വീട്ടില്‍ നിറയെ ആളുകള്‍, സ്വകാര്യമായി ഒരു മുറിയോ, പങ്കാളിയോട് തുറന്നിടപെടാനുള്ള അവസരമോ കിട്ടുന്നില്ല. ജപ്പാന്‍ അനുഭവിച്ച പ്രശ്‍നമാണ്. തുറന്ന തരത്തിലുള്ള പരമ്പരാഗത രീതിയിലുള്ള വലിയ മുറികളിലാണ് ജീവിതം. എന്ത് ചെയ്യും? ആ അവസരത്തെ ബിസിനസാക്കി മാറ്റുകയാണ് ജപ്പാനില്‍ ഒരു വിഭാഗം ചെയ്‍തത്. അതിനായി അവര്‍ രാജ്യത്ത് 'ലവ് ഹോട്ടലുകള്‍' തുറന്നു. വ്യത്യസ്‍തതരം തീമുകളില്‍, പ്രണയിക്കാനും പ്രധാനമായി രതിയിലേര്‍പ്പെടാനുമായി തയ്യാറാക്കിയവയായിരുന്നു ഈ മുറികള്‍. തിരക്കിനിടയില്‍ ശ്വാസം മുട്ടിപ്പിടയുന്ന ദമ്പതികളും പ്രണയികളും മണിക്കൂറുകള്‍ക്കും, ദിവസത്തേക്കും അവിടെ ഒരു മുറിയെടുത്തു. അവര്‍ക്കായി പ്രത്യേകം ഒരുക്കിയതായിരുന്നു ഈ ഹോട്ടലുകളെല്ലാം. അവിടെയവര്‍ അതിരുകളില്ലാതെ ശരീരവും മനസും പങ്കുവെച്ചു. പക്ഷേ, പിന്നീട് ഈ ലവ് ഹോട്ടലുകള്‍ ഉപേക്ഷിക്കപ്പെട്ടു. എന്തുകൊണ്ടാണ്?

എന്താണ് ഈ ലവ് ഹോട്ടല്‍?

1968 -ല്‍ ഒസാക്കയിലാണ് ജപ്പാനിലെ ആദ്യത്തെ ലൗ ഹോട്ടല്‍ തുറക്കുന്നത്. എണ്‍പതുകളുടെ ആദ്യത്തില്‍ ഈ ലൗ ഹോട്ടല്‍ ബിസിനസ് തളിര്‍ത്തു. 2000 ഒക്കെ ആകുമ്പോഴേക്കും ബിസിനസിന്‍റെ ഏറ്റവും ലാഭകരമായ നാളുകളെത്തിയിരുന്നു. ദിവസേന ലക്ഷക്കണക്കിനാളുകളാണ് ഈ ലൗ ഹോട്ടലുകള്‍ സന്ദര്‍ശിച്ചത്.

പക്ഷേ, ഇന്ന് ബിസിനസ് തകര്‍ന്നു. ചെറുപ്പക്കാരായ ആളുകള്‍ അന്നത്തേതിലും കുറവാണിന്ന് ജപ്പാനില്‍. മാത്രവുമല്ല, യുവാക്കള്‍ക്ക് ഈ രഹസ്യജീവിതത്തില്‍ താല്‍പര്യമില്ലായെന്നും പറയപ്പെടുന്നു. 2015 -ൽ, 18 -നും 39 -നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരിൽ നാലിലൊന്നുപേരും പറയുന്നത് ലൈംഗികകാര്യങ്ങളില്‍ വലിയ താല്‍പര്യമില്ല എന്നാണത്രെ. അതായത്, 20 വർഷങ്ങൾക്ക് മുമ്പുള്ളതിനേക്കാൾ 20 ശതമാനം കൂടുതലാളുകള്‍ രതിയില്‍ താല്‍പര്യമില്ലെന്ന് പറയുന്നു. ഈ ലൗ ഹോട്ടല്‍ ബിസിനസിന്‍റെ തകര്‍ച്ചയ്ക്ക് ഇതൊരു കാരണമായെന്നാണ് പറയുന്നത്. ഏതായാലും 2020 -ലെ ഒളിമ്പിക്സ് മുന്നില്‍ക്കണ്ട് ഈ മോട്ടലുകളെല്ലാം നന്നാക്കിയെടുക്കാനും അതുവഴി ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുമുള്ള ആലോചനയിലുമാണത്രെ ജപ്പാന്‍. 

