Asianet News MalayalamAsianet News Malayalam

ഐഎസ് തടവിലാക്കിയിരിക്കുന്നത് നൂറുകണക്കിന് കുട്ടികളെ, മനുഷ്യകവചമാക്കാനും റിക്രൂട്ട് ചെയ്യാനും സാധ്യതയെന്ന്

അതിനിടെ ജയിലിൽ കഴിയുന്ന 850 ഓളം കുട്ടികളുടെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് യുഎന്നിൻറെ കുട്ടികളുടെ ചാരിറ്റിയായ യൂണിസെഫ് പറഞ്ഞു. 

850 children held by IS syria
Author
Syria, First Published Jan 26, 2022, 10:22 AM IST

വടക്കുകിഴക്കൻ സിറിയ(North-east Syria)യിൽ ഇസ്ലാമിക് സ്റ്റേറ്റ് പിടിച്ചെടുത്ത ജയിലിനുള്ളിൽ നൂറുകണക്കിന് കുട്ടികൾ തടവിൽ. കുട്ടികളുടെ സുരക്ഷയെ ചൊല്ലിയുള്ള ആശങ്ക വർധിച്ചു വരികയാണ്. വ്യാഴാഴ്‌ച ഇസ്‌ലാമിക് സ്റ്റേറ്റ് (Islamic State) ആക്രമിച്ച ഹസാക്കയിലെ ഘ്വയ്‌റാൻ ജയിലിൽ( Ghwayran prison in Hasaka) ഏകദേശം 850 കുട്ടികളാണുള്ളത്(850 children) എന്ന് കരുതുന്നു. ജയിലിൽ കഴിയുന്ന തീവ്രവാദികളെ മോചിപ്പിക്കാൻ ഐഎസ് നടത്തിയ റെയ്ഡ് മുതൽ 150 -ലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. കുർദിഷ് അധികൃതരുടെ നിയന്ത്രണത്തിലുള്ള ജയിലിൽ ആയിരക്കണക്കിന് ഐഎസ്സുകാരുണ്ട് എന്നാണ് കരുതപ്പെടുന്നത്.

കുർദിഷ് നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സ് (എസ്‌ഡിഎഫ്) സഖ്യം, യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനയുടെ പിന്തുണയോടെ, വർഷങ്ങൾക്ക് മുമ്പ് സിറിയയുടെ പ്രധാന ഭാഗങ്ങൾ കീഴടക്കിയിരുന്നു. ശേഷം ഐഎസ്സിനെതിരെ പോരാടുകയും 2019 മാർച്ചിൽ പ്രാദേശികമായുള്ള പരാജയം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും ഇവിടെ ഐഎസ് സെല്ലുകൾ ഇപ്പോഴും പ്രവർത്തിക്കുകയും സുരക്ഷാസേനയ്ക്കും സാധാരണക്കാർക്കുമെതിരെ മാരകമായ ആക്രമണങ്ങൾ നടത്തുകയും ചെയ്യുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.

100 -ലധികം ഐഎസ് തീവ്രവാദികളാണ് ജയിലിനുനേരെ അപ്രതീക്ഷിത ആക്രമണം നടത്തിയത്. ഇത് യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനയുടെ വ്യോമാക്രമണം ഉൾപ്പടെ ജയിലിനകത്തും പുറത്തും കടുത്ത ഏറ്റുമുട്ടലിന് കാരണമായി. വ്യാഴാഴ്ച മുതൽ ജയിലിൽ നടന്ന ഏറ്റുമുട്ടലിൽ 102 ഐഎസ്സുകാരും ഏഴ് സിവിലിയന്മാരും സുരക്ഷാസേനയിലെ 45 കുർദിഷ് അംഗങ്ങളും ജയിൽ ഗാർഡുകളും കൊല്ലപ്പെട്ടതായി യുകെ ആസ്ഥാനമായുള്ള മോണിറ്ററിംഗ് ഗ്രൂപ്പായ സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് (എസ്ഒഎച്ച്ആർ) തിങ്കളാഴ്ച അറിയിച്ചു.

അതിനിടെ ജയിലിൽ കഴിയുന്ന 850 ഓളം കുട്ടികളുടെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് യുഎന്നിൻറെ കുട്ടികളുടെ ചാരിറ്റിയായ യൂണിസെഫ് പറഞ്ഞു. കുട്ടികളുടെ സുരക്ഷയെ കുറിച്ച്, പ്രത്യേകിച്ച് 12 വയസിൽ താഴെയുള്ള കുട്ടികളുടെ സുരക്ഷയെ കുറിച്ച് കടുത്ത ആശങ്കയുണ്ട് എന്നും യുണിസെഫ് പറയുന്നു. "ആക്രമം തുടരുമ്പോൾ, ഈ കുട്ടികൾ ഉപദ്രവിക്കപ്പെട്ടേക്കാം. അല്ലെങ്കിൽ ബലമായി ഐഎസ്സിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടേക്കാം" എന്നും യുണിസെഫ് പ്രസ്താവനയിൽ പറഞ്ഞു.

ഡോർമിറ്ററിയിൽ ഐഎസ് തീവ്രവാദികൾ ഒളിച്ചിരിക്കുന്നതായി എസ്ഡിഎഫ് പറഞ്ഞു. കുട്ടികളെ 'മനുഷ്യകവചങ്ങൾ' ആയി ഉപയോഗിക്കുകയാണ് എന്നും കുട്ടികൾക്ക് മുറിവേറ്റാൽ ഭീകരരായിരിക്കും അതിന് ഉത്തരവാദികളെന്നും എസ്ഡിഎഫ് മുന്നറിയിപ്പ് നൽകി. ജയിലിന് ചുറ്റുമുള്ള പ്രദേശം തങ്ങളുടെ സൈന്യം അടച്ചുപൂട്ടിയതായും ജയിലിന്റെ ഗേറ്റിനുള്ളിലുള്ള ഐഎസ് തീവ്രവാദികൾക്ക് ഇനി രക്ഷപ്പെടാനാകില്ലെന്നും എസ്ഡിഎഫ് പറഞ്ഞു.

തങ്ങൾ തട്ടിക്കൊണ്ടുപോയവരുൾപ്പെടെയുള്ള കുട്ടികളെ നിർബന്ധിച്ച് റിക്രൂട്ട് ചെയ്യുക, ചാവേർ ബോംബ് സ്‌ഫോടനം നടത്താനും തടവുകാരെ കൊല്ലാനും അവരെ പരിശീലിപ്പിക്കുക തുടങ്ങിയ തന്ത്രമായിരുന്നു ഐഎസ്സിന്. SOHR അനുസരിച്ച്, ഘ്വായാനിലെ തിങ്ങിനിറഞ്ഞ ഈ ജയിലിൽ ചില നേതാക്കളടക്കം 3,500 ഐഎസ് അംഗങ്ങൾ ഉണ്ടെന്ന് സംശയിക്കുന്നു. ഐഎസ് ആക്രമണത്തെ തുടർന്ന് നൂറുകണക്കിന് തീവ്രവാദികളെ പിടികൂടിയെങ്കിലും ചിലർ ഇപ്പോഴും ഒളിവിലാണ്.

Follow Us:
Download App:
  • android
  • ios