Asianet News MalayalamAsianet News Malayalam

ഭൂമിയിലെ 75 ശതമാനത്തിലധികം ഭൂപ്രദേശങ്ങളുടെയും അവസ്ഥ ഇതാണ്; പഠനം പറയുന്നത്

'ഇത് നേരത്തെ തന്നെ പരിഗണിക്കേണ്ടിയിരുന്ന ഏറ്റവും ഗുരുതരമായ, അത്യാവശ്യമായിരുന്ന വിഷയമായിരുന്നു'വെന്ന് പഠനത്തിന്‍റെ ഭാഗമായിരുന്ന റോബര്‍ട്ട് സ്കോളസ് പറയുന്നു. മനുഷ്യകുലത്തിന്‍റെ തന്നെ നാശത്തിലേക്ക് ഇത് വഴിവെക്കുമെന്നും അദ്ദേഹം പറയുന്നു. 

75 percent earths land areas broken
Author
Medellin, First Published Jul 16, 2019, 4:04 PM IST

ഭൂമിയുടെ 75 ശതമാനത്തിലധികം ഭൂപ്രദേശങ്ങൾക്കും അവയുടെ പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും ചെയ്യാന്‍ കഴിയാതെയായിരിക്കുകയാണെന്ന് പഠനം പറയുന്നു. ഭക്ഷ്യവിളകൾ‌ ഉൽ‌പാദിപ്പിക്കുന്നതിനും ശുദ്ധമായ വെള്ളം നൽ‌കുന്നതിനും വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനും അതിലേറെ കാര്യങ്ങൾ‌ക്കും ജനങ്ങള്‍ ആശ്രയിക്കുന്ന ഭൂമിയുടെ പ്രവര്‍ത്തനം ദുര്‍ബലമായിരിക്കുകയാണ്. ഒരിക്കൽ ഉൽ‌പാദനക്ഷമമായിരുന്ന ഈ ഭൂമി ഒന്നുകിൽ മരുഭൂമികളായിത്തീർന്നു, മലിനീകരിക്കപ്പെട്ടു, അല്ലെങ്കിൽ വനനശീകരണം നടത്തി, അസന്തുലിതമായ കാർഷിക ഉൽ‌പാദനത്തിനായി മാറ്റിമറിക്കപ്പെട്ടു. 

കഴിഞ്ഞ ദിവസം കൊളംബിയയിലെ മെഡലിനിൽ,  മണ്ണിന്റെ നിലവാരത്തകർച്ചയെപ്പറ്റി, തെളിവുകളിലധിഷ്ഠിതമായി നടത്തപ്പെട്ട ആദ്യത്തെ സമഗ്രപഠനത്തിന്റെ ഫലങ്ങൾ പുറത്തുവിട്ടു.  വർധിച്ചുവരുന്ന സംഘർഷങ്ങൾക്കും, വൻതോതിലുള്ള ജനങ്ങളുടെ പലായനങ്ങൾക്കും ഒരു പ്രധാന കാരണം ഭൂമിയ്ക്കുണ്ടാകുന്ന നിലവാരത്തിലെ തകർച്ചയാണ്. നിയന്ത്രിക്കപ്പെട്ടില്ലെങ്കിൽ, 2050  ആവുമ്പോഴേക്കും, ആഗോളതലത്തിൽ  ഏകദേശം 70  കോടിയിലധികം പേരുടെ പലായനത്തിന് ഇത് കാരണമാവും.

75 percent earths land areas broken

വനനശീകരണം, മണ്ണൊലിപ്പ്, ഉപ്പുവെള്ളം, ശുദ്ധജല സംവിധാനങ്ങളുടെ മലിനീകരണം എന്നിവയുൾപ്പെടെയുള്ള ഭൂമി നശീകരണം ജീവജാലങ്ങളെ വംശനാശത്തിലേക്ക് നയിക്കുകയും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്നും റിപ്പോർട്ട് പറയുന്നു. ഇന്‍റര്‍‌ഗവണ്‍മെന്‍റൽ സയൻസ്-പോളിസി പ്ലാറ്റ്‌ഫോം ഓൺ ബയോഡൈവേഴ്‌സിറ്റി ആൻഡ് ഇക്കോസിസ്റ്റം സർവീസസിനായി ( Intergovernmental Science-Policy Platform on Biodiversity and Ecosystem Services -IPBES) 45 രാജ്യങ്ങളിൽ നിന്നുള്ള നൂറിലധികം പ്രമുഖ വിദഗ്ധരാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.  

