ഇവിടുത്തെ ചീങ്കണ്ണികൾക്ക് ആരോ​ഗ്യപ്രശ്നങ്ങളൊന്നുമില്ല എന്ന് ഉറപ്പിക്കാൻ വേണ്ടി പതിവായി പരിശോധന നടക്കാറുണ്ട്. അതിൽ റേഡിയോ​ഗ്രാഫ്‍സും രക്തം ശേഖരിക്കലും പെടുന്നു.

മിക്കവാറും മ‍ൃ​ഗശാല സന്ദർശിക്കാൻ ചെല്ലുമ്പോൾ അവിടെ സന്ദർശകർക്കായിട്ടുള്ള ചില മുന്നറിയിപ്പുകളും നിയമങ്ങളും ഒക്കെ എഴുതിവച്ചിരിക്കുന്നത് കാണാം. എന്നാൽ, പലരും അത് കാര്യമാക്കാറില്ല. പക്ഷേ, വലിയ അപകടങ്ങളിലേക്ക് ചിലതെല്ലാം എത്തിക്കാം എന്ന് തെളിയിക്കുന്ന ഒരു കാര്യം ഒരു മൃ​ഗശാലയിൽ സംഭവിച്ചു. ഹെൻറി ഡോർലി സൂ ആൻഡ് അക്വേറിയത്തിലുള്ള തിബോഡോക്‌സ് എന്ന 36 -കാരൻ ചീങ്കണ്ണിയുടെ വയറ്റിൽ നിന്നും ഡോക്ടർമാർ പുറത്തെടുത്തത് 70 നാണയങ്ങളാണ്. 

മൃഗശാലയിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ചീങ്കണ്ണിയുടെ വയറ്റിൽ നാണയശേഖരം തന്നെ കണ്ടെത്തിയത്. എല്ലാ നാണയങ്ങളും പിന്നീട് വിജയകരമായി നീക്കം ചെയ്തു. തിബോഡോക്സിന് മറ്റ് അപകടസാഹചര്യങ്ങളൊന്നുമില്ലെന്നും മൃ​ഗശാല അധികൃതർ പറയുന്നു. വെറ്ററിനറി ഡോക്ടർ ക്രിസ്റ്റീന പ്ലൂഗ് പറയുന്നത് സന്ദർശകർ ചീങ്കണ്ണിയെ പാർപ്പിച്ചിരിക്കുന്നിടത്തേക്ക് നാണയങ്ങൾ വലിച്ചെറിയുന്നുണ്ടാവണം എന്നാണ്. അങ്ങനെ വലിച്ചെറിഞ്ഞ നാണയങ്ങളാവാം ഇതിന്റെ വയറ്റിലെത്തിയത് എന്നും ഡോക്ടർ പറയുന്നു. 

തിബോഡോക്സിന് അനസ്തേഷ്യ നൽകി. പിന്നാലെയാണ് വയറ്റിൽ നിന്നും നാണയം നീക്കം ചെയ്തത്. ചീങ്കണ്ണി പ്രശ്നങ്ങളൊന്നുമുണ്ടാക്കിയില്ല എന്നും അനസ്തേഷ്യ കൂടി നൽകിയിരുന്നത് കൊണ്ട് വിജയകരമായി നാണയങ്ങൾ നീക്കം ചെയ്യാൻ സാധിച്ചു എന്നും ഡോക്ടർ ക്രിസ്റ്റീന പറയുന്നു. 

View post on Instagram

ഇവിടുത്തെ ചീങ്കണ്ണികൾക്ക് ആരോ​ഗ്യപ്രശ്നങ്ങളൊന്നുമില്ല എന്ന് ഉറപ്പിക്കാൻ വേണ്ടി പതിവായി പരിശോധന നടക്കാറുണ്ട്. അതിൽ റേഡിയോ​ഗ്രാഫ്‍സും രക്തം ശേഖരിക്കലും പെടുന്നു. ഈ പരിശോധനയിലാണ് ചീങ്കണ്ണിയുടെ വയറ്റിൽ നാണയങ്ങൾ കിടക്കുന്നതായി കണ്ടെത്തിയത്. പിന്നീട്, വിജയകരമായി അത് നീക്കം ചെയ്യുകയായിരുന്നു. നാണയങ്ങൾ നീക്കം ചെയ്ത ശേഷമുള്ള എക്സ് റേ ഇമേജും മൃ​ഗശാല പങ്കുവച്ചിട്ടുണ്ട്. 

മൃ​ഗശാലയിലെ ഒരു ജലാശയങ്ങളിലും നാണയങ്ങൾ വലിച്ചെറിയരുത് എന്ന് സംഭവത്തിന് പിന്നാലെ മൃ​ഗശാല അധികൃതർ സന്ദർശകർക്ക് മുന്നറിയിപ്പ് നൽകുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം