"നിങ്ങൾ പറയുന്നതിനോട് എനിക്ക് വിയോജിപ്പുണ്ട്, എങ്കിലും
അത് പറയാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യത്തെ 
ഞാൻ ജീവൻ കൊടുത്തും സംരക്ഷിക്കും" -
എവ്‌ലിൻ ബിയാട്രിസ് ഹാൾ 

കേരളത്തിലെ, വിശിഷ്യാ കണ്ണൂരിലെ ജനങ്ങൾക്ക് രാഷ്ട്രീയ കൊലപാതകങ്ങൾ പുതുമയല്ല. കമ്യൂണിസ്റ്റ്, കോൺഗ്രസ്, ലീഗ്, ബിജെപി ചേരികളിലായി നിരവധി പേർ കൊലപാതക രാഷ്ട്രീയത്തിന്റെ ഇരകളായി കേരളത്തിന്റെ മണ്ണിൽ വീണൊടുങ്ങിയിട്ടുണ്ട്. എന്നാൽ, എട്ടുവർഷം മുമ്പ്, കൃത്യമായിപ്പറഞ്ഞാൽ, 2012 മെയ് 4 -ന്  കോഴിക്കോട് ജില്ലയിലെ വടകരയിലുള്ള വള്ളിക്കാട് എന്ന ഗ്രാമത്തിൽ, രാത്രി പത്തുമണിയോടെ നടന്ന ഒരു രാഷ്ട്രീയ കൊലപാതകം അക്കൂട്ടത്തിൽ പെടുത്താവുന്ന ഒന്നായിരുന്നില്ല. അത് കേരളത്തിന്റെ മനസ്സാക്ഷിയെത്തന്നെ പിടിച്ചുലച്ച ഒരു കൊലപാതകമായിരുന്നു. വളരെ ക്രൂരമായ രീതിയിൽ നടന്ന ആ കൊലപാതകം മറ്റുളള രാഷ്ട്രീയ കൊലപാതങ്ങളിൽ നിന്ന് വേറിട്ടു നിന്നു. സാധാരണഗതിക്ക് ശത്രുതയും കൊല്ലും കൊലയുമൊക്കെ നടക്കാറുള്ളത് രണ്ടു പാർട്ടികളിലെ പ്രവർത്തകർക്കിടയിലാണ്. എന്നാൽ, മെയ് നാലിന് രാത്രി തന്റെ ബൈക്കിൽ വീട്ടിലേക്ക് പോവും വഴി ടിപി ചന്ദ്രശേഖരൻ എന്ന മാർക്സിസ്റ്റ് നേതാവിനെ, ഒരു ഇന്നോവാ കാറിൽ പിന്തുടർന്നെത്തി ഇടിച്ചു വീഴ്ത്തി,  51 വെട്ടുവെട്ടി കൊന്നു കളഞ്ഞ കേസിൽ കോടതി കുറ്റക്കാരെന്നു വിധിച്ച പന്ത്രണ്ടുപേരിൽ മൂന്നുപേർ  സിപിഎമ്മുമായി നേരിട്ട് ബന്ധമുള്ളവർ തന്നെയായിരുന്നു. 

 

 

'പുറപ്പെട്ടുപോയ' ഒരു മാർക്സിസ്റ്റുകാരനായിരുന്നു ടിപി ചന്ദ്രശേഖരൻ. വടകരയിലെ ഒഞ്ചിയത്തുള്ള ചില സഖാക്കൾ സിപിഎമ്മിൽ നിന്ന് വിഘടിച്ചുണ്ടാക്കിയ റെവലൂഷനറി മാർക്സിസ്റ്റ് പാർട്ടി അഥവാ ആർഎംപിയുടെ ജീവാത്മാവും പരമാത്മാവും ഒക്കെ ടിപി ചന്ദ്രശേഖരൻ എന്ന മുൻ സിപിഎം നേതാവ് തന്നെയായിരുന്നു. കൊല്ലപ്പെടുന്നതിന് നാലുവർഷം മുമ്പുവരെ പാർട്ടിയുടെ സജീവ നേതാവായിരുന്നു ടിപിയും. പാർട്ടിയുടെ ഔദ്യോഗിക നേതൃത്വവുമായി ടിപിക്കുണ്ടായ അഭിപ്രായ ഭിന്നതകൾ അദ്ദേഹത്തെക്കൊണ്ടെത്തിച്ചത്  പുതിയൊരു പാർട്ടി രൂപീകരിച്ച് സിപിഎമ്മിനെതിരെ തിരിയുന്നതിലേക്കാണ്. കേരളം രാഷ്ട്രീയത്തിൽ അതും അത്ര പുതുമയുള്ള കാര്യമല്ല. എംവിആറിന്റെ സിഎംപിയും, ഗൗരിയമ്മയുടെ ജെഎസ്എസും ഒക്കെ ആ മാർഗത്തിൽ സഞ്ചരിച്ചിട്ടുളളതാണ് പണ്ടും. എന്നാൽ അവർക്കാർക്കും അഭിപ്രായ ഭിന്നതയുടെ പേരിൽ തങ്ങളുടെ ജീവൻ ത്യജിക്കേണ്ട സാഹചര്യമുണ്ടായില്ല എന്നതാണ് അവരും ടിപി ചന്ദ്രശേഖരനും തമ്മിലുള്ള വ്യത്യാസം. 

അഭിപ്രായഭിന്നതയുടെ അടിസ്ഥാനം 

പാർട്ടിയുമായി ചന്ദ്രശേഖരൻ തെറ്റിയത് പ്രധാനമായും രണ്ട് കാരണങ്ങളാലാണ്. ഒന്ന്, ഏറാമല പഞ്ചായത്തിന്റെ ഭരണം കയ്യാളുന്നത് സംബന്ധിച്ച് പാർട്ടിക്കുള്ളിൽ ഉടലെടുത്ത തർക്കം. ഏറാമല പഞ്ചായത്തു പ്രസിഡന്റ് സ്ഥാനം എൻ വേണുവിൽ നിന്ന് ജനതാദളിന് വിട്ടുകൊടുക്കാനുള്ള പ്രാദേശിക സിപിഎം നേതാക്കളുടെ തീരുമാനത്തിനെതിരെ ടിപി ചന്ദ്രശേഖരനും ഒഞ്ചിയത്തെ മറ്റു പാർട്ടി അംഗങ്ങളും പ്രതികരിച്ചു. അന്നത് വലിയ വാക് തർക്കത്തിലേക്കാണ് നയിച്ചത്. രണ്ട്, ഈ തർക്കങ്ങളെത്തുടർന്ന്, പ്രാദേശികമായ ഭിന്നതകളെപ്പറ്റി സംസ്ഥാന നേതാക്കളോട് പരാതിപറയാൻ പോയ നാലംഗ സംഘത്തെ നയിച്ചത് ചന്ദ്രശേഖരനായിരുന്നു എന്നത്. ഒടുവിൽ അഭിപ്രായ ഭിന്നതകൾ മൂത്ത് പാർട്ടിവിട്ടിറങ്ങിയ ടിപി പുതിയ പാർട്ടി രൂപീകരിച്ചെങ്കിലും സിപിഎമ്മിന് വളക്കൂറുള്ള വടക്കൻ കേരളത്തിന്റെ മണ്ണിൽ പുതിയൊരു ഇടതുപക്ഷ പാർട്ടിക്ക് വേരുറപ്പിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല.

കമ്യൂണിസ്റ്റു പാർട്ടിയിൽ തുടക്കം 

1960 ജൂലൈ 23-ന് കോഴിക്കോട് ജില്ലയിൽ വടകരയ്ക്കടുത്ത് ഒഞ്ചിയത്താണ് ടിപി ചന്ദ്രശേഖരൻ ജനിച്ചത്. എസ്എഫ്ഐയിൽ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ അഭ്യസിക്കാൻ തനിക്ക് കൂട്ടായിരുന്ന കെ.കെ. രമയെത്തന്നെയാണ്  ചന്ദ്രശേഖരൻ ജീവിതസഖിയായും കൂടെക്കൂട്ടിയത്.    

 

 

അടിയന്തരാവസ്ഥക്കാലത്ത് മടപ്പള്ളി ഹൈസ്കൂൾ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന ചന്ദ്രശേഖരൻ അടുത്തതായി ജില്ലാ, സംസ്ഥാന കമ്മിറ്റികളുടെ ഭാഗമാകുന്നു. പിന്നീട് ഡിവൈഎഫ്ഐയിലും പ്രവർത്തിച്ച ശേഷം ടിപി സിപിഎമ്മിന്റെ നെല്ലച്ചേരി വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയായാണ് മുഖ്യധാരാ രാഷ്ട്രീയത്തിൽ ഇടപെട്ടു പ്രവർത്തിക്കാൻ തുടങ്ങുന്നത്. ശേഷം, പാർട്ടിയുടെ ഒഞ്ചിയം ഏരിയാ കമ്മറ്റി അംഗമായി  ചന്ദ്രശേഖരൻ. തന്റെ പ്രവർത്തനപന്ഥാവിൽ ഉടനീളം, വി.എസ്. അച്യുതാനന്ദന്റെ അടിയുറച്ച അനുയായി ആയിരുന്നു ചന്ദ്രശേഖരൻ എന്നതും ചന്ദ്രശേഖരനെ ഒരു പക്ഷം എതിർക്കാനുള്ള കാരണമായിരുന്നു.   

ഒഞ്ചിയത്തെ പിളർപ്പ് 

2009-ലാണ് ടിപി ചന്ദ്രശേഖരൻ സിപിഎമ്മിൽ നിന്നും പുറത്തുവന്ന് ആർഎംപി എന്ന പുതിയ പാർട്ടി രൂപീകരിച്ചത്.  2009-ലെ പൊതു തിരഞ്ഞെടുപ്പിൽ സി.പി.എം. വിമതരുടെ കൂട്ടായ്മയായ 'ഇടതുപക്ഷ ഏകോപന സമിതി'യ്ക്കുവേണ്ടി സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ടിപി 21833 വോട്ടുകൾ നേടി. അങ്ങനെ, അന്ന് ടിപി അടർത്തിമാറ്റിയ ഇടതുവോട്ടുകൾ അന്ന് വടകരയിലെ സി.പി.ഐ.എം സ്ഥാനാർത്ഥിയുടെ പരാജയത്തിൽ ഒരു സുപ്രധാനഘടകമായി പിന്നീട് വ്യാഖ്യാനിക്കപ്പെട്ടിരുന്നു.  അടുത്ത വർഷം നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ആർഎംപി ഒഞ്ചിയത്ത് എട്ട് സീറ്റുകൾ നേടുകയും ഒഞ്ചിയം പഞ്ചായത്ത് ഭരണം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നഷ്ടമാവുകയും ചെയ്തതും വൈരാഗ്യത്തിന് കാരണമായി എന്ന് ആക്ഷേപമുണ്ട്. ഏറെ ജനപ്രിയനായ ഒരു നേതാവായിരുന്നു ടിപി ചന്ദ്രശേഖരൻ. ടിപി ഇടഞ്ഞു നിന്നത് ഒഞ്ചിയത്തും സമീപതാലൂക്കുകളിലും ഇടതുപക്ഷത്തിന്റെ സ്വാധീനത്തിന് കാര്യമായ ഇടിവുണ്ടാക്കി. ഓർക്കാട്ടേരിയിലെ ഓരോരുത്തരെയും വ്യക്തിപരമായി തിരിച്ചറിഞ്ഞിരുന്ന ഈ ജനകീയ നേതാവ് അവരുമായി നിരന്തരം സമ്പർക്കം പുലർത്തി ജനങ്ങളുടെ  ദൈനംദിന പ്രശ്നങ്ങളിൽ ഇടപെട്ടുകൊണ്ടിരിക്കുകയും ചെയ്തിരുന്നു. 

കൊലപാതകത്തിന്റെ ബീഭത്സസ്വഭാവം 

പിന്തുടർന്നെത്തിയ കൊലയാളി സംഘം സഞ്ചരിച്ചിരുന്ന ഇന്നോവ കാർ കൊണ്ട് ചന്ദ്രശേഖരൻ സഞ്ചരിച്ച ബൈക്കിനു പിന്നിൽ ഇടിച്ചിട്ട ശേഷം തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു ചെയ്തത്. നിരവധി വെട്ടുകളേറ്റ് മുഖം തിരിച്ചറിയാനാവാത്ത പരുവത്തിൽ ആയിട്ടുണ്ടായിരുന്നു. അരമണിക്കൂർ കഴിഞ്ഞാണ് പൊലീസെത്തി ചന്ദ്രശേഖരനെ ആശുപത്രിയിലെത്തിക്കുന്നതും അവിടെ വെച്ച് മരണം സ്ഥിരീകരിക്കപ്പെടുന്നതും. 

 

 

കൊലപാതകം ഒഞ്ചിയത്ത് കാര്യമായ കോളിളക്കങ്ങൾ സൃഷ്ടിച്ചു. ടിപി കൊല്ലപ്പെട്ടെന്ന വാർത്ത പരന്നതോടെ എതിർപക്ഷത്തുള്ള മുപ്പതോളം വീടുകളും രണ്ടു ഡസനോളം വാഹനങ്ങളും അഗ്നിക്കിരയാക്കപ്പെട്ടു.  അടുത്ത രണ്ടാഴ്ചത്തേക്ക് മുഖ്യധാരാ മാധ്യമങ്ങളിലെ പ്രൈം ടൈം വാർത്ത യും ടിപി ചന്ദ്രശേഖരന്റെ കൊലപാതകം തന്നെയായിരുന്നു.  അടുത്ത ദിവസം തന്നെ, പത്നി രമയെ ആശ്വസിപ്പിക്കാൻ ഒഞ്ചിയത്തെ വീട്ടിലെത്തിയ വിഎസ് അച്യുതാനന്ദൻ, "ടിപി ചന്ദ്രശേഖരൻ ധീരനായ ഒരു കമ്യൂണിസ്റ്റായിരുന്നു" എന്ന പ്രസ്താവനയോടെ തന്റെ നയം വ്യക്തമാക്കുകയുണ്ടായി.

 


പാർട്ടിയിലെ രാഷ്ട്രീയ നിലപാടുകളോടുള്ള തന്റെ അഭിപ്രായ ഭിന്നത ചൂണ്ടിക്കാട്ടി അന്ന് വിഎസ് പോളിറ്റ് ബ്യൂറോക്ക് കത്തയക്കുകയുണ്ടായി. താൻ പ്രതിപക്ഷനേതാവ് സ്ഥാനം രാജിവെക്കുകയാണ് എന്നുപോലും വിഎസ് അന്ന് പിബിയോട് പറഞ്ഞെങ്കിലും അതിന് പിബിയുടെ അനുമതിയുണ്ടായില്ല. എന്തായാലും അന്നോളം വടക്കൻ കേരളത്തിൽ മാത്രം കേട്ടു പരിചയമുണ്ടായിരുന്ന ടിപി ചന്ദ്രശേഖരൻ എന്ന കമ്യൂണിസ്റ്റു നേതാവിന്റെ പേര് അന്നുതൊട്ട് കേരളത്തിൽ അങ്ങോളമിങ്ങോളം നടന്ന പരശ്ശതം ചർച്ചകളിൽ നിറഞ്ഞുനിന്നു. 

 

അറസ്റ്റുകൾ, വിചാരണ, ശിക്ഷ

2012 ജൂൺ 9 -ന് മുംബൈയിൽ വെച്ച് കേരളാപൊലീസ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തുന്നു. ടികെ രജീഷ് ആണ് ആദ്യം അറസ്റ്റുചെയ്യപ്പെടുന്നത്. പല പ്രാദേശിക കമ്യൂണിസ്റ്റ് നേതാക്കളും പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യപ്പെട്ടു. ജൂലൈ 10 -നുള്ളിൽ പ്രതികളെന്ന് സംശയിക്കുന്ന സകലരെയും പൊലീസ് അറസ്റ്റു ചെയ്തു. വിശദമായ വിചാരണയ്ക്കു ശേഷം 2014 ജനുവരി 22 -ന് പന്ത്രണ്ടു പ്രതികൾ കുറ്റക്കാരാണ് എന്ന്  കോടതി കണ്ടെത്തി. ബാക്കിയുള്ള 24 കുറ്റാരോപിതരെ സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയച്ചു.

