അപകടത്തിന്റെ വാർത്തയറിഞ്ഞപ്പോൾ ചണ്ഡീഗഡ് സെക്ടർ 44 -ൽ കഴിഞ്ഞിരുന്ന സിദ്ധാർത്ഥിന്റെ വീട്ടിൽ ശോകം നിറഞ്ഞു. മൂന്ന് പെങ്ങന്മാർക്ക് ഒരേയൊരു സഹോദരനായിരുന്നു സിദ്ധാർഥ്. സിദ്ധാർത്ഥിന്റെ യൂണിഫോമിട്ട ഫോട്ടോയിൽ കെട്ടിപ്പിടിച്ചുകൊണ്ട് അമ്മൂമ്മ അവന്റെ പേരുവിളിച്ചുകൊണ്ട് നിർത്താതെ കരഞ്ഞു കൊണ്ടിരുന്നു.
കഴിഞ്ഞ ആഗസ്റ്റിൽ കേരളം ഒരു മഹാപ്രളയത്തിന്റെ കെടുതികളിൽ പെട്ടുലഞ്ഞുകൊണ്ടിരുന്നപ്പോൾ ഇന്ത്യൻ എയർഫോഴ്‌സിന്റെ സാരംഗ് ഹെലി റെസ്ക്യൂ ടീം രക്ഷാ ദൗത്യവുമായി കേരളത്തിലെത്തിയിരുന്നു. അന്ന് ആ ആകാശദൗത്യങ്ങളെ നയിച്ചിരുന്നത് ഒരു ഹരിയാനക്കാരനായിരുന്നു. പേര് സ്ക്വാഡ്രൺ ലീഡർ സിദ്ധാർഥ് വസിഷ്ഠ്. വെള്ളം പൊങ്ങിപ്പൊങ്ങിവന്നപ്പോൾ വീടുകളുടെ മട്ടുപ്പാവുകളിൽ അഭയം തേടി പ്രാണഭയത്തോടെ ആകാശത്തേക്ക് നോക്കി നിന്ന പലരെയും അന്ന് ആ ടീം രക്ഷപ്പെടുത്തി. കേരള ജനത ഒന്നടങ്കം അന്ന് ആ സിദ്ധാർഥടക്കമുള്ള രക്ഷകസംഘത്തിനു മുന്നിൽ ശിരസ്സു നമിച്ചു.
പ്രളയം കടന്നുപോയി. നമ്മൾ പതുക്കെ എല്ലാം മറന്നു. എല്ലാം പൂർവസ്ഥിതി പ്രാപിച്ചു. പതിവുപോലെ സ്‌കൂളുകളിലും ഓഫീസുകളിലും മാർക്കറ്റുകളിലും സിനിമാക്കൊട്ടകകളിലും പാർക്കുകളിലുമെല്ലാം പോയിത്തുടങ്ങി. നമ്മുടെ ജീവിതങ്ങളിൽ നിന്നും അപായം പതുക്കെ ഇറങ്ങിപ്പോവുകയായിരുന്നു.

എന്നാൽ, അന്ന് നമ്മളെ രക്ഷിക്കാനായി പറന്നുവന്ന ആകാശചാരികൾക്ക് അപായം എന്നും സന്തതസഹചാരികളായിരുന്നു. ഇവിടത്തെ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ശേഷം തിരിച്ച് കോയമ്പത്തൂരിലെ വ്യോമസേനാ ആസ്ഥാനത്തേക്ക് പോയ സിദ്ധാർഥ് പിന്നീട് ലീവിന് തന്റെ ഭാര്യയും ഇന്ത്യൻ വായുസേനയിലെ സ്ക്വാഡ്രൺ ലീഡറുമായ അദിതിയ്ക്കും തന്റെ രണ്ടുവയസ്സുള്ള മകൻ അംഗദിനും അടുത്തേക്കു പോയി.
