Asianet News MalayalamAsianet News Malayalam

പത്താംവയസ്സിൽ തട്ടിക്കൊണ്ടുപോയി; എട്ടുവർഷത്തോളം നിലവറയിലടച്ചു, ലൈംഗിക അടിമയാക്കി പീഡനം: നതാഷയുടെ ജീവിതം

ഏതൊരു കൗമാരക്കാരിയുടെയും മനസ്സിൽ കാല്പനികതയെക്കുറിച്ചും, പ്രണയത്തെക്കുറിച്ചുമൊക്കെയുള്ള ഓർമ്മകൾ മൊട്ടിടുന്ന താരുണ്യത്തിന്റെ ദിനങ്ങൾ നതാഷ ചെലവിട്ടത് അതിക്രൂരമായ ഒരു സൈക്കോയുടെ രതിവൈകൃതങ്ങൾക്ക് ഇരയായിക്കൊണ്ടാണ്.

Abducted from street at the age of 10, sex slave for 8 years, life of Natasha
Author
Vienna, First Published Aug 24, 2020, 12:21 PM IST
  • Facebook
  • Twitter
  • Whatsapp

"സ്വാതന്ത്ര്യത്തിന്റെ വിലയെന്തെന്നറിയുമോ?" എന്ന ചോദ്യത്തിന് 'അറിയാം' എന്ന് ഉറപ്പിച്ചു പറയാനാവുന്ന ഒരു യുവതിയുണ്ട് ഓസ്ട്രിയയിൽ. അവളുടെ പേര് നതാഷാ കാംപുഷ്‌ എന്നായിരുന്നു. 1998 മാർച്ച് 2 -ന്, അന്ന് പത്തുവയസ്സുമാത്രം പ്രായമുണ്ടായിരുന്ന നതാഷയെ, സ്കൂളിൽ നിന്ന് തിരികെ വീട്ടിലേക്ക് നടന്നുവരുന്നവഴിയാണ്, വിയന്നയിലെ ഒരു തെരുവിൽ വെച്ച്, വുൾഫ്ഗാങ് പ്രിക്ലോപ്പിൽ എന്ന ഒരു യുവാവ് തട്ടിക്കൊണ്ടുപോയത്. ആ തട്ടിക്കൊണ്ടുപോകലിനെത്തുടർന്ന് വിയന്നയിൽ നടന്നത് ഓസ്ട്രിയൻ പൊലീസിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒരു 'മാൻ ഹണ്ട്' ആയിരുന്നു. ഒരു വൈറ്റ് മിനിവാനിലേക്ക് ആരോ നതാഷയെ വലിച്ചു കയറ്റുന്നത് കണ്ടു എന്ന ഒരു ദൃക്‌സാക്ഷി മൊഴിയെ പിൻപറ്റി പൊലീസ് നൂറുകണക്കിന് വെള്ള മിനി വാനുകൾ പരിശോധിച്ച്. അവയുടെ ഉടമസ്ഥരെ ചോദ്യം ചെയ്തു. 

പലരെയും ചോദ്യം ചെയ്ത കൂട്ടത്തിൽ, പൊലീസ് പ്രിക്ലോപ്പിലിന്റെ മിനിവാനും പരിശോധിച്ചിരുന്നു. അയാളെയും ചോദ്യം ചെയ്തിരുന്നു. എന്നാൽ, അയാളുടെ മറുപടികളിൽ സംശയിക്കത്തക്കതായി യാതൊന്നും കണ്ടെത്താൻ ആ അന്വേഷണോദ്യോഗസ്ഥർക്ക് സാധിച്ചില്ല. അയാൾ ഒളിപ്പിച്ചിരുന്ന വലിയൊരു രഹസ്യമുണ്ടായിരുന്നു. അത് അയാളുടെ വീടിന്റെ നിലവറയിൽ അയാൾ തന്റെ 'സെക്സ് സ്ലേവ്' ആയി പാർപ്പിച്ചിരുന്ന നതാഷ എന്ന കൗമാരക്കാരി ആയിരുന്നു. 

