"അനൂപ് യാദവ് ഞങ്ങളുടെ കസ്റ്റഡിയിലാണ്. അവനെ ജീവനോടെ വേണമെങ്കിൽ 2 ലക്ഷം രൂപ തരണം" എന്നായിരുന്നു സന്ദേശം. എന്നാൽ ഭാര്യ ഈ സന്ദേശവുമായി പൊലീസിനെ സമീപിച്ചതോടെ ഭർത്താവിന്റെ കണക്ക് കൂട്ടലുകൾ പിഴച്ചു. 

തന്നെ തട്ടിക്കൊണ്ടുപോയി എന്ന് കള്ളം പറഞ്ഞ് ഭാര്യ(Wife)യിൽ നിന്ന് പണം തട്ടാൻ നോക്കിയ ഒരാളെ ഗുരുഗ്രാം പൊലീസ്(Gurugram Police) അറസ്റ്റ് ചെയ്തു. ആളുകളിൽ നിന്ന് വാങ്ങിക്കൂട്ടിയ കടം വീട്ടാൻ കഴിയാതെ വന്നതോടെയാണ് ഈ തട്ടിക്കൊണ്ടുപോകൽ നാടകം കളിക്കാൻ ഭർത്താവ് ശ്രമിച്ചത്. മോചനദ്രവ്യമായി ഭാര്യയിൽ നിന്ന് രണ്ട് ലക്ഷം രൂപയാണ് അയാൾ ആവശ്യപ്പെട്ടത്. ഗുരുഗ്രാമിലെ രാജീവ് നഗറിൽ താമസിക്കുന്ന അനൂപ് യാദവാണ് പ്രതി.

മോചനദ്രവ്യം ആവശ്യപ്പെട്ട് മൊബൈൽ ഫോണിൽ സന്ദേശം ലഭിച്ചതിനെ തുടർന്ന് ഞായറാഴ്ച രാത്രിയാണ് അനൂപ് യാദവിന്റെ ഭാര്യ പൊലീസ് സ്റ്റേഷനിൽ എത്തി ഭർത്താവിനെ ആരോ തട്ടിക്കൊണ്ടുപോയി എന്ന് പരാതിപ്പെട്ടത്. ജനുവരി 2 -ന്, തന്റെ ഭർത്താവ് അനൂപ് യാദവിനെ സെക്ടർ -29 ലെ ഡൗൺ ടൗൺ ക്ലബിൽ നിന്ന് ആരോ തട്ടിക്കൊണ്ടുപോയതായി പരാതിക്കാരി പറഞ്ഞു. തുടർന്ന് അദ്ദേഹത്തെ മോചിപ്പിക്കണമെങ്കിൽ രണ്ട് ലക്ഷം രൂപ നല്കണമെന്ന ഒരു വാട്ട്സാപ്പ് സന്ദേശം ലഭിച്ചതായും അവർ പൊലീസിനോട് പറഞ്ഞു.

"അനൂപ് യാദവ് ഞങ്ങളുടെ കസ്റ്റഡിയിലാണ്. അവനെ ജീവനോടെ വേണമെങ്കിൽ 2 ലക്ഷം രൂപ തരണം" എന്നായിരുന്നു സന്ദേശം. എന്നാൽ ഭാര്യ ഈ സന്ദേശവുമായി പൊലീസിനെ സമീപിച്ചതോടെ ഭർത്താവിന്റെ കണക്ക് കൂട്ടലുകൾ പിഴച്ചു. ഈ കേസിൽ അതിവേഗം തന്നെ അന്വേഷണത്തിന് ഉത്തരവിട്ട പൊലീസ് നിരീക്ഷണത്തിലൂടെ പ്രതിയെ തിങ്കളാഴ്ച ഡൽഹി-ജയ്പൂർ എക്‌സ്പ്രസ് വേയിലെ ഐഎംടി ചൗക്കിൽ നിന്ന് പിടികൂടി. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് പ്രതി വെളിപ്പെടുത്തിയത്. താൻ തന്നെയാണ് സന്ദേശം അയച്ചതെന്നും അയാൾ കൂട്ടിച്ചേർത്തു.

"ക്ലബ്ബിലെ സൂപ്പർവൈസറായ യാദവ് തന്നെ തട്ടിക്കൊണ്ടുപോയി എന്ന് പറഞ്ഞ് വാട്‌സാപ്പിൽ പണം ആവശ്യപ്പെട്ട് ഭാര്യയ്ക്ക് സന്ദേശങ്ങൾ അയച്ചിരുന്നു. മുൻപും പലരിൽ നിന്നും ഇയാൾ കടം വാങ്ങിയിട്ടുണ്ട്. എന്നാൽ അന്ന് അതെല്ലാം അയാളുടെ കുടുംബമാണ് വീട്ടിയത്" അന്വേഷണ ഉദ്യോഗസ്ഥൻ സബ് ഇൻസ്പെക്ടർ റോഹ്താസ് പറഞ്ഞു. ഗൂഢാലോചന നടത്തി പൊലീസിനെ കബളിപ്പിക്കാൻ ശ്രമിച്ചതിനും, തെറ്റായ വിവരങ്ങൾ നൽകിയതിനും പ്രതിക്കെതിരെ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.