പുണ്യസ്ഥലങ്ങൾ അനവധിയുള്ള മധ്യപ്രദേശിലെ ബുന്ദേൽഖണ്ഡിലെ ദമോഹ് ജില്ലയിൽ നിന്ന് മതേതര മൂല്യങ്ങളെ ഊട്ടിയുറപ്പിക്കുന്ന ഒരു നേരനുഭവത്തിന്റെ കഥ വെളിച്ചത്തുവന്നിരിക്കുകയാണ്. മനുഷ്യനന്മയിൽ നമുക്ക് പതിയെ നഷ്ടമായിക്കൊണ്ടിരിക്കുന്ന വിശ്വാസത്തെ തിരികെ കൊണ്ടുവരുന്ന ഒന്ന്. ചിത്തരോഗം ബാധിച്ച് ഓർമപോയി, ആകെ വിഹ്വലയായ അവസ്ഥയിൽ റോഡരികിൽ കണ്ടെത്തിയ ഒരു ഹിന്ദു സ്ത്രീയെ ഇവിടത്തെ ഒരു പരമ്പരാഗത മുസ്ലിം കുടുംബം പരിപാലിച്ചത് നാല്പതു വർഷമാണ്. നാലുപതിറ്റാണ്ടുകാലത്തെ നിസ്വാർത്ഥമായ പരിചരണത്തിനൊടുവിൽ, ആ വയോധികയെ അവരുടെ ബന്ധുക്കളെ കണ്ടെത്തി അവരുടെ പക്കൽ സുരക്ഷിതയായി തിരിച്ചെത്തിക്കുക കൂടി ചെയ്തു ആ കുടുംബം. 

ജൂൺ 17 -ന് ഉച്ചയോടെ, ദമോഹിലെ കോഠാതലാ ഗ്രാമത്തിലെ ഒരു മൂന്നുമുറി വീടിനു മുന്നിലെ ഞാവൽമരത്തിന്റെ ചോട്ടിൽ ആ ഗ്രാമത്തിലെ സകലരും അക്ഷമരായി തടിച്ചു കൂടിയിട്ടുണ്ടായിരുന്നു. അവർ കാത്തിരുന്നത് അവിടേക്ക് വന്നെത്തും എന്നറിയിച്ചിരുന്ന ഒരു കാറിന്റെ വരവിനുവേണ്ടിയായിരുന്നു. ഹൈവേയിൽ നിന്ന് കോഠാതലയിലേക്കുള്ള വഴിയേ തിരിഞ്ഞ MH രജിസ്ട്രേഷനിലുള്ള ഒരു ചുവന്ന കാറിന് ഞാവൽമരച്ചുവട്ടിലുള്ള ഈ വീടുതേടി ഒട്ടും അലയേണ്ടി വന്നില്ല. അവർ വരുമെന്നറിയാത്തവരായി ആരും തന്നെ ആ ഗ്രാമത്തിൽ ഉണ്ടായിരുന്നില്ല. കാറിൽ വന്നവർ ആദ്യം കണ്ട കൂട്ടർ തന്നെ അവരെ അനുഗമിച്ച്, കൃത്യമായി ആ വീട്ടുപടിക്കൽ കൊണ്ടെത്തിച്ചു. 

ഈ മൂന്നുമുറി വീടിന്റെ ഉടമസ്ഥൻ ഒരു മുസൽമാൻ ആണ്. പേര് മെഹ്റൂം നൂർ ഖാൻ. കരിങ്കല്ലുകൊണ്ടുപോകുന്ന ടിപ്പർ ലോറി ഓടിക്കാൻ വേണ്ടി ഗ്രാമത്തിൽ വന്നു വാടകവീട്ടിൽ താമസം തുടങ്ങിയ നൂർ ഖാന് ആ ഗ്രാമം ഏറെ ബോധിച്ചു. അയാളവിടെ സകുടുംബം ഒരു വാടകവീടെടുത്ത് താമസം തുടങ്ങി. ഒടുവിൽ മൂന്നുമുറിയുള്ള ഒരു വീട് പണിഞ്ഞ് അതിലേക്ക് സ്ഥിരമായി താമസം മാറ്റി. അവിടെയാണ് കഴിഞ്ഞ കുറെ വർഷമായി അമ്മയ്ക്കും, ഭാര്യക്കും, മകനും മറ്റുബന്ധുകൾക്കുമൊപ്പം അയാൾ കഴിയുന്നത്. 

കാറിൽ വന്നവർ വന്നത് കുറെ ദൂരെ നിന്നാണ്. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഉള്ള വർധമാൻ നഗർ നിവാസികളായ പൃഥ്‌വി ഭൈയ്യാലാൽ ശിംഗ്ണെ, അയാളുടെ ഭാര്യ, ഒരു കുടുംബ സുഹൃത്ത് രവി എന്നിങ്ങനെ മൂന്നുപേരാണ് ആ ചുവന്ന കാറിൽ സഞ്ചരിച്ച് അവിടേക്കെത്തിയത്. വീടിനുള്ളിലും നിരവധി പേർ ഉണ്ടായിരുന്നു. അവരൊക്കെയും കാത്തിരുന്നതും പൃഥ്‌വിയും കുടുംബവും വരുന്നതും കാത്തുതന്നെ ആയിരുന്നു. 

ആ വീട്ടിനുള്ളിലെ ഒരു മൂലയ്ക്കലിട്ട കയറ്റുകട്ടിലിൽ തൊണ്ണൂറുവയസ്സു കഴിഞ്ഞ ഒരു മുത്തശ്ശി ഇരിപ്പുണ്ടായിരുന്നു. ഓർമ്മകൾ ഒക്കെയും പടിയിറങ്ങിയ അവസ്ഥയിലായിരുന്നു അവർ. എന്ന് എവിടെ ജനിച്ചെന്നോ, ഉറ്റവർ ആരൊക്കെ എന്നോ ഒന്നുമറിയാത്ത ഒരു പരുവത്തിൽ.  കഴിഞ്ഞ നാലുപതിറ്റാണ്ടായി ഗ്രാമത്തിലെ നിത്യസാന്നിധ്യമായിരുന്ന ആ വയോധികയെ ഗ്രാമവാസികൾവിളിച്ചിരുന്ന പേര് 'നല്ലമ്മായി' എന്നായിരുന്നു. കഴിഞ്ഞ നാല്പതുവർഷമായി അവർ ചോദിച്ചുകൊണ്ടിരുന്ന ഒരു ചോദ്യത്തിന് അന്ന് ഉത്തരം കിട്ടുന്ന ദിവസമാണ്. 'എന്നെ എന്നാണ് അവര് വന്നു കൊണ്ടുപോവുക?' എന്നതായിരുന്നു നല്ലമ്മായി എന്നും ചോദിച്ചിരുന്ന, ഈ ദിവസം വരെ ഒരുത്തരം കൊടുക്കാൻ വീട്ടുകാർക്കും, ഗ്രാമവാസികൾക്കും സാധിക്കാതിരുന്ന ആ ചോദ്യം. 

ഇത് നാല്പതു വർഷം മുമ്പ് നാഗ്പൂരിൽ നിന്ന് കാണാതായ പഞ്ചു ബായിയുടെ കഥയാണ്. കോഠാതല ഗ്രാമവാസികൾ 'നല്ലമ്മായി' എന്നുവിളിക്കുന്ന അതേ തൊണ്ണൂറുകാരി. കഥയിൽ ആദ്യം ഒരിച്ചിരി ഫ്‌ളാഷ് ബാക്ക് ആണ്. 

1979 ജനുവരി 

ഇനിയുള്ള കഥ പറയുന്നത് ട്രക്ക് ഡ്രൈവർ നൂർ ഖാന്റെ മകൻ ഇസ്‌റാർ ആണ്. "കഥ നടക്കുന്നത് ഞാനൊക്കെ ജനിക്കുന്നതിന് കുറച്ചു നാൾ മുമ്പാണ്. പറഞ്ഞു കേട്ട കഥയാണ്..." ഇസ്‌റാർ പറഞ്ഞു തുടങ്ങുന്നു, "എന്റെ ഉപ്പ, നൂർ ഖാൻ, ദമോഹ് ടൗണിൽ ബസ്റ്റാൻഡിന് അടുത്തുകൂടി  ടിപ്പർ ലോറി ഓടിച്ച് കടന്നു പോകുന്ന നേരത്ത് റോഡരികിൽ അർദ്ധബോധാവസ്ഥയിൽ കിടന്ന് ഞെരുങ്ങുന്ന ഒരു സ്ത്രീയെ കാണുന്നു. വണ്ടി നിർത്തി, താഴെയിറങ്ങി അവരുടെ അടുത്തുചെന്നപ്പോഴാണ് ഉപ്പാക്ക് ഒരു കാര്യം മനസ്സിലായത്. ആ പാവം സ്ത്രീയെ തേനീച്ച കുത്തിയതാണ്. അവരുടെ ദേഹമാസകലം കുത്തേറ്റ് വീങ്ങിയിട്ടുണ്ട്. വണ്ടിയിൽ ലോഡ് ചെയ്ത കരിങ്കല്ലിന്റെ മേലെ കുറെ ജോലിക്കാർ ഉണ്ടായിരുന്നു. അവരെ വിളിച്ചിറക്കി, അവരുടെ സഹായത്തോടെ എടുത്ത് വണ്ടിയിൽ കയറ്റി ഉപ്പ നേരെ വീട്ടിലേക്ക് കൊണ്ടുപോന്നു. അന്നുതൊട്ട് ഇന്നുവരെ 'നല്ലമ്മായി' ഞങ്ങളുടെ കൂടെത്തന്നെ ഉണ്ട്.

