72 വയസ്സുള്ള യുക്രൈൻകാരൻ സ്റ്റാനിസ്ലാവും 27 കാരിയായ അൻഹെലിനയും രാജസ്ഥാനിലെ ജോധ്പൂരിൽ വെച്ച് ഹിന്ദു ആചാരപ്രകാരം വിവാഹിതരായി. തങ്ങളുടെ ആദ്യ ഇന്ത്യാ സന്ദർശനത്തിൽ പരമ്പരാഗത ഹിന്ദു വിവാഹ രീതിയിൽ വിവാഹം കഴിക്കാൻ  ഇരുവരും തീരുമാനിക്കുകയായിരുന്നു.

രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന ഒരു വിവാഹത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഏതാണ്ട് മൂന്നാല് വര്‍ഷത്തെ ഒരുമിച്ചുള്ള താമസത്തിന് ശേഷം യുക്രൈൻ വംശജനായ 72 കാരൻ സ്റ്റാനിസ്ലാവും 27 വയസ്സുള്ള വധു അൻഹെലിനയും വിവാഹിതരായി. ജോധ്പൂരിലെ ആഡംബര ഹോട്ടലിൽ നടന്ന വിവാഹത്തില്‍ ഹിന്ദു പുരോഹിതന്മാര്‍ വേദമന്ത്രങ്ങൾ ഉരുവിടുമ്പോൾ വധൂവരന്മാര്‍ അഗ്നിക്ക് ചുറ്റും പ്രദക്ഷിണം വെയ്ക്കുന്നത് കാണാം.

വെഡ്ഡിംഗ് ഡേസ്റ്റിനേഷൻ

സൂര്യനഗരം എന്നറിയപ്പെടുന്ന നഗരമാണ് ജോധ്പൂര്‍. ഇന്ന് ഇന്ത്യയിലെ എണ്ണം പറഞ്ഞ വിവാഹ ഡെസ്റ്റിനേഷന്‍ സെന്‍ററുകളിലൊന്നാണ് ജോധ്പൂർ. ജോധ്പൂർ ഇത്തവണ സാക്ഷ്യം വഹിച്ചത് ഒരു യുക്രൈനിയന്‍ വിവാഹത്തിനാണ്. ഇന്ത്യയിലേക്ക് ആദ്യ സന്ദര്‍ശനത്തിനെത്തിയതായിരുന്നു സ്റ്റാനിസ്ലാവും അൻഹെലിനയും. പിന്നാലെ ഇന്ത്യന്‍ ആചാരങ്ങളിൽ ആകൃഷ്ടയായ അൻഹെലിന, പരമ്പരാഗത ഹിന്ദു വിവാഹത്തിലൂടെ തങ്ങളുടെ ബന്ധം ഔപചാരികമാക്കാൻ തീരുമാനിച്ചു. പിന്നാലെയായിരുന്നു ഇരുവരുടെയും വിവാഹം.

Scroll to load tweet…

View post on Instagram

വിവാഹ ഒരുക്കം

രാജകീയ ഷെർവാണി, കാവി തലപ്പാവ്, രത്നങ്ങൾ പതിച്ച തൂവൽ എന്നിവ ധരിച്ച് കുതിരപ്പുറത്താണ് 72 കാരൻ സ്റ്റാനിസ്ലാവ് വിവാഹ വേദിയിലേക്ക് എത്തിയത്. ജോധ്പൂരിലെ മനോഹരമായ ഖാസ് ബാഗിൽ പരമ്പരാഗത ടിക്ക ചടങ്ങോടെ വരനെ സ്വീകരിച്ചു. പിന്നാലെ വർണ്ണാഭമായ വർമ്മല ആചാരത്തിൽ ദമ്പതികൾ മാലകൾ കൈമാറി. ചടങ്ങിന്‍റെ ഏറ്റവും ശ്രദ്ധേയമായ കാര്യം, പുരോഹിതൻ വേദ മന്ത്രങ്ങൾ ഉരുവിട്ട്, ദമ്പതികളെ ഏഴ് പുണ്യ വ്രതങ്ങളിലൂടെ കടന്നുപോകാൻ അഗ്നിക്ക് ചുറ്റും നയിച്ചു. തുടർന്ന് സ്റ്റാനിസ്ലാവ് അൻഹെലിനയെ മംഗല്യസൂത്രം അണിയിച്ചു. പിന്നാലെ അൻഹെലിനയ്ക്ക് അദ്ദേഹം സിന്ദൂരം ചാര്‍ത്തി. ഇന്ത്യൻ വസ്ത്രം ധരിച്ച വധൂവരന്മാര്‍ ആഘോഷങ്ങളിൽ ഏറെ സന്തുഷ്ടരായിരുന്നു. ഒപ്പം പരമ്പരാഗത ഗാനങ്ങളും വേദിയില്‍ മുഴങ്ങി. വരനും വധുവും അതിഥികളോടൊപ്പം നൃത്തം ചെയ്തതോടെയാണ് വിവാഹ ചടങ്ങുകൾ അവസാനിച്ചത്.