Asianet News MalayalamAsianet News Malayalam

നീളം വെറും 85 മീറ്റർ മാത്രം, ലോകത്തിലെ ഏറ്റവും ചെറിയ അന്താരാഷ്ട്ര അതിർത്തി ഏതെന്നറിയുമോ?

പെനോൻ ഡി വെലെസ് ഡി ലാ ഗോമേരയിൽ നിലവിൽ സ്പാനിഷ് സൈനികർ മാത്രമാണ് താമസിക്കുന്നത്. ഇവർക്കാണ് ഈ പ്രദേശത്തിന്റെ നിരീക്ഷണത്തിൻ്റെയും സുരക്ഷയുടെയും ചുമതല. വെള്ളമോ വൈദ്യുതിയോ പോലുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണ് സൈനികർ ഇവിടെ താമസിക്കുന്നത്.

85 metres world's shortest international border
Author
First Published Apr 3, 2024, 4:32 PM IST

ഭൂമിയിൽ മനുഷ്യവാസം തുടങ്ങിയ കാലം മുതൽ പരസ്പരം വേർതിരിക്കുന്ന അതിർത്തികളുമുണ്ടായിരിക്കണം. ഇന്നും അത് തുട‌രുന്നു. നമ്മുടെ ഈ ലോകത്ത് ഭൂമിയെ പരസ്പരം വേർതിരിക്കുന്ന നിരവധി അന്താരാഷ്ട്ര അതിർത്തികളുണ്ട്. എന്നാൽ, ലോകത്തിലെ ഏറ്റവും ചെറിയ അതിർത്തി ഏതാണെന്ന് അറിയാമോ? ഓഡിറ്റി സെൻട്രൽ അനുസരിച്ച്, 1564-ൽ സ്പെയിൻ കീഴടക്കിയ വടക്കേ ആഫ്രിക്കയിലെ ഒരു ചെറിയ പാറയാണ് പെനോൻ ഡി വെലെസ് ഡി ലാ ഗോമേര. ലോകത്തിലെ ഏറ്റവും ചെറിയ അന്താരാഷ്ട്ര അതിർത്തി എന്നാണ് ഇതിനെ വിളിക്കുന്നത്. ഇതിൻ്റെ നീളം വെറും 85 മീറ്റർ മാത്രമാണ്.

ആഫ്രിക്കൻ രാജ്യമായ മൊറോക്കോയുമായി സ്പെയിനിനെ ബന്ധിപ്പിക്കുന്ന 19,000 ചതുരശ്ര മീറ്റർ വലിപ്പമുള്ള ഒരു പാറയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി. 1564 -ൽ അഡ്മിറൽ പെഡ്രോ ഡി എസ്തോപിയാൻ കീഴടക്കിയതു മുതൽ പെനോൺ ഡി വെലെസ് ഡി ലാ ഗോമേര സ്പാനിഷ് പ്രദേശത്തിൻ്റെ ഭാഗമാണ്. 

മൊറോക്കോ ആവർത്തിച്ച് അവകാശവാദമുന്നയിച്ചെങ്കിലും സ്പെയിൻ ഒരിക്കലും ഭൂമി തിരികെ നൽകാൻ തയ്യാറായില്ല. സ്പാനിഷ് ഭരണം നടപ്പിലാക്കാൻ അവിടെ പ്രത്യേക സൈന്യത്തെ നിലയുറപ്പിച്ചിട്ടുണ്ട്. സ്‌പെയിൻ പോർച്ചുഗലുമായും ഫ്രാൻസുമായും ഏകദേശം 2000 കിലോമീറ്റർ കര അതിർത്തി പങ്കിടുന്നു. അതോ‌ടൊപ്പം തന്നെ, അൻഡോറ, യുണൈറ്റഡ് കിംഗ്ഡം (ജിബ്രാൾട്ടർ) തുടങ്ങിയ രാജ്യങ്ങളുമായി ഇതിന് വളരെ ചെറിയ അതിർത്തികളുണ്ട്.

പെനോൻ ഡി വെലെസ് ഡി ലാ ഗോമേരയിൽ നിലവിൽ സ്പാനിഷ് സൈനികർ മാത്രമാണ് താമസിക്കുന്നത്. ഇവർക്കാണ് ഈ പ്രദേശത്തിന്റെ നിരീക്ഷണത്തിൻ്റെയും സുരക്ഷയുടെയും ചുമതല. വെള്ളമോ വൈദ്യുതിയോ പോലുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണ് സൈനികർ ഇവിടെ താമസിക്കുന്നത്. ആവശ്യ സാധനങ്ങൾ എത്തിക്കുന്നതിനും മറ്റുമായി ഇവർ സ്പാനിഷ് നേവി കപ്പലുകളെയാണ് ആശ്രയിക്കുന്നത്. 2012 -ൽ, ഏഴ് പേരടങ്ങുന്ന ഒരു സംഘം ദ്വീപ് ആക്രമിച്ചെങ്കിലും സൈനികർ ഇവരെ തുരത്തി. ഏതാനും മിനിറ്റുകൾ മാത്രമാണ് ആക്രമണം നീണ്ടുനിന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios