Asianet News MalayalamAsianet News Malayalam

മുഴുവന്‍ സ്വത്തും ചെലവഴിച്ച് 80 വർഷം പഴക്കമുള്ള വാട്ടർ ടാങ്കിനെ ആഡംബര ഭവനമാക്കി മാറ്റി !

റോബ് ഹണ്ടിന്‍റെ ആഗ്രഹം കേട്ടവർ കേട്ടവർ അദ്ദേഹത്തെ ഉപദേശിച്ചു. ഭ്രാന്ത് കാണിക്കരുതെന്നും ദുഃഖിക്കേണ്ടി വരുമെന്നുമായിരുന്നു പലരുടെയും ഉപദേശം. 

80 year old water tank converted into a luxury house by spending entire property
Author
First Published Jan 31, 2023, 12:57 PM IST


നുഷ്യന്‍റെ ഇഷ്ടങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും 'അന്ത'മില്ലാത്തതാണ്. ചിലര്‍ തങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഏത് അറ്റം വരെയും പോകും. അത്തരത്തിൽ തന്‍റെ സ്വപ്നം സാക്ഷാത്കരിക്കാൻ യുകെ സ്വദേശിയായ ഒരു മനുഷ്യൻ ചെയ്തത് എന്താണെന്ന് അറിയാമോ? തനിക്കുള്ള മുഴുവൻ സ്വത്തും വിറ്റ് ഉപയോഗ ശൂന്യമായി കിടന്ന ഒരു വാട്ടർ ടാങ്ക് വിലയ്ക്ക് വാങ്ങി. വാട്ടർ ടാങ്ക് എന്ന് പറഞ്ഞാൽ അത്ര ചെറിയ വാട്ടർ ടാങ്ക് ഒന്നുമല്ല കേട്ടോ, 1940 കളിൽ പണി കഴിപ്പിച്ച ഭീമാകാരനായ ഒരു വാട്ടർ ടാങ്കായിരുന്നു അത്. ഇനി അത് എന്തിനായിരുന്നു എന്നുകൂടി കേൾക്കുമ്പോഴാണ് ശരിക്കും നിങ്ങള്‍ അത്ഭുതപ്പെടുക. ആ വാട്ടർ ടാങ്കിനെ ഒരു ആഡംബര ഭവനം ആക്കി മാറ്റുകയായിരുന്നു അയാളുടെ ലക്ഷ്യം. റോബ് ഹണ്ട് എന്ന യു കെ സ്വദേശിയായ മനുഷ്യനാണ് ഇത്തരത്തിൽ ആരു കേട്ടാലും അമ്പരന്നു പോകുന്ന തന്‍റെ സ്വപ്നത്തിനായി സർവ്വ സമ്പാദ്യവും ചെലവഴിച്ചത്.

റോബ് ഹണ്ടിന്‍റെ ആഗ്രഹം കേട്ടവർ കേട്ടവർ അദ്ദേഹത്തെ ഉപദേശിച്ചു. ഭ്രാന്ത് കാണിക്കരുതെന്നും ദുഃഖിക്കേണ്ടി വരുമെന്നുമായിരുന്നു പലരുടെയും ഉപദേശം. പക്ഷേ അദ്ദേഹം അതിനൊന്നും ചെവി കൊടുത്തില്ല. തന്‍റെ സ്വപ്നത്തിലേക്കുള്ള പ്രയാണത്തിലായിരുന്നു അയാള്‍. വാട്ടർ ടാങ്ക് സ്വന്തമാക്കി ഏകദേശം മൂന്ന് വർഷങ്ങൾക്കിപ്പുറം തന്‍റെ വലിയ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് അദ്ദേഹം. 

 

2019 ലാണ്  റോബ് ഹണ്ട് ഉപയോഗശൂന്യമായി കിടന്ന ഈ വാട്ടർ ടാങ്ക് സ്വന്തമാക്കുന്നത്. പിന്നീട് മൂന്ന് വർഷവും മൂന്ന് ദിവസവും നീണ്ടുനിന്ന പുനർനിർമ്മാണ ജോലികൾക്കൊടുവിൽ യുകെയിലെ തന്നെ ഏറ്റവും ആകർഷണീയമായ ഭവന പുനർ നിർമ്മാണ പദ്ധതിയായി ഇത്  മാറുകയായിരുന്നു. അതെ, 80 വർഷങ്ങൾക്ക് മുമ്പ് പണികഴിപ്പിച്ച ആ വാട്ടർ ടാങ്ക് ഇന്ന് ആരു കണ്ടാലും മോഹിച്ചു പോകുന്ന ആഡംബര ഭവനമാണ്. മൂന്ന് നിലകളിലായി നാല് കിടപ്പുമുറികളും അടുക്കളയും ഹാളുകളും ഒക്കെയായി മാറ്റം വരുത്തിയ നയന മനോഹരമായ ഒരു കൊട്ടാരം എന്ന് തന്നെ വേണം ഇതിനെ വിശേഷിപ്പിക്കാൻ. ഡെവോണിലെ ബൈഡ്‌ഫോർഡിലെ ക്ലോവെല്ലി ക്രോസിനടുത്തുള്ള ഈ വാട്ടര്‍ ടാങ്ക് മൂന്ന് വര്‍ഷം കൊണ്ട് ആഡംബര ഭവനമാകുന്നതിന്‍റെ ചിത്രങ്ങളും വീഡിയോകളും അദ്ദേഹം വാട്ടര്‍ ടാങ്ക് കണ്‍വേര്‍ഷന്‍ എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. 

സമ്മർ സീസണിൽ തന്‍റെ വാട്ടർ ടാങ്ക് ആഡംബര ഭവനം വിൽക്കാനാണ് റോബ്  തീരുമാനിച്ചിരിക്കുന്നത്. ഇതിന്‍റെ വില്പനയിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് വാട്ടർ ടാങ്കിന്‍റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി തനിക്ക് മുടക്കേണ്ടി വന്ന തുക തിരികെ പിടിക്കാനും പണം കടമായി തന്നവർക്ക് തിരിക്കാൻ നൽകാനുമാണ് ഇദ്ദേഹത്തിന്‍റെ തീരുമാനം. ശേഷിക്കുന്ന ബാക്കി പണം ഉപയോഗിച്ച് സമാനമായ രീതിയിൽ വേറിട്ട് നിൽക്കുന്ന മറ്റെന്തെങ്കിലും ഒരു പ്രവർത്തനത്തിൽ ഏർപ്പെടുമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. സ്വന്തം സ്വപ്ന സാക്ഷാത്കാരത്തിനായി വ്യത്യസ്തമായ വഴി തെളിച്ച റോബ് ഹണ്ടിനെ ഒരിക്കൽ കളിയാക്കിയവരെല്ലാം ഇന്ന്, ആരാധനയോടെയാണ് നോക്കുന്നതെന്ന് കൂടി ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.  
 

Follow Us:
Download App:
  • android
  • ios