 

എന്നാല്‍, നന്നാക്കിയെടുക്കാന്‍ പറ്റാത്ത തരത്തില്‍ ഉപേക്ഷിക്കപ്പെട്ടതും തകര്‍ന്നതുമായി മാറിയിരിക്കുകയാണ് ഇതില്‍ പല ഹോട്ടലുകളും എന്നതാണ് വാസ്‍തവം. ഷെയ്ന്‍ തോമസ് എന്ന ഓസ്ട്രേലിയന്‍ ഫോട്ടോഗ്രഫര്‍ പകര്‍ത്തിയ ഈ ഹോട്ടലുകളുടെ ചിത്രങ്ങള്‍ അതിന് തെളിവാണ്. ഫോട്ടോഗ്രഫി ഒരു കലയാണ്. ആ കലയിലൂടെ വേറൊരു കാലത്തിലേക്കുള്ള കാഴ്‍ചയിലേക്കാണ് ഷെയ്‍ന്‍ ക്യാമറക്കണ്ണുകള്‍ തുറന്നത്. ആ ഹോട്ടലുകളില്‍ കണ്ടതെന്തെല്ലാമാണ്? എന്താണ് അവയുടെ പ്രത്യേകതകള്‍? ഷെയ്ന്‍ വൈസിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്. 

എപ്പോഴാണ് ഈ ഉപേക്ഷിക്കപ്പെട്ട ഹോട്ടലുകളെ കുറിച്ചറിഞ്ഞത്?

ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന, ഒറ്റപ്പെട്ടുകിടക്കുന്ന സ്ഥലങ്ങളോട് എനിക്കപ്പോഴും ഒരു പ്രത്യേക ഇഷ്‍ടമുണ്ട്. ജപ്പാനോടും എനിക്ക് വളരെയധികം ഇഷ്‍ടമാണ്. ആ രാജ്യത്തോടുള്ള ഇഷ്‍ടം ഞാന്‍ പ്രകടിപ്പിക്കാന്‍ ശ്രമിച്ചത് അവിടെ ഉപേക്ഷിക്കപ്പെട്ടുകിടക്കുന്ന സ്ഥലങ്ങളുടെ ചിത്രം പകര്‍ത്തിയാണ്. രാജ്യത്തിന്‍റെ ഓരോ ഭാഗത്ത് സഞ്ചരിക്കുമ്പോഴും ഇങ്ങനെ തകര്‍ന്നു കിടക്കുന്ന കെട്ടിടങ്ങള്‍ എന്‍റെ കണ്ണില്‍പ്പെട്ടു. ഞാന്‍ ജനാല വഴി ചാടി അതിന്‍റെ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. അത് ലവ് ഹോട്ടലുകളാണെന്ന് ഞാന്‍ പിന്നീടാണ് മനസിലാക്കുന്നത്. 

 

ഏകദേശം എത്ര ലവ് ഹോട്ടലുകള്‍ ഇങ്ങനെ ചിത്രം പകര്‍ത്തുന്നതിനായി സന്ദര്‍ശിച്ചിട്ടുണ്ടാകും? 

കുറേയേറെ ഹോട്ടലുകള്‍ ഞാന്‍ സന്ദര്‍ശിച്ചു. ഇരുപതോ മുപ്പതോ അതോ അതിലധികമോ? അവയുടെ പലതരം ചിത്രങ്ങള്‍ എനിക്ക് ലഭിച്ചു. പല ഹോട്ടലുകളും ഷൂട്ട് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. കാരണം അവ അത്രയേറെ ജീര്‍ണ്ണിച്ചിരുന്നു. പലതും നിലത്തേക്ക് ദ്രവിച്ചു വീണിരുന്നു. കാരണം, മരം കൊണ്ടുണ്ടാക്കിയവയായിരുന്നു അതില്‍ പലതും. അതുകൊണ്ട് തന്നെ നശിച്ചുപോയതുകാരണം പലതും എനിക്ക് ഷൂട്ട് ചെയ്യാനായിട്ടില്ല. പക്ഷേ, ചില ഹോട്ടലുകളില്‍ വിലയേറിയ കട്ടിലുകളും മറ്റുമുണ്ടായിരുന്നു. അവയെല്ലാം ഷൂട്ട് ചെയ്യാന്‍ എനിക്ക് സാധിച്ചു. അവ വളരെയധികം ഫോട്ടോഗ്രഫിക് ആയിരുന്നു. 

