Asianet News MalayalamAsianet News Malayalam

മുതിർന്ന ഉദ്യോ​ഗസ്ഥരും സഹപ്രവർത്തകരും പീഡിപ്പിക്കുന്നു, നീതികിട്ടാതെ അഫ്​ഗാനിലെ വനിതാ പൊലീസുകാര്‍

ശേഷം ആറ് മാസം നീതി തേടി അവർ അലഞ്ഞു. പക്ഷേ, കോടതി ആ പൊലീസ് ചീഫിനെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടു. 'യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍' എന്നാണ് പൊലീസ് ചീഫ് അവരുടെ ആരോപണത്തെ കുറിച്ച് പറഞ്ഞത്.

abuse allegation against Afghan police
Author
Afghanistan, First Published Jun 4, 2021, 4:44 PM IST

അഫ്​ഗാൻ പൊലീസിൽ സ്ത്രീകളെ കൂടി ഉൾപ്പെടുത്തിയത് വലിയ മുന്നേറ്റമായും മാറ്റമായും കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ, അങ്ങനെ ഉൾപ്പെട്ട പല സ്ത്രീകൾക്ക് നേരെയും ലൈം​ഗികാതിക്രമങ്ങളടക്കം വലിയ തരത്തിലുള്ള അതിക്രമങ്ങളാണ് നടക്കുന്നത് എന്ന് ബിബിസി റിപ്പോർട്ട് ചെയ്യുകയാണ്. ഇത്രയും വലിയൊരു മാറ്റം കൊണ്ടു വന്നുവെങ്കിലും അതിന് പിന്നാലെ ഇങ്ങനെയും ചില യാതനകളുണ്ടാകുന്നുണ്ട്. അത് സര്‍ക്കാര്‍ കാണുന്നില്ല എന്നാണ് ഇവിടുത്തെ വനിതാ പൊലീസുകാര്‍ പറയുന്നത്. മുതിര്‍ന്ന ഉദ്യോഗസ്ഥരും സഹപ്രവര്‍ത്തകരും പീഡിപ്പിക്കുന്നുവെന്നും ലൈംഗികാതിക്രമങ്ങള്‍ നടത്തുന്നുവെന്നും വനിതാ പൊലീസുകാര്‍ പറയുന്നു. എന്നാല്‍, അതിനെതിരെ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.  

ഇന്ന് അഫ്ഗാന്‍ നാഷണല്‍ പൊലീസില്‍ 3,900 വനിതാ ഉദ്യോഗസ്ഥരുണ്ട്. കാബൂളിലേക്ക് സ്ഫോടകവസ്തുക്കൾ എന്തെങ്കിലും കടത്തുന്നുണ്ടോ എന്ന് യാത്രക്കാരുടെ ബാഗുകളും മറ്റും പരിശോധിക്കുന്നതടക്കമുള്ള പ്രധാനപ്പെട്ടതും അപകടകരമായതുമായ ജോലിയടക്കം ഇവര്‍ ചെയ്യുന്നു. കൂടുതല്‍ സ്ത്രീകളെ പൊലീസ് സേനയിലേക്ക് ആകര്‍ഷിക്കാനും നിയമിക്കാനുമായി പ്രൊപഗാന്‍ഡ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങൾ സർക്കാർ നടത്തുന്നുണ്ട്. 

abuse allegation against Afghan police

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ പ്രൊമോഷണല്‍ വീഡിയോ കണ്ട് ഈ സ്ത്രീ പൊലീസില്‍ ചേരുന്നത്. എന്നാല്‍, തനിക്ക് അവിടെ ഉണ്ടായത് തീര്‍ത്തും വ്യത്യസ്തമായ അനുഭവമാണ് എന്നാണ് അവര്‍ പറയുന്നത്. അവളുടെ ബോസ് അവളോട് പറഞ്ഞത് രാത്രികാലങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം കഴിയണം എന്നാണ്. അവളതിനെ എതിര്‍ക്കുകയും ലോക്കല്‍ ഇന്‍റലിജന്‍സ് ഓഫീസില്‍ ചെന്ന് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, അന്ന് രാത്രി അവളെ ബലമായി പൊലീസ് സ്റ്റേഷനിലേക്ക് പിടിച്ചുകൊണ്ടുപോയി. 

'അയാളെന്‍റെ വസ്ത്രങ്ങളഴിച്ചു മാറ്റി. വാതില്‍ അടച്ചിരുന്നു. ഞാന്‍ ഉറക്കെ ഒച്ചയുണ്ടാക്കുകയും കരയുകയും ചെയ്തു. പക്ഷേ, ആരും എന്‍റെ രക്ഷയ്ക്കെത്തിയില്ല. കാരണം, അയാള്‍ പൊലീസ് ചീഫായിരുന്നു. എല്ലാവര്‍ക്കും അയാളെ പേടിയായിരുന്നു. അയാളെന്നെ ബലാത്സംഗം ചെയ്തു. പിന്നെ, വലിച്ചെറിഞ്ഞു' അവർ പറയുന്നു.  

ശേഷം ആറ് മാസം നീതി തേടി ആ വനിതാപൊലീസുകാരി അലഞ്ഞു. പക്ഷേ, കോടതി ആ പൊലീസ് ചീഫിനെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടു. 'യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍' എന്നാണ് പൊലീസ് ചീഫ് അവരുടെ ആരോപണത്തെ കുറിച്ച് പറഞ്ഞത്. അങ്ങനെയാണ് പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടാനും സംഭവിച്ച കാര്യങ്ങള്‍ പറയാനും അവർ തീരുമാനിച്ചത്. 

