ഇംഗ്ലണ്ടിൽ ഇപ്പോഴും വംശീയ അധിക്ഷേപങ്ങളും, വിവേചനങ്ങളും നിലനിൽക്കുന്നു എന്നത് ഒരു വസ്‍തുതയാണ്. ജീവിതത്തിലെ എല്ലാ മേഖലയിലും അതിന്‍റെ സ്വാധീനം കാണാം, പ്രത്യേകിച്ച് രാഷ്ട്രീയത്തിൽ. പലപ്പോഴും, ഒരു സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഒരു വ്യക്തിക്ക് പലവിധ കുപ്രചരണങ്ങൾക്കും വ്യക്തിഹത്യക്കും ഇരയാകേണ്ടിവരും. വംശീയ അധിക്ഷേപങ്ങൾ തുടങ്ങി ബലാത്സംഗ ഭീഷണികൾവരെ അതിൽപ്പെടും. രാഷ്ട്രീയ സ്ഥാനാർത്ഥികളെയും, അവരുടെ കൂട്ടാളികളെയും ചളിവാരിയെറിയാൻ തയ്യാറായി നിൽക്കുന്ന ഒരു കലുഷിത അന്തരീക്ഷത്തിലാണ് പലപ്പോഴും അവർക്ക് മത്സരിക്കേണ്ടി വരിക.

ഇത്തരമൊരു സാഹചര്യത്തിലാണ് 33 -കാരിയായ ജൂലിയ ഒഗീഹോറിൻ എംപിയായി മത്സരിക്കുന്നത്. ജൂലിയ ആ ചുമതല ധൈര്യത്തോടെ ഏറ്റെടുക്കുകയായിരുന്നു. തെക്കൻ ലണ്ടനിലെ കേംബർ‌വെലിലും പെക്കാമിലും ലിബറൽ ഡെമോക്രാറ്റ് സ്ഥാനാർത്ഥിയായി അവർ മത്സരിച്ചു. പക്ഷേ, അതിന്‍റെ ഭാഗമായി അവരനുഭവിച്ച മാനസികപീഡനം വളരെ വലുതായിരുന്നു.

മത്സരകാലഘട്ടത്തിൽ അവർ ഒരുപാട് അപമാനിക്കപ്പെട്ടു, പ്രത്യേകിച്ച് വംശീയമായി. "ഞാൻ  വെളുത്തവളല്ലെന്നും, എവിടെനിന്നാണോ വന്നത് അവിടേക്ക് തന്നെ തിരികെ പോകണമെന്നും എന്നോട് പറഞ്ഞിട്ടുണ്ട്. ഞാൻ ഇവിടെ ആരുമല്ലെന്നും എന്നോട് പറഞ്ഞിട്ടുണ്ട്" ജൂലിയ ഓർത്തു. ഇതൊന്നും പോരാതെ അവർക്ക് മത്സരിക്കാൻ യോഗ്യതയില്ലെന്നും, അവർക്ക് പറ്റിയ പണി മക്ഡൊണാൾഡിൽ ഒരു ജോലിക്കാരിയാവുകയാണെന്നും അവരോടു പറയുകയുണ്ടായി.

"ഞാനും മനുഷ്യനാണ്, എനിക്കും നോവും" അവർ പറഞ്ഞു. പ്രചരണത്തിനിടയിൽ അവർ പലപ്പോഴും കരഞ്ഞു. ആരോടും മിണ്ടാതെ കിടക്കയിൽ തന്നെ സമയം ചെലവഴിച്ച സന്ദർഭങ്ങളും കുറവല്ലെന്ന് അവർ പറയുന്നു. ആളുകളുടെ കുത്തുവാക്കുകൾ കേട്ട് അവർ പരിതപിച്ചു... ദുഃഖിച്ചു... വേദനിച്ചു. എന്നിട്ടും പിന്മാറാൻ അവർ തയ്യാറായില്ല. അവർ മത്സരിക്കുക തന്നെ ചെയ്‍തു.

യുകെയിലുടനീളം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ സംബന്ധിച്ചിടത്തോളം വളരെ സങ്കീർണമായ ഒരു സമയമാണ് അത്. പൊതുതെരഞ്ഞെടുപ്പ് അവർക്ക് വിശ്രമമില്ലാത്ത ദിവസങ്ങൾ മാത്രമല്ല, തുടർച്ചയായുള്ള വ്യക്തിഗത ആക്രമണങ്ങളും സമ്മാനിക്കുന്നു. ഷെഫീൽഡ് സർവകലാശാല നടത്തിയ പഠനമനുസരിച്ച്, സ്ഥാനാർത്ഥികൾക്ക് തെരഞ്ഞെടുപ്പ് വേളയിൽ ഇത്തരം അധിക്ഷേപങ്ങൾ വളരെ അധികമായി നേരിടേണ്ടി വരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്.

ആൻഡ്രിയ ജെൻകിൻസ് വെസ്റ്റ് യോർക്ക്ഷെയറിൽ കൺസർവേറ്റീവ് പാർട്ടിയുടെ എംപിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതാണ്. അവർക്കും വ്യക്തിഹത്യയെ കുറിച്ച് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. 2015 -ൽ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടതു മുതൽ തനിക്ക് ബലാത്സംഗഭീഷണിയും വധഭീഷണിയും നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് അവർ പറയുന്നു. ഒരാൾ ഓഫീസ് തല്ലിപ്പൊട്ടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‍തുവെന്നും  അവർ പറഞ്ഞു. പൊതുതെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള ഇത്തരം ആക്രമണങ്ങൾ കഴിഞ്ഞ വർഷങ്ങളിലേതിനേക്കാൾ മോശമായിരുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു.

അത് മാത്രമല്ല, ഈ വിഷമയമായ അന്തരീക്ഷത്തിൽ കൊലപാതകങ്ങൾ വരെ നടക്കുന്നു എന്നത് എല്ലാവരെയും ഭയപ്പെടുത്തുന്ന കാര്യമാണ്. 2016 -ൽ ലേബർ പാർട്ടി നേതാക്കളായ ബാറ്റ്‌ലിയുടെയും സ്‌പെൻ എംപി ജോ കോക്‌സിന്‍റെയും കൊലപാതകം നിരവധി സ്ഥാനാർത്ഥികളെയാണ് ഭീതിയിലാഴ്ത്തിയത്. ഇതേത്തുടർന്ന് നേതാക്കളുടെ സുരക്ഷക്കായി നിരവധി മാർഗ്ഗങ്ങളാണ് പൊലീസ് കൈകൊണ്ടിട്ടുള്ളത്. ഓൺലൈനിലോ, വ്യക്തിപരമായോ വാക്കുതർക്കത്തിൽ ഏർപ്പെടരുതെന്നും, ദുരുപയോഗം ചെയ്യുന്നവരെ ഓൺലൈനിൽ തടയണമെന്നും, ഭീഷണിപ്പെടുത്തൽ റിപ്പോർട്ട് ചെയ്യണമെന്നും പൊലീസ് സ്ഥാനാർത്ഥികളെ ഉപദേശിച്ചു. ചില സ്ഥാനാർത്ഥികൾക്ക് അവരുടേതായ സുരക്ഷാ നിയമങ്ങളുണ്ട്. അവർ ഒറ്റയ്ക്കോ ഇരുട്ടിനുശേഷമോ പുറത്തുപോകാറില്ല, മറ്റ് ചിലർ സുരക്ഷാ അലാറങ്ങൾ കൊണ്ടുനടക്കുന്നു.

പ്ലിമൗത്തിനെ പ്രതിനിധീകരിക്കുന്ന ആദ്യത്തെ സ്വവർഗ്ഗാനുരാഗിയായ എംപി ലൂക്ക് പൊള്ളാർഡിന് തന്‍റെ മണ്ഡലത്തിന്‍റെ പ്രധാന ഭാഗത്ത് ഒരു ഓഫീസ് ഉണ്ട്. ആളുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാനായിട്ടാണ് അവിടെത്തന്നെ അദ്ദേഹം ഓഫീസ് തുടങ്ങിയത്. എന്നാൽ, തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഓഫീസ് രണ്ടു തവണ ആക്രമിക്കപ്പെടുകയും ചുവരിൽ രണ്ടുതവണ അസഭ്യ ചിത്രങ്ങൾ വരക്കുകയും ചെയ്‍തു. വംശീയമായി മാത്രമല്ല, മതപരമായിട്ടും സ്ഥാനാർത്ഥികൾക്ക് അവഹേളനം നേരിടേണ്ടിവരുന്നുണ്ട്. 2014 ൽ യഹൂദമതത്തിലേക്ക് പരിവർത്തനം ചെയ്‍ത നിക്കോൾസ് തന്‍റെ മതവുമായി ബന്ധപ്പെട്ട ഒരുപാട് അപവാദങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്.

ഇന്ത്യയിലെ രാഷ്ട്രീയ രംഗത്ത് മാത്രമല്ല ഇതുപോലുള്ള കുതികാൽവെട്ടുകളും, പരസ്പരമുള്ള ദുഷ്പ്രചരങ്ങളും നടക്കുന്നത്. യു കെയിലും ഇത്തരം രാഷ്ട്രീയ സാഹചര്യമാണുള്ളതെന്ന് ഇത് തെളിയിക്കുന്നു. പക്ഷേ, ഇങ്ങനെയൊക്കെയാണെങ്കിലും സ്ഥാനാർത്ഥികൾ ഇപ്പോഴും മത്സരിക്കാനും പ്രചരണം നടത്താനും മുന്നോട്ടുവരുന്നു.