അതിർത്തിയിൽ സംഘർഷം രൂക്ഷമായതോടെ സിദ്ധാർത്ഥിന്റെ പോസ്റ്റിങ്ങ് കോയമ്പത്തൂരിൽ നിന്നും കാശ്മീരിലേക്ക് മാറി ഇതിനുമുമ്പും പലവട്ടം പ്രധാനമന്ത്രി, ഉപരാഷ്ട്രപതി, എയർ ചീഫ് മാർഷൽ എന്നിങ്ങനെയുള്ള ഉന്നത സ്ഥാനീയരെ വഹിച്ചുകൊണ്ട് നിരവധി ഹൈ പ്രൊഫൈൽ സോർട്ടികൾക്ക് നിയുക്തനായിട്ടുള്ള വ്യോമസേനയിലെ അതിസമർത്ഥനായൊരു പൈലറ്റായിരുന്നു സിദ്ധാർഥ്. ജമ്മു കശ്മീരിലെ ബഡ്ഗാമിൽ വെച്ചാണ് രണ്ടു പൈലറ്റുമാരുടെയും യാത്രക്കാരായ നാല് സൈനികരുടെയും ജീവനെടുത്ത ആ ദൗർഭാഗ്യകരമായ അപകടം നടക്കുന്നത്. വ്യോമസേനയുടെ Mi 17 എന്ന ആ റഷ്യൻ നിർമിത ഹെലികോപ്റ്റർ തകരാനുള്ള കാരണം ഇനിയും വ്യക്തമായിട്ടില്ലാത്തതിനാൽ സേന വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
അപകടത്തിന്റെ വാർത്തയറിഞ്ഞപ്പോൾ ചണ്ഡീഗഡ് സെക്ടർ 44 -ൽ കഴിഞ്ഞിരുന്ന സിദ്ധാർത്ഥിന്റെ വീട്ടിൽ ശോകം നിറഞ്ഞു. മൂന്ന് പെങ്ങന്മാർക്ക് ഒരേയൊരു സഹോദരനായിരുന്നു സിദ്ധാർഥ്. സിദ്ധാർത്ഥിന്റെ യൂണിഫോമിട്ട ഫോട്ടോയിൽ കെട്ടിപ്പിടിച്ചുകൊണ്ട് അമ്മൂമ്മ അവന്റെ പേരുവിളിച്ചുകൊണ്ട് നിർത്താതെ കരഞ്ഞു കൊണ്ടിരുന്നു. സിദ്ധാർത്ഥിന്റെ അച്ഛൻ ജഗദീഷ് വസിഷ്ഠും പഞ്ചാബ് നാഷണൽ ബാങ്കിൽ ചേരും മുമ്പ് ഇന്ത്യൻ കരസേനയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് തലമുറകളായി ഇന്ത്യൻ സൈന്യത്തിനുവേണ്ടി സർവീസ് ചെയ്യുന്ന നിരവധി ഓഫീസർമാർ ആ കുടുംബത്തിൽ നിന്നും ഉണ്ടായിട്ടുണ്ട്.

മകൻ മരിച്ച അന്ന് രാവിലെക്കൂടി താൻ അവനോട് പത്തു സെക്കന്റുനേരത്തേക്ക് ഫോണിൽ സംസാരിച്ചിരുന്നു എന്ന് കരച്ചിൽ അടക്കിക്കൊണ്ട് അച്ഛൻ ജഗദീഷ് പറഞ്ഞു. "ഇവിടെ കുഴപ്പമൊന്നുമില്ലച്ഛാ.. അച്ഛൻ ടെന്‍ഷനടിക്കണ്ട.. ഞാൻ രാത്രി തിരിച്ചു വിളിക്കാം.." എന്ന് പറഞ്ഞു വെച്ചതാണ് സിദ്ധാർഥ്. പക്ഷേ, വാക്കുപാലിക്കാൻ അവനായില്ല. മകൻ അങ്ങനെയൊക്കെ പറഞ്ഞാശ്വസിപ്പിച്ചു എങ്കിലും ജഗദീഷിന്റെ മനസ്സ് അശാന്തമായിരുന്നു. ടിവിയിലൂടെ വന്നു കൊണ്ടിരുന്ന അതിർത്തിയിലെ സംഘർഷങ്ങളുടെ വാർത്തകൾ മിലിട്ടറി ഓപ്പറേഷനുകളുടെ പൂർവാനുഭവങ്ങളുണ്ടായിരുന്ന അദ്ദേഹത്തിന്റെ മനസ്സിലും അസ്വസ്ഥതയുടെ വിത്തുകൾ പാകി. എന്നാലും, സ്വന്തം മകനുതന്നെ ഇങ്ങനെയൊരു അപായം വന്നുപെടുമെന്ന് അദ്ദേഹം സ്വപ്നേപി വിചാരിക്കുകയുണ്ടായില്ല.