 


 
അവർ വീട്ടിൽ വന്ന അന്നുതൊട്ടുതന്നെ നൂർഖാൻ തന്നാൽ ആവും വിധത്തിൽ അവരുടെ ബന്ധുക്കളെ തിരയാൻ ശ്രമിക്കുന്നതാണ്. രണ്ടുണ്ടായിരുന്നു പ്രശ്നം, ഒന്ന് അവർക്ക് മാനസിക പ്രശ്നങ്ങളുണ്ട്, ഓർമ്മ അത്രക്ക് വ്യക്തമല്ല. രണ്ട്, അവർക്ക് മറാഠി ഭാഷയിൽ മാത്രമേ സംസാരിക്കാൻ അറിയൂ. ഈ രണ്ടു പ്രതിബന്ധങ്ങളും ചേർന്ന് നൂർ ഖാന്റെ പരിശ്രമങ്ങൾ വിജയം കാണുന്നത് തടഞ്ഞു. ട്രക്ക് ഓടിക്കുന്നതിനിടെ നൂർ ഖാൻ പലപ്പോഴും മഹാരാഷ്ട്രയിൽ പോയി. അന്നും, തന്റെ വീട്ടിലെത്തിപ്പെട്ട സ്ത്രീയുടെ ചിത്രവും കയ്യിലെടുത്ത് അയാൾ ചെല്ലുന്നിടത്തെല്ലാം അവരുടെ ബന്ധുക്കളെ തിരഞ്ഞുനടന്നു. 

ഉപ്പ നൂർഖാന്റെ നിര്യാണത്തിന് ശേഷം മകൻ ഇസ്‌റാർ ഖാൻ അന്വേഷണം ഏറ്റെടുത്തു. സാങ്കേതിക വിദ്യയിൽ കുറേക്കൂടി പരിജ്ഞാനമുള്ള, സാമൂഹികമാധ്യമങ്ങളുടെ ഭാഗമായ ഇസ്‌റാർ ഖാൻ നടത്തിയ അന്വേഷണങ്ങളിലാണ് 'നല്ലമ്മായി'യുടെ ബന്ധുക്കളിലേക്കുള്ള വഴി തെളിഞ്ഞത്. ഇസ്‌റാർ തന്റെ നല്ലമ്മായിയുടെ ചിത്രവും വീഡിയോയും എല്ലാം ഫേസ്‌ബുക്ക്, വാട്ട്സ്ആപ്പ്, യൂട്യൂബ് തുടങ്ങിയ എല്ലാ പ്ലാറ്റ്ഫോമിലും പങ്കുവെച്ചു. എന്നാൽ തുടക്കത്തിൽ അതുപോലും ഫലം കണ്ടില്ല. 

എന്നാൽ, കഴിഞ്ഞ മെയ്മാസത്തിലെ ആദ്യവാരത്തിൽ ഒരു പുലരിയിൽ പ്രതീക്ഷയുടെ ആദ്യകിരണങ്ങൾ കണ്ടുതുടങ്ങി. അന്ന് രാവിലെ എട്ടര മണിയോടെ വീട്ടുകാർ രാവിലത്തെ കാലിച്ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇസ്റാറിന്റെ ഉമ്മ നിലം തൂത്തുകൊണ്ടിരുന്നു. അതും കണ്ടുകൊണ്ട്, ചായ മൊത്തിക്കുടിച്ചുകൊണ്ട് നല്ലമ്മായിയും ഉണർന്നിരിപ്പുണ്ടായിരുന്നു. അവർ തമ്മിൽ എന്തൊക്കെയോ പറയുന്നുമുണ്ടായിരുന്നു. അതിനിടെ നല്ലമ്മായിയുടെ വായിൽ നിന്ന് പതിവിനു വിരുദ്ധമായി നാലഞ്ചുവട്ടം 'പർസാപൂർ' എന്ന പേര് പുറപ്പെട്ടു. 

