'നഭ സ്‍പർശം ദീപ്തം' എന്നത് ഭാരതീയ വ്യോമസേനയുടെ ആദർശസൂക്തമാണ്. എന്നുവെച്ചാൽ, 'വിജയശ്രീലാളിതനായി ആകാശം തൊടൂ...' എന്നർത്ഥം. ഭഗവദ് ഗീതയുടെ പതിനൊന്നാം അധ്യായത്തിൽ അർജുനനുമുന്നിൽ വിശ്വരൂപത്തിൽ അവതരിക്കുന്ന ശ്രീകൃഷ്ണൻ അംബരചുംബിയായി നിന്ന് അർജ്ജുനനിൽ ആത്മവിശ്വാസം ഉണർത്തുന്നു എന്നാണ് കഥ. ഇന്ത്യൻ വ്യോമസേനയ്ക്ക് ഇന്ന് 87 വയസ്സുതികയുന്നു. 1932  ഒക്ടോബർ 8 -നാണ് ഔദ്യോഗിക രേഖകളിൽ ഇന്ത്യൻ വ്യോമസേന എന്ന പേര് ആദ്യമായി പതിയുന്നത്. എന്നാൽ, ഇന്ത്യൻ ആകാശത്തിലൂടെ ചരിത്രത്തിൽ ആദ്യമായി ഒരു വിമാനം പറക്കുന്നത് 1910 -ലാണ്. റൈറ്റ് സഹോദരന്മാർ അമേരിക്കയിലെ കിറ്റിഹാക്കിൽ വിജയകരമായ തങ്ങളുടെ ആദ്യ ഗഗനയാനം നടത്തിയതിന് വെറും ഏഴുവർഷങ്ങൾക്കുള്ളിൽ തന്നെ.

അന്ന് ആ വിമാനം പറത്തിയത്, ലെഫ്റ്റനന്‍റ് കേണൽ സെഫ്റ്റൻ ബ്രാക്ക്നർ എന്ന ഇന്ത്യൻ ആർമിയിലെ ഓഫീസറായിരുന്നു. പിൽക്കാലത്ത് റോയൽ ഇന്ത്യൻ എയർ ഫോഴ്‌സിലെ എയർ വൈസ് മാർഷൽ ആയി വിരമിക്കാനിരുന്ന അതേ സർ സെഫ്റ്റൻ ബ്രാക്ക്നർ തന്നെ.  ലോകമഹായുദ്ധത്തിലേക്ക് നയിച്ച ആ ദശാബ്ദത്തിന്റെ തുടക്കത്തിൽ തന്നെ, ഇന്ത്യൻ ഉപഭൂഖണ്ഡത്തെ, ഡെ ഹാവിലൻഡ്‌ മോത്ത് എന്ന തന്റെ ആവനാഴിയിലെ കരുത്തുറ്റ ഒരു പുത്തൻ ആയുധം പരിചയപ്പെടുത്തുകയായിരുന്നു കേണൽ. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരികൾക്ക് ഈ ആകാശപ്പറവയ്ക്കുമേൽ വലിയ താത്പര്യമൊന്നും ഉദിച്ചില്ലെങ്കിലും, ലണ്ടൻ ഓഫീസിൽ അതിന്റെ ഉത്സാഹക്കമ്മിറ്റിക്കാർ നിരവധിപേരുണ്ടായിരുന്നു. അവരുടെ ശ്രമഫലമായി, പിന്നെയും മൂന്നുവർഷങ്ങൾക്കുശേഷം 1913 -ൽ ഉത്തരേന്ത്യയിലെ സീതാപൂരിൽ കരസേനയുടെ ഇരുപത്തൊമ്പതാം പഞ്ചാബ് റജിമെന്റിലെ ക്യാപ്റ്റൻ എസ് ഡി മേസി ഇന്ത്യയിൽ ആദ്യമായി ഒരു മിലിട്ടറി ഫ്ളയിങ്ങ് സ്‌കൂൾ സ്ഥാപിക്കുന്നു. തൂപ്പുകാരൻ തൊട്ട് പ്രിൻസിപ്പൽ വരെ ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്തുകൊണ്ടായിരുന്നു ക്യാപ്റ്റൻ മേസി ആ സ്ഥാപനം കെട്ടിപ്പടുത്തത്.