'ഇത് നേരത്തെ തന്നെ പരിഗണിക്കേണ്ടിയിരുന്ന ഏറ്റവും ഗുരുതരമായ, അത്യാവശ്യമായിരുന്ന വിഷയമായിരുന്നു'വെന്ന് പഠനത്തിന്‍റെ ഭാഗമായിരുന്ന റോബര്‍ട്ട് സ്കോളസ് പറയുന്നു. മനുഷ്യകുലത്തിന്‍റെ തന്നെ നാശത്തിലേക്ക് ഇത് വഴിവെക്കുമെന്നും അദ്ദേഹം പറയുന്നു. 

മനുഷ്യരുടെ തന്നെ പ്രവര്‍ത്തനങ്ങളാണ് ഭൂമിയുടെ തകര്‍ച്ചയ്ക്ക് ഒരു പ്രധാന കാരണം. മനുഷ്യന്റെ പ്രവർത്തനങ്ങൾ, പ്രധാനമായും കൃഷിയും നഗരവൽക്കരണവും ഉൾപ്പെടുന്നവ, മേൽ‌മണ്ണ്, വനങ്ങൾ, മറ്റ് പ്രകൃതി സസ്യങ്ങൾ, ജലസ്രോതസ്സുകൾ എന്നിവ എല്ലായിടത്തും നശിപ്പിക്കുകയോ നശിക്കുകയോ ചെയ്തിട്ടുണ്ട്. കഴിഞ്ഞ 300 വർഷത്തിനിടെ 87 ശതമാനം തണ്ണീര്‍ത്തടങ്ങളാണ് ലോകത്തിലാകെയായി നഷ്ടപ്പെട്ടത്. തെക്കുകിഴക്കൻ ഏഷ്യയിലും കോംഗോ മേഖലയിലും തണ്ണീർത്തടങ്ങൾ നശിപ്പിക്കുന്നത് തുടരുകയാണ്, പ്രധാനമായും എണ്ണപ്പനകള്‍ നടുന്നതിനായാണ് ഇത്.

ഭൂമിയുടെ ഭൂപ്രതലത്തിന്റെ 25 ശതമാനത്തിൽ താഴെ മാത്രമേ മനുഷ്യന്റെ പ്രവർത്തനങ്ങളേല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് രക്ഷപ്പെട്ടിട്ടുള്ളൂ. 2050 ആകുമ്പോഴേക്കും ഇത് 10 ശതമാനത്തിൽ താഴെയാകും. ഭാവിയിൽ ഉണ്ടാകുന്ന ഭൂമി നഷ്ടങ്ങളിൽ ഭൂരിഭാഗവും മധ്യ, തെക്കേ അമേരിക്ക, ഉപ-സഹാറൻ ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലായിരിക്കും. ധ്രുവപ്രദേശങ്ങളും തുണ്ട്രയും ഉയർന്ന പർവതങ്ങളും മരുഭൂമികളും മാത്രമേ താരതമ്യേന ഈ ആഘാതം ബാധിക്കപ്പെടാത്ത സ്ഥലങ്ങളായി ശേഷിക്കുകയുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

''ഭൂമിയിലെ നശീകരണം അവസാനിപ്പിക്കുകയെന്നത് ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കുവേണ്ടിയും, ജൈവവൈവിധ്യവും പരിസ്ഥിതി വ്യവസ്ഥകളും സംരക്ഷിക്കുന്നതിനായും, മനുഷ്യന്‍റെ തന്നെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുമായി അത്യാവശ്യമായി ചെയ്യേണ്ട ഒന്നാണ്...” ഇറ്റലിയിൽ നിന്നുള്ള മണ്ണ് ശാസ്ത്രജ്ഞനും പഠനത്തിന്‍റെ ഭാഗവുമായിരുന്ന ലൂക്ക മൊണ്ടനാരെല്ല പറഞ്ഞു.

