വന്യജീവികളുടെ വന്‍തോതിലുള്ള വംശനാശവും ആവാസവ്യവസ്ഥയുടെ തകര്‍ച്ചയും തടയാന്‍ ഇനിയും നടപടിയെടുത്തില്ലെങ്കില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഐക്യരാഷ്ട്രസഭ ജൈവ വൈവിധ്യകാര്യ മേധാവി എലിസബത്ത് മരുമാ മ്രെമ. 2020 മറ്റ് വര്‍ഷങ്ങളെപ്പോലെ തന്നെ മറ്റൊരു 'സമ്മേളന വര്‍ഷം' മാത്രമായി മാറരുത്. ഭൂമിയുടെ ആവാസവ്യവസ്ഥയുടെ നാശം തടയണമെങ്കില്‍ മലിനീകരണം, വനനശീകരണം, കാലാവസ്ഥാ വ്യതിയാനം എന്നിവ ഇല്ലാതിരിക്കാനുള്ള നടപടികളുണ്ടാവണം. അതിനുള്ള ശ്രമങ്ങള്‍ ലോകരാജ്യങ്ങള്‍ നടത്തണമെന്നും മ്രെമ മുന്നറിയിപ്പ് നല്‍കി. 

പകര്‍ച്ചവ്യാധികള്‍, ഭീകരാക്രമണങ്ങള്‍, അന്തര്‍സംസ്ഥാന സംഘര്‍ഷങ്ങള്‍ എന്നിവയ്ക്ക് പുറമെ വരും വര്‍ഷങ്ങളിലെ മറ്റൊരപകടം ജൈവവൈവിധ്യത്തിലുണ്ടാകുന്ന നാശമായിരിക്കുമെന്നാണ് ദാവോസ് വേള്‍ഡ് എക്കണോമിക് ഫോറം നല്‍കുന്ന മുന്നറിയിപ്പ്. മനുഷ്യരടങ്ങുന്ന ആവാസവ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന പവിഴപ്പുറ്റുകളും മഴക്കാടുകളും നശിച്ചുകൊണ്ടേയിരിക്കുകയാണ്. അത് വിരല്‍ചൂണ്ടുന്നത് മനുഷ്യരുടെ നിലനില്‍പ്പ് തന്നെ നാശത്തിലേക്കാണ് എന്ന സത്യത്തിലേക്കാണ്. ലോകം ശൂന്യമായിക്കൊണ്ടിരിക്കുകയാണ്. വിനാശകരമായ പ്രത്യാഘാതങ്ങളാണുണ്ടാവാന്‍ പോവുന്നത്. 

 

മനുഷ്യന്‍ നിലനില്‍ക്കുന്നതുതന്നെ ഈ ജൈവവൈവിധ്യങ്ങളെ ആശ്രയിച്ചാണ്. അതൊരിക്കലും നമ്മള്‍ ഓര്‍ക്കാറില്ല. അതൊന്നും അഭിനന്ദിക്കപ്പെടാറുമില്ല. മനുഷ്യന്‍റെ ആരോഗ്യം തന്നെ നിലകൊള്ളുന്നത് ആവാസവ്യവസ്ഥയെ അടിസ്ഥാനപ്പെടുത്തിയാണ്. ശുദ്ധജലത്തിന്‍റെ ലഭ്യത, ഇന്ധനം, ഭക്ഷ്യ സ്രോതസ്സ് ഇവയെല്ലാം അതില്‍ ഉള്‍ക്കൊള്ളുന്നു. ഇതൊക്കെയാണ് മനുഷ്യരുടെ ആരോഗ്യത്തിനും ഉപജീവനത്തിനും അത്യാവശ്യമായി വേണ്ടതെന്ന് ഗാര്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ മ്രെമ പറഞ്ഞു. 