 

ഇവിടെ പരിശീലനം സിദ്ധിച്ചവരും, ഇവിടത്തെ അധ്യാപകരുമെല്ലാം തന്നെ തങ്ങളുടെ പാഠങ്ങൾ പരിശീലിച്ചത് ഒന്നാം ലോക മഹായുദ്ധത്തിന്റെ തീച്ചൂളയിലായിരുന്നു. അവിടെ അവർക്കു നൽകപ്പെട്ട പേര് ഇന്ത്യൻ എയർ കോർപ്സ് (Indian Air Corps). അന്നത്തെ ഇന്ത്യൻ രാജകുടുംബങ്ങളിലെ പുത്തൻകൂറ്റുകാരിൽ പലരും ഈ ദൗത്യങ്ങളിൽ കിങ്‌സ് ക്ലാസ്സിഫൈഡ് ഓഫീസേഴ്‌സ് എന്ന ഓമനപ്പേരിൽ കമ്മീഷൻ ചെയ്യപ്പെട്ടു. അക്കൂട്ടത്തിൽ ഒരാളായിരുന്നു ഹർദത്ത് സിങ്ങ് മാലിക്. ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുമ്പോൾ മാലിക് ഓക്സ്ഫോർഡിൽ പഠിക്കുന്നു. ഏറെ പണിപ്പെട്ട ശേഷം അദ്ദേഹത്തിന് റോയൽ ഫ്ളയിങ് കോർപ്സിൽ പ്രവേശനം കിട്ടുന്നു. അദ്ദേഹം ഇരുപത്താറാം സ്ക്വാഡ്രന്റെ ഭാഗമായി യുദ്ധത്തിൽ നിരവധി പോരാട്ടങ്ങൾ നടത്തുന്നു. യുദ്ധത്തിനിടെ വെടിയുണ്ടകളേറ്റ് ഒരു കാലിൽ മുടന്തുവരുന്നുണ്ടെങ്കിലും, ജീവൻ കൈവിടാതെ ഒന്നാം ലോകമഹായുദ്ധത്തെ അതിജീവിച്ച അദ്ദേഹം പിന്നീട് വിരമിച്ച് ഒരു പ്രൊഫഷണൽ ഗോൾഫർ ആയി മാറുന്നുണ്ട്. അന്നൊക്കെ രാജ്യത്തെ ഏറ്റവും ധനികർക്ക് മാത്രമായിരുന്നു ഇങ്ങനെ ഒരു കരിയറിനെപ്പറ്റി ചിന്തിക്കാൻ പോലും കഴിഞ്ഞിരുന്നത്.

ആറു സ്ക്വാഡ്രണുകൾ ഉണ്ടായിരുന്നു ഇന്ത്യൻ എയർ കോർപ്സിന്. അത് ആദ്യം റോയൽ ഫ്ളയിങ് കോർപ്സ് (RFC) ആയും, അധികം താമസിയാതെ തന്നെ, 1918 ഏപ്രിൽ ഒന്നിന് റോയൽ എയർ ഫോഴ്സ് (RAF) ആയും മാറുന്നു. ഈ ആറു യൂണിറ്റുകളും ലോകമഹായുദ്ധാനന്തരം ഇന്ത്യയിലേക്ക് തിരിച്ചെത്തി സീതാപുർ, അമ്പാല, രിസാൽപൂർ, ലാഹോർ, ക്വേട്ട, ഹെഡ് ക്വാർട്ടേഴ്‌സ് ആയ ദില്ലിക്കടുത്തുള്ള റായ്സീന എന്നിവിടങ്ങളിൽ പ്രവർത്തനമാരംഭിക്കുന്നു. അന്നത്തെ ബ്രിട്ടീഷ് ഇന്ത്യൻ ആർമി ഓഫീസർമാർക്ക് വേണ്ട പിന്തുണ നൽകുക എന്നതായിരുന്നു ഇവരുടെ കർത്തവ്യം. ഇന്ത്യയിൽ അന്ന് ശക്തമായ സാമ്രാജ്യത്വവിരുദ്ധസമരങ്ങൾ നടക്കുന്ന കാലമാണ് എന്നോർക്കുക.