അതില്‍ ഏതൊക്കെ ഹോട്ടലുകളായിരുന്നു താങ്കള്‍ക്ക് ഇഷ്‍ടപ്പെട്ടത്?

ഫൂ മോട്ടല്‍ (Fuu Motel), അതായിരുന്നു എനിക്ക് ഏറ്റവുമിഷ്‍ടമായത്. അതിമനോഹരമായൊരിടമായിരുന്നു അത്. ഞാനതിന്‍റെ ചിത്രങ്ങളെടുക്കുന്നത് 2013 -ലാണ്. പക്ഷേ, ഇപ്പോഴും അത് അതുപോലെ അവിടെയുണ്ട്. അതിന്‍റെ പകുതി തകര്‍ന്നിട്ടുണ്ട്. പക്ഷേ, പകുതി ഇപ്പോഴും അതുപോലെ തന്നെ നിലനില്‍ക്കുന്നു. ഓരോ ലവ് ഹോട്ടലിനും ഓരോ തീമുണ്ടാകും. അതിലെ ഇന്‍റീരിയറടക്കം എല്ലാം ആ തീമിലുള്ളതായിരിക്കും. പക്ഷേ, ഈ ഹോട്ടല്‍ അങ്ങനെയായിരുന്നില്ല. ഓരോ മുറിയും ഓരോ തീമിലുള്ളതായിരുന്നു. ചിലത് സ്‍പാ ഉള്ളതായിരിക്കും, ചിലത് മിഡീവിയല്‍ കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്നത്, ചിലത് പരമ്പരാഗതമായ ജാപ്പനീസ് രീതിയിലുള്ളത്, പിന്നെ കുറച്ച് കുസൃതിയൊക്കെ നിറഞ്ഞ രീതിയില്‍ തയ്യാറാക്കിയത് അങ്ങനെ പലതരം മുറികള്‍. ആവശ്യക്കാര്‍ക്ക് അവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ആ മുറികള്‍ തെരഞ്ഞെടുക്കാം. 

 

താങ്കള്‍ക്ക് ഏതെങ്കിലും പ്രത്യേക തീം ഇഷ്‍ടപ്പെട്ടിരുന്നോ?

എനിക്കിഷ്‍ടമായത് മിഡീവിയല്‍ തീമാണ്. ആ ചുവന്ന ആഢ്യത്വം തുളുമ്പുന്ന മുറി എനിക്കിഷ്‍ടപ്പെട്ടു. ദ്രവിച്ചു തുടങ്ങിയിരുന്നുവെങ്കിലും അതിന്‍റെ സമൃദ്ധി നഷ്‍ടമായിരുന്നില്ല. കുതിരയുടെയും വണ്ടിയുടെയും ആകൃതിയിൽ ഒരു കിടക്കയാണ് ആ മുറിയിലുണ്ടായിരുന്നത്. ചുവരുകളിൽ ചുവന്ന വെൽവെറ്റ് പൊതിഞ്ഞിരുന്നു. അപ്പോഴേക്കും അത് പൂപ്പൽ മൂടിത്തുടങ്ങിയിരുന്നു. ചുമരുകള്‍ക്കരികിലായി കാവല്‍പോലെ ഒരു യോദ്ധാവിന്‍റെ പ്രതിമയുമുണ്ടായിരുന്നു. എല്ലാം കൊണ്ടും പ്രൗഢിയേറിയതായിരുന്നു അത്. 

 

 

വേറെ ഏതൊക്കെ തരം ഹോട്ടലുകളാണ് താങ്കള്‍ കണ്ടത്? 

അടുത്തിടെ ഞാന്‍ സന്ദര്‍ശിച്ച ഒരു ഹോട്ടലുണ്ടായിരുന്നു. പല ലവ് ഹോട്ടലുകളും ശാന്തവും രസകരവും ക്യൂട്ടും ആയിരിക്കും. പക്ഷേ, ഇത് ഇരുണ്ടിട്ടായിരുന്നു. അതില്‍ കുറച്ച് ഭയം കലര്‍ന്നൊരു തരം പെയിന്‍റും മറ്റുമുണ്ടായിരുന്നു. സ്പ്രേ ഉപയോഗിച്ച്  ചുമരിലാരോ 'റെഡ് വില്ലേജ്' ചെയ്‍തിട്ടുണ്ടായിരുന്നു. ഒരുതരം ഇരുണ്ട സ്ഥലമായിരുന്നു ഇത്. എനിക്ക് ഹൊറര്‍ സിനിമകള്‍ ഇഷ്‍ടമായിരുന്നു. അതുകൊണ്ടാകാം ഇത്തരം സ്ഥലങ്ങളെന്നെ ആകര്‍ഷിക്കുന്നത്. ഇതുപക്ഷേ, വളരെ ഭയപ്പെടുത്തുന്ന തരത്തിലൊന്നായിരുന്നു. 

