ആർട്ടിക്കിലെ ഹിമാനികളിൽ മരവിച്ച് കഴിഞ്ഞിരുന്ന ഒരു സൂക്ഷ്മജീവി 24,000 വർഷത്തിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. ഡെല്ലോയ്ഡ് റോട്ടിഫറുകൾ (Bdelloid rotifers) എന്നറിയപ്പെടുന്ന ഈ ജീവി വളരെ കുറഞ്ഞ താപനിലയെ അതിജീവിക്കാനുള്ള കഴിവിന് പേരുകേട്ടതാണ്. ആറ് മുതൽ പത്ത് വർഷം വരെ -4 ഡിഗ്രി ഫാരൻഹീറ്റിൽ താഴെയുള്ള താപനിലയിൽ അവ നിലനിൽക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. വടക്കുകിഴക്കൻ സൈബീരിയയിലെ തണുത്തുറഞ്ഞ മണ്ണിൽ നിന്നാണ് ഈ ജീവിയെ കണ്ടെത്തിയത്. സൈബീരിയൻ പെർമാഫ്രോസ്റ്റിൽ നിന്ന് ഒരു ഡ്രില്ലിംഗ് റിഗ് ഉപയോഗിച്ചാണ് ജീവിയെ അവർ പുറത്തെടുത്തത്.

നൂറ്റാണ്ടുകളോളം മഞ്ഞിനിടയിൽ ജീവന്റെ ഒരു തുടിപ്പും അവശേഷിക്കാതെയാണ് അവ കഴിഞ്ഞിരുന്നത്. എന്നാൽ, ലാബിലെത്തിച്ചശേഷം അവയ്ക്ക് ജീവൻ വച്ചു. അത് മാത്രവുമല്ല, പാർഥെനോജെനിസിസ് എന്ന പ്രക്രിയയിലൂടെ റോട്ടിഫറുകൾ പ്രത്യുല്പാദനം നടത്തുകയും ചെയ്‌തു. കൂടാതെ, അവയ്ക്ക് ഭക്ഷണം നൽകാനും കഴിഞ്ഞു. “തണുത്തുറഞ്ഞ താപനിലയിൽ ഈ ജീവികളുടെ ശരീരത്തിന്റെ ഉപാപചയപ്രക്രിയ നിലയ്ക്കുകയോ, തീരെ മെല്ലെയാവുകയോ ചെയ്യുന്നു. ശരീരത്തിന്റെ പ്രവർത്തനം ഏതാണ്ട് നിശ്ചലമാകുന്ന ഈ അവസ്ഥയ്ക്ക്  ക്രിപ്റ്റോബയോസിസ് എന്നാണ് പറയുന്നത്. പതിനായിരക്കണക്കിന് വർഷങ്ങൾ ആ അവസ്ഥയിൽ നിശ്ചലമായി തുടരാൻ മൾട്ടിസെല്ലുലാർ ജീവികൾക്ക് കഴിയുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഞങ്ങളുടെ റിപ്പോർട്ട്” റഷ്യയിലെ Pushchino Scientific Center for Biological Research -ലെ  ഗവേഷകൻ സ്റ്റാസ് മലവിൻ പറഞ്ഞു.

കറന്റ് ബയോളജി ജേണലിലാണ് പഠനം തിങ്കളാഴ്ച പ്രസിദ്ധീകരിച്ചത്. സ്ഥിരമായി മരവിച്ച ആവാസവ്യവസ്ഥയിൽ നിന്ന് ഇത്തരം ജീവികൾ ജീവനോടെ തിരികെ വരുന്നത് ഇതാദ്യമല്ല. ആയിരക്കണക്കിന് വർഷങ്ങൾ മരവിപ്പിനെ അതിജീവിച്ച നിരവധി ജീവികളിൽ ഒന്ന് മാത്രമാണ് റോട്ടിഫറുകൾ. 2018 -ൽ 30,000 വർഷത്തിലേറെ പഴക്കമുള്ള സൈബീരിയൻ പെർമാഫ്രോസ്റ്റിൽ നിന്ന് ഒരു തരം പുഴുവായ നെമറ്റോഡുകളെ പുനരുജ്ജീവിപ്പിച്ചിരുന്നു.  

എല്ലാ റോട്ടിഫറുകളും ഈ മരവിപ്പിക്കുന്ന പ്രക്രിയയെ അതിജീവിക്കില്ലെങ്കിലും, വളരെ കുറഞ്ഞ താപനിലയിൽ അവയുടെ കോശങ്ങളെയും അവയവങ്ങളെയും സ്വയം സംരക്ഷിക്കാൻ അതിന് കഴിയുമെന്ന് പഠനം സൂചിപ്പിക്കുന്നു. അനുകൂല സാഹചര്യം വരുമ്പോൾ, അവ ഉപാപചയപ്രക്രിയ പുനരാരംഭിക്കുകയും, കോശങ്ങൾക്ക് സംഭവിച്ച കേടുപാടുകൾ തീർത്ത ശരീരത്തെ പഴയ അവസ്ഥയിലേയ്ക്ക് തിരികെ കൊണ്ടുവരികയും ചെയ്യുന്നു. “ഒരു മൾട്ടിസെല്ലുലാർ ജീവിയെ ആയിരക്കണക്കിനു വർഷങ്ങൾ തണുപ്പിൽ സൂക്ഷിക്കാനും പിന്നീട് ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാനും കഴിയുമെന്നാണ് ഇത് തെളിയിക്കുന്നത്. പല സയൻസ് ഫിക്ഷൻ കഥകളിലും എഴുത്തുകാർ സ്വപ്നം കണ്ടിരുന്നതാണിത്” റഷ്യയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിയോകെമിക്കൽ ആന്റ് ബയോളജിക്കൽ പ്രോബ്ലംസ് ഓഫ് സോയിൽ സയൻസിലെ സ്റ്റാസ് മലവിൻ പറഞ്ഞു.

ലോകമെമ്പാടുമുള്ള ശുദ്ധജല അന്തരീക്ഷത്തിൽ കാണപ്പെടുന്ന ഒരു തരം റോട്ടിഫറാണ് ഡെല്ലോയ്ഡ് റോട്ടിഫറുകൾ. കുറഞ്ഞ ഓക്സിജൻ, പട്ടിണി, ഉയർന്ന അസിഡിറ്റി, വർഷങ്ങളോളമുള്ള നിർജ്ജലീകരണം എന്നിവയെ നേരിടാൻ ഇവയ്ക്ക് കഴിയുമെന്ന് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഭൂമിയുടെ ഏറ്റവും റേഡിയോ ആക്ടീവ് പ്രതിരോധശേഷിയുള്ള ജീവികളിൽ ഒന്നാണ് ഇവ.