Asianet News MalayalamAsianet News Malayalam

അഞ്ച് കോടി വര്‍ഷങ്ങളായി സെക്സില്ലാതെ നിലനില്‍ക്കുന്ന ജീവി, കുപ്രസിദ്ധ ജീന്‍ മോഷ്ടാവ്!

ഇവിടെയാണ് ഡെലോയ്‌ഡുകൾ ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തുന്നത്. ലൈംഗിക ബന്ധത്തിലൂടെയല്ലാതെ പുനരുൽപാദനം നടത്തിയിട്ടും, അവയുടെ ജനിതക വൈവിധ്യം നിലനിർത്താനും, അഭിവൃദ്ധിപ്പെടുത്താനും അവയ്ക്ക് കഴിയുന്നു.

50 Million Years without sex  bdelloid rotifers
Author
Thiruvananthapuram, First Published Oct 4, 2021, 12:31 PM IST

ജീവജാലങ്ങളുടെ നിലനിൽപ്പിന് സെക്സ് ആവശ്യമാണോ? മിക്ക ജീവിവർഗങ്ങളുടെയും പരിണാമത്തിന് അത് അനിവാര്യമാണെങ്കിലും, അതില്ലാതെയും പുനരുല്പാദനം നടത്തുന്ന ജീവികളുണ്ട്. അക്കൂട്ടത്തിൽ, ഏകദേശം അഞ്ച് കോടി വർഷങ്ങളായി ലൈംഗിക ബന്ധമില്ലാതെ അതിജീവിക്കാൻ സാധിക്കുന്ന ഒരു ജീവിവര്‍ഗമുണ്ട്. പേര് ഡെല്ലോയ്ഡ് റോട്ടിഫറുകൾ. ശുദ്ധജലത്തിൽ ജീവിക്കുന്ന 0.150 മുതൽ 0.7 മില്ലിമീറ്റർ വലിപ്പമുള്ള സൂക്ഷ്‍മജീവികളാണ് അവ. ശാസ്ത്രജ്ഞർ ഇപ്പോൾ ഈ സൂക്ഷ്മജീവികളുടെ അതിജീവനത്തിന്റെ രഹസ്യം കണ്ടെത്താൻ ശ്രമിക്കുകയാണ്. സ്വന്തം ജീനുകളെ പുതിയ രീതിയിൽ പുനഃസംഘടിപ്പിക്കുകയും, സമീപത്ത് ജീവിക്കുന്ന മറ്റ് ജീവികളിൽ നിന്ന് ജീനുകൾ മോഷ്ടിക്കുകയും ചെയ്താണ് അവ അതിജീവിച്ചത്.  

ഈ സൂക്ഷ്മാണുക്കൾക്ക് ലൈംഗിക പുനരുൽപാദനത്തിനുള്ള കഴിവില്ലെന്നായിരുന്നു ശാസ്ത്രജ്ഞർ മുൻപ് വിശ്വസിച്ചിരുന്നത്. പക്ഷേ അതല്ല സത്യം. സമീപകാല പഠനങ്ങൾ കാണിക്കുന്നത് പുരാതന കാലത്ത് ഡെല്ലോയിഡുകൾ സെക്സില്‍ ഏർപ്പെട്ടിരുന്നു എന്നാണ്. ഇതിനെ കുറിച്ച് കൂടുതൽ പഠിക്കാൻ ശാസ്ത്രജ്ഞർ ഒരു പ്രത്യേക ഇനം ഡെല്ലോയിഡുകളായ അഡിനേറ്റ വാഗയെ നിരീക്ഷിച്ചു. അതിനെ ലൈംഗികമായി പുനരുൽപാദിപ്പിക്കാൻ ശ്രമിച്ചപ്പോൾ അതിന് ലൈംഗികത നഷ്ടപ്പെട്ടതായി അവർ കണ്ടെത്തി. അഡിനേറ്റ വാഗയുടെ ജീനോമിന് അസാധാരണമായ സ്വഭാവസവിശേഷതകളുണ്ടായിരുന്നു. അവയുടെ ലൈംഗികകോശങ്ങൾക്ക് മയോസിസ് അല്ലെങ്കിൽ കോശവിഭജനം എന്നറിയപ്പെടുന്ന ഒരു പ്രധാന ഘട്ടം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. കോശവിഭജനം നടക്കാത്തതിന്‍റെ കാരണം, ജീവികളുടെ ക്രോമസോമുകളുടെ ഡിഎൻഎകൾ പരസ്പരം കൂടിച്ചേരാനാകാത്തവിധം വ്യത്യസ്തമായിരുന്നു എന്നതാണ്.

