ചൈനയിൽ കളിക്കുന്നതിനിടെ അഞ്ചുവയസ്സുകാരൻ അബദ്ധത്തിൽ തീയിട്ടതിനെ തുടർന്ന് കത്തിനശിച്ചത് ലക്ഷക്കണക്കിന് രൂപയുടെ മൊബൈൽ ഫോണുകൾ. എന്നാൽ, മകനെ വഴക്കുപറയാതെ, സ്നേഹത്തോടെ കാര്യങ്ങൾ മനസ്സിലാക്കിക്കൊടുത്ത് പിതാവ്.

കയ്യിൽ കിട്ടിയ തീപ്പൊരി കൊണ്ട് അഞ്ചുവയസ്സുകാരൻ വരുത്തിവെച്ചത് ലക്ഷങ്ങളുടെ നഷ്ടം. ചൈനയിൽ കളിക്കുന്നതിനിടെ കുട്ടി വീടിനുള്ളിലെ വർക്ക്‌ഷോപ്പിന് തീയിട്ടതിനെ തുടർന്ന് മുപ്പതോളം വിലകൂടിയ മൊബൈൽ ഫോണുകളാണ് കത്തിയമർന്നത്. എന്നാൽ, ബിസിനസിന് ഇൻഷുറൻസ് ഇല്ലാതിരുന്നിട്ടും, ഇത്രയും വലിയൊരു സാമ്പത്തിക ബാധ്യത വരുത്തിവെച്ച മകനോട് ഒട്ടും ദേഷ്യപ്പെടാതെ അതീവ ശാന്തനായി പെരുമാറിയ പിതാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. പെങ് എന്ന പിതാവിന്റെ 'പാരന്റിങ്' രീതിക്ക് ഓൺലൈൻ ലോകത്ത് വലിയ കയ്യടിയാണ് ലഭിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

25 ലക്ഷത്തിന്റെ നഷ്ടം

ദക്ഷിണ ചൈനയിലെ ഷെൻഷെനിൽ മൊബൈൽ ഷോപ്പ് നടത്തുന്ന പെങ്, തന്റെ വീടിന്റെ ഒരു ഭാഗമാണ് ഫോണുകൾ സൂക്ഷിക്കാനും നന്നാക്കാനുമുള്ള വർക്ക്‌ഷോപ്പായി ഉപയോഗിച്ചിരുന്നത്. ഇവിടെയുണ്ടായിരുന്ന ഒരു പവർ സ്ട്രിപ്പിൽ നിന്ന് ഷോർട്ട് സർക്യൂട്ട് കാരണം തീപ്പൊരി വരുന്നത് കണ്ട് അഞ്ചുവയസ്സുകാരനായ മകന് കൗതുകം തോന്നി. അവൻ ആ തീപ്പൊരി ഉപയോഗിച്ച് ഒരു ടിഷ്യൂ പേപ്പർ കത്തിച്ചതോടെ കാര്യങ്ങൾ കൈവിട്ടുപോയി.

ക്ഷണനേരം കൊണ്ട് വർക്ക്‌ഷോപ്പിലേക്ക് പടർന്ന തീ അവിടെയുണ്ടായിരുന്ന മുപ്പതോളം ഫോണുകൾ പൂർണ്ണമായും കരിച്ചുകളഞ്ഞു. ഇതിൽ പകുതിയിലധികവും ഐഫോണുകളായിരുന്നു. ഏകദേശം 200,000 യുവാൻ (ഏകദേശം 25 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) നഷ്ടമാണ് മിനിറ്റുകൾക്കുള്ളിൽ പെങ്ങിനുണ്ടായത്. നിർഭാഗ്യവശാൽ ഈ ബിസിനസിന് ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തതിനാൽ ഈ വലിയ തുക പെങ് സ്വന്തം കയ്യിൽ നിന്ന് എടുക്കേണ്ടി വരും.

