ചൈനയില്‍ ബ്യൂട്ടി ഇന്‍ഫ്ലുവന്‍സറായി മാറിയ ഒരു 75 -കാരനാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. കൊച്ചുമകന്‍റെ ചികിത്സയ്ക്ക് പണം കണ്ടെത്താനായിട്ടാണ് അദ്ദേഹം ഇന്‍ഫ്ലുവന്‍സറായി മാറിയത്. 

അപൂർവരോഗം ബാധിച്ച കൊച്ചുമകന്റെ ചികിത്സയ്ക്കായി പണം കണ്ടെത്താൻ 75 -ാം വയസ്സിൽ 'ബ്യൂട്ടി ഇൻഫ്ലുവൻസർ' ആയി മാറിയ ഒരു മുത്തശ്ശന്റെ കഥയാണ് ഇപ്പോൾ ചൈനയിൽ വൈറലായി മാറുന്നത്. കിഴക്കൻ ചൈനയിലെ ജിയാങ്സു പ്രവിശ്യയിൽ നിന്നുള്ള ഷു യുൻചാങ് ആണ് തന്റെ 9 വയസ്സുകാരനായ കൊച്ചുമകൻ കാവോ ജിൻയാന്റെ ചികിത്സയ്ക്കായി ബ്യൂട്ടി ഇൻഫ്ലുവൻസറായത്. പകൽ സമയങ്ങളിൽ ജിൻയാനെ നോക്കുന്ന ഷു, രാത്രിയിലാണ് ലൈവ്-സ്ട്രീം ചെയ്യുന്നത്. പലപ്പോഴും അർദ്ധരാത്രി വരെ നീളുന്ന ഈ ബ്രോഡ്കാസ്റ്റുകളിൽ അദ്ദേഹത്തിന് കൂട്ടായി ഭാര്യയും ഉറക്കമിളച്ചിരിക്കാറുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വർഷത്തിൽ 1.4 മില്ല്യൺ യുവാൻ ചെലവ് വരുന്ന കുത്തിവെപ്പുകൾക്ക് പണം കണ്ടെത്താനാണ് അദ്ദേഹം ഈ ലൈവ്-സ്ട്രീമുകൾ നടത്തുന്നത്. മറ്റ് ബ്യൂട്ടി ഇൻഫ്ലുവൻസർമാരെപ്പോലെ തന്നെ ഈ 75-കാരനും മുഖത്ത് മേക്കപ്പ് ഇടുന്നതും നിറങ്ങൾ താരതമ്യം ചെയ്യാൻ കൈത്തണ്ടയിൽ ലിപ്സ്റ്റിക് പുരട്ടി നോക്കുന്നതും ലൈവ് വീഡിയോകളിൽ കാണാം. മടിയോടെയാണ് അദ്ദേഹമത് ചെയ്യുന്നത്. തന്റെ അച്ഛൻ ഇപ്പോൾ തന്നേക്കാൾ നന്നായി മേക്കപ്പ് ചെയ്യാൻ പഠിച്ചുവെന്ന് മകൾ ഷു വെയ് പറയുന്നു.

ഒൻപത് വർഷം മുൻപ്, ജിൻയാന് ആറ് മാസം പ്രായമുള്ളപ്പോഴാണ് 'സ്പൈനൽ മസ്കുലാർ അട്രോഫി' എന്ന അപൂർവ ജനിതക രോഗം സ്ഥിരീകരിക്കുന്നത്. ജിൻയാന് ബാധിച്ചത് ഏറ്റവും ഗുരുതരമായ 'എസ്എംഎ ടൈപ്പ് 1' ആണ്. മകൻ 18 മാസം മാത്രമേ ജീവിച്ചിരിക്കൂ എന്നാണ് അന്ന് ഡോക്ടർമാർ ഷു വെയ്‌യോട് പറഞ്ഞത്. ഈ വാർത്ത അവളെ മാനസികമായി തകർത്തു കളഞ്ഞു. മകളുടെ മാനസികാവസ്ഥ കണ്ട് ഷു കൊച്ചുമകനെ പരിചരിക്കാനുള്ള ചുമതല ഏറ്റെടുക്കുകയായിരുന്നു. തനിക്ക് ഒരേയൊരു മകളാണുള്ളതെന്നും, അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ കുടുംബം തകരുമെന്നും അദ്ദേഹം പറയുന്നു.