അന്ന് ഇന്ത്യക്കാർക്ക് ഈ യൂണിറ്റുകളിൽ പൊതുവേ പ്രവേശനം നിഷിദ്ധമായിരുന്നു. ഭൂരിഭാഗവും ബ്രിട്ടീഷ് പൈലറ്റുമാരായിരുന്നു. മെയിന്റനൻസ് എഞ്ചിനീയർമാരും അവർ തന്നെ. ഈ യൂണിറ്റുകളിലേക്ക് ഇന്ത്യക്കാരെ നിയമിക്കണം എന്ന ആവശ്യം താമസിയാതെ ഉയർന്നുവന്നു. എന്നാൽ, ബ്രിട്ടീഷ് ഓഫീസർമാർക്ക് ഇന്ത്യക്കാരോട് അന്ന് അടങ്ങാത്ത പുച്ഛമായിരുന്നു. ഇന്ത്യക്കാർ വംശപരമായി തങ്ങളേക്കാൾ താഴ്ന്നവരാണ് എന്നും, അവർക്ക് ഒരിക്കലും ഒരു വിമാനം പറത്തുന്നതിന്റെ സാങ്കേതികവിദ്യ മനസ്സിലാക്കാനുള്ള തലച്ചോർ കിട്ടില്ല എന്നും അവർ ആത്മാർത്ഥമായിത്തന്നെ കരുതിപ്പോന്നു. ലാഹോറിലെ എയർ ബേസ് സന്ദർശിക്കാൻ താല്പര്യം പ്രകടിപ്പിച്ച പരിസരവാസികളായ ഒരുകൂട്ടം ഇന്ത്യൻ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥികൾക്ക്, "നിങ്ങൾക്ക് ഇതൊന്നും കണ്ടിട്ട് ഒരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല. നിങ്ങൾ ഇന്ത്യക്കാരാണ്, നിങ്ങൾക്കൊരിക്കലും ഒരു വിമാനം പറത്താൻ സാധിക്കില്ല..." എന്ന കാരണം പറഞ്ഞാണ് അവിടത്തെ ബ്രിട്ടീഷ് ഓഫീസർമാർ അനുമതി നിഷേധിച്ചത്.

ഏറെനാളത്തെ പരിശ്രമങ്ങൾക്ക് ശേഷം, ലെഫ്റ്റനന്റ് ജനറൽ ആൻഡ്രൂ സ്‌കീനിന്റെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയുടെ പഠനറിപ്പോർട്ടിലെ ശുപാർശയിന്മേൽ,   എച്ച്സി സർക്കാർ, സുബ്രതോ മുഖർജി, ഐസാദ് ഡി ആവാൻ, ഭൂപീന്ദർ സിങ്ങ്, അമർജിത് സിങ്ങ്, ടി എൻ ടണ്ഠൻ എന്നിങ്ങനെ ആറുപേർക്ക് വിമാനം പറത്താനുള്ള പരിശീലനത്തിന് അവസരം കിട്ടുന്നു. ടണ്ഠൻ ഒഴികെ മറ്റുള്ള അഞ്ചുപേരും പൈലറ്റുമാരായി പഠിച്ചിറങ്ങുന്നു. ടണ്ഠൻ മാത്രം സ്റ്റോഴ്സ് ഓഫീസർ ആയിമാറുന്നു. സ്‌കീൻ കമ്മിറ്റി ഒരു നിർദേശം കൂടി വെച്ചിരുന്നു. ഇന്ത്യൻ ആർമിക്ക് ഒരു 'ഒരു എയർ വിങ്ങ്' അടിയന്തരമായി വേണം. ഈ തീരുമാനത്തെ അംഗീകരിക്കാൻ അന്നത്തെ ഇന്ത്യൻ ഗവണ്മെന്റ് തയ്യാറായി. എന്നാൽ, ആർമിയുടെ ഉപവിഭാഗമായി ഇങ്ങനെ ഒന്ന് തുടങ്ങുന്നതിനെ അന്നത്തെ എയർ വൈസ് മാർഷൽ ആയിരുന്ന സാല്മണ്ട് ശക്തിയുക്തം എതിർത്തു. തുടങ്ങുന്നെങ്കിൽ സ്വതന്ത്രമായ ഒരു വ്യോമസേന തന്നെ വേണം തുടങ്ങാൻ എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അങ്ങനെയാണ് ഇന്ത്യൻ എയർഫോഴ്സ് ബിൽ വരുന്നത്.

അതിനിടെ വിദേശത്തുപോയി 'പറക്കൽ' അഭ്യസിച്ച പല ഇന്ത്യൻ പയ്യൻസും സ്വന്തമായി വിമാനങ്ങൾ നാട്ടിലേക്ക് ഇറക്കുമതി ചെയ്തുകഴിഞ്ഞിരുന്നു. കബാലി, മൻമോഹൻ സിങ്ങ്, ആസ്‌പി എഞ്ചിനീയർ തുടങ്ങിയവർ തമ്മിൽ ഇംഗ്ലണ്ടിൽ നിന്ന് ഇന്ത്യയിലേക്ക് സോളോ വിമാനം പറത്തി 'ആഗാ ഖാൻ' കപ്പ് നേടാൻ വേണ്ടി മത്സരിച്ചു. മത്സരത്തിൽ ഡിഎച്ച് ടൈഗർമോത്ത് വിമാനം പറത്തിക്കൊണ്ട് ആസ്‌പി എഞ്ചിനീയർ വിജയശ്രീലാളിതനായി.

