ഈ കഫെയുടെ ഉടമയും വിഷാദത്താൽ ബുദ്ധിമുട്ടിയ ഒരാളായിരുന്നു. അങ്ങനെയാണ് അദ്ദേഹം 10 വർഷം മുമ്പ് ഇങ്ങനെ ഒരു കഫെ ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. എന്നാൽ, കൊവിഡ് സമയത്ത് മൂന്ന് വർഷം മുമ്പാണ് അദ്ദേഹത്തിന് ആ സ്വപ്നം പ്രാവർത്തികമാക്കാൻ സാധിച്ചത്.

പലർക്കും പലതരത്തിലുള്ള വേദനകളും പ്രയാസങ്ങളും ഒക്കെ കാണും. മാത്രമല്ല, എല്ലാ സമയത്തും സന്തോഷമായിരിക്കാനൊന്നും മനുഷ്യന് സാധിക്കില്ല. ഒരുപാട് വിഷമങ്ങളിലൂടെയും വിഷാദങ്ങളിലൂടെയും കടന്നു പോകുന്നവരും നമുക്ക് ചുറ്റിലും ഉണ്ടായിരിക്കാം. എന്നാൽ, ഇങ്ങനെയുള്ള സമയങ്ങളിൽ നമ്മളെ ആർക്കും മനസിലാവണം എന്നുപോലുമില്ല. എവിടെയിരിക്കും, എന്ത് ചെയ്യും എന്നൊന്നും അറിയാത്ത അവസ്ഥ. എന്നാൽ, അത്തരത്തിലുള്ളവർക്ക് ധൈര്യമായി കടന്നു ചെല്ലാവുന്ന ഒരിടം അങ്ങ് ജപ്പാനിലുണ്ട്. 

ഇത് ഒരു കഫെയാണ്. ആകെ തകർന്നിരിക്കുന്നവർക്കും, വേദനിക്കുന്നവർക്കും, അല്പനേരം ഈ ചിന്തകളൊന്നും അലട്ടാതെ, എന്തുപറ്റി എന്ന ആളുകളുടെ ചോദ്യങ്ങളില്ലാതെ ഇരിക്കാൻ പറ്റിയ ഒരിടം. ജപ്പാനിലെ ടോക്കിയോയിലെ ഷിമോകിറ്റാസാവയിലാണ് ഈ കഫേ ഉള്ളത്. മോറി ഓച്ചി എന്നാണ് ഈ വ്യത്യസ്തമായ കഫെയുടെ പേര്. റിപ്പോർട്ടുകൾ അനുസരിച്ച്, ഇവിടെ വിഷാദികളെയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളവരെയോ മോശക്കാരായി കണക്കാക്കില്ല. അവരെ ആരും വിലയിരുത്താനും പോകില്ല. ശുഭപ്രതീക്ഷയില്ലാത്തവർക്കും നിരാശയുള്ളവർക്കും വേണ്ടി എപ്പോഴും കഫേ തങ്ങളുടെ വാതിൽ തുറന്നുവയ്ക്കും. 

ഈ കഫെയുടെ ഉടമയും വിഷാദത്താൽ ബുദ്ധിമുട്ടിയ ഒരാളായിരുന്നു. അങ്ങനെയാണ് അദ്ദേഹം 10 വർഷം മുമ്പ് ഇങ്ങനെ ഒരു കഫെ ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. എന്നാൽ, കൊവിഡ് സമയത്ത് മൂന്ന് വർഷം മുമ്പാണ് അദ്ദേഹത്തിന് ആ സ്വപ്നം പ്രാവർത്തികമാക്കാൻ സാധിച്ചത്. വിഷാദികളായ മനുഷ്യർ മറ്റുള്ളവരേക്കാൾ ദുർബലരായിരിക്കും. അവർ മറ്റുള്ളവരേക്കാൾ എളുപ്പത്തിൽ വേദനിക്കുന്നവരുമാണ്. അങ്ങനെ ഉള്ളവർക്ക് ഒരു സുരക്ഷിതമായ സ്ഥലം വേണം എന്ന തോന്നലാണ് ഈ കഫെയുടെ പിറവിക്ക് കാരണമായത് എന്ന് ഉടമ പറയുന്നു.

ഉടമ തന്നെയാണ് ഈ കഫെ നിർമ്മിച്ചത്. അതിൽ മരമാണ് ഏറെയും ഉപയോ​ഗിച്ചിരിക്കുന്നത്. അവിടെ പ്രൈവറ്റ് മുറികളുണ്ട് എന്നതിനാൽ തന്നെ ആളുകൾക്ക് മറ്റുള്ളവരെ അഭിമുഖീകരിക്കാതെ തനിയെ ഇരിക്കാനും സാധിക്കും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം