ഇത് ഒരു യാദൃച്ഛികതയുടെ കഥയാണ്. ഒരു പക്ഷേ, ലോകത്തിലേക്കും വെച്ച് ഏറ്റവും വലിയ യാദൃച്ഛികതയ്ക്കൊരു നോബൽ സമ്മാനമുണ്ടെങ്കിൽ അത് ഇതിനാവും കിട്ടുക. എന്താണെന്നോ ? പറയാം. 

ഇത്, ജ്യാ എലിയറ്റ്. വയസ്സ് ഒമ്പത്. ഓസ്‌ട്രേലിയയുടെ തെക്കേ മുനമ്പിലാണ് ഐർ ഉപദ്വീപ്. അതിന്റെ  പടിഞ്ഞാറൻ തീരമായ ടാലിയയിൽ ഒരു ചൂണ്ടയിടൽ മത്സരത്തിൽ പങ്കെടുക്കുകയായിരുന്നു ജ്യാ. മത്സരത്തിനിടെ തികച്ചും യാദൃച്ഛികമായി, കടൽത്തീരത്തെ മണലിൽ പൂണ്ടുകിടക്കുന്ന  ഒരു കുപ്പി അവന്റെ കാലിൽ തടഞ്ഞു. അവൻ അത് കയ്യിലെടുത്തു. അതിനുള്ളിലേക്ക് ചുരുട്ടിക്കയറ്റിയ ഒരു കടലാസിൽ ഒരു സന്ദേശമുണ്ടായിരുന്നു. ഒരു അപൂർവ സന്ദേശം. ആ കുപ്പിക്കും സന്ദേശത്തിനും അരനൂറ്റാണ്ടിന്റെ പഴക്കമുണ്ടായിരുന്നു. അത് 1969-ൽ, അന്ന് 13  വയസ്സുമാത്രം പ്രായമുണ്ടായിരുന്ന പോൾ ഗിൽമോർ എന്ന ഒരു കുട്ടി, ഇംഗ്ലണ്ടിലെ സതാംപ്ടൺ നഗരം എന്നെന്നേക്കുമായി ഉപേക്ഷിച്ച്, തന്റെ മാതാപിതാക്കൾക്കൊപ്പം മെൽബൺ എന്ന ഓസ്‌ട്രേലിയൻ നഗരത്തിലേക്ക് കുടിയേറിപ്പാർക്കാൻ വേണ്ടി, കപ്പൽ കയറി ഇന്ത്യൻ മഹാസമുദ്രത്തിലൂടെ പ്രയാണം നടത്തിക്കൊണ്ടിരിക്കെ, തീരത്തുനിന്നും ആയിരം മൈലെങ്കിലും അകലെവെച്ച് കടലിലേക്ക് വലിച്ചെറിഞ്ഞതായിരുന്നു.


ഒരു ചില്ലുകുപ്പിക്കുള്ളിൽ ആർക്കെന്നില്ലാതെ എഴുതി കടലിലേക്കെറിഞ്ഞ ആ സന്ദേശത്തിൽ പോൾ ഇങ്ങനെ എഴുതിയിരുന്നു. 

                                                                                                                                                                                                                                    17  നവംബർ, 1969 .

" എന്റെ പേര് പോൾ ഗിൽമോർ എന്നാണ്. എനിക്ക് പതിമൂന്നു വയസ്സ് പ്രായമുണ്ട്. ഞാൻ ഇംഗ്ലണ്ടിൽ നിന്നാണ്. ഞാൻ ഇപ്പോൾ ഓസ്ട്രേലിയയിലെ മെൽബണിലേക്കുള്ള ഒരു കപ്പൽ യാത്രയിലാണ്. കപ്പലിന്റെ പേര് 'ടിഎസ്എസ് ഫെയർസ്റ്റാർ'. ഞങ്ങൾ ഇപ്പോൾ പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ഫ്രീമാന്റിലിന് ആയിരം മൈൽ അകലെക്കൂടിയാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. 

മറുപടി അയക്കുമല്ലോ..! 

പോൾ ഗിൽമോർ,
24, സൺഷൈൻ അവന്യൂ, മെൽബൺ, 
ഓസ്ട്രേലിയ.  "


ഇന്റർനെറ്റോ സോഷ്യൽ മീഡിയയെ ഒന്നും നിലവിലില്ലാത്ത അന്നത്തെക്കാലത്ത് മനുഷ്യർക്ക് തമ്മിൽ ബന്ധങ്ങൾ സ്ഥാപിക്കാനുള്ള ഏക വഴി തൂലികാ സൗഹൃദങ്ങളായിരുന്നു. ആ 'പെൻ ഫ്രണ്ട്' സാധ്യതകളുടെ ഏറ്റവും വന്യമായ ഒരു ഫാന്റസിയായിരുന്നു ആ പതിമൂന്നുകാരൻ അന്ന് ഒരു പെൻ ഫ്രണ്ടിനെ അന്വേഷിച്ച് ഇന്ത്യൻ മഹാസമുദ്രത്തിനു നടുവിലൂടെ ഒഴുകി നീങ്ങിക്കൊണ്ടിരുന്ന ഒരു കപ്പലിന്റെ ഡെക്കിൽ നിന്നും കുപ്പിക്കുള്ളിൽ ഒരു കത്ത് തൊടുത്തുവിടുക വഴി സാക്ഷാത്കരിച്ചത്.  അസാധ്യം എന്നുതന്നെ തോന്നാവുന്ന ഒരു പരിശ്രമം. 


'പോൾ ഗിൽമോറും കുടുംബവും ടിഎസ്എസ് ഫെയർസ്റ്റാറിന്റെ കാബിനിൽ '

ആ കത്ത് കൈവന്ന  ജ്യാ എലിയറ്റിന് വല്ലാത്തൊരു ഉത്തരവാദിത്തബോധമാണ് തോന്നിയത്. അയച്ചത് അമ്പതു വർഷങ്ങൾക്കു മുമ്പാണെങ്കിലും, അതിലെ അവസാനത്തെ വരി അവനെ വല്ലാതെ പിന്തുടർന്നു. വല്ലാത്ത പ്രതീക്ഷയോടെ ആവുമല്ലോ അന്നത്തെ ആ പതിമൂന്നുകാരൻ ഇങ്ങനെയൊരു സന്ദേശം ആഴക്കടലിലേക്ക് വലിച്ചെറിഞ്ഞിട്ടുണ്ടാവുക. ആർക്കെങ്കിലും അത് കിട്ടുമെന്നും, തനിക്ക് എന്നെങ്കിലും ഒരു മറുപടി കിട്ടുമെന്നുമുള്ള ഒരു കൗമാരക്കാരന്റെ പ്രതീക്ഷ. അന്നത് എഴുതിയിട്ട ആൾ കൗമാരവും, യൗവ്വനവും പിന്നിട്ട് ഇപ്പോൾ വാർധക്യത്തിൽ എത്തിക്കാണും. കത്തിലെ തീയതി കൃത്യമാണെങ്കിൽ ഇപ്പോൾ ചുരുങ്ങിയത് 63  വയസ്സെങ്കിലും കാണും അന്നത്തെ പതിമൂന്നുകാരന്. ഇപ്പോഴും പോൾ തന്റെ കത്തിന് മറുപടി പ്രതീക്ഷിക്കുന്നുണ്ടെങ്കിലോ..? അതോ ഇനി അയാൾ ഇപ്പോൾ ജീവനോടെ ഇല്ലെന്നുണ്ടോ..? 

തിരിച്ച് വീട്ടിലെത്തിയ ഉടനെ ജ്യാ തനിക്കു കിട്ടിയ കത്ത്   അമ്മയെ  കൊണ്ട് കാണിച്ചു. ആകെ ത്രില്ലടിച്ച അവസ്ഥയിലായിരുന്ന അവൻ ആ കത്തിന് ഒരു മറുപടിയെഴുതി. അവന്റെ അമ്മ ആ മറുപടിക്കത്ത്, ഗിൽമോർ തന്റെ എഴുത്തിൽ പറഞ്ഞിരുന്ന മെൽബണിലെ വിലാസത്തിലേക്ക് എയർ മെയിലായി  പോസ്റ്റുചെയ്തു. അങ്ങനെ മറുപടി അയച്ചുവിട്ട് കാത്തിരിക്കാൻ പക്ഷേ, ജ്യാ തയ്യാറായിരുന്നില്ല. പോൾ ഗിൽമോറിനെ ഇന്റർനെറ്റിലൂടെ തപ്പിപ്പിടിക്കാൻ അവനുറപ്പിച്ചു. അവന്റെ അമ്മ കാർല എലിയറ്റ്,  ഈ മറുപടിക്കത്തും, പോൾ ഗിൽമോർ അമ്പതുവർഷം മുമ്പെഴുതിയ ആദ്യ കത്തും ചേർത്ത് ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടു. 

ആ പോസ്റ്റ് വൈറലായതോടെ, ഈ കത്തിന്റെ വാസ്തവം തേടി ഇന്റർനെറ്റിലെ സിഐഡികൾ ഇറങ്ങിപ്പുറപ്പെട്ടു. അവർ സതാംപ്ടണിലെ ഇമിഗ്രേഷൻ ആർക്കൈവുകൾ തപ്പി പോൾ ഗിൽമോറിന്റെ അന്നത്തെ ബോർഡിങ്ങ് കാർഡ് കണ്ടുപിടിച്ചു. ആ പറഞ്ഞ കാലയളവിൽ ഫെയർസ്റ്റാർ എന്ന പേരിലുള്ള ഒരു കപ്പൽ ഇംഗ്ലണ്ടിൽ നിന്നും ഓസ്‌ട്രേലിയ ലക്ഷ്യമാക്കി പോയിരുന്നതായും ഉറപ്പിച്ചു. 

അപ്പോഴും പോൾ ഗിൽമോർ എന്ന പേരിൽ ഒരാളെയും അവർക്ക് കണ്ടുപിടിക്കാനായില്ല. കാർലയും ജ്യായും പ്രതീക്ഷ കൈവിടാൻ ഒരുക്കമായിരുന്നില്ല. നിരന്തരമായ അന്വേഷണങ്ങൾക്കൊടുവിൽ അവർ പോളിനെ കണ്ടുപിടിച്ചു. അന്നത്തെ പതിമൂന്നുകാരൻ ഇന്ന് 63 വയസ്സുള്ള ഒരു അപ്പൂപ്പനാണ്. അപ്പോഴേക്കും പോൽ ഗിൽമോർ ഓസ്‌ട്രേലിയയിലെ തന്റെ വാസം മതിയാക്കി തിരിച്ച് ഇംഗ്ലണ്ടിലെ യോർക്ക്ഷെയറിൽ ചെന്നു കൂടിയിരുന്നു.  കാർല അദ്ദേഹത്തിന്റെ ഇമെയിൽ സംഘടിപ്പിച്ച് മകന് നൽകി. 

'പോൾ ഗിൽമോർ അറുപത്തിമൂന്നാമത്തെ വയസ്സിൽ ഭാര്യയോടൊപ്പം  '

ആ വിലാസത്തിലേക്കയച്ച മെയിലിൽ ജ്യാ ഇങ്ങനെ കുറിച്ചു,

" എന്റെ പേര് ജ്യാ എലിയറ്റ് എന്നാണ്. ഞാൻ തെക്കേ ഓസ്‌ട്രേലിയയിലെ വുഡിന എന്നുപേരായ ഒരു കുഞ്ഞുപട്ടണത്തിലാണ് താമസിക്കുന്നത്. എനിക്ക് ഒമ്പതു വയസ്സുപ്രായമേയുള്ളൂ. ഞാൻ എന്റെ അമ്മ കാർല, അച്ഛൻ പോൾ എന്നിവർക്കൊപ്പമാണ് താമസിക്കുന്നത്. 

നിങ്ങൾ അമ്പതുവർഷം മുമ്പ് കപ്പലിൽ നിന്നും ഒരു ചില്ലുകുപ്പിയിലാക്കി കടലിലേക്ക് വലിച്ചെറിഞ്ഞ ഒരു എഴുത്ത്,  ഇന്ന് എന്നെത്തേടി എത്തി എന്ന്, എനിക്ക് സത്യത്തിൽ വിശ്വസിക്കാനാകുന്നില്ല. ഞാൻ ടാലിയാ ബീച്ചിൽ അച്ഛനൊപ്പം ചൂണ്ടമത്സരത്തിൽ പങ്കെടുക്കുമ്പോഴാണ് എനിക്ക് നിങ്ങളുടെ കുപ്പിസന്ദേശം കിട്ടുന്നത്. 

ഇങ്ങനെ ആകസ്മികമായ ഒരു കത്ത് എനിക്ക് കിട്ടുമെന്ന് ഒട്ടും കരുതിയിരുന്നില്ല എങ്കിലും, കിട്ടിയതിൽ അതിയായ സന്തോഷമുണ്ട്. നിങ്ങളോട് കത്തുവഴി  ബന്ധപ്പെടാൻ  എനിക്ക് അതിയായ താത്പര്യമുണ്ട്. 

അവിടത്തെ വിശേഷങ്ങൾ മറുപടിക്കത്തിൽ കുറിക്കുമല്ലോ.!

എന്ന് നിങ്ങളുടെ 

പുതിയ പെൻഫ്രണ്ട് 

ജ്യാ എലിയറ്റ്.  "

സന്തോഷവും അത്ഭുതവും കൊണ്ട് നിൽക്കക്കള്ളിയില്ലായിരുന്നു അവിടെ പോൾ ഗിൽമോറിനും. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇത് ലോകാത്ഭുതങ്ങളിൽ കുറഞ്ഞൊന്നും അല്ലായിരുന്നു. ആഹ്ളാദത്തിര ഒന്നടങ്ങിയപ്പോൾ അദ്ദേഹം തന്റെ 'പുതിയ പെൻഫ്രണ്ടി'ന് മറുപടി സന്ദേശം കുറിച്ചു.

" താങ്കളുടെ കത്ത് കിട്ടിബോധിച്ചു. ഒരു മറുപടി കിട്ടേണ്ട സമയം അതിക്രമിച്ചിരുന്നു എന്ന് ഞാൻ പറയാതെ തന്നെ ബോധ്യമുണ്ടാകുമല്ലോ. 

അന്നത്തെ പത്തുമൂന്നുകാരനല്ല ഇന്നു ഞാൻ. വയസ്സ് പത്തറുപതായി.  ഒരു ഇംഗ്ലീഷ് ടീച്ചറായി വിരമിച്ചു. വിവാഹമൊക്കെ കഴിച്ച് ഒരു മകനും മകളും ഉണ്ട്.  ഇപ്പോൾ ജോലിയിൽ നിന്നും വിരമിച്ച് പൂന്തോട്ടമൊക്കെ പരിപാലിച്ച്, ഭാര്യയോടൊപ്പം സ്വസ്ഥമായി കഴിഞ്ഞുകൂടുന്നു. 

വൈകിയെങ്കിലും മറുപടി കിട്ടിയതിൽ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ട് കേട്ടോ..! 

അവിടത്തെ വിശേഷങ്ങൾ ഇനിയും എഴുതൂ,

തൽക്കാലം കത്തുചുരുക്കുന്നു,

എന്ന് 

നിങ്ങളുടെയും 

പുതിയ പെൻഫ്രണ്ട്,

പോൾ ഗിൽമോർ.
ഹാരോഗേറ്റ്, യോർക്ക്‌ഷെയർ. "

ആ കത്തിന്റെ ഒടുക്കം, അടിക്കുറിപ്പായി, പോൾ ഗിൽമോർ ആ കൊച്ചുപയ്യന് ഒരു ഉപദേശവും നൽകി. 

NB. " നിങ്ങൾ ചെറുപ്പമാണ്. അതുകൊണ്ട് ഒരു കാര്യം കൂടി പറയാം. വൈകുന്നേരങ്ങളിൽ നിങ്ങൾ കടൽത്തീരത്തുകൂടി ഇനിയും നടക്കാൻ പോവണം. ഇനിയും ഇതുപോലുള്ള അജ്ഞാത സന്ദേശങ്ങൾ നിങ്ങളെയും കാത്ത് അവിടത്തെ മണൽത്തീരത്ത് ഒളിഞ്ഞിരിപ്പുണ്ടാകും. എന്നെപ്പോലുള്ള കിറുക്കന്മാർ പണ്ടേക്കുപണ്ടേ കടലിന്റെ ആഴങ്ങളിലേക്ക്  വലിച്ചെറിഞ്ഞിട്ടുപോയ, ഒരിക്കലും അസ്തമിക്കാത്ത പ്രതീക്ഷകൾ..!  "