അച്ഛനോടുള്ള സ്നേഹവും കുഞ്ഞുപേടിയും

തീ പടരുന്നത് കണ്ട് പരിഭ്രാന്തനായ കുട്ടി, മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്ന അച്ഛന്റെ അടുത്തേക്ക് തീ എത്താതിരിക്കാൻ അദ്ദേഹത്തിന്റെ മുറിയുടെ വാതിൽ പുറത്തുനിന്ന് അടച്ചു. തുടർന്ന് അവൻ മറ്റൊരു മുറിയിൽ ഓടി ഒളിക്കുകയായിരുന്നു. "അവൻ എന്നെ വിളിച്ചുണർത്തിയില്ല. പകരം എനിക്ക് ചൂടേൽക്കാതിരിക്കാൻ എയർകണ്ടീഷണർ ഓൺ ചെയ്യുക കൂടി ചെയ്തു. അവൻ എന്നെക്കുറിച്ച് അത്രയധികം ചിന്തിച്ചു" പെങ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. പുകയുടെ മണം ശ്വസിച്ച് ഞെട്ടിയുണർന്ന പെങ് വേഗത്തിൽ ഓടിയെത്തി തീ അണച്ചെങ്കിലും അപ്പോഴേക്കും വർക്ക്‌ഷോപ്പും ലിവിങ് റൂമിന്റെ ഒരു ഭാഗവും കത്തിയിരുന്നു.

അപകടത്തിൽ കുട്ടിക്ക് പരിക്കുകളൊന്നും പറ്റിയിരുന്നില്ല. പേടിച്ചുപോയ കുട്ടി പിന്നീട് തെറ്റ് തിരുത്താനെന്ന വണ്ണം തറ തുടച്ചു വൃത്തിയാക്കാൻ വരെ ശ്രമിച്ചു. എന്നാൽ മകനെ വഴക്കുപറയുന്നതിന് പകരം പെങ് അവനോട് ശാന്തമായി ചോദിച്ചു: 'നിനക്കിപ്പോൾ സന്തോഷമായോ?' ഭയന്നുപോയ കുട്ടി തലയാട്ടി 'ഇല്ല' എന്ന് മറുപടി നൽകി.

തുടർന്ന് ഈ സംഭവത്തെ ഒരു നല്ല പാഠമാക്കി മാറ്റാനാണ് ആ പിതാവ് ശ്രമിച്ചത്. 'വാൻ ഹുവോ സി ഫെൻ' (Wan huo zi fen) എന്ന പ്രശസ്തമായ ചൈനീസ് പഴഞ്ചൊല്ല് അദ്ദേഹം മകനെ പഠിപ്പിച്ചു. 'തീക്കളി ആപത്ത്' അല്ലെങ്കിൽ 'വിവേകമില്ലാത്ത പ്രവർത്തികൾ വലിയ ദുരന്തങ്ങൾ വരുത്തിവെക്കും' എന്നാണ് ഇതിന്റെ അർത്ഥം. ഇനി മേലാൽ ഇങ്ങനെ ചെയ്യരുത് എന്ന് പെങ് മകനെ സ്നേഹത്തോടെ ഉപദേശിച്ചു.

തീ പടരുന്നതിനിടയിലും തന്റെ അച്ഛൻ പുകവലിക്കാറുണ്ടെന്ന കാര്യം ഓർത്ത് കുട്ടി വർക്ക്‌ഷോപ്പിൽ നിന്ന് നാല് പാക്കറ്റ് സിഗരറ്റുകൾ സുരക്ഷിതമായി മാറ്റി വെച്ചിരുന്നു. പിന്നീട് തന്റെ തെറ്റിന് പ്രായശ്ചിത്തമായി അവന് കിട്ടിയ പോക്കറ്റ് മണി അച്ഛന് നൽകാനും അവൻ ശ്രമിച്ചു.

തന്റെ കുട്ടിക്കാലത്ത് തെറ്റുകൾ ചെയ്യുമ്പോൾ മാതാപിതാക്കളിൽ നിന്ന് നേരിടേണ്ടി വന്ന കഠിനമായ ശിക്ഷകളെക്കുറിച്ച് ഓർമ്മയുണ്ടെന്നും, സ്വന്തം മകനോട് ആ രീതിയിൽ പെരുമാറാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും പെങ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് ആലോചിക്കുമ്പോൾ തനിക്ക് ഒരേസമയം ഭയവും സ്നേഹവും ചിരിയുമാണ് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സംഭവം ചൈനീസ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ ലക്ഷക്കണക്കിന് ആളുകളാണ് ഈ വാർത്ത കണ്ടത്. അവർ പെങ്ങിന്റെ പാരന്റിം​ഗിനെ അഭിനന്ദിക്കുകയാണ്.