺഗ്രസിന്റെ ലോക്സഭാംഗത്വം 44  സീറ്റായി കുറഞ്ഞു. ഇതൊന്നും ആരും സങ്കല്പിക്കുക പോലും ചെയ്യാതിരുന്ന കാര്യങ്ങളാണ്. 

രാഹുൽ ഗാന്ധിയുടെ തുടക്കത്തിലെ ആവേശം കണ്ട്, 'കോൺഗ്രസ് പാർട്ടി എന്നാൽ രാഹുൽ ഗാന്ധി' എന്നൊരു പ്രതിച്ഛായ ഉണ്ടാക്കി വെച്ചത് പിന്നീട് അവർക്ക് വിനയായി മാറി. രാഹുൽ ഗാന്ധിയെ ഒരു നേതാവായി അംഗീകരിക്കാൻ വോട്ടർമാരിൽ ഒരുപക്ഷം വിമുഖത കാണിച്ചു. ശക്തമായ പ്രാദേശിക നേതൃത്വമുണ്ടായിരുന്ന സംസ്ഥാനങ്ങളിൽ പിന്നെയും കോൺഗ്രസ് ജയിക്കുകയും മന്ത്രിസഭകൾ ഉണ്ടാക്കുകയും ഒക്കെ ചെയ്തിരുന്നു. എന്നാൽ, അത്തരത്തിലൊരു നേതൃത്വം ഇല്ലാതെ പോയ സംസ്ഥാനങ്ങളിൽ രാഹുൽ മാജിക് ഒട്ടും പ്രവർത്തിച്ചതേയില്ല. 

തുടർച്ചയായ അസാന്നിധ്യങ്ങൾ 

രാഹുൽ ഗാന്ധിയുടെ സാന്നിധ്യമാണോ അസാന്നിധ്യമാണോ പാർട്ടിയെ കൂടുതൽ പിന്നോട്ടടിച്ചത് എന്ന് കൃത്യമായി പറയുക ദുഷ്കരമാകും. എന്നാൽ, രാജ്യം ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഘട്ടത്തിൽ, ശക്തനായ ഒരു പ്രതിപക്ഷ നേതാവിനായി രാഷ്ട്രം തേടുന്ന അവസരങ്ങളിൽ ഒക്കെ വളരെ കൃത്യമായി രാഹുൽ അവധിക്കാലം ചെലവിടാൻ കൊറിയയിലോ മറ്റേതെങ്കിലും രാജ്യങ്ങളിലോ ആയിരുന്നിരിക്കും. ഇത് പാർട്ടിയെയും പ്രവർത്തകരെയും കാര്യമായി നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. ചില സമയങ്ങളിൽ രാഹുൽ ഗാന്ധി ഇപ്പോൾ എവിടെയാണ് എന്ന ചോദ്യത്തിന് ഹൈക്കമാണ്ടിനുപോലും കൃത്യമായ ഒരു ഉത്തരമുണ്ടായിരുന്നില്ല. 

അടിത്തട്ടിലേക്ക് സ്വാധീനം ചെലുത്താനുള്ള കഴിവില്ലായ്ക 

ബിജെപി രാഷ്ട്രീയമായി മുന്നേറിയത്തിനും, കോൺഗ്രസ് ജനഹൃദയങ്ങളിൽ നിന്ന് ഇറങ്ങിപ്പോയതിനും പിന്നിൽ ഒരേയൊരു കാരണമാണുള്ളത്. അടിത്തട്ടിലെ ജനങ്ങളെ സ്വാധീനിക്കാനുള്ള കേന്ദ്ര നേതൃത്വത്തിന്റെ കഴിവും കഴിവുകേടുമാണത്. ഉദാഹരണത്തിന്, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാളിപ്പോയത് രാഹുലിന്റെ 'ചൗക്കിദാർ ചോർ ഹേ' എന്ന പരിഹാസമായിരുന്നു. രാഹുൽ ഗാന്ധി വലിയ കാര്യമായി ഉയർത്തിക്കൊണ്ടുവന്ന പ്രചാരണായുധമായ 'റാഫേൽ ഇടപാടിലെ അഴിമതി', അതെന്താണെന്ന് സാധാരണക്കാരായ വോട്ടർമാരെ പറഞ്ഞു മനസ്സിലാക്കാൻ പോലും കോൺഗ്രസിനായതുമില്ല. 

ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കോൺഗ്രസിനെ ദില്ലി തെരഞ്ഞെടുപ്പിലും ബാധിച്ചു. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ഒരിക്കൽപ്പോലും ക്ലച്ചുപിടിച്ചതേയില്ല. ജനങ്ങൾ ശ്രദ്ധിക്കുന്ന തരത്തിലുള്ള ഒരു വിഷയവും ഉയർത്തിക്കൊണ്ടുവരാൻ അവർക്ക് സാധിച്ചില്ല. പൗരത്വ നിയമ ഭേദഗതി കൊണ്ട് ഒരുവിഭാഗം ഇന്ത്യക്കാർ നേരിടുന്ന വിവേചനം പോലും ജനങ്ങളെ പറഞ്ഞു മനസിലാക്കാൻ അവർക്ക് ആയില്ല. 

പ്രാദേശിക നേതൃത്വം വളർത്തിക്കൊണ്ടുവരാൻ കാണിച്ച വിമുഖത 

കഴിഞ്ഞ ചില നിയമസഭാ  തെരഞ്ഞെടുപ്പുകൾ എടുത്തു പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും. പാർട്ടിയിൽ പ്രാദേശിക നേതൃത്വം വർഷങ്ങളായി ശക്തമായി നിലവിലുള്ള പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പാർട്ടിക്ക് മികച്ച തെരഞ്ഞെടുപ്പ് ഫലങ്ങൾ കിട്ടിയിട്ടുണ്ട്. ദില്ലിയിലാകട്ടെ, ഷീല ദീക്ഷിത് എന്ന ജനപ്രിയ നേതാവാണ് ആദ്യം മുതലേ ഉണ്ടായിരുന്നത്. അസുഖം ബാധിച്ച് അവർ മരണപ്പെട്ടപ്പോൾ, അവർക്കു പകരം ഒരു ശക്തനായ നേതാവിനെ ഉയർത്തിക്കൊണ്ടുവരാൻ കോൺഗ്രസിന് സാധിച്ചില്ല. അതുതന്നെയാണ് കോൺഗ്രസിന്റെ കനത്ത തോൽവിക്ക് പ്രധാന കാരണം. 

തൊഴുത്തിൽക്കുത്ത് പരിഹരിക്കുന്നതിൽ നേരിട്ട പരാജയം 

കോൺഗ്രസിൽ കാലങ്ങളായി നിലനിൽക്കുന്ന ഒരു പ്രശ്നമാണ് ഗ്രൂപ്പുകളി. അതിനു പുറമെ, മുതിർന്ന നേതാക്കളും, പുത്തൻകൂറ്റുകാരും തമ്മിലും പ്രശ്നങ്ങൾ ഇടയ്ക്കിടെ പൊട്ടിപ്പുറപ്പെടാറുണ്ട്. ഉദാ. കമൽനാഥ് -ജ്യോതിരാദിത്യ സിന്ധ്യ പ്രശ്നം, അല്ലെങ്കിൽ, അശോക് ഗെഹ്‌ലോത്ത്-സച്ചിൻ പൈലറ്റ് പ്രശ്നം എന്നിങ്ങനെ. ഈ രണ്ടു സംസ്ഥാനങ്ങളും ഭാഗ്യവശാൽ അവർക്കുള്ളിലെ പ്രശ്നങ്ങൾ ഗുരുതരമാവാതെ പറഞ്ഞു തീർത്ത് ഭരണം നിലനിർത്തുന്നതിൽ വിജയിച്ചു. ഹരിയാനയിൽ കോൺഗ്രസിന് മന്ത്രിസഭാ രൂപീകരിക്കാൻ പറ്റാതെ പോയതിലും രാഹുൽ ഗാന്ധിയുടെ കേന്ദ്ര നേതൃത്വത്തിലുള്ള പാളിച്ചകൾ തന്നെ. 

ദില്ലിയിൽ പക്ഷേ, ഇത്തവണ സ്ഥിതി ഏറെ ദയനീയമായിരുന്നു. ചിത്രത്തിൽ ഒരു നേതാവിനെപ്പോലും ചൂണ്ടിക്കാണിക്കാൻ ഇല്ലായിരുന്നു. 2013 -ലെ തോൽവിയ്ക്ക് ശേഷം തന്നെ അരവിന്ദ് സിംഗ് ലവ്‌ലി, എകെ വാലിയ തുടങ്ങിയ നേതാക്കൾ പാർട്ടി വിട്ടിരുന്നു. അജയ് മാക്കൻ നടത്തിയ രക്ഷാപ്രവർത്തനങ്ങൾ 2018 -ൽ ലവ്‌ലിയെ തിരിച്ചു കൊണ്ടുവന്നു എങ്കിലും, അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുതുടങ്ങിയിരുന്നു. ഈ തെരഞ്ഞെടുപ്പിലേക്ക് കോൺഗ്രസ് എത്തിയപ്പോൾ ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥിയോ, നല്ലൊരു നേതാവോ ഒന്നും തന്നെ മുൻനിരയിൽ ഉണ്ടായിരുന്നില്ല. പ്രിയങ്ക, രാഹുൽ എന്നിവർ നേരിട്ടിറങ്ങി ചില റാലികളൊക്കെ നടത്തിയിരുന്നു എങ്കിലും അതൊന്നും ദിലിയിലെ പ്രബുദ്ധരായ  വോട്ടർമാരെ തെല്ലും സ്വാധീനിച്ചില്ല എന്നതാണ് സത്യം.