Asianet News MalayalamAsianet News Malayalam

വെറും 90 പൈസക്ക് വാങ്ങിയ ചളുങ്ങിയ പഴ‍ഞ്ചൻ സ്പൂൺ, മറിച്ചുവിറ്റത് ഏകദേശം രണ്ടുലക്ഷം രൂപയ്ക്ക്!

ഏതായാലും ലേലത്തില്‍ സ്പൂണ്‍ വിറ്റുപോയത് രണ്ട് ലക്ഷം രൂപയ്ക്കാണ്. തുക കിട്ടിയതോടെ ഇയാള്‍ ആകെ ആവേശത്തിലായി. 

90 paise spoon auctioned for 2 lakhs
Author
London, First Published Aug 2, 2021, 11:37 AM IST

വെറും 90 പൈസക്ക് വാങ്ങിയ ഒരു സ്പൂണ്‍, അത് രണ്ട് ലക്ഷം രൂപയ്ക്ക് വിറ്റുപോയാലെന്താവും അവസ്ഥ. നമ്മള്‍ തന്നെ ഞെട്ടിപ്പോകും അല്ലേ? ഒറ്റരാത്രി പുലരുമ്പോഴേക്കും അതുപോലൊരു ഭാഗ്യമുണ്ടായിരിക്കുകയാണ് ലണ്ടനിൽ ഒരാള്‍ക്ക്. ആകെ ചളുങ്ങിയ പഴയൊരു സ്പൂണ്‍ അയാള്‍ ലേലത്തില്‍ വിറ്റത് രണ്ട് ലക്ഷം രൂപയ്ക്കാണ്. 

അയാള്‍ വാങ്ങുന്ന സമയത്ത് തന്നെ അത് ആകെ ചളുങ്ങിയ നിലയിലായിരുന്നു. എന്നാല്‍, അത് ഉണ്ടാക്കിയിരിക്കുന്ന രീതിയും മറ്റും കൊണ്ട് അത് മധ്യകാലത്തേതാവാനും മതിയെന്നും കൂടുതല്‍ വില അതിന് കിട്ടിയേക്കും എന്നും അത് വാങ്ങിച്ചയാള്‍ക്ക് തോന്നുകയായിരുന്നു. 

ഈ ഊഹത്തിനും സ്പൂൺ വാങ്ങലിനും ശേഷം, സോമർസെറ്റ് ആസ്ഥാനമായുള്ള ലോറൻസ് ലേലക്കാരെ സമീപിച്ച അദ്ദേഹം ആകാംക്ഷയോടെ കാത്തിരുന്നു. ഇതിന് ഇത് വാങ്ങിയതിനേക്കാള്‍ കൂടുതല്‍ പണം ലഭിക്കുമെന്ന് ലേലക്കാര്‍ അറിയിച്ചതോടെ അദ്ദേഹത്തിന് സന്തോഷമായി. അലക്സ് ബച്ചര്‍ എന്ന സില്‍വര്‍ എക്സ്പെര്‍ട്ടാണ് ഇത് പതിമൂന്നാം നൂറ്റാണ്ടിന്‍റെ അവസാന കാലത്ത് ഉണ്ടായിരുന്നതാണ് എന്ന് പറയുന്നത്. ഏകദേശം 50,000 രൂപവരെ ഇതിന് കിട്ടും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. 

ബച്ചർ ന്യൂസ് ഓര്‍ഗനൈസേഷനോട് പറഞ്ഞത് ഇങ്ങനെയാണ്, "ഇത് കണ്ടെത്തിയ ആള്‍ ഒരു വെള്ളി വ്യാപാരി അല്ല, പക്ഷേ, ഇങ്ങനെ വാങ്ങുന്നത് ഒരു ഹോബിയായി കാണുന്നയാളാണ്. പക്ഷേ അദ്ദേഹത്തിന് നല്ല കാഴ്ചയുണ്ട്. സ്റ്റാളില്‍ വച്ച് ഈ സ്പൂണ്‍ കണ്ടു. അത് 90 പൈസക്ക് വാങ്ങി. ഞങ്ങളുടെ വെബ്സൈറ്റ് വഴിയാണ് അദ്ദേഹം ഞങ്ങളുമായി ഇതിന്‍റെ വിവരമറിയാന്‍ ബന്ധപ്പെട്ടത്." 

ഏതായാലും ലേലത്തില്‍ സ്പൂണ്‍ വിറ്റുപോയത് രണ്ട് ലക്ഷം രൂപയ്ക്കാണ്. തുക കിട്ടിയതോടെ ഇയാള്‍ ആകെ ആവേശത്തിലായി. ഇംഗ്ലണ്ടിന്‍റെ കിഴക്കുഭാഗത്തായി ഒരിടത്ത് ആഘോഷിക്കാനാണ് ആ പണം ചെലവഴിക്കുകയെന്നും അദ്ദേഹം പറഞ്ഞു. 

Follow Us:
Download App:
  • android
  • ios