നതാഷയെ അയാൾ തടവിലിട്ടിരുന്ന നിലവറക്ക് ജാലകങ്ങളുണ്ടായിരുന്നില്ല. തട്ടിക്കൊണ്ടുവന്ന അന്നുതൊട്ട് പേരിനുമാത്രം വെളിച്ചമുണ്ടായിരുന്ന ആ കുടുസ്സുമുറിയിലിട്ട് പ്രിക്ലോപ്പിൽ എന്ന ആ സൈക്കോ നതാഷയെ അവളുടെ പ്രായം പോലും പരിഗണിക്കാതെ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചു കൊണ്ടിരുന്നു. ആദ്യത്തെ ഒന്നുരണ്ടു വർഷങ്ങൾ കഴിഞ്ഞതോടെ നതാഷയെ അയാൾ പൂർണ്ണമായും തന്റെ അടിമയാക്കി മാറ്റിക്കഴിഞ്ഞിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ അയാൾ അവളെ ആ വീടിന്റെ നിലവറക്ക് പുറത്തുള്ള ഭാഗങ്ങളിലേക്ക് ചെല്ലാൻ അനുവദിച്ചു. പുറത്തേക്ക് പോകുമ്പോഴൊക്കെ അയാൾ അവളെ അകത്തിട്ടു പൂട്ടും. വീടിന്റെ വാതിലിൽ ഉള്ള പൂട്ടിനേക്കാൾ എത്രയോ ഘനമുള്ളതായിരുന്നു അവളുടെ മനസ്സിന് കുറുകെ അയാൾ ഇട്ടുകഴിഞ്ഞിരുന്ന വൈകാരികതയുടെ ബന്ധനങ്ങൾ.

 

Abducted from street at the age of 10, sex slave for 8 years, life of Natasha

 

പ്രിക്ലോപ്പിലിന്റെ ലൈംഗിക അടിമയായി ചെലവിട്ട ആ എട്ടുവർഷത്തിന്റെ തുടക്കത്തിൽ എപ്പോഴോ തന്റെ മനസ്സിൽ ആഴത്തിൽ മുറിവേൽപ്പിച്ചു ഒരു സംഭവം നതാഷയുടെ ഓർമയിൽ ഇന്നും നീറുന്നുണ്ട്. തല മൊട്ടയടിച്ച്, വെറും അടിവസ്ത്രം മാത്രം ധരിപ്പിച്ച്, നതാഷയെ അയാൾ വീടിന്റെ വാതിൽ തുറന്ന് പുറത്ത് നിർത്തുമായിരുന്നത്രെ. എന്നിട്ട് അവളുടെ കാതിൽ ഇങ്ങനെ മന്ത്രിക്കും,"നീ ഓടെടീ, എത്ര വേഗത്തിൽ ഓടാമോ അത്രയും വേഗത്തിൽ ഓട്... നീ എത്ര ദൂരം എന്നെ വെട്ടിച്ച് പോവുമെന്ന് ഞാനൊന്നു കാണട്ടെ. അങ്ങനെ നിർത്തിയിരുന്ന നിൽപ്പിൽ നിന്ന് ഒരടി മുന്നോട്ടുവെക്കാനാവാത്തവിധം അവളുടെ മനസ്സ് അയാൾക്ക് അടിപ്പെട്ടു കഴിഞ്ഞിരുന്നു അക്കാലത്ത്. 