പുതുതായി തുടങ്ങാനിരുന്ന സൈന്യത്തിലേക്ക് ടെക്നിഷ്യന്മാരെ വേണം. ഇതൊരു പുതിയ മേഖലയായിരുന്നതിനാൽ പരിചയസമ്പന്നരായ ഒരാളുമില്ല ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ തന്നെ. ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട 29 പേരിൽ മിക്കവാറും തീവണ്ടികളിൽ പണിചെയ്തുകൊണ്ടിരുന്നവരായിരുന്നു. അവരെ ഹവായി ശിപായിമാർ ( Havai Sepois) എന്ന പേരിലാണ് ഇൻഡക്റ്റ് ചെയ്യുന്നത്.

ഒടുവിൽ ചുവപ്പുനാടയുടെ നൂലാമാലകൾ കടന്ന്, 1932  ജനുവരി 19 -ന് ഇന്ത്യൻ ഗസറ്റിന്റെ നാല്പത്തൊന്നാം നമ്പർ നോട്ടിഫിക്കേഷനിൽ 'ഇന്ത്യൻ എയർ ഫോഴ്‌സ് ആക്റ്റ്' നടപ്പിൽ വരുന്നു. വെസ്റ്റ്ലാൻഡ് കമ്പനിയുടെ നാല് വാപിറ്റി II പോർവിമാനങ്ങളാണ് (Westland Wapiti II) ഇന്ത്യൻ വ്യോമസേനയിലേക്ക് ആദ്യമായി കമ്മീഷൻ ചെയ്യപ്പെടുന്നത്. അതാകട്ടെ റോയൽ എയർഫോഴ്സ് ഉപയോഗിച്ച് പഴക്കം വന്ന് ഒഴിവാക്കാൻ വേണ്ടി കണ്ടുവെച്ചിരുന്ന നാല് പുരാതന വിമാനങ്ങളായിരുന്നു. 1932  ഒക്ടോബർ 8 ആണ് ഔദ്യോഗിക രേഖകളിൽ ഇന്ത്യൻ വ്യോമസേന നിലവിൽ വന്ന ദിവസം. 1933 ഏപ്രിൽ ഒന്നാം തീയതി നടന്ന വർണാഭമായ ചടങ്ങിൽ ആ നാലു വിമാനങ്ങളും ഇന്ത്യൻ വ്യോമസേനയുടെ ഒന്നാം സ്ക്വാഡ്രണിന്റെ പുത്തൻ പൈലറ്റുമാരെ ഏൽപ്പിക്കപ്പെട്ടു.

റോയൽ എയർ ഫോഴ്‌സ് (RAF) ഉപയോഗിച്ചിരുന്ന അവസാനത്തെ 'ബൈപ്‌ളെയിൻ' ടൈപ്പ് പോർവിമാനങ്ങളിൽ ഒന്നായിരുന്നു വാപിറ്റി II. പരമാവധി വേഗം 225 കി.മീ./മണിക്കൂർ. പരമാവധി ഉയരം 26,500 അടി. കോംബാറ്റ് റേഞ്ച് 580 കി.മീ. വലതുവശത്ത് ഒരു വിക്കേഴ്സ് യന്ത്രത്തോക്കും ഘടിപ്പിച്ചിരുന്നു അതിൽ. കോക്ക്പിറ്റിൽ ഒരു ലൂയിസ് യന്ത്രത്തോക്ക്, 260 കിലോയോളം ഭാരം വരുന്ന ബോംബുകൾ കൊണ്ടുപോകാമായിരുന്നു.

റോയൽ എയർ ഫോഴ്‌സിലെ ഫ്ലൈറ്റ് ലെഫ്റ്റനന്റ് ആയ സി എ ബോഷിയർ, അതേ പിൽക്കാലത്ത് ഇന്ത്യൻ എയർഫോഴ്‌സിന്റെ പിതാവ് എന്നറിയപ്പെട്ട അതേ ബോഷിയർ തന്നെ, ആയിരുന്നു ഇന്ത്യൻ എയർ ഫോഴ്‌സിന്റെ ആദ്യ ഓഫീസർ ഇൻ കമാൻഡ്. പുതിയ വൈമാനികർക്ക് വിമാനത്തെ പരിചയപ്പെടുത്തിയ ബോഷിയർ, അവരെ ഓരോ ട്രിപ്പ് ആകാശയാത്രയ്ക്കും പരിശീലനത്തിനായി കൊണ്ടുപോവുകയും ചെയ്തു അന്ന്. അങ്ങനെ അന്നത്തെ പ്രഭാതത്തിൽ സുബ്രതോ മുഖർജിയും കൂട്ടരും കൂടി തുടക്കമിട്ട ആ ഇന്ത്യൻ സൈന്യത്തിന്റെ പുതിയ വിഭാഗം, ഇന്ത്യൻ വ്യോമ സേന ഇന്ന് അതിന്റെ എൺപത്തേഴാം വർഷത്തിലേക്ക് കടക്കുന്നു. എല്ലാ വർഷവും വ്യോമസേനാ ഒക്ടോബർ 8 -ന് ഇന്ത്യൻ വ്യോമസേനാ ദിനം ആചരിച്ചുവരുന്നു.