'ഞാനിനി എന്താണ് ചെയ്യേണ്ടത് എന്ന് ജഡ്ജിനോട് ചോദിച്ചു. അയാള്‍ പറഞ്ഞത്, പോ, പോയി ആത്മഹത്യ ചെയ്യൂ എന്നാണ്. ഞാന്‍ ഏഴ് ഡോളര്‍ കടം വാങ്ങി അതിന് പെട്രോള്‍ വാങ്ങി' അവർ പറയുന്നു. അങ്ങനെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പെട്രോളുമായി അവര്‍ സിറ്റി സ്ക്വയറിലെത്തി തനിക്ക് സംഭവിച്ചത് ജനങ്ങളോട് പറഞ്ഞു. ആത്മഹത്യ ചെയ്യുന്നതില്‍ നിന്നും ജനങ്ങള്‍ അവളെ തടഞ്ഞു. തുടര്‍ന്ന് ജഡ്ജ് പറഞ്ഞത് അവർക്ക് ആവശ്യത്തിനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല എന്നാണ്. അവളോട് ആത്മഹത്യ ചെയ്യൂ എന്ന് പറഞ്ഞിട്ടില്ല എന്നും ജഡ്ജ് പറഞ്ഞു. 

'അതിക്രമത്തിന് ഇരയാകേണ്ടി വരുന്ന സ്ത്രീകള്‍ അവരുടെ ശബ്ദമുയര്‍ത്തിയാല്‍ അതിന് കൃത്യമായ പരിഹാരവും, അവര്‍ക്ക് സുരക്ഷയും നല്‍കി കാണിച്ചു കൊടുക്കുകയാണ് വേണ്ടത്' എന്ന് ഡെപ്യൂട്ടി ഇന്‍റീരിയര്‍ മിനിസ്റ്റര്‍ ഹൊസ്ന ജലീല്‍ പറയുന്നു. ഒരു സ്ത്രീ എന്ന നിലയിൽ ഹൊസ്നയ്ക്ക് നേരെയും വലിയ തരത്തിലുള്ള വിവേചനവും പ്രതികാര നടപടികളും ഉയര്‍ന്നു വന്നിരുന്നു. 

എന്നാൽ, സുരക്ഷ ഉറപ്പാക്കപ്പെടുന്നില്ല എന്ന് മാത്രമല്ല. ദിവസേനയെന്നോണം ലൈംഗികാതിക്രമം നടക്കുന്നു. എന്നാല്‍, പലപ്പോഴും ആരോപണവിധേയരാവുന്നവര്‍ ശക്തരാണ്. അതിനാല്‍ തന്നെ കേസ് എവിടെയും എത്താതെ പോവുകയുമാണ്. 'വുമണ്‍ ഫോര്‍ അഫ്ഗാന്‍ വുമണി'ലെ ബെനാഫ്ഷ അമിറി പറയുന്നത്, 2019 -ലും 2020 -ലും പൊലീസ് സ്റ്റേഷനില്‍ നിന്നും അഭയകേന്ദ്രത്തിലുള്ള യാത്രക്കിടെ പരാതിക്കാര്‍ക്കും പൊലീസുകാരിൽ നിന്നും ലൈംഗികാതിക്രമങ്ങള്‍ നേരിടേണ്ടി വന്നു എന്നാണ്. 

എത്ര സ്ത്രീകള്‍ക്ക് ഇതുപോലെ പൊലീസില്‍ നിന്നും ലൈംഗികാതിക്രമങ്ങള്‍ നേരിടേണ്ടി വന്നുവെന്ന് കൃത്യമായി പറയാനാവില്ല എന്ന് ബിബിസി പറയുന്നു. എന്നാല്‍, മാസങ്ങളായി ശേഖരിച്ച വിവരങ്ങളില്‍ നിന്നും മനസിലാവുന്നത് വ്യാപകമായി പീഡനം നടക്കുന്നുണ്ട് എന്ന് തന്നെയാണ്. നേരത്തെ പറഞ്ഞ പൊലീസുകാരി ഇപ്പോഴും നീതിക്ക് വേണ്ടി പോരാടുകയാണ്. അതിന്‍റെ ഭാഗമായി വലിയ വേദനയിലൂടെയും വിഷമങ്ങളിലൂടെയുമാണ് അവള്‍ കടന്നുപോകുന്നത്. ബിബിസി സംസാരിച്ച അതിക്രമങ്ങള്‍ നേരിടേണ്ടി വന്ന സ്ത്രീകള്‍ക്ക് മേല്‍ പരാതികള്‍ പിന്‍വലിക്കാനുള്ള സമ്മര്‍ദ്ദങ്ങളുണ്ടാകുന്നുണ്ട്. എന്നാല്‍, അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ നിന്നും തങ്ങള്‍ പിന്തിരിയാന്‍ തയ്യാറല്ല എന്നും അവര്‍ പറയുന്നു. 

(ചിത്രങ്ങളില്‍ അഫ്​ഗാനിലെ പൊലീസുകാർ/ ഫയൽ ചിത്രം/ ​ഗെറ്റി)

Follow Us:
Download App:
  • android
  • ios