ആ വാക്ക് ഇസ്റാറിന്റെ തലയിൽ ഉടക്കി. " പർസാപൂരോ?, അതെന്താ നല്ലമ്മായീ...? " അവൻ ചോദിച്ചു. "ആവോ... അറിയില്ല. എന്ന് മറുപടി"

എന്തായാലും അതൊന്നു ഗൂഗിൾ ചെയ്തു നോക്കാം എന്നായി ഇസ്‌റാർ. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലുള്ള ഒരു ഗ്രാമത്തിന്റെ പേരാണ് പർസാപൂർ എന്ന് ഗൂഗിൾ പറഞ്ഞതോടെ ഇസ്റാറിന്റെ മനസ്സിൽ ലഡുപൊട്ടി. ഇതാകാം, ഇതുതന്നെയാകാം നല്ലമ്മായിയുടെ വീട്ടിലേക്കുള്ള വഴിയുടെ കച്ചിത്തുരുമ്പ്. ഗൂഗിളിൽ പർസാപൂർ എന്ന് സെർച്ച് ചെയ്തപ്പോൾ ആദ്യം വന്നത് കനിഷ്ക ഓൺലൈൻ എന്ന ഒരു സംഘടനയുടെ പേരാണ്, അതിന്റെ മേധാവി അഭിഷേക് എന്നയാളുടെ നമ്പറും ആയിരുന്നു. 

ഇസ്‌റാർ ഉടനടി അഭിഷേകിനെ വിളിച്ചു. ഇരുവരും തമ്മിൽ ആ തൊണ്ണൂറുകാരിയായ വയോധികയെപ്പറ്റി ചർച്ച നടന്നു. ഒടുവിൽ അഭിഷേക് പറഞ്ഞു, " ഇസ്‌റാർ, നിങ്ങൾ ഒരു കാര്യം ചെയ്യണം. നിങ്ങളുടെ 'നല്ലമ്മായി'യുടെ ഒരു വീഡിയോ എടുത്ത് എനിക്ക് അയച്ചു തരണം. ഞാനിവിടെ ലോക്കൽ പോലീസുമായും എൻജിഒകളുമായും ഒക്കെ ബന്ധപ്പെട്ട് ഒരു അന്വേഷണം നടത്തം. ഉറപ്പൊന്നും തരുന്നില്ല ഞാൻ, എന്നാലും എന്നാവുന്ന പോലെ ശ്രമിക്കാം..." 

അങ്ങനെ മെയ് ഏഴാം തീയതി ഇസ്‌റാർ തന്റെ മൊബൈലിൽ 'നല്ലമ്മായി'യെ നല്ലപോലെ ചിത്രീകരിച്ച് അഭിഷേകിന് അയച്ചുകൊടുത്തു. അയാൾ അതിനെ തന്റെ പരിചയത്തിലുള്ള എല്ലാ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും പർസാപൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എൻജിഒകൾക്കും ഒക്കെ അയച്ചു കൊടുത്തു. അങ്ങനെ ഒടുവിൽ അയാൾക്ക് ഒരാളിൽ നിന്ന് മറുപടി കിട്ടി. വിഡിയോയിൽ കാണുന്നത് പത്തുനാല്പതു വർഷം മുമ്പ് ആസംപൂരിൽ നിന്ന് കാണാതായ ഒരു സ്ത്രീയാണ്. അധികം വൈകാതെ നാഗ്പൂരിൽ നിന്ന് പൃഥ്‌വി ഭൈയ്യാലാൽ ശിംഗ്ണെയുടെ ഫോൺവിളി ഇസ്റാറിനെ തേടിയെത്തി. ചിത്രങ്ങളിലും വീഡിയോയിലും കാണുന്ന സ്ത്രീ അയാളുടെ അമ്മൂമ്മയാണ് എന്ന് അയാൾ സ്ഥിരീകരിച്ചു. 