1933  സെപ്തംബറിൽ ആദ്യത്തെ ക്രാഷ്... കറാച്ചിക്കടുത്തുവെച്ച് നടന്ന അപകടത്തിൽ പൈലറ്റ് ഓഫീസർ ഭൂപീന്ദർ സിങ്ങ്, പൈലറ്റ് ഓഫീസർ അമർജിത് സിങ്ങ് എന്നിവർക്ക് ജീവാപായമുണ്ടായി. രണ്ടാമത്തേത് കുറേക്കൂടി ഭീകരമായ ഒരു അപകടമായിരുന്നു. മൈതാനത്തുകൂടി മാർച്ച്പാസ്റ്റ് ചെയ്തുകൊണ്ടിരുന്ന സൈനികരുടെ തലയ്ക്കു മുകളിലൂടെ വളരെ ക്ലോസ് ആയ ഒരു സ്വീപ്പിങ് നടത്തുക എന്നതായിരുന്നു പൈലറ്റിന് ഫ്ലൈറ്റ് കമാണ്ടറുടെ ആവശ്യം. ഫ്ളയിങ്ങ് ഓഫീസർ സർക്കാർ ആദ്യ തവണ തന്നെ അത് വിജയകരമായി പൂർത്തിയാക്കി, വീണ്ടും ആകാശത്തേക്ക് കുതിച്ചുയർന്നു. എന്നാൽ കമാൻഡർക്ക് തൃപ്തിയായില്ല. ഒന്നുകൂടി ചേർന്ന് വരണം എന്നായി അദ്ദേഹം. രണ്ടാമത്തെ, 'ചേർന്നുള്ള' സ്വീപ്പിനായി താഴേക്ക് നിലംപറ്റി വന്ന സർക്കാരിന്റെ വിമാനം മാർച്ച്പാസ്റ്റ് ചെയ്തുകൊണ്ടിരുന്ന സൈനികരുടെമേൽ ഇടിച്ചിറങ്ങി. പതിനാലു സൈനികർ തൽക്ഷണം മരിച്ചു. പൈലറ്റും സഹായിയും അത്ഭുതകരമായി രക്ഷപ്പെട്ടു. വിമാനം ഛിന്നഭിന്നമായി മൈതാനത്ത് ചിതറിവീണു.
  
എന്നാൽ, ബാലാരിഷ്ടതകളെയൊക്കെ അതിജീവിച്ചുകൊണ്ട് ഇന്ത്യൻ എയർ ഫോഴ്‌സ് മുന്നോട്ടുതന്നെ പോയി. 1939 ആയപ്പോഴേക്കും ഇരുനൂറ് അംഗങ്ങളുള്ള ഒരു ഫുൾ സ്ക്വാഡ്രൺ തന്നെ ആയി അത് മാറി. അക്കൊല്ലം ഹോക്കർ ഹാർട്ട് ഫൈറ്റർ വിമാനം സേനയ്ക്ക് സ്വന്തമാകുന്നു. അധികം താമസിയാതെ തന്നെ ഡെഹാവിലൻഡ് ടൈഗർമോത്തുകളും. അക്കൊല്ലം തന്നെ, സേനയിൽ 2, 3 സ്ക്വാഡ്രണുകൾ വരുന്നു. ഇതെല്ലാം തന്നെ അതിന്റെ വില തെളിയിക്കുന്ന ഒരു ഘട്ടമാണ് തുടർന്ന് വരുന്നത്, രണ്ടാം ലോക മഹായുദ്ധം. അതിനിടെ പുതിയ സ്ക്വാഡ്രണുകൾ ഒന്നൊന്നായി സേനയിലേക്ക് ഇൻഡക്റ്റ് ചെയ്യപ്പെടുന്നുണ്ട്. ലൈസാൻഡർ, ഓഡാക്സ്, ഹറിക്കെയ്ൻ, വെൻജെൻസ്‌ വിമാനങ്ങൾ വാപിറ്റികൾക്ക് കൂട്ടുവരുന്നു.

ജപ്പാനെതിരെ കിഴക്കേ ഇന്ത്യയിൽ, ബർമൻ അതിർത്തികളിലായിരുന്നു സഖ്യകക്ഷികൾക്കുവേണ്ടി ജപ്പാനെതിരെയുള്ള ഇന്ത്യൻ എയർഫോർസിന്റെ ലോകമഹായുദ്ധപ്പോരാട്ടങ്ങൾ. 'ദ ഫൊർഗോട്ടൺ വാർ' (The Forgotten War) എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടു ആ ആകാശപ്പോരാട്ടങ്ങൾ. അതിൽ ഏറ്റവും പ്രസിദ്ധമാണ്, 1944 ഫെബ്രുവരി 5 -ന് ജഗദീഷ് ചന്ദ്ര വർമയും, മലയാളി പൈലറ്റായിരുന്ന മൂർക്കോത്ത് രാമുണ്ണിയും ചേർന്ന് നടത്തിയ ഡോഗ് ഫൈറ്റ്. അതിന്റെ ത്രസിപ്പിക്കുന്ന കഥയാണ് ഇനി.

അന്ന് ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ ഫൈറ്റര്‍ സംഘത്തില്‍ നാലു ഡെയര്‍ ഡെവിള്‍ ഫൈറ്റര്‍മാരാണ് ഉണ്ടായിരുന്നത്.  മലയാളിയായ മൂര്‍ക്കോത്ത് രാമുണ്ണി, ജഗദീഷ് ചന്ദ്ര വര്‍മ്മ, ദോഡ്ല രംഗ റെഡ്‌ഡി, ജോസഫ് ചാള്‍സ് ഡി ലിമ എന്നിവരായിരുന്നു അവര്‍. അക്കാലത്ത് ഇന്ത്യന്‍ വായുസേനയ്ക്ക് 'ഹോക്കര്‍ ഹരിക്കേന്‍' പോര്‍ വിമാനങ്ങളാണ് ഉണ്ടായിരുന്നത്. ആദ്യത്തെ വിന്യാസം ഇന്നത്തെ ബംഗ്ലാദേശിലുള്ള കോക്‌സ് ബസാറിലേക്ക്, അന്നത്തെ ഇന്തോ-ബര്‍മാ ബോര്‍ഡര്‍ കാക്കാന്‍. അന്ന് മിത്സുബിഷി A6M നേവല്‍ ടൈപ്പ് 0 ജാപ്പ് വിമാനങ്ങള്‍ നിരന്തരം ബര്‍മ അതിര്‍ത്തി ഭേദിച്ചുകൊണ്ട് ഇന്ത്യയ്ക്ക് ഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്ന കാലം.

നാലുപേരും നാലു വിരലുകള്‍ ഒന്നിച്ച് നില്‍ക്കുന്നതു പോലുള്ള 'ഫിംഗര്‍ ഫോര്‍' ബാറ്റില്‍ ഫോര്‍മേഷനില്‍ പറന്നു ചെന്ന് ശത്രുവിമാനങ്ങളെ വെടിവെച്ചിടാന്‍ ശ്രമിക്കുന്നു. വര്‍മ്മ പൊസിഷന്‍ 1, രാമുണ്ണി 2, റെഡ്ഡി 3 ആന്‍ഡ് ഡി ലിമ അറ്റ് 4. ജാപ്പ് വിമാനങ്ങള്‍ ഇവരെ പിന്തുടര്‍ന്നാക്രമിക്കാന്‍ തുടങ്ങി. റെഡ്ഡി രാമുണ്ണിയോട് റേഡിയോയില്‍ പറഞ്ഞുകൊണ്ടിരുന്നു... 'ജാപ്പ് ഓണ്‍ യുവര്‍ ടെയില്‍... ജാപ്പ് ഓണ്‍ യുവര്‍ ടെയില്‍...' രാമുണ്ണിയെ വിടാതെ പിന്തുടര്‍ന്ന ഒരു ജാപ്പ് വിമാനത്തെ റെഡ്ഡി വെടിവെച്ചിട്ടെങ്കിലും, റെഡ്ഡിയുടെ വിമാനത്തിന് പിന്നാലെ കൂടിയ മറ്റൊരു ശത്രുവിമാനത്തിന്റെ വെടിയേറ്റു വിമാനത്തിന്റെ പിന്‍ഭാഗത്തുനിന്നും പുകവന്നു തുടങ്ങി. വളരെ താഴ്ചയിലായിരുന്നു പറക്കല്‍ എന്നതുകൊണ്ട് പാരച്യൂട്ടില്‍ രക്ഷപ്പെടാനുള്ള അവസരം റെഡ്ഡിക്ക് കിട്ടിയില്ല. വേഗതയും ഉയരവും വളരെ പെട്ടെന്നുതന്നെ നഷ്ടപ്പെട്ട്  റെഡ്ഡിയുടെ വിമാനം താഴെ കാട്ടിലേക്ക് തകര്‍ന്നുവീണു. റെഡ്ഡി മരണപ്പെട്ടു. അന്നേദിവസം തന്നെ ഡി ലിമയുടെ വിമാനവും വെടിയേറ്റുവീണു. അന്നത്തെ ആക്രമണങ്ങളെ അതിജീവിച്ചത് വര്‍മയും രാമുണ്ണിയും മാത്രമായിരുന്നു. 

