നമ്പർ കൈമാറിയതോടെ അസരാഷിയും യുവാവും ദിവസവും സംസാരിക്കാൻ തുടങ്ങി. അധികം വൈകാതെ ഇരുവരും പ്രണയത്തിലായി. അപ്പോഴാണ് രണ്ടുപേരും യഥാർത്ഥ പ്രായം എത്രയാണ് എന്ന് അറിയുന്നത്.

പ്രണയത്തിന് കണ്ണും കാതുമൊന്നുമില്ല എന്ന് പറയാറുണ്ട്. പ്രായമോ ദേശകാലങ്ങളോ ഒന്നും തന്നെ ഇന്ന് പ്രണയത്തെ ബാധിക്കാറില്ല. അതുപോലെ, ജപ്പാനിൽ 63 -കാരിയായ ഒരു സ്ത്രീ 31 കാരനെ വിവാഹം ചെയ്തതിന്റെ പേരിൽ ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. സ്ത്രീയുടെ മകനേക്കാൾ ആറ് വയസിന് ഇളയ ആളാണ് അവരുടെ ഇപ്പോഴത്തെ ഭർത്താവ്. 2020 -ലാണ് താൻ ഇപ്പോഴത്തെ തന്റെ ഭർത്താവായ യുവാവിനെ കണ്ടുമുട്ടുന്നത് എന്നാണ് അസരാഷി എന്ന സ്ത്രീ പറയുന്നത്.

ടോക്യോയിലെ ഒരു കഫേയിൽ മറന്നുവച്ച നിലയിൽ ഒരു ഫോൺ കണ്ടെത്തിയതാണ് എല്ലാത്തിന്റേയും തുടക്കം. യുവാവ് ഫോൺ തിരക്കിയെത്തിയപ്പോൾ അസരാഷി അത് തിരികെ നൽകി. പിന്നെയും ഇരുവരും കണ്ടുമുട്ടി. ഇരുവരും ഒരേ വാഹനത്തിൽ തന്നെ കയറിയപ്പോഴായിരുന്നു അടുത്ത അപ്രതീക്ഷിതമായ കണ്ടുമുട്ടൽ. ഇരുവരും പരസ്പരം തിരിച്ചറിയുകയും ഫോൺ നമ്പറുകൾ കൈമാറുകയും ചെയ്തു.

20 വർഷം വിവാഹജീവിതത്തിൽ തുടർന്ന അസരാഷി തന്റെ 48 -ാമത്തെ വയസിലാണ് വിവാഹമോചനം നേടുന്നത്. മകനുമായി തനിയെയായിരുന്നു പിന്നീട് അവരുടെ ജീവിതം. ഡേറ്റിം​ഗ് ആപ്പുകളും മറ്റും നോക്കിയെങ്കിലും ബന്ധങ്ങളൊന്നും ശരിയായില്ല. അവർ തന്റെ വസ്ത്ര ബിസിനസും മകനും കുറേ പട്ടികളും ഒക്കെയായി ജീവിച്ചു പോവുകയായിരുന്നു. അപ്പോഴാണ് യുവാവിനെ കണ്ടുമുട്ടുന്നത്. എന്തായാലും, നമ്പർ കൈമാറിയതോടെ അസരാഷിയും യുവാവും ദിവസവും സംസാരിക്കാൻ തുടങ്ങി. അധികം വൈകാതെ ഇരുവരും പ്രണയത്തിലായി. അപ്പോഴാണ് രണ്ടുപേരും യഥാർത്ഥ പ്രായം എത്രയാണ് എന്ന് അറിയുന്നത്. അസരാഷിയുടെ മകൻ വിവാഹിതനായിരുന്നു, ഒരു കുടുംബവും ഉണ്ട്. അസരാഷി പ്രണയിച്ച യുവാവിനേക്കാൾ ആറ് വയസ് മൂത്തതാണ് അവരുടെ മകൻ.

പക്ഷേ, പ്രണയത്തെ തോല്പിക്കാൻ ഇതിനൊന്നും കഴിഞ്ഞില്ല. 2022 -ൽ‌ ഇരുവരും വിവാഹിതരായി. അവർ ഇപ്പോൾ ഒരു വിവാഹ ഏജൻസിയും നടത്തുന്നുണ്ട്. ഇവരുടെ പ്രണയകഥ വൈറലായതോടെ ഒരുപാട് പേർ ഇവരുടെ പ്രണയത്തെ പുകഴ്ത്തി. അതേസമയം, പ്രായവ്യത്യാസത്തിൽ ആശങ്ക പ്രകടിപ്പിച്ചവരും കുറവല്ല.