ഈ സ്ത്രീ പുറത്തു നിന്ന് ഭക്ഷണം കഴിക്കുമ്പോൾ പോലും കൂപ്പണുകൾ ഉപയോഗിച്ചതായി സപ്പേ പറയുന്നു. ഏറ്റവും വിലകുറഞ്ഞ സാധനങ്ങൾ വാങ്ങി. ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ ലഭിച്ച പണത്തിൽ നിന്ന് ഒന്നും ചിലവാക്കിയില്ല.
കോടിക്കണക്കിന് സ്വത്ത് ഉണ്ടായിട്ടും പാവപ്പെട്ടവളെപ്പോലെ ജീവിച്ച 68 -കാരിയുടെ കഥയാണ് റിട്ടയർമെന്റ് പ്ലാനറായ കെർട് സപ്പെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. വാർദ്ധക്യത്തിൽ പണത്തെ എങ്ങനെ കാണണം എന്നതിനെക്കുറിച്ച് ചിന്തിക്കാൻ ഈ അനുഭവ കഥ പലരെയും പ്രേരിപ്പിക്കുന്നു. സപ്പേയുടെ ഈ ക്ലയിന്റ് 68 വയസ്സുള്ള ഒരു സ്ത്രീയായിരുന്നു. 2.8 മില്യൺ ഡോളർ അതായത് ഏകദേശം 25 കോടി രൂപയായിരുന്നു അവരുടെ ആകെ ആസ്തി. ഇത്രയധികം സാമ്പത്തിക ഭദ്രതയുണ്ടായിട്ടും അവർ ഒരു പാവപ്പെട്ടവളെപ്പോലെയാണ് ജീവിച്ചത്. സോഷ്യൽ സെക്യൂരിറ്റിയിൽ നിന്ന് ലഭിക്കുന്ന വെറും 38,000 ഡോളർ മാത്രമാണ് ഓരോ വർഷവും ചിലവുകൾക്കായി അവർ ഉപയോഗിച്ചത്.
ഈ സ്ത്രീ പുറത്തു നിന്ന് ഭക്ഷണം കഴിക്കുമ്പോൾ പോലും കൂപ്പണുകൾ ഉപയോഗിച്ചതായി സപ്പേ പറയുന്നു. ഏറ്റവും വിലകുറഞ്ഞ സാധനങ്ങൾ വാങ്ങി. ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ ലഭിച്ച പണത്തിൽ നിന്ന് ഒന്നും ചിലവാക്കിയില്ല. 'എന്റെ റിട്ടയർമെന്റ് അക്കൗണ്ടുകളിൽ നിന്ന് ഞാൻ പണം എടുക്കില്ല. എനിക്ക് അത് അത്യാവശ്യ ഘട്ടങ്ങൾക്കായി വേണ്ടതാണ്' എന്ന് അവർ സപ്പേയോട് പറഞ്ഞു. ദാരിദ്ര്യം നിറഞ്ഞ കാലത്തെ അനുഭവങ്ങൾ ആയിരുന്നു അവരെ ഈ ലളിത ജീവിതത്തിന് പ്രേരിപ്പിച്ചത്. മാസങ്ങളോളം നീണ്ട ഉപദേശങ്ങൾക്കൊടുവിൽ പ്രതിവർഷം ഒരു നിശ്ചിത തുക പിൻവലിക്കാൻ സപ്പേ അവരെ സമ്മതിപ്പിക്കുകയായിരുന്നു.
ഇപ്പോൾ അവർ പ്രതിവർഷം 120,000 ഡോളർ പിൻവലിക്കുന്നു. ഇതോടെ അവരുടെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടായി. ജീവിതനിലവാരം മെച്ചപ്പെട്ടു. കൂടുതൽ പണവുമായി മരിച്ചാൽ നിങ്ങൾക്ക് ഒരു സമ്മാനവും ലഭിക്കില്ല എന്ന് ഈ സംഭവം ചൂണ്ടിക്കാട്ടി സപ്പേ ഓർമ്മപ്പെടുത്തുന്നു. ജോലിയിൽ നിന്ന് വിരമിച്ച ശേഷം ലക്ഷ്യങ്ങൾ ഒന്നുമില്ലാതെ സേവ് ചെയ്യുകയും ആവശ്യങ്ങൾ പോലും നിറവേറ്റാതെ കഷ്ടപ്പെട്ട് ജീവിക്കുകയും ചെയ്യുന്ന നിരവധി പേർക്കുള്ള ഓർമ്മപ്പെടുത്തലാണ് ഈ അനുഭവം. പണം തീർന്നുപോകുമോ എന്ന ആശങ്ക മൂലം ആഗ്രഹങ്ങളെ ഉള്ളിൽ ഒതുക്കി ജീവിക്കരുതെന്ന് ഈ അനുഭവം പഠിപ്പിക്കുന്നു.