തന്റെ അടിമയായിക്കഴിഞ്ഞ നതാഷയ്ക്ക് അയാൾ ഒരു റേഡിയോ വാങ്ങി നൽകി. അവൾക്ക് വായിക്കാൻ പുസ്തകങ്ങളും കൊണ്ടുകൊടുത്തു. ആ പുസ്തകങ്ങളിലൂടെ അവൾ പലതും പഠിച്ചെടുക്കാൻ സ്വയം ശ്രമിച്ചു തുടങ്ങി. അവൾക്കുമേൽ വൈകാരികമോ ശാരീരികമോ ആയ അധീശത്വം സ്ഥാപിക്കാൻ ശ്രമിക്കാത്തതായി ഒരു ദിവസം പോലും കടന്നു പോയിരുന്നില്ല. അയാളുടെ വൈകൃതങ്ങളോട് സഹകരിക്കാൻ മടികാട്ടിയാൽ അവളെ ദിവസങ്ങളോളം പച്ചവെള്ളം പോലും കൊടുക്കാതെ പ്രിക്ലോപ്പിൽ പട്ടിണിക്കിട്ടുകളയുമായിരുന്നു. ആ ഓർമകളിൽ പിന്നീട് അവൾ അയാൾ പറയുന്നതിനൊക്കെ വഴങ്ങിത്തുടങ്ങി. 

ഏതൊരു കൗമാരക്കാരിയുടെയും മനസ്സിൽ കാല്പനികതയെക്കുറിച്ചും, പ്രണയത്തെക്കുറിച്ചുമൊക്കെയുള്ള ഓർമ്മകൾ മൊട്ടിടുന്ന താരുണ്യത്തിന്റെ ദിനങ്ങൾ നതാഷ ചെലവിട്ടത് അതിക്രൂരമായ ഒരു സൈക്കോയുടെ രതിവൈകൃതങ്ങൾക്ക് ഇരയായിക്കൊണ്ടാണ്. അയാൾ അവളെ തുടർച്ചയായി പീഡിപ്പിച്ചുകൊണ്ടിരുന്നു എങ്കിലും, ആ നീണ്ട എട്ടുവർഷങ്ങളിലെ തടവുകാലത്ത് അവൾക്ക് സംസാരിക്കാൻ കിട്ടിയിരുന്ന ഒരേയൊരു മനുഷ്യൻ എന്ന നിലക്ക് അയാളെ അവഗണിക്കാൻ അവൾക്ക് സാധിക്കുമായിരുന്നില്ല. 

 

Abducted from street at the age of 10, sex slave for 8 years, life of Natasha

 

ഒരു ബന്ദിയായി പ്രിക്ലോപ്പിലിന്റെ വീട്ടിലെത്തി എട്ടു വർഷങ്ങൾക്ക് ശേഷം, കൃത്യമായിപ്പറഞ്ഞാൽ 2006 ഓഗസ്റ്റ് 23 -ന് ഉച്ചക്ക്, അയാൾ അവളോട് തന്റെ കാർ തുടച്ച് വെടിപ്പാക്കാൻ പറഞ്ഞു. അപ്പോഴേക്കും, നതാഷക്ക് പതിനെട്ടു വയസ്സ് തികഞ്ഞിട്ടുണ്ടായിരുന്നു. അതിനായി ഒരു വാക്വം ക്ളീനറും അയാൾ അവൾക്ക് നൽകി. അവൾ താനേൽപ്പിച്ച പണിയെടുക്കുന്നത് തൊട്ടടുത്തുനിന്ന് കണ്ടാസ്വദിച്ചുകൊണ്ടിരുന്ന പ്രിക്ലോപ്പിലിന്, 12.54 -ന്  പെട്ടെന്നൊരു വളരെ പ്രധാനപ്പെട്ട ഫോൺ വന്നു. വാക്വം ക്ലീനറിന്റെ ശബ്ദം കാരണം അയാൾക്ക് അപ്പുറത്തുള്ളയാൾ പറയുന്നത് വ്യക്തമാകുന്നുണ്ടായിരുന്നില്ല. ഒരു നിമിഷത്തേക്ക് അയാളുടെ ശ്രദ്ധ അവളിൽ നിന്ന് മാറി. ഇതുതന്നെ അവസരം എന്നുറപ്പിച്ച്, 12.58 -ന്,  അവൾ നേരെ ഓടി ആ വീടിന്റെ ഗാർഡൻ ഗേറ്റിങ്കൽ എത്തി. അതിൽ ചവിട്ടിക്കയറി അപ്പുറം ചാടിയ അവളെ ഒരു നിമിഷനേരം വല്ലാത്തൊരു ശങ്ക ആവേശിച്ചു. ഇടത്തേക്ക് ഓടണോ വലത്തേക്ക് ഓടണോ? എങ്ങോട്ടോടിയാലും അവളെ കാത്തിരിക്കുന്നത് സ്വാതന്ത്ര്യം തന്നെയായിരുന്നു. അവൾ ഓടി... ക്ഷീണിച്ച് കാലുകൾ കഴയ്ക്കും വരെ അവൾ ഓടി. ആദ്യം കണ്ട ഒന്നുരണ്ടു വീടുകളിൽ കേറി സഹായം ചോദിച്ചാലോ എന്ന് അവളാദ്യമോർത്തു എങ്കിലും, പിന്നെ വേണ്ടെന്നുവെച്ചു. അയാളുടെ ആ നശിച്ച വീട്ടിൽ നിന്ന് എത്ര ദൂരം പോകാമോ, അത്രയും ദൂരെ പോവണമായിരുന്നു അവൾക്ക്. 

