Asianet News MalayalamAsianet News Malayalam

ഇന്ത്യയിൽ 90% കൂലിവേലക്കാർക്കും ജോലി നഷ്ടപ്പെട്ടു; 94% പേരും ഗവ. സഹായത്തിന് അർഹതയില്ലാത്തവരെന്ന് സർവ്വേഫലം

മധ്യപ്രദേശ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 'ജൻ സാഹസ്' എന്ന സന്നദ്ധ സംഘടന ഈ പാവപ്പെട്ടവരുടെ ഇടയിൽ നടത്തിയ സർവ്വേയിലെ കണ്ടെത്തലുകൾ ഞെട്ടിക്കുന്നവയാണ്.

90 Percent of Indias daily wage workers lost their job and most of them cant avail centre govt schemes says survey
Author
Delhi, First Published Apr 10, 2020, 10:15 AM IST

കൊവിഡ് ബാധ കടുത്തതോടെ സർക്കാരിന് ഏർപ്പെടുത്തേണ്ടി വന്ന ലോക്ക് ഡൗൺ ഇന്ത്യയിലെ പല പാവപ്പെട്ട കൂലിത്തൊഴിലാളികളുടെയും വയറ്റത്തടിക്കുന്ന ഏർപ്പാടായിപ്പോയി. അന്നന്നത്തെ ആഹാരത്തിനുള്ള വക അന്നന്ന് അദ്ധ്വാനിച്ച് കണ്ടെത്തിയിരുന്ന അവർക്ക് പലർക്കും കാര്യമായ സമ്പാദ്യങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ജോലി ചെയ്യാനുള്ള സാഹചര്യം ലോക്ക് ഡൗൺ കാരണം ഇല്ലാതായപ്പോൾ അത് അവരെ നയിച്ചത് കരിമ്പട്ടിണിയിലേക്കായിരുന്നു. മധ്യപ്രദേശ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 'ജൻ സാഹസ്' എന്ന സന്നദ്ധ സംഘടന ഈ പാവപ്പെട്ടവരുടെ ഇടയിൽ ഒരു സർവേ നടത്തി. അതിലെ കണ്ടെത്തലുകൾ ഞെട്ടിക്കുന്നവയാണ്. 'ദ ക്വിൻറ്' ന്യൂസ് പോർട്ടൽ ആണ് സർവേയുടെ ഫലങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. 

ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ നിന്നുള്ള 3196 കൂലിത്തൊഴിലാളികളാണ് സർവേയിൽ പങ്കെടുത്തത്. കെട്ടിട നിർമാണ തൊഴിലാളി തിരിച്ചറിയൽ കാർഡുണ്ടെങ്കിൽ മാത്രമേ കേന്ദ്രസർക്കാരിന്റെ 32,000 കോടിയുടെ BOCW ഫണ്ടിൽ നിന്നുള്ള   സഹായം തൊഴിലാളികൾക്ക് നേടിയെടുക്കാൻ കഴിയുകയുള്ളൂ. അവരിൽ 94 ശതമാനം പേർക്കും ഈ തിരിച്ചറിയൽ കാർഡില്ല. അതോടെ ആ പ്രതീക്ഷ ഇല്ലാതാവുകയാണ്. 

ഇങ്ങനെ അർഹത ഇല്ലാതെയാകുന്ന തൊഴിലാളികളുടെ എണ്ണം അഞ്ചുകോടിയിലധികം വരുമെന്നാണ് ഒരു പഠനം വെളിപ്പെടുത്തുന്നത്. "ഞങ്ങളുടെ സാമ്പിൾ ഡാറ്റാസെറ്റ് പ്രതിനിധീകരിക്കുന്നത് കെട്ടിടനിർമാണമേഖലയിൽ പ്രവർത്തിക്കുന്ന അഞ്ചരക്കോടി തൊഴിലാളികളെയാണ്. AVARIL അഞ്ചുകോടി പത്തുലക്ഷത്തിനും ഇന്നത്തെ അവസ്ഥയിൽ കേന്ദ്രത്തിന്റെ സഹായം നേടാനുള്ള അർഹതയില്ല. " ജൻ സാഹസിന്റെ പഠനം പറയുന്നു. 

പഠനം പറയുന്നത് പതിനേഴു ശതമാനം തൊഴിലാളികൾക്കും ബാങ്ക് അക്കൗണ്ട് ഇല്ല എന്നാണ്. ആ ഒരു യാഥാർഥ്യവും കേന്ദ്രത്തിൽ നിന്നുള്ള സഹായങ്ങൾ അവരിലേക്ക് എത്താതെ പോകാൻ കാരണമാകുന്നുണ്ട്. അവർക്ക് ആധാർ നമ്പറിന്റെ പേരിൽ ഗ്രാമപഞ്ചായത്ത്, പോസ്റ്റ് ഓഫീസ് എന്നിവയെ ആശ്രയിച്ചുകൊണ്ട് നേരിട്ട് സഹായം എത്തിക്കാവുന്നതാണ് എന്ന് ഈ പഠനം നിർദ്ദേശിക്കുന്നുണ്ട് 

കേന്ദ്ര സർക്കാരിന്റെ സഹായപദ്ധതികളെപ്പറ്റി തൊഴിലാളികൾക്ക് വേണ്ടത്ര അറിവില്ലാത്തതും സഹായങ്ങൾ അവരിലേക്ക് എത്തിപ്പെടാതിരിക്കാൻ മറ്റൊരു കാരണമാണ്. 62 ശതമാനം പേർക്കും സർക്കാരിന്റെ ദുരിതാശ്വാസ പദ്ധതികളുടെ ഗുണം എങ്ങനെ നേടണം എന്നറിയില്ല എന്നും പഠനം സൂചിപ്പിക്കുന്നു.

 

പലരുടെയും കയ്യിൽ ഒരു ദിവസത്തേക്കുള്ള അരിവാങ്ങാനുള്ള പണം പോലുമില്ല. പലരും ഇതരസംസ്ഥാന തൊഴിലാളികൾ ആയതുകൊണ്ട് ലോക്ക് ഡൗണിൽ കുടുങ്ങിയ ഇടങ്ങളിൽ അവർക്ക് റേഷൻ കാർഡുകളുമില്ല. പഠനത്തിൽ വെളിപ്പെട്ട മറ്റൊരു പ്രശ്നം, തൊഴിലാളികളിൽ പലർക്കുമുള്ള കടങ്ങളാണ്. പലരും മാസം തോറും പലിശയടക്കുന്നവരാണ്. അത് മുടങ്ങുമല്ലോ എന്നുള്ള ആധിയാണ് പലർക്കും. 

ലോക്ക് ഡൗൺ നമ്മുടെ രാജ്യത്തെ പാവപ്പെട്ട തൊഴിലാളികൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ പോവുന്ന ആഘാതങ്ങൾ,  താത്കാലികവും ദീർഘകാലത്തേക്ക് നിലനിൽക്കാൻ പോകുന്നതുമായ അവയുടെ സാമ്പത്തികവും, സാമൂഹികവുമായ ആഘാതങ്ങൾ  അവ താങ്ങാൻ എത്രപേർക്കാവും എന്നത് ഇനിവരുന്ന ദിവസങ്ങളിൽ കൂടുതൽ വ്യക്തമാകും. 

Follow Us:
Download App:
  • android
  • ios