 

എന്നാൽ, 80 -കളിലെ കിടക്കകളായിരുന്നു ഈ ഹോട്ടലില്‍. അത് ആ ഇരുട്ടിനെയും ഭയത്തെയും ഇല്ലാതാക്കിയെന്നതാണ് രസകരമായ വസ്‍തുത. ഈ പ്രണയവും ലവ് മേക്കിങ്ങുമെല്ലാം രസകരമായ സംഗതിയായിരിക്കണം. അതാണ് ഇങ്ങനെ പലതരത്തിലുള്ള ലവ് ഹോട്ടലുകളിലെ കൗതുകമുണര്‍ത്തുന്ന ഇന്‍റീരിയറുകള്‍ കാണിക്കുന്നത്. 

ഈ ലവ് ഹോട്ടലുകള്‍ കണ്ടെത്തുക പ്രയാസകരമാണോ?

ഹേയ് യഥാര്‍ത്ഥത്തില്‍ അത്ര പ്രയാസമൊന്നുമില്ല. ജപ്പാനില്‍ ഇങ്ങനെ പല ഹോട്ടലുകളും ഉപേക്ഷിക്കപ്പെട്ടിട്ടുണ്ട്. ബിസിനസ് തകര്‍ന്നപ്പോള്‍ ആളുകള്‍ അതുപേക്ഷിച്ച് അടുത്ത ബിസിനസിലേക്ക് തിരിയുകയായിരുന്നു. പോകുന്ന സമയത്ത് ഈ ഹോട്ടലുകളിലെ ഒന്നും കൊണ്ടുപോയില്ല. കാരണം, പരാജയപ്പെട്ട ഒന്നിന്‍റെ ഓര്‍മ്മകളും നെഗറ്റീവ് എനര്‍ജിയും കൂടെച്ചുമക്കാന്‍ അവര്‍ താല്‍പ്പര്യപ്പെട്ടില്ല. ഇത്തരം ഹോട്ടലുകള്‍ കാണണമെങ്കില്‍ ടൗണില്‍ നിന്ന് വിട്ടുമാറിയ ഉള്‍പ്രദേശങ്ങളിലേക്കുള്ള റോഡിലേക്ക് തിരിഞ്ഞാല്‍ മതി. അത് നന്നാക്കാനും പരിഷ്‍കരിക്കാനും കഴിയുമായിരുന്നു. പക്ഷേ, അതിന് പണം ചിലവാകും. പക്ഷേ, ആരും ആ ഹോട്ടലുകളിലേക്ക് ചെല്ലുന്നില്ലെങ്കില്‍ അങ്ങനെ പണം ചെലവാക്കിയിട്ടെന്തുകാര്യം? പല ലവ് ഹോട്ടലുകളും രഹസ്യസ്വഭാവമുള്ള സ്ഥലങ്ങളിലാണ്. അതുകൊണ്ട് അത് കാണണമെങ്കില്‍ നിങ്ങള്‍ മലയോരത്തേക്കോ മറ്റോ പോകേണ്ടിവരും. 

ഇങ്ങനെ ഉപേക്ഷിക്കപ്പെട്ട ഒരു കെട്ടിടത്തിലേക്ക് കയറിച്ചെല്ലുന്നത് നിയമവിരുദ്ധമാണോ?

അതേ, അത് അതിക്രമിച്ച് കടക്കുന്നതിന് തുല്യമാണ്. നിങ്ങളങ്ങനെ ഉദ്ദേശിച്ചിട്ടില്ലെങ്കില്‍പ്പോലും. പക്ഷേ, ആ കെട്ടിടങ്ങള്‍ ആരുടെ ഉടമസ്ഥതയിലാണെന്ന് കണ്ടെത്തുക പ്രയാസമാണ്. ഞാന്‍ കൗതുകം വളരെ കൂടുതലുള്ള ആളാണ്. അതുകൊണ്ടാണിങ്ങനെയൊക്കെ ചെയ്യുന്നത്.