 

Abducted from street at the age of 10, sex slave for 8 years, life of Natasha

 

ഒടുവിൽ ഇനി ഒരടി വെക്കാനാവില്ല എന്ന അവസ്ഥയായപ്പോൾ അവൾ ആ വഴിയരികിൽ കണ്ട ഒരു വീടിന്റെ തോട്ടത്തിലൂടെ നടന്നു ചെന്ന് അവരുടെ ജനൽച്ചില്ലിൽ തട്ടി വിളിച്ചു. "ആരോട് ചോദിച്ചിട്ടാണ് എന്റെ തോട്ടത്തിൽ കയറിയത്...." എന്ന് അവർ അവളെ ചീത്തപറഞ്ഞു. അടുത്തതായി പൊലീസിനെ വിളിച്ചു. അങ്ങനെ വന്നെത്തിയ പൊലീസിനോട് അവൾ തന്റെ കഥകൾ പറഞ്ഞു. അതോടെ പര്യവസാനമായത് പൊലീസിന്റെ വർഷങ്ങൾ നീണ്ട അന്വേഷണത്തിനായിരുന്നു.

 പ്രിക്ലോപ്പിലിനെ അന്വേഷിച്ചുചെന്ന പൊലീസിന് അടഞ്ഞുകിടക്കുന്ന വാതിൽ കണ്ട് തിരിച്ചു പോരേണ്ടി വന്നു. എട്ടുവർഷത്തോളമായി തന്റെ ലൈംഗിക അടിമയായിരുന്ന നതാഷ രക്ഷപെട്ടതോടെ, താൻ കുടുങ്ങും എന്ന് നല്ല ബോധ്യമുണ്ടായിരുന്ന ആ നാല്പത്തിനാലുകാരൻ നേരെ ചെന്നത് റെയിൽപാളത്തിൽ തലവെക്കാനായിരുന്നു. അതുവഴി കടന്നുപോയ ഒരു മെയിൽ വണ്ടിക്ക് തലവെച്ച് അയാൾ ജീവനൊടുക്കി. 

തിരികെ വീട്ടിലെത്തിയ നതാഷക്ക് തന്റെ അച്ഛനമ്മമാരോട് തിരികെ പഴയപോലെ അടുക്കാൻ അത്രയെളുപ്പത്തിൽ സാധിച്ചില്ല. അവൾ പറഞ്ഞതിനെ ചോദ്യം ചെയ്യുന്ന പല കഥകളും അന്നത്തെ പാപ്പരാസി മാധ്യമങ്ങൾ മെനഞ്ഞെടുത്തതും നതാഷയുടെ സ്വൈരം കെടുത്തി. പലർക്കും അറിയേണ്ടിയിരുന്നത്, ഇത്രയും ദിവസം അവൾ എന്തുകൊണ്ട് ആ തടവിൽ നിന്ന് ഒളിച്ചോടാൻ ശ്രമിച്ചില്ല എന്നതായിരുന്നു. പലരും പറഞ്ഞത് അവൾക്ക് സ്റ്റോക്ക് ഹോം സിൻഡ്രം ആണെന്നായിരുന്നു. 