ഈ സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം ഫെബ്രുവരി 15 -ന്  നടക്കുന്ന മറ്റൊരു ആകാശപോരാട്ടത്തില്‍ വേറൊരു ജാപ്പനീസ് ഓസ്‌കാര്‍ വിമാനത്തെ വെടിവെച്ചിട്ട വര്‍മ്മ, ആദ്യമായി ഒരു ശത്രുവിമാനത്തെ വെടിവെച്ചിട്ട ഇന്ത്യന്‍ ഫൈറ്റര്‍ പൈലറ്റ് എന്നപേരില്‍ ചരിത്രത്തില്‍ ഇടം പിടിക്കുകയുണ്ടായി. എങ്കിലും, സത്യത്തിൽ തന്റെ പിന്നാലെ കൂടിയ ശത്രുവിമാനത്തെ വളരെ സാഹസികമായി വെടിവെച്ചിട്ട്, തൊട്ടടുത്ത നിമിഷം ശത്രുവിന്റെ മിസൈലിനിരയായ റെഡ്ഡിയ്ക്കായിരുന്നു സത്യത്തില്‍ ആ സ്ഥാനം കിട്ടേണ്ടിയിരുന്നത്.

രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞതോടെ സത്യത്തിൽ വ്യോമയുദ്ധങ്ങളുടെ കാലം അസ്തമിച്ചു എന്നുതന്നെ പറയാം. പിന്നീടങ്ങോട്ട് അയൽരാജ്യങ്ങളുമായി കരയുദ്ധങ്ങൾ മാത്രമാണ് കാര്യമായി നടന്നിട്ടുള്ളത്. അതിനെ പിന്തുണച്ചുകൊണ്ടുള്ള ഓപ്പറേഷണൽ മിഷനുകളുമായി ഇന്ത്യൻ വ്യോമസേന സജീവമായിത്തന്നെ നിലകൊണ്ടിരുന്നു എങ്കിലും.

1939 -ൽ സേനയിലേക്ക് കമ്മീഷൻ ചെയ്ത ബ്രിട്ടീഷ് ഡെഹാവിലൻഡ് ടൈഗർമോത്ത് വിമാനങ്ങൾ 1957 വരെ ഇന്ത്യൻ വ്യോമസേനയുടെ അവിഭാജ്യഘടകമായിരുന്നു. 1948 -ൽ വ്യോമസേന ബ്രിട്ടീഷ് നിർമിത വാംപയർ വിമാനങ്ങൾ വാങ്ങുന്നു. അറുപതുകളിൽ സേനയിൽ നാനൂറോളം വാംപയറുകളാണ് സർവീസിൽ ഉണ്ടായിരുന്നത്. 1950 -ൽ ഇന്ത്യ സ്വതന്ത്രറിപ്പബ്ലിക് ആയതോടെ വ്യോമസേനയുടെ പേരിൽ നിന്ന് 'റോയൽ' എന്ന വാക്ക് കൊഴിഞ്ഞു വീണു. സേന, ഇന്ത്യൻ എയർ ഫോഴ്‌സ് എന്നപേരിൽ അറിയപ്പെട്ടുതുടങ്ങി.

1953 -ൽ ആദ്യത്തെ ഫ്രഞ്ച് പോർവിമാനം ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്നു. ആദ്യമായി വന്നത് ഡാസൗ എന്ന, റഫാൽ, മിറാഷ് വിമാനങ്ങളുടെ നിർമാതാവായ ഫ്രഞ്ച് കമ്പനിയുടെ ഔറാഗൺ എന്ന പോർവിമാനം ഇന്ത്യ വാങ്ങുന്നു. അത് ഇന്ത്യൻ വ്യോമസേനയിൽ തൂഫാനി എന്നറിയപ്പെട്ടു. തൂഫാൻ എന്നവാക്കിന്റെ അർഥം കൊടുങ്കാറ്റ്. ബ്രിട്ടന്റെ ഏകാധിപത്യം ഒന്ന് പൊളിക്കാൻ വേണ്ടിക്കൂടിയാണ് ഫ്രഞ്ച് വിമാനങ്ങൾ സേന വാങ്ങുന്നത്. അടുത്ത പത്തുപതിനഞ്ചു വർഷം ഔറാഗൺ ഫ്‌ളീറ്റ് ഇന്ത്യൻ വ്യോമ സേനയ്ക്ക് കരുത്ത് പകർന്നു.1957 അടുത്ത സെറ്റ് ഫ്രഞ്ച് പോർവിമാനങ്ങൾ വരുന്നു. മിസ്റ്റിയർ IVA. വീണ്ടും തിരികെ ബ്രിട്ടീഷ് ഹോക്കർ ഹണ്ടർ വിമാനങ്ങൾ, കാൻബറ, ഡക്കോട്ട ബോംബറുകൾ എന്നിവ വരുന്നു.