75 percent earths land areas broken

“ഞങ്ങൾക്ക് 20 വർഷമായി ഇതിനെ കുറിച്ച് അവബോധമുണ്ട്. പക്ഷെ, ഇപ്പോഴിത് കൂടുതൽ വഷളാകുകയാണ്. പൊതുജന അവബോധം കുറവാണ്. മാത്രമല്ല മിക്ക സർക്കാരുകളും ഇത് അടിയന്തിര പ്രശ്നമായി കണക്കാക്കുന്നില്ല. ഇത് തടയാനുള്ള ഏക മാർഗം പ്രാദേശിക തലത്തിലാണ്, നമ്മൾ ഓരോരുത്തരും ചെയ്യുന്ന കാര്യങ്ങളിലൂടെ...” മൊണ്ടനാരെല്ല, മെഡെലനിൽ ഒരു അഭിമുഖത്തിൽ പറഞ്ഞു. 

കഴിക്കാനായി കുറഞ്ഞ മാംസം തെരഞ്ഞെടുക്കുന്നതും ഏറ്റവും സുസ്ഥിരമായി കാർഷിക രീതികൾ ഉപയോഗിക്കുന്ന പ്രാദേശിക കർഷകരിൽ നിന്ന് ഭക്ഷണം വാങ്ങുന്നതും ആ തിരഞ്ഞെടുപ്പുകളിൽ ഉൾപ്പെടുത്താം. ഫാമുകൾ മുതൽ അമിതമായി നിറച്ച റഫ്രിജറേറ്ററുകൾ വരെ വിവിധ ഘട്ടങ്ങളിൽ 40 ശതമാനം വരെ ഭക്ഷണം പാഴാക്കുന്നുവെന്ന് ഐപിബിഇഎസ് ചെയർ റോബർട്ട് വാട്സൺ പറഞ്ഞു. കൃഷി, മത്സ്യബന്ധനം, ഊർജ്ജം, മറ്റ് മേഖലകൾ എന്നിവയുടെ ഉൽ‌പാദന സബ്‌സിഡികൾ രാജ്യങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം മദർബോർഡിനോട് പറഞ്ഞു.

ഇറക്കുമതി ചെയ്ത ഉൽ‌പ്പന്നങ്ങളുടെ ഉപഭോഗത്തിൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളുടെ ഉത്തരവാദിത്തം സമ്പന്ന രാജ്യങ്ങൾ ഏറ്റെടുക്കേണ്ടതുണ്ട്. യു കെയുടെ പ്രകൃതി ഒരു വിനോദസഞ്ചാര കേന്ദ്രത്തിന്‍റേതാണ്. അവിടെ, രാജ്യത്തെ ഭക്ഷണത്തിന്റെ 35 മുതൽ 40 ശതമാനം വരെ മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നു. ആളുകൾ അവരുടെ ഉപഭോഗത്തിന്റെ പ്രത്യാഘാതങ്ങൾ കാണുന്നില്ല -വാട്സൺ പറഞ്ഞു. 

ഭൂമിയ്ക്കുണ്ടാവുന്ന നാശം തടയുന്നതിലൂടെ,  നാശം സംഭവിച്ച നിലങ്ങൾ പുനഃസ്ഥാപിക്കുന്നതിലൂടെ, ഗ്രീൻ ഹൗസ്‌ വാതകങ്ങൾക്കെതിരെ നടത്താനാവുന്ന ഏറ്റവും ഫലപ്രദമായ പ്രതിരോധ പ്രവർത്തനങ്ങളുടെ മൂന്നിലൊന്നും ചെയ്യാൻ നമുക്കാവും. അതിലൂടെ ആഗോളതാപനത്തെ രണ്ടു ഡിഗ്രി സെൽഷ്യസിൽ താഴെ നിർത്താനും. ഈ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനുള്ള ചെലവ്, യാതൊന്നും ചെയ്യാതിരിക്കുന്നതിന്റെ മൂന്നിലൊന്നു മാത്രമാണ്. ഇതിലൂടെ തദ്ദേശീയർക്ക് നിരവധി തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും -വാട്സൺ പറഞ്ഞു.

“ഭൂമി നശീകരണത്തെ ചെറുക്കുന്നതിന് ശരിയായ നടപടികൾ നടപ്പിലാക്കുന്നത് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ മാറ്റിമറിക്കും, പക്ഷെ, ഇത് കൂടുതൽ പ്രയാസകരവും ചെലവേറിയതുമായിത്തീരും. ഞങ്ങൾ പ്രവർത്തിക്കാൻ കൂടുതൽ സമയം എടുക്കും...” അദ്ദേഹം പറയുന്നു.


 

Follow Us:
Download App:
  • android
  • ios