അതേസമയം, ജീവികളുടെ പരിണാമത്തിന് ലൈംഗിക പുനരുൽപാദനമാണ് കൂടുതൽ ഗുണകരം. കാരണം രണ്ട് മാതാപിതാക്കളിൽ നിന്നുമുള്ള ഡിഎൻഎ സംയോജിപ്പിക്കുമ്പോൾ, ജനിതക വൈവിധ്യം ഉണ്ടാകുന്നു. ഈ ജനിതക വ്യതിയാനം പാരിസ്ഥിതിക മാറ്റങ്ങളെ അതിജീവിക്കാൻ ജീവികൾക്ക് കൂടുതൽ കഴിവ് നൽകുന്നു. ഇത് ജീവിവർഗങ്ങൾക്ക് ഭൂമിയിൽ നിലനിൽക്കാനുള്ള കഴിവ് നൽകുന്നു. എന്നാൽ, ലൈംഗികമല്ലാതെയുളള പുനരുൽപാദനം ജനിതക വ്യതിയാനം പ്രദാനം ചെയ്യുന്നില്ല. ഇതിനർത്ഥം എന്തെങ്കിലും ഒരു അംഗത്തിന് ഒരു രോഗം ബാധിച്ചാൽ, എല്ലാവർക്കും ഒരേ ജീനാകയാൽ എല്ലാവരെയും അത് ബാധിക്കാൻ സാധ്യതയുണ്ട്. ചുരുക്കത്തിൽ, ലൈംഗികമായി അല്ലാതെ പുനരുൽപ്പാദിപ്പിക്കപ്പെടുന്ന ജീവിവർഗങ്ങൾക്ക് പരിണാമപരമായി നിലനിൽക്കാൻ സാധിക്കില്ല.

ഇവിടെയാണ് ഡെലോയ്‌ഡുകൾ ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തുന്നത്. ലൈംഗിക ബന്ധത്തിലൂടെയല്ലാതെ പുനരുൽപാദനം നടത്തിയിട്ടും, അവയുടെ ജനിതക വൈവിധ്യം നിലനിർത്താനും, അഭിവൃദ്ധിപ്പെടുത്താനും അവയ്ക്ക് കഴിയുന്നു. ഈ ജീവികൾക്ക് അസാധാരണമാംവിധം അതിന്റെ ജീനുകളെ കൂട്ടിക്കലർത്തി ജനിതക വ്യതിയാനത്തിന് തുല്യമായ ഒരു മാറ്റം ഉണ്ടാക്കാൻ സാധിച്ചുവെന്ന് ശാസ്ത്രജ്ഞർ മനസ്സിലാക്കി. മാത്രമല്ല, ബാക്ടീരിയ, ഫംഗസ്, സസ്യങ്ങൾ എന്നിവയിൽ നിന്ന് പോലും ജീനുകൾ മോഷ്ടിക്കുന്ന ഒരു കുപ്രസിദ്ധ ജീൻ മോഷ്ടാവാണ് ഈ ജീവി. ജീനുകളുടെ എട്ട് ശതമാനം ഇങ്ങനെ മോഷ്ടിച്ചതാണ്. ലൈംഗിക ബന്ധമില്ലാതെ അഞ്ച് കോടി വർഷങ്ങൾ വരെ അതിജീവിക്കാനുള്ള ശേഷി ഡെലോയിഡുകൾക്കുണ്ടെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു.

Follow Us:
Download App:
  • android
  • ios