കഴിഞ്ഞ വർഷം മെയ് മാസത്തിൽ ലോകത്തെ പ്രമുഖ ശാസ്ത്രജ്ഞരും ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ഒരു കോടി വർഷത്തെ ശരാശരിയെക്കാൾ പത്തോ നൂറോ ഇരട്ടി വേഗത്തിലാണ് ഇന്ന് പ്രകൃതിക്ക് നാശം സംഭവിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യർ ഇന്നിവിടെ നടത്തിക്കൊണ്ടിരിക്കുന്നത് ഭൂമിയുടെ ചരിത്രത്തിലെ ആറാമത്തെ സർവനാശയജ്ഞമാണ് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതിനെ തടയാൻ എന്തെങ്കിലും ചെയ്യാൻ കഴിയുമെന്നുണ്ടെങ്കിൽ, അതുചെയ്യാൻ ഇനി ഏറെ നേരമില്ല എന്നുമവര്‍ മുന്നറിയിപ്പ് നല്‍കി.

“ബിസിനസ്സുകാര്‍, പ്രാദേശിക സമൂഹങ്ങൾ, സിവിൽ സൊസൈറ്റി, യുവാക്കൾ തുടങ്ങി നാമെല്ലാവരും സർക്കാരുകളുടെ നേതൃത്വത്തിൽ നടപടികളെടുക്കാനും പ്രവര്‍ത്തിക്കാനും തയ്യാറാവണം. ഞങ്ങൾ വർഷങ്ങളായി മാറ്റത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. എന്നാല്‍, ശരിക്കും ഒരു മാറ്റം വരണമെങ്കില്‍ ഞങ്ങൾക്ക് ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍നിന്നും മാറി കുറച്ചുകൂടി മെച്ചപ്പെട്ട പ്രവര്‍ത്തനം ആവശ്യമാണ്” എന്നും മ്രെമ പറഞ്ഞു.

കഴിഞ്ഞയാഴ്ചയാണ് ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ പാരിസ് സ്റ്റൈല്‍ യുഎൻ കരാറിന്റെ കരട് ആദ്യമായി പ്രസിദ്ധീകരിച്ചത്. കുറഞ്ഞത് 30% ഭൂമിയെ എങ്കിലും സംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധരായിരിക്കണം എന്നിതില്‍ പറയുന്നു. ആക്രമണകാരികളായ ജീവജാലങ്ങളുടെ നിയന്ത്രണം, പ്ലാസ്റ്റിക് മാലിന്യങ്ങൾ, അധിക പോഷകങ്ങൾ എന്നിവയിൽ നിന്നുള്ള മലിനീകരണം 50% കുറയ്‌ക്കുക എന്നിവയ്ക്കും ഇത് മുന്‍തൂക്കം നല്‍കുന്നു. 

 

നമ്മള്‍ ശാസ്ത്രവും പഠനങ്ങളും എന്താണ് പറയുന്നതെന്ന് ശ്രദ്ധിക്കുന്നില്ല. ഇങ്ങനെ ജൈവവൈവിധ്യങ്ങള്‍ നശിച്ചുതുടങ്ങിയാല്‍ മനുഷ്യര്‍ മരിച്ചുതുടങ്ങും, ഇങ്ങനെ അധപതനം തുടര്‍ന്നാല്‍ വനനശീകരണം തുടരും, മലിനീകരണം തുടരും. ഈ ഭൂമിയെ സംരക്ഷിക്കാനാകാത്ത രാജ്യാന്തര ശക്തിയെന്ന് നമ്മള്‍ പരാജയപ്പെടും. അങ്ങനെയൊരു പരാജയമാവാന്‍ നമ്മളാരും ആഗ്രഹിക്കുന്നില്ലായെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്നും മ്രെമ പറയുന്നു. 