 

ഇങ്ങനെയൊരു കെട്ടിടത്തിലേക്ക് പ്രവേശിക്കും മുമ്പ് എന്തൊക്കെ മുന്‍കരുതലുകളാണ് സുരക്ഷയ്ക്ക് വേണ്ടി താങ്കളെടുക്കുന്നത്?

അതിനാദ്യം വേണ്ടത് കോമണ്‍സെന്‍സാണ്. ഈ കെട്ടിടങ്ങളിലൊന്നും തന്നെ വൈദ്യുതിയില്ല. അവിടമെപ്പോഴും ഇരുട്ടായിരിക്കും. നിലം ചിലപ്പോള്‍ പൊട്ടിയടര്‍ന്നതോ വഴുക്കുന്നതോ ആയിരിക്കാം. ഞാന്‍ ഒരു ഫേസ് മാസ്‍ക് ധരിക്കാറുണ്ട്. പൊടി ശ്വസിക്കാന്‍ പറ്റാത്ത കൊണ്ട്. ഞാന്‍ എന്‍റെ സുരക്ഷയെ കുറിച്ച് ബോധ്യമുള്ളയാളാണ്. മറ്റുള്ളവര്‍ കൂടെയുണ്ടെങ്കില്‍ അവരുടെ സുരക്ഷ കൂടി നാം ശ്രദ്ധിക്കേണ്ടതായി വരും. എന്‍റെ അമ്മയെ ചിലപ്പോഴൊക്കെ ഞാന്‍ കൂടെ കൂട്ടിയിട്ടുണ്ട്. അമ്മ വളരെ തുറന്ന മനസുള്ള മോഡേണായിട്ടുള്ള സ്ത്രീയാണ്. ഞാനും അമ്മയും ചേര്‍ന്ന് അവിടം സന്ദര്‍ശിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു.

താങ്കളെപ്പോഴെങ്കിലും ആരുടെയെങ്കിലും കൂടെ ഒരു ലവ് മോട്ടലില്‍ താമസിച്ചിട്ടുണ്ടോ?

ഇല്ല, ഞാനൊരിക്കലും അങ്ങനെയൊരു മോട്ടലില്‍ താമസിച്ചിട്ടില്ല. ഈ ലവ് ഹോട്ടലുകള്‍ക്കെല്ലാം ഒരു പ്രത്യേക ലക്ഷ്യമുണ്ട്. അവിടെ ആളുകള്‍ രതിയിലേര്‍പ്പെടുന്നവരായിരിക്കും. സാധാരണ ഹോട്ടലുകളില്‍ മുറിയെടുത്തു കഴിഞ്ഞാല്‍ നമുക്കുമുമ്പ് അവിടെയുണ്ടായിരുന്നവര്‍ എന്താണ് ചെയ്‍തിരിക്കുക എന്ന് നമുക്കറിയില്ല. എന്നാല്‍, ലവ് മോട്ടലുകളില്‍ നമുക്കറിയാം. 

 

2010-11 -ലാണ് ആദ്യമായി ഞാന്‍ ജപ്പാനില്‍ യാത്ര ചെയ്യുന്നത്. അന്ന്, ഞാനൊരു ലവ് ഹോട്ടലിന്‍റെ പാര്‍ക്കിങ് സ്ഥലത്ത് എത്തിച്ചേര്‍ന്നു. പക്ഷേ, അതിനകത്തേക്കുള്ള വാതില്‍ എനിക്ക് കണ്ടെത്താന്‍ സാധിച്ചില്ല. അവിടെ ഓരോ വാതിലിനു പുറത്തും ചുവന്ന വെട്ടമുണ്ടായിരുന്നു. കൂടാതെ ക്രെഡിറ്റ് കാര്‍ഡ് സ്വൈപ്പ് ചെയ്യാനുള്ള സൗകര്യവും. അവിടെ പണമടച്ചുകഴിഞ്ഞാല്‍ വാതില്‍ തുറന്നുവരും. അവിടെ റിസപ്‍ഷനില്ലായിരുന്നു. ഞാനോരോ വാതിലും മുട്ടി. പ്രണയിതാക്കളുള്ള മുറിയുടെ വാതിലുകളാണ് ഞാന്‍ മുട്ടുന്നത് എന്നെനിക്കപ്പോള്‍ അറിയില്ലായിരുന്നു. 