കൊച്ചുമകനെ സഹായിക്കാനായി ഷു ചിൽഡ്രൻസ് ഹോസ്പിറ്റലിലെ റീഹാബിലിറ്റേഷൻ വിഭാഗത്തിൽ പോവുകയും, മറ്റൊരു രോഗിയുടെ ബന്ധുവാണെന്ന് നടിച്ചു തെറാപ്പിസ്റ്റുകളിൽ നിന്ന് മസാജ് ചെയ്യാനുള്ള വിദ്യകൾ പഠിച്ചെടുക്കുകയും ചെയ്തു. ഇപ്പോൾ എല്ലാ ദിവസവും അദ്ദേഹം ജിൻയാന് മസാജ് ചെയ്തു നൽകുന്നുണ്ട്. തനിക്ക് അസുഖം വന്നപ്പോൾ പോലും, കൊച്ചുമകന് പകരാതിരിക്കാൻ ഒന്നിലധികം മാസ്കുകൾ ധരിച്ചാണ് അദ്ദേഹം മസാജ് ചെയ്തത്. 2019-ൽ ഈ രോഗത്തിനുള്ള 'നുസിനേർസെൻ' എന്ന മരുന്നിന് ചൈനയിൽ അനുമതി ലഭിച്ചു. ഈ മരുന്നിന്റെ ഒരു കുത്തിവെപ്പിന് 700,000 യുവാൻ ആയിരുന്നു വില. ജിൻയാന് വർഷത്തിൽ രണ്ട് കുത്തിവെപ്പുകൾ ആവശ്യമായിരുന്നു.

ചികിത്സയ്ക്കുള്ള പണം കണ്ടെത്താനായി ഷു തന്റെ ഫ്ലാറ്റ് വിൽക്കുകയും ബന്ധുക്കളിൽ നിന്ന് പണം കടം വാങ്ങുകയും ചെയ്തു. മകൾ പകൽ ജോലി ചെയ്യുകയും രാത്രിയിൽ ലൈവ്-സ്ട്രീം നടത്തുകയും ചെയ്തു. 70 വയസ്സായ ഒരാൾക്ക് ഉൽപ്പന്നങ്ങൾ പരസ്യം ചെയ്യാൻ കമ്പനികളൊന്നും തയ്യാറാകാത്തതിനെത്തുടർന്നാണ്, മകൾ വാങ്ങിയ സൗന്ദര്യവർദ്ധക വസ്‌തുക്കൾ ഉപയോഗിച്ച് ഷു സ്വയം ലൈവ്-സ്ട്രീമിംഗ് ആരംഭിച്ചത്.

2021-ൽ ഈ മരുന്ന് ചൈനയുടെ മെഡിക്കൽ ഇൻഷുറൻസിന്റെ പരിധിയിൽ വന്നതോടെ, ഒരു കുത്തിവെപ്പിന്റെ വില 33,000 യുവാനായി കുറഞ്ഞു. ജിൻയാന് ഇപ്പോൾ 9 വയസ്സായി. ആരോഗ്യമുള്ള ദിവസങ്ങളിൽ അവൻ സ്‌കൂളിൽ പോകാനും മറ്റ് കുട്ടികളോടൊപ്പം കളിക്കാനും തുടങ്ങിയിട്ടുണ്ട്. തന്റെ അച്ഛന്റെ പുറകിൽ എപ്പോഴും ഒരു 'സൂപ്പർ എഞ്ചിൻ' ഘടിപ്പിച്ചിട്ടുണ്ടെന്നാണ് തോന്നാറുള്ളതെന്നും, അദ്ദേഹം ഒരു സൂപ്പർമാനും സൂപ്പർ ഡാഡും സൂപ്പർ ഗ്രാൻഡ്‍ഡാഡും ആണെന്നും ഷു വെയ് പറയുന്നു. ജിൻയാന് സ്വന്തം കാലിൽ നിവർന്നു നിൽക്കാൻ കഴിയണം എന്നത് മാത്രമാണ് തന്റെ ആഗ്രഹമെന്ന് ഷു വ്യക്തമാക്കുന്നു.