 

Abducted from street at the age of 10, sex slave for 8 years, life of Natasha

 

പ്രിക്ലോപ്പിലിന്റെ മരണത്തോടെ അവകാശികളില്ലാതായ അയാളുടെ ആ വീട് നഷ്ടപരിഹാരമായി നതാഷക്ക് തന്നെ എഴുതി നൽകാൻ കോടതി ഉത്തരവായി. എട്ട് വർഷത്തോളം പ്രിക്ലോപ്പിൽ അവളെ തടവിൽ പാർപ്പിച്ചിരുന്ന ആ നിലവറ മാത്രം മൂടാൻ കോടതി ഉത്തരവിൽ പ്രത്യേകം പറഞ്ഞിരുന്നു. ആഴ്ചയിൽ ഒരിക്കൽ അവിടെക്ക് ഇന്നും പോകുന്ന നതാഷ പ്രിക്ലോപ്പിൽ തന്നെക്കൊണ്ട് അവിടെ ചെയ്യിച്ചിരുന്ന, വീടുവൃത്തിയാക്കൽ തന്നെ തികഞ്ഞ നിഷ്ഠയോടെ ഇന്നും ചെയ്യുന്നു.  PTSD കാരണം ഇടയ്ക്കിടെ ആ തടവുകാലദിനങ്ങളുടെ ഓർമ്മകൾ അവളുടെ മനസ്സിലേക്ക് ഇടയ്ക്കിടെ കയറിവന്നു കൊണ്ട് അവളെ ഞെട്ടിച്ചു. തന്റെ ജീവിതത്തിലെ ആ ട്രോമയുമായി വൈകാരികമായി വേർപെടാൻ അവൾക്ക് പിന്നീടൊരിക്കലും സാധിച്ചില്ല. പ്രിക്ലോപ്പിൽ മരിച്ച ശേഷം അയാളുടെ മൃതദേഹം കാണാൻ പോയ താൻ അയാളുടെ മരണത്തിൽ സങ്കടം തോന്നി അന്ന് കരഞ്ഞകാര്യവും മറ്റും നതാഷ പിന്നീട്, ഈ സംഭവം നടന്ന് പത്തുവര്ഷത്തിനു ശേഷമെഴുതിയ, ടെൻ ഇയേഴ്സ് ഓഫ് ഫ്രീഡം എന്ന തന്റെ പുസ്തകത്തിൽ എഴുതുന്നുണ്ട്. 

 

Abducted from street at the age of 10, sex slave for 8 years, life of Natasha

 

അതിനും പുറമെയാണ് 'സെക്സ് സ്ലേവ്'ഫെറ്റിഷ് ഉള്ളവരിൽ നിന്ന് അവൾക്ക് ഏൽക്കേണ്ടി വന്ന വേട്ടയാടലുകൾ. രക്ഷപ്പെട്ടതിനു ശേഷമുള്ള വർഷങ്ങളിൽ, നതാഷയെ ഒരു സെക്സ് സ്ലേവ് ആയി ഏറ്റെടുക്കാൻ തയ്യാറെടുപ്പും മോഹവും അറിയിച്ചു കൊണ്ട് പലരും അവൾക്ക് കത്തയക്കുകയും, സമ്മാനങ്ങൾ അയച്ചു നൽകുകയും ഒക്കെയുണ്ടായി.  ഈ സംഭവത്തിന് ശേഷം സ്ഥിരമായ ഒരു പ്രണയബന്ധത്തിൽ ഏർപ്പെടാനുള്ള വൈകാരിക സ്ഥിരത നതാഷയ്ക്ക് ഉണ്ടായിട്ടില്ല, അതുകൊണ്ടുതന്നെ വിവാഹം നടക്കുകയോ, കുഞ്ഞുങ്ങളുണ്ടാവുകയോ ചെയ്തിട്ടില്ലവൾക്ക്. 
 

Follow Us:
Download App:
  • android
  • ios