ശിക്ഷിക്കപ്പെട്ടവരിൽ മൂന്നു സിപിഎം പ്രാദേശിക നേതാക്കളും ഉണ്ടായിരുന്നു. ജസ്റ്റിസ് ആർ നാരായണ പിഷാരടിയുടെ വിധിയിൽ പരാമർശിക്കപ്പെട്ട ആ പന്ത്രണ്ടു പ്രതികളുടെ പേരുകൾ യഥാക്രമം, എംസി അനൂപ്, കിർമാണി മനോജ് എന്ന മനോജ്‌കുമാർ, കൊടി സുനി എന്ന എൻകെ സുനിൽകുമാർ, ടികെ രജീഷ്, കെകെ മുഹമ്മദ് ഷാഫി, അണ്ണൻ ഷിജിത്,  കെ ഷിനോജ്, കെസി രാമചന്ദ്രൻ എന്ന സിപിഎമ്മിന്റെ കുന്നുമ്മക്കര ലോക്കൽ കമ്മിറ്റി അംഗം, ട്രൗസർ മനോജൻ എന്ന മനോജൻ, പികെ കുഞ്ഞനന്തൻ എന്ന മുൻ കടങ്ങാംപൊയിൽ ബ്രാഞ്ച് സെക്രട്ടറി, പാനൂർ ഏരിയ കമ്മിറ്റി അംഗം പിവി റഫീഖ്, ലംബു എന്ന പ്രദീപൻ എന്നിങ്ങനെ ആയിരുന്നു. സിപിഎമ്മിന്റെ കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ ചില നേതാക്കൾ ചേർന്ന് ഗൂഢാലോചന നടത്തി ഏഴംഗ ക്വട്ടേഷൻ സംഘത്തെ കൊലപാതകചുമതല ഏൽപ്പിക്കുകയായിരുന്നു എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. ആദ്യത്തെ ഏഴുപ്രതികളെയും കോടതി ഐപിസി 302, 143, 147, 149 എന്നീ വകുപ്പുകൾ പ്രകാരം കുറ്റക്കാരെന്നു വിധിച്ചു. രാമചന്ദ്രൻ, കുഞ്ഞനന്തൻ, മനോജൻ എന്നിവരെ ഐപിസി 120 പ്രകാരം ക്രിമിനൽ ഗൂഢാലോചനയ്ക്കും, തദ്വാരാ ഐപിസി 302 വകുപ്പ് പ്രകാരം കൊലപാതകത്തിനും കുറ്റക്കാരെന്നു വിധിച്ചു. റഫീക്കിനുമേൽ പ്രേരണാക്കുറ്റവും(IPC 109) പ്രദീപനുമേൽ തെളിവുനശിപ്പിച്ചു എന്ന കുറ്റവും(IPC 201) ചുമത്തി. 

 

 