അറുപതുകൾ സോവിയറ്റ് വസന്തമായിരുന്നു ഇന്ത്യൻ വ്യോമസേനയിൽ. 1963 -ലാണ് സേന ആദ്യത്തെ മിഗ് 21 ഫൈറ്റർ ജെറ്റ് സേനയിലേക്ക് ഇൻഡക്ട് ചെയ്യുന്നത്. അടുത്ത രണ്ടു പതിറ്റാണ്ടുകളിൽ വ്യോമസേനാ മിഗ് 23 , മിഗ് 25, മിഗ് 27, മിഗ് 29  തുടങ്ങി പല മിഗ് പോർവിമാനങ്ങളും വാങ്ങി. ഇന്നും അതിന്റെ പരിഷ്കരിച്ച പതിപ്പുകൾ സൈന്യത്തിൽ സേവനത്തിലുണ്ട്. അവയിൽ പലതും സുരക്ഷയിൽ പാളിച്ചകളും, നിരന്തരമുള്ള അപകടങ്ങളും കൊണ്ട് 'പറക്കും ശവപ്പെട്ടികൾ' എന്നാണ് അറിയപ്പെടുന്നത്. 1968 -ൽ സൈന്യം വാങ്ങിയ സുഖോയ് 7 പോർവിമാനങ്ങൾ 1971 -ലെ ഇന്തോ-പാക് യുദ്ധത്തിൽ ഇന്ത്യക്ക് കരുത്തേകി. 1997 -ൽ വാങ്ങിയ 272 സുഖോയ് 30  വിമാനങ്ങൾ ഇന്നും സൈന്യത്തിന്റെ ശക്തിയാണ്.

1985 -ൽ വീണ്ടും ഡാസൗവിൽ നിന്ന് 41 മിറാഷ് 2000 വിമാനങ്ങൾ ഇന്ത്യ വാങ്ങി. 1999 -ലെ കാർഗിൽ യുദ്ധത്തിൽ കരസേനയെ പിന്തുണച്ചുകൊണ്ട് ഓപ്പറേഷൻ സഫേദ് സാഗർ വിജയകരമായി പൂർത്തിയാക്കിയത് മിറാഷ് 2000 വിമാനങ്ങളാണ്. ഡാസൗവിന്റെ തന്നെ 35 അത്യാധുനിക റഫാൽ വിമാനങ്ങളുടെ ഒരു ഓർഡറാണ് ഇനി ഇന്ത്യൻ വ്യോമസേനയ്ക്ക് ഭാവിയിൽ ഡെലിവറി കിട്ടാനുള്ളത്. അതുകൂടി വന്നുചേരുമ്പോൾ, ഏതൊരു വ്യോമഭീഷണിയെയും നേരിടാനുള്ള തയ്യാറെടുപ്പ് ഇന്ത്യൻ വ്യോമസേനയ്ക്ക് കൈവരും.

ഇന്ന്, ഇന്ത്യൻ വ്യോമസേനയിൽ 1,70,000 -ലധികം അംഗങ്ങളുണ്ട്. 1720 -ൽ അധികം എയർക്രാഫ്റ്റുകളും സേനയ്ക്കുണ്ട്. അംഗബലത്തിന്റെയും ആക്രമണശേഷിയുടെയും അടിസ്ഥാനത്തിൽ ലോകത്ത് നാലാം സ്ഥാനമാണ് ഇന്ത്യൻ വ്യോമസേനയ്ക്കുള്ളത്. പുതിയ ചീഫ് ഓഫ് സ്റ്റാഫ് ആർ കെ എസ് ബദൗരിയയുടെ കരുത്തുറ്റ കരങ്ങളിൽ ഭാരതീയ വ്യോമസേനയുടെ നേതൃത്വവും സുരക്ഷിതം തന്നെ. ഇപ്പോൾ ഏറ്റവും പുതിയ സുഖോയ് 29, റഫാൽ, മിറാഷ് 2000 തുടങ്ങിയ ഫൈറ്റർ ജെറ്റുവിമാനങ്ങളും, അപ്പാച്ചെ പോലുള്ള അസോൾട്ട് ഹെലികോപ്റ്ററുകളും കൂടി ആവനാഴിയിലേക്ക് കടന്നുവരുമ്പോൾ ആരോടും എതിരിട്ടു നിൽക്കാൻ പോന്നതുതന്നെയാണ് നമ്മുടെ ഭാരതീയ വ്യോമ സേന.

Referance : 

1. Himalayan Eagle: The story of the Indian Air Force :  By Henry Jesuadian

2. The Sky was the Limit : By Murkot Ramunny