കാലിഫോര്‍ണിയ: പൊലീസ് അറസ്റ്റ് ചെയ്യാന്‍ വന്നപ്പോള്‍, ജെയിംസ് ബോണ്ട് സ്‌റ്റൈലില്‍  തടാകത്തിനടിയിലൂടെ പ്രത്യേക ജലവാഹനത്തില്‍ സഞ്ചരിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച നിക്ഷേപത്തട്ടിപ്പുകാരന്‍ നാടകീയ സംഭവങ്ങള്‍ക്കു ശേഷം പൊലീസിന്റെ വലയിലായി. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് സംഭവം. രണ്ട് കമ്പനികളിലൂടെ  3.5 കോടി ഡോളറിന്റെ (259 കോടി രൂപ) തട്ടിപ്പ് നടത്തിയെന്ന കേസില്‍ അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എബഫ് ബി ഐ തിരയുന്ന തട്ടിപ്പുകാരനാണ് സിനിമാ സ്‌റ്റെലില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച് പിടിയിലായത്. 

 

 

കാലിഫോര്‍ണിയ കേന്ദ്രമായ ഫാമിലി വെല്‍ത്ത് ലെഗസി, സൊല എന്നീ രണ്ട് കമ്പനികള്‍ വഴി മണിചെയിന്‍ മാതൃകയില്‍ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസില്‍ 
എഫ്ബിഐ അന്വേഷിക്കുന്ന മാത്യു പിയേഴ്‌സി എന്ന 44-കാരനാണ് പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചത്. വെള്ളത്തിനിടയിലൂടെ മണിക്കൂറില്‍ 3.7 മൈല്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന യമഹയുടെ 'സീ സ്‌കൂട്ടറില്‍' കാലിഫോര്‍ണിയയിലെ ഷസ്ത തടാകത്തിലൂടെ രക്ഷപ്പെടാനാണ് ഇയാള്‍ ശ്രമിച്ചത്. 

പൊലീസ് അന്വേഷിച്ച് എത്തിയപ്പോള്‍ റെഡിംഗ് പ്രദേശത്തുകൂടി ട്രക്കില്‍ രക്ഷപ്പെട്ട ഇയാള്‍ തടാകത്തിനടുത്ത് ട്രക്ക് ഉപേക്ഷിച്ച വെള്ളത്തിലൂടെ രക്ഷപ്പെടുകയായിരുന്നു. പിന്നാലെ വന്ന എഫ്ബിഐ ഏജന്റുമാര്‍ കരയില്‍ നോക്കിനില്‍ക്കേ, വെള്ളത്തിനടിയിലേക്ക് ഇയാള്‍ മറഞ്ഞു. കാലിഫാര്‍ണിയയിലെ ഏറ്റവും വലിയ ജലാശയമായ ഷസ്തയുടെ ആഴങ്ങളിലേക്ക് ജലവാഹനത്തില്‍ ഇയാള്‍ രക്ഷപ്പെടുന്നത് എഫ് ബി ഐ ഹെലികോപ്റ്റര്‍ ആകാശത്തു നിന്ന് കണ്ടെത്തി. അര മണിക്കൂറോളം നേരം ഇയാള്‍ വെള്ളത്തിനടിയിലായിരുന്നതായി ലോസ് ഏഞ്ചലസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഹെലികോപ്റ്ററില്‍ ഇയാളെ നിരീക്ഷിച്ച എഫ് ബിഐ സംഘം ഇയാള്‍ സഞ്ചരിച്ച ഇടത്ത് പിന്നീട് കുമിളകള്‍ മാത്രമേ കണ്ടുള്ളൂ. 

 

 

അതിവേഗം സഞ്ചരിച്ച ജലവാഹനത്തില്‍ പൊലീസിനെ വെട്ടിക്കാന്‍ ശ്രമിക്കുമെന്ന് കരുതിയെങ്കിലും തടാകത്തിലെ തണുത്തുറഞ്ഞ ജലത്തിനടിയില്‍ അധികനേരം ഇയാള്‍ക്ക് സഞ്ചരിക്കാന്‍ കഴിഞ്ഞില്ല. അര മണിക്കൂറായപ്പോള്‍ ഇയാള്‍ വെള്ളത്തിനു മീതെ പൊങ്ങിവന്നു. ഉടന്‍ തന്നെ കാത്തിരുന്ന എഫ് ബി ഐ സംഘം ഇയാളെ അറസ്റ്റ് ചെയ്തു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും, ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് എഫ് ബി ഐ സംഘം ഇയാളെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലേക്ക് മാറ്റി. നാളെ ഇയാളെ കോടതിയില്‍ ഹാജരാക്കും. 

 

 

ഒരു ലക്ഷത്തോളം രൂപ വിലയുള്ള യമഹയുടെ 350 ലി സീ സ്‌കൂട്ടറിലാണ് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. ജലനിരപ്പില്‍നിന്നും നൂറടി താഴെക്കൂടി സഞ്ചരിക്കാന്‍ കഴിയുന്ന ഈ ജലവാഹനത്തിന് മണിക്കൂറില്‍ 37 മൈല്‍ വേഗതയുണ്ട്.