പന്ത്രണ്ടു പ്രതികൾക്കും കോടതി ജീവപര്യന്തം കഠിനതടവ് ശിക്ഷയായി വിധിച്ചു. ടിപിയുടെ ആശ്രിതർക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരവും കോടതി വിധിച്ചു. താൻ ജീവപര്യന്തം എന്ന വിധിയിൽ പൂർണ തൃപ്തയല്ല എങ്കിലും വിധിയിലൂടെ പാർട്ടിനേതാക്കൾ നടത്തിയ ഗൂഢാലോചന പുറത്തുവന്നതിൽ സന്തോഷമുണ്ട് എന്ന് ടിപിയുടെ പത്നി കെകെ രമ അന്ന് മാധ്യമങ്ങളോട് പറഞ്ഞു. ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കിടക്കുന്നതിനിടെ നിരവധി തവണ ഈ പ്രതികൾക്ക് പരോൾ അനുവദിക്കപ്പെട്ടത് വിമർശനങ്ങൾക്ക് കാരണമായിരുന്നു. കെകെ രമ നൽകിയ വിവരാവകാശ ഹർജിയിൽ കിട്ടിയ മറുപടി പ്രകാരം 2015 മെയ് 25 മുതൽ 2017 ജൂൺ 8  വരെയുള്ള രണ്ടുവർഷക്കാലം മാത്രം  കുഞ്ഞനന്തനു മാത്രം കൊടുത്തത് 217 ദിവസത്തെ പരോളായിരുന്നു. ഏറ്റവും ഒടുവിലായി ആരോഗ്യപരമായ കാരണങ്ങളാൽ, ശിക്ഷ മരവിപ്പിച്ചുകൊണ്ട്  കുഞ്ഞനന്തന് മൂന്നുമാസത്തെ ജാമ്യവും സർക്കാർ അനുവദിച്ചുകൊടുക്കുകയുണ്ടായി. 

 

 

ടിപിയുടെ കൊലപാതകത്തെക്കുറിച്ച് ഒഞ്ചിയത്ത് പറഞ്ഞുകേൾക്കുന്ന ഒരു കഥ ഇങ്ങനെയാണ്, " 2012 മെയ് 4 - ന് രാത്രി നടുറോട്ടിൽ ഒരു മനുഷ്യൻ മുഖം തിരിച്ചറിയാനാവാത്തവിധം വെട്ടുകളേറ്റ് മരിച്ചു കിടക്കുന്നതുകണ്ട് ഏതോ ഒഞ്ചിയത്തുകാരൻ ഫോണെടുത്ത് ആരെയോ പരിഭ്രാന്തിയോടെ വിളിച്ചുകൊണ്ടേയിരുന്നുവത്രേ, വിവരം പറയാൻ. നാട്ടിൽ എന്ത് സംഭവമുണ്ടായാലും ആദ്യം ഓടിയെത്തുന്ന, അയാൾ വിളിച്ച ആ വ്യക്തി അന്നു പക്ഷേ, ആ കോളുകൾ എടുത്തില്ല. അയാൾ തന്നെയാണ് കുറച്ചപ്പുറത്ത് ചോരക്കഷ്ണങ്ങളായി കിടക്കുന്നതെന്ന് വിളിച്ചയാൾ അറിഞ്ഞുമില്ല." ഈ കഥയിൽ എത്രമാത്രം സത്യമുണ്ടെന്നറിയില്ലെങ്കിലും, ഒഞ്ചിയത്തിന്റെ മണ്ണിൽ എട്ടു വർഷം മുമ്പ് നടന്ന ഈ കൊലപാതകം, കേരള രാഷ്ട്രീയത്തെ ആവേശിച്ച 'ഗോത്രീയ ഉന്മൂലനശൈലി' ഏറെ വിമർശിക്കപ്പെടുന്നതിനു കാരണമായി.

ടിപിയുടെ മരണമേല്പിച്ച നടുക്കത്തിൽ നിരവധി കവിതകളും അന്നെഴുതപ്പെട്ടു. ടിപിയുടെ കഥപറയുന്ന ഒരു സിനിമ പോലും റിലീസായി അന്ന്. പിന്നീട്, ആ കൊലപാതകത്തെ ന്യായീകരിച്ചും, ടിപിയുടെ വിധവയെ അപഹസിച്ചുമൊക്കെ നിരവധി പ്രചാരണങ്ങൾ പല കോണുകളിൽ നിന്നുമുണ്ടായെങ്കിലും, 'മെയ് 4'  എന്ന ദിവസം ടിപിയുടെ വധത്തിന്റെ പേരിൽ, കേരള രാഷ്ട്രീയത്തിലെ മറക്കാനാവാത്ത കറുത്ത ഒരധ്യായമായിത്തന്നെ ഇന്നും തുടരുന്നു.