നാഗ്പൂരിലെ പഞ്ചുബായ് ദമോഹിൽ എത്തിയതെങ്ങനെ?

നാല്പതുവർഷം മുമ്പൊരു ദിവസം നാഗ്പൂർ നിവാസിയായ പഞ്ചുബൈ എങ്ങനെയാണ് 370 കിലോമീറ്റർ അകലെയുള്ള ദാമോഹിലേക്ക് എത്തിപ്പെട്ടത് എങ്ങനെയാണ് എന്നത് ഇനിയും വ്യക്തമായിട്ടില്ല. എന്നാൽ, പൃഥ്‌വിയുടെ അച്ഛൻ ഭൈയ്യാലാൽ ശിംഗ്ണെ, തന്റെ അമ്മയെ കാണാതായി എന്നൊരു പരാതി 1979 ജനുവരിയിൽ ലോക്കൽ പൊലീസ് സ്റ്റേഷനിൽ നൽകിയതിന് രേഖകളുണ്ട്. അച്ഛനോടൊപ്പം മാനസികാസ്വാസ്ഥ്യത്തിനുള്ള ചികിത്സയ്ക്കായി നാഗ്പൂരിൽ എത്തിയ പഞ്ചുബായിയെ ചികിത്സയ്ക്കിടെ കാണാതാവുകയാണ് ഉണ്ടായത്. കേസിലെ പൊലീസിന്റെ അന്വേഷണം മറ്റുപല തിരോധനക്കേസുകളെയും പോലെ തുമ്പൊന്നുമില്ലാതെ അവസാനിപ്പിക്കുകയാണ് അന്നുണ്ടായത്. 

കടുത്ത മാനസിക രോഗമുള്ള തന്റെ അമ്മൂമ്മ നാഗ്പൂരിൽ നിന്ന് ഏതെങ്കിലും ബസ്സിലോ മറ്റോ കയറി ദമോഹിൽ ചെന്ന് പെട്ടതാകാം എന്ന് പൃഥ്‌വി ഊഹിക്കുന്നു. എന്നാൽ, അദ്ദേഹത്തെ അത്ഭുതപ്പെടുത്തുന്ന വസ്തുത,  കടുത്ത മനോരോഗമുള്ള തന്റെ അമ്മൂമ്മ എങ്ങനെയാണ് നാല്പതു വർഷം നൂർഖാന്റെ വീട്ടിൽ എങ്ങും ഇറങ്ങിപ്പോകാതെ കഴിഞ്ഞത് എന്നതാണ്. നൂർഖാനെ എന്നും പഞ്ചു ബായ് 'ചേട്ടാ' എന്നു മാത്രമാണ് വിളിച്ചിരുന്നത്, അദ്ദേഹത്തിന്റെ ഭാര്യയെ 'കമലേച്ചി' എന്നും. തന്റെ ഉമ്മയെ എന്തിനാണ് 'നല്ലമ്മായി' കമലേച്ചി എന്ന് വിളിച്ചിരുന്നത് എന്ന് എന്നും ഇസ്‌റാർ അത്ഭുതപ്പെടുമായിരുന്നു. നൂർ മിയയ്ക്കും ഇതേ സംശയമുണ്ടായിരുന്നു മരിക്കും വരെ. അതിനുള്ള ഉത്തരവും പൃഥ്‌വിയിൽ നിന്ന് ഇസ്റാറിന് കിട്ടി. പഞ്ചു ബായിയുടെ പർസാപൂരിൽ താമസിച്ചിരുന്ന സഹോദരൻ ചതുർഭുജിന്റെ ഭാര്യയുടെ പേരായിരുന്നു കമല. 

 

 

തന്റെ നല്ലമ്മായിയെ ഒടുവിൽ അവരുടെ സ്വന്തം വീട്ടിലെത്തിക്കാനായതിന്റെ ചാരിതാർത്ഥ്യം ഇസ്റാറിനുണ്ട്. ഒരേയൊരു സങ്കടം മാത്രം, ജൂൺ 30 -ന് ഇസ്‌റാർ തന്റെ നാല്പതാം പിറന്നാൾ ആഘോഷിക്കുമ്പോൾ കൂടെ സന്തോഷം പങ്കിടാൻ, പിറന്നന്നു തൊട്ട് കാണുന്ന തന്റെ 'നല്ലമ്മായി' ഉണ്ടാവില്ലെന്നുള്ള സങ്കടം.