വ്യോമസേനയുടെ കശ്മീരിലെ 154 ഹെലികോപ്റ്റർ യൂണിറ്റ് അംഗമായിരുന്നു സിദ്ധാർഥ്. അദ്ദേഹത്തിന്റെ ടീമംഗങ്ങളിൽ ഒരാൾ തന്നെയാണ് സിദ്ധാർത്ഥിന്റെ വീട്ടുകാരെ ഫോണിൽ വിളിച്ച് ആ സങ്കടവാർത്ത അറിയിച്ചത്. സിദ്ധാർത്ഥിന്റെ പത്നി ആരതിയും വ്യോമസേനയിൽ ഒരു സ്ക്വാഡ്രൺ ലീഡർ ആണ്. 2010 -ലായിരുന്നു സിദ്ധാർത്ഥിന്റെ വ്യോമസേനയിലേക്കുള്ള കമ്മീഷനിങ്ങ്. തുടർന്ന് 2013 -ൽ ആരതിയുമായുള്ള വിവാഹം. രണ്ടുപേർക്കും അവസാനം പോസ്റ്റിങ്ങ് കിട്ടിയത് കാശ്മീരിലായിരുന്നു. ഈ ചെറിയ പ്രായത്തിനുള്ളിലും തന്റെ ധീരമായ സേവനങ്ങൾക്ക് നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് സിദ്ധാർഥ്.
ആർമിയിൽ സുബേദാർ മേജറായിരുന്ന മുത്തച്ഛനെപ്പോലെ സൈനികസേവനം അനുഷ്ടിക്കണം എന്ന മോഹം സിദ്ധാർത്ഥിന് ചെറുപ്പത്തിലേ തോന്നിയിരുന്നു. എങ്കിലും വ്യോമസേനയിൽ തന്നെ ചേരണം എന്ന മോഹം തീവ്രമാകാന്‍ കാരണം അന്ന് എയർഫോഴ്‌സിൽ ഫൈറ്റർ പൈലറ്റ് ആയിരുന്ന അമ്മാവൻ വിനീത് ഭരദ്വാജിനോടുള്ള ആരാധനയായിരുന്നു. പതിനേഴു വർഷം മുമ്പ് ഫെബ്രുവരി 26 -ന് നടന്നൊരു അപകടത്തിൽ അമ്മാവൻ വീരചരമമടഞ്ഞിരുന്നു. ശിവാലിക് പബ്ലിക് സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ സിദ്ധാർഥ് DAV കോളേജിലാണ് ബിരുദപഠനം നടത്തിയത്. മൂന്നു പെൺമക്കൾക്ക് ശേഷം പിറന്ന മകന്റെ പ്രാണൻ തങ്ങളെ പിരിഞ്ഞു പോയതിൽ സങ്കടമുണ്ടെങ്കിലും മകന്റെ ധീരതയിൽ തനിക്ക് അഭിമാനം തോന്നുന്നുണ്ടെന്ന് ജഗദീഷ് പറഞ്ഞു.
അപകടം നടന്ന പ്രദേശത്തെ ഒരു സർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഒരുദ്യോഗസ്ഥൻ അജ്ഞാതനായ ആ പൈലറ്റിന് നന്ദി പറഞ്ഞു കൊണ്ട് ഇങ്ങനെ പറഞ്ഞു, "സിവിലിയൻ ഏരിയയിൽ വന്നു പതിക്കാതിരിക്കാൻ ആ ഹെലികോപ്ടറിന്റെ പൈലറ്റ് നടത്തിയ പരിശ്രമങ്ങൾ ശ്‌ളാഘനീയമാണ്. ഒരുപക്ഷെ, അവസാന നിമിഷവും, ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള ആ ശ്രമങ്ങളാവും അദ്ദേഹത്തിന്റെ ജീവൻ തന്നെ അപകടത്തിലാക്കിയതും." പറന്നു പൊയ്ക്കൊണ്ടിരിക്കുകയായിരുന്ന ഹെലികോപ്റ്റർ പെട്ടെന്ന് നിലത്തുവീണ് കത്തിച്ചാമ്പലാവുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്.
പൂർണ്ണ സൈനിക ബഹുമതികളോടെയാണ് വെള്ളിയാഴ്ച സിദ്ധാർത്ഥിന്റെ അന്തിമ കർമങ്ങൾ ചണ്ഡീഗഡിൽ നിർവ്വഹിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ പത്നി വ്യോമസേനാ യൂണിഫോമിൽ വന്ന് തന്റെ ജീവിതപങ്കാളിക്ക് ഹൃദയം നിറഞ്ഞ ഒരു സല്യൂട്ട് നൽകി അദ്ദേഹത്തെ യാത്രയാക്കി.