താനൊരു കുഞ്ഞായിരുന്നപ്പോള്‍ വാഴത്തോട്ടങ്ങള്‍ക്കിടയിലൂടെയെല്ലാം വെള്ളമൊഴുകുന്നത് കാണാമായിരുന്നു. പക്ഷേ, ഇന്ന് ഞാന്‍ മുതിര്‍ന്നപ്പോള്‍ ആ സ്ഥലമെല്ലാം വരണ്ടിരിക്കുകയാണ്. ഓരോ തവണ ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടപെടുമ്പോഴും എന്‍റെ സ്‍കൂള്‍ കാലത്ത് ഞാന്‍ കണ്ടതെന്തായിരുന്നു എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. അതുരണ്ടും തമ്മില്‍ താരതമ്യം ചെയ്യാന്‍പോലും എനിക്ക് കഴിയില്ല. അവിടെയിന്ന് വെള്ളമില്ല, ചെടികളില്ല, കാടുകളില്ല. ആ സ്ഥലമെല്ലാം ഇന്ന് വരണ്ടും ഒഴിഞ്ഞും കിടക്കുകയാണ്. ഇന്ന് മുതിര്‍ന്നപ്പോള്‍ എനിക്ക് പറയാന്‍ സാധിക്കും നമ്മള്‍ പരാജയപ്പെട്ടിരിക്കുന്നുവെന്ന്. നമ്മുടെ യുവാക്കളോട്, നമ്മുടെ കുഞ്ഞുങ്ങളോട് നമ്മള്‍ പരാജയപ്പെട്ടിരിക്കുന്നു. ഈ ഭൂമി ഇങ്ങനെ മലിനമാക്കപ്പെട്ടാല്‍ നാളെ അവര്‍ നമ്മളോട് ചോദിക്കും എത്ര മോശപ്പെട്ട ഭൂമിയാണ് നമ്മളവര്‍ക്ക് നല്‍കിയിരിക്കുന്നതെന്ന്. അവര്‍ കാണുന്ന കടല്‍ നിറയെ പ്ലാസ്റ്റിക് ആണ്. കാടെന്ന് പറഞ്ഞിരിക്കുന്ന ഇടങ്ങളെല്ലാം അവര്‍ നോക്കുമ്പോള്‍ വരണ്ട വെറും നിലമായിരിക്കുന്നു. നമ്മുടെ ഉപഭോക്തൃരീതി കൂടുതല്‍ കൂടുതല്‍ മലിനീകരണത്തിന് കാരണമാകുന്നതാണ്. 

 

ഇന്ന് കുട്ടികള്‍ക്ക് അറിയാം, അവരുടെ അവകാശങ്ങളെന്തൊക്കെയാണെന്ന്, അവര്‍ക്ക് എന്തൊക്കെയാണ് വേണ്ടതെന്ന്, അവരുടെ മാതാപിതാക്കളില്‍നിന്നും അവരെന്താണ് ആഗ്രഹിക്കുന്നതെന്നും ഇന്നത്തെ കുട്ടികള്‍ക്ക് വ്യക്തമായി അറിയാം. നമ്മള്‍ മുതിര്‍ന്നപ്പോള്‍ അനുഭവിച്ചതിനേക്കാള്‍ ഇരട്ടിയായിരിക്കും നമ്മുടെ കുട്ടികള്‍ മുതിരുമ്പോള്‍ അനുഭവിക്കുന്നത്. തീരുമാനങ്ങളെടുക്കുന്നതില്‍ അവരുടെ പങ്ക് കൂടിയുണ്ടെന്നുറപ്പിക്കാനും ഇന്നവര്‍ ശ്രമിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. 

മ്രെമ നല്‍കുന്ന മുന്നറിയിപ്പുകള്‍ അവഗണിക്കാനാകാത്തതാണ്. ഇനിയും ലോകരാജ്യങ്ങള്‍ കൃത്യമായ നടപടികളെടുത്തില്ലായെങ്കില്‍ മനുഷ്യരടക്കം സകലജീവജാലങ്ങളുടെയും നിലനില്‍പ്പ് തന്നെ അപകടത്തിലാകും. 

(ചിത്രങ്ങള്‍: ഗെറ്റി ഇമേജ്)