Asianet News MalayalamAsianet News Malayalam

Berfin Ozek acid attack : ആസിഡാക്രമണത്തിൽ ഗുരുതരപരിക്ക്, എന്നിട്ടും ആസിഡൊഴിച്ചയാളെ തന്നെ വിവാഹം ചെയ്‍ത് യുവതി

കൊവിഡ് -19 മഹാമാരി മൂലമുണ്ടായ നിയമപരിഷ്‌കാരങ്ങൾ കാരണം, കാസിം ജയിൽ നിന്ന് മോചിതനായി. അവിടെ നിന്ന് പുറത്തിറങ്ങിയ ഉടൻ തന്നെ അയാൾ അവളോട് വിവാഹാഭ്യർത്ഥന നടത്തി. ഏറ്റവും വിചിത്രമായ കാര്യം അവൾ രണ്ടാമതൊന്ന് ചിന്തിക്കാതെ അതിന് യെസ് പറഞ്ഞു എന്നതാണ്. 

acid attack survivor marries attacker boyfriend
Author
Turkey, First Published Dec 27, 2021, 11:37 AM IST

പ്രേമത്തിന് കണ്ണും മൂക്കുമില്ലെന്ന് നമ്മൾ പറയാറുണ്ട്. എന്നാൽ, വകതിരിവുമില്ലെന്ന് തോന്നിപ്പോകും 20 -കാരിയായ ബെർഫിൻ ഒസെക്കി(Berfin Ozek)ന്റെ ജീവിതം കണ്ടാൽ. ഭീകരമായ ആസിഡ് ആക്രമണ(Acid attack)ത്തിലൂടെ തന്റെ മുഖം വികൃതമാക്കിയ അതേ വ്യക്തിയെ തന്നെ പ്രേമിച്ച്, വിവാഹം കഴിച്ചിരിക്കയാണ് ബെർഫിൻ. 2019 -ലാണ് 23 -കാരനായ കാസിം ഓസാൻ സെൽറ്റിക്(Casim Ozan Celtik) അവളുടെ മുഖത്ത് ആസിഡ് ഒഴിച്ചത്. അയാളുമായുള്ള സ്നേഹബന്ധത്തിൽ നിന്ന് പിന്മാറിയതിന്റെ പ്രതികാരമായിരുന്നു ആ ആക്രമണം. "എനിക്ക് നിന്നോടൊപ്പം ജീവിക്കാൻ കഴിയുന്നില്ലെങ്കിൽ, വേറെ ആർക്കും അതിന് കഴിയേണ്ടെന്ന്" ആസിഡ് മുഖത്ത് ഒഴിക്കുന്നതിന് മുൻപ് കെൽറ്റിക് അവളോട് പറഞ്ഞു. 

ആക്രമണത്തെത്തുടർന്ന് ബെർഫിന് അതികഠിനമായ വേദന അനുഭവപ്പെട്ടു. അവൾ മരിക്കുമെന്ന് തന്നെ അന്ന് എല്ലാവരും വിധിയെഴുതി. എന്നാൽ, അവൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ആക്രമണത്തിൽ, കണ്ണിലും ആസിഡ് വീണിരുന്നു. അതുകൊണ്ട് തന്നെ, കാഴ്ചയുടെ 70 ശതമാനം അവൾക്ക് നഷ്ടമായി. പൊലീസിൽ സംഭവം റിപ്പോർട്ട് ചെയ്തതിന് ശേഷം, കാസിം അവളോട് ക്ഷമാപണം നടത്താൻ തുടങ്ങി. 

ഇതിനിടയിൽ അയാളെ പൊലീസ് ജയിലിലടച്ചു. ആദ്യമൊക്കെ അവൾ അവനെ എതിർത്ത് നിന്നു. എന്നാൽ, പതുക്കെ പതുക്കെ അവളുടെ മനസ്സും മാറാൻ തുടങ്ങി. അയാൾക്കെതിരെയുള്ള പരാതി പോലും പിൻവലിക്കാൻ അവൾ ഒരു ഘട്ടത്തിൽ തീരുമാനിച്ചു. ആ സമയത്ത് അവൾ പൊലീസിന് എഴുതി: "അവൻ അവിടെ നാല് ചുവരുകൾക്കുള്ളിൽ കഴിയുന്നത് എനിക്ക് സഹിക്കുന്നില്ല. ഞങ്ങൾ പരസ്പരം ഒരുപാട് കത്തിടപാടുകൾ നടത്തിയിട്ടുണ്ട്. ഞാൻ എന്നെത്തന്നെ അവനു നൽകി. ഞാൻ അവനെ വളരെയധികം സ്നേഹിക്കുന്നു, അവൻ എന്നെയും." എന്നാൽ അവളുടെ ഈ തീരുമാനം പുറത്തറിഞ്ഞതോടെ, പെൺകുട്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരാൻ തുടങ്ങി. അതിനുശേഷം തനിക്ക് തെറ്റ് പറ്റി എന്ന് മനസ്സിലാക്കിയ അവൾ പരാതിയുമായി  മുന്നോട്ട് പോയി.  

തൽഫലമായി, തുർക്കിയിലെ ഇസ്കെൻഡറുൺ ജില്ലയിലെ ഒരു കോടതി അവളുടെ മുൻ കാമുകനെ 13 വർഷവും ആറ് മാസവും തടവിന് ശിക്ഷിച്ചു. എന്നാൽ, കൊവിഡ് -19 മഹാമാരി മൂലമുണ്ടായ നിയമപരിഷ്‌കാരങ്ങൾ കാരണം, കാസിം ജയിൽ നിന്ന് മോചിതനായി. അവിടെ നിന്ന് പുറത്തിറങ്ങിയ ഉടൻ തന്നെ അയാൾ അവളോട് വിവാഹാഭ്യർത്ഥന നടത്തി. ഏറ്റവും വിചിത്രമായ കാര്യം അവൾ രണ്ടാമതൊന്ന് ചിന്തിക്കാതെ അതിന് യെസ് പറഞ്ഞു എന്നതാണ്. അവളുടെ കുടുംബത്തെ ഞെട്ടിച്ചു കൊണ്ട്, ഈ മാസം ആദ്യം ഇരുവരും വിവാഹിതരായി. "ഞങ്ങൾ അറിയാതെ അവൾ അവനെ വിവാഹം കഴിച്ചു. വർഷങ്ങളായി ഞാൻ അവൾക്കുവേണ്ടി പോരാടുകയാണ്. ഇപ്പോൾ എല്ലാം വെറുതെയായി" ബെർഫിന്റെ പിതാവ് യാസർ ഒസെക് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios