ഉന്തുവണ്ടിയിൽ അച്ഛനൊപ്പം പച്ചക്കറി വിറ്റുനടന്ന കുട്ടിക്കാലം. എന്നാല്‍, അഭിഷേക് വൈശ്യ എന്ന യുവാവ് ഇന്ന് ഗൾഫിലെ ഒരു വിജയകരമായ സംരംഭകനാണ്. 21-ാം വയസ്സിൽ മാതാപിതാക്കൾക്കായി 1 കോടി രൂപയുടെ ഫ്ലാറ്റാണ് അദ്ദേഹം വാങ്ങിയത്.
ഉന്തുവണ്ടിയിൽ പച്ചക്കറി വിറ്റിരുന്ന അച്ഛൻ, ആ അച്ഛനെ സഹായിച്ചുകൊണ്ടുള്ള ബാല്ല്യം. എന്നാൽ, ഇന്ന് വളരെ വിജയകരമായ ഒരു ജീവിതം നയിക്കുകയാണ് അഭിഷേക് വൈശ്യ എന്ന യുവാവ്. ഒമാനിലും യു.എ.ഇയിലുമായി വിജയകരമായി മുന്നോട്ട് പോകുന്ന സി.എ സ്ഥാപനത്തിന്റെ ഉടമയാണ് അദ്ദേഹം. കൂടാതെ, ഒരു ക്ലൗഡ് കിച്ചൺ ബിസിനസും നടത്തുന്നുണ്ട്. മുംബൈയിലെ വിക്രോലിയിൽ അച്ഛനെ പച്ചക്കറി കച്ചവടത്തിൽ സഹായിച്ചായിരുന്നു അഭിഷേകിന്റെ കുട്ടിക്കാലം കടന്നുപോയത്. എന്നാൽ, കഠിനാധ്വാനം ചെയ്യാനുള്ള മനസ് എക്കാലവും അഭിഷേകിനുണ്ടായിരുന്നു.
അഞ്ച് പേരുള്ള തന്റെ കുടുംബത്തോടൊപ്പം 150 സ്ക്വയർ ഫീറ്റുള്ള ഒരു ചെറിയ വീട്ടിലായിരുന്നു അഭിഷേക് വളർന്നത്. ആ കഷ്ടപ്പാടുകൾ നിറഞ്ഞുനിന്ന ജീവിതത്തിന്റെ ഓർമ്മകൾ എപ്പോഴും അഭിഷേകിലുണ്ടായിരുന്നു. അങ്ങനെയാണ് വെറും 21 -ാം വയസ്സിൽ താനെയിൽ 1 കോടി രൂപ വിലമതിക്കുന്ന ഒരു 2BHK ഫ്ലാറ്റ് അദ്ദേഹം തന്റെ അച്ഛനും അമ്മയ്ക്കുമായി വാങ്ങിയത്. 'എന്റെ അച്ഛനും അമ്മയും നല്ല നിലയിൽ ജീവിക്കണം എന്ന് എനിക്കുണ്ടായിരുന്നു, അതിനാലാണ് 21 -ാമത്തെ വയസ്സിൽ താനിത് ചെയ്തത്' എന്നാണ് കണ്ടന്റ് ക്രിയേറ്ററായ കുശാൽ ലോധയോട് അഭിഷേക് പറഞ്ഞത്. 'എന്റെ അച്ഛൻ ഞങ്ങൾക്കായി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അത്രയും കഷ്ടപ്പാടിലും നമുക്ക് നല്ല വിദ്യാഭ്യാസം കിട്ടുന്നുണ്ടെന്ന് അച്ഛൻ ഉറപ്പ് വരുത്തി. അതിൽ അദ്ദേഹത്തോട് നന്ദിയുണ്ടെനിക്ക്' എന്നും അഭിഷേക് പറയുന്നു.
ഒരു പച്ചക്കറിക്കച്ചവടക്കാരന്റെ മകനിൽ നിന്നും ഗൾഫിലെ ഒരു സംരംഭകനിലേക്കുള്ള അഭിഷേകിന്റെ യാത്രയാണ് ലോധ തന്റെ വീഡിയോയിൽ കാണിക്കുന്നത്. തന്റെ ജീവിതം മാറ്റിമറിച്ചത് ചാർട്ടേഡ് അക്കൗണ്ടൻസി ആണെന്ന് അഭിഷേക് വിശ്വസിക്കുന്നു.

സ്കൂളിൽ പഠിക്കുന്ന കാലത്ത് അച്ഛനോടൊപ്പം പച്ചക്കറി വിൽക്കാൻ വേണ്ടി പുലർച്ചെ എഴുന്നേൽക്കുന്ന നാളുകൾ തൊട്ട് തുടങ്ങിയതാണ് അഭിഷേകിന്റെ കഠിനാധ്വാനം. കോളേജിലും സി.എ ആർട്ടിക്കിൾഷിപ്പിലും എത്തിയപ്പോഴും ആ പതിവ് തെറ്റിച്ചില്ല. പുലർച്ചെ അച്ഛനൊപ്പം മാർക്കറ്റിൽ പോകും, പകൽ ക്ലാസുകളിൽ പങ്കെടുക്കും, രാത്രിയിലിരുന്ന് പഠിക്കും. ഇതായിരുന്നു രീതി. 'എങ്ങനെയെങ്കിലും സമയം കണ്ടെത്തി താൻ പഠിക്കുമായിരുന്നു, ദിവസം 16 മുതൽ 18 മണിക്കൂർ വരെ പഠിച്ചിരുന്ന കാലമുണ്ട്' എന്നും അഭിഷേക് പറയുന്നു. കൃത്യമായ പ്ലാനിംഗും കഠിനാധ്വാനവുമുണ്ടെങ്കിൽ വിജയം കൊയ്യാമെന്നാണ് അഭിഷേകിന്റെ ജീവിതം പഠിപ്പിക്കുന്നത്.