ഈ ലവ് ഹോട്ടലുകളില്‍ ഉപേക്ഷിക്കപ്പെട്ടതായി പ്രധാനപ്പെട്ട എന്തെങ്കിലും കണ്ടെത്തിയോ?

യെസ്... ഒരുപാടൊരുപാട് കോണ്ടം ഈ ഹോട്ടലുകളിലുണ്ടായിരുന്നു. അതുപോലെ തന്നെ പലതരത്തിലുള്ള ഡോളുകള്‍, സെക്സ് എയ്‍ഡുകള്‍... മിക്കവാറും അത് കിടക്കയുടെ അടിയിലായിരിക്കും കാണപ്പെടുക, അല്ലെങ്കില്‍ ക്ലോസറ്റില്‍. ഞാനവയുടെ അടുത്ത് പോയില്ല. 

അവിടുത്തെ ഒരു സാധാരണ അന്തരീക്ഷം എങ്ങനെയായിരുന്നു?

രസകരവും ക്യൂട്ടുമായിരുന്നു. നേരത്തെ പറഞ്ഞ ഒരെണ്ണമൊഴികെ ബാക്കിയെല്ലാം ചിരിപ്പിക്കുന്ന തരത്തിലായിരുന്നു. 

2014 -ന്‍റെ അവസാനകാലത്ത് അടച്ചുപൂട്ടിയ ഒരു സെക്സ് മ്യൂസിയവും താങ്കള്‍ സന്ദര്‍ശിക്കുകയുണ്ടായി? എന്തുകൊണ്ടായിരിക്കാം അത് അടച്ചുപൂട്ടിയിരിക്കുക?

ഒരു ഐഡിയയും ഇല്ല അതിനെക്കുറിച്ച്. എനിക്ക് തോന്നുന്നത് രതിയിലുള്ള ആളുകളുടെ താല്‍പര്യം കുറഞ്ഞതായിരിക്കാം കാരണമെന്നാണ്. അല്ലെങ്കില്‍ ഈ ലവ് ഹോട്ടലുകളെ ബാധിച്ചതുപോലെ തന്നെ ആളുകളുടെ ജീവിതരീതി മാറിയതും കാരണമാകാം. പരമ്പരാഗത രീതിയിലുള്ള വീടുകള്‍ക്ക് പകരം ആളുകള്‍ പാശ്ചാത്യരീതിയിലുള്ള മോഡേണ്‍ വീടുകള്‍ നിര്‍മ്മിച്ചു തുടങ്ങി. അതോടുകൂടി ലവ് ഹോട്ടലുകളുടെ പ്രാധാന്യം നഷ്ടപ്പെട്ടു. ലവ് ഹോട്ടലുകളില്‍ ചെയ്യുന്നതെന്തും നിങ്ങള്‍ക്ക് നിങ്ങളുടെ അടച്ചിട്ട മുറികളില്‍ ചെയ്യാം. സെക്സ് മ്യൂസിയവും അതുപോലെ തന്നെ നിന്നുപോയി. അത് ബുള്‍ഡോസറുപയോഗിച്ച് ഇടിച്ചുനിരപ്പാക്കി മുകളില്‍ വേറെന്തോ പണിതുവെന്നാണ് ഞാന്‍ കരുതുന്നത്. 

ഈ അനുഭവങ്ങളില്‍നിന്നും താങ്കളെന്താണ് പഠിച്ചത്?

ജപ്പാന്‍ എങ്ങനെയൊക്കെ മാറി എന്നാണ് ഞാന്‍ ഇതില്‍നിന്നും മനസിലാക്കിയത്. എണ്‍പതുകളില്‍ ഈ മോട്ടലുകള്‍ വളരെ സജീവമായിരുന്നു. അന്ന് ഇങ്ങനെ പലതും തുറന്ന് പ്രവര്‍ത്തിച്ചിരുന്നു പലയിടത്തും. എന്നാല്‍, ഇന്ന് അതുപോലെ കാണുന്നില്ല. ജനനനിരക്ക്, ആളുകളുടെ ജീവിതരീതിയിലുള്ള മാറ്റം ഇതൊക്കെ അതിനെ സ്വാധീനിച്ചിരിക്കാം.