ആദിത്യ താക്കറെ അച്ഛൻ ഉദ്ധവ് താക്കറെയിൽ നിന്നും മുത്തച്ഛൻ ബാൽ താക്കറെയിൽ നിന്നും ഒക്കെ ഒരു കാര്യത്തിൽ വ്യത്യസ്തനാണ്. മുംബൈയിലെ ജനങ്ങളെ ഭരിക്കുന്നെങ്കിൽ അത് അവരുടെ വോട്ടുനേടിയ ശേഷം മാത്രം എന്ന് കരുതുന്ന ആദ്യത്തെ താക്കറെ ആൺതരിയാണ് നിയമബിരുദധാരിയായ ആദിത്യ. ശിവസേനയുടെ അഭിമാന മണ്ഡലമായ വർളിയിൽ നിന്നാണ് ആദിത്യ നിയമസഭയിലേക്ക് മത്സരിക്കുന്നത്. 

ഇതിനു മുമ്പ് നമ്മൾ ആദിത്യ താക്കറെ എന്ന പേര് കേൾക്കുന്നത് ഒമ്പതു വർഷങ്ങൾക്കു മുമ്പാണ്. അന്ന് റോഹിങ്ടൺ മിസ്ട്രിയുടെ ബുക്കർ പുരസ്‌കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ട പുസ്തകമായ 'സച്ച് എ ലോങ്ങ് ജേർണി' ബോംബെ സർവ്വകലാശാലയുടെ സിലബസിൽ നിന്ന് നീക്കം ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ട് യുവസേന എന്ന ശിവസേനയുടെ യുവഘടകം നടത്തിയ സമരത്തിന്റെ മുന്നണിയിലാണ്. തൊണ്ണൂറുകളിൽ പ്രസിദ്ധപ്പെടുത്തി, ബുക്കർ പുരസ്‌കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടിരുന്ന പ്രസ്തുത നോവൽ, 2007  മുതൽ സർവകലാശാലയുടെ പാഠ്യപദ്ധതിയുടെ ഭാഗമാണ്. മുംബൈയിലെ കലാപകാലത്തെ ഒരു പാഴ്സി ഗുമസ്തന്റെ അനുഭവങ്ങളാണ് ഈ നോവലിന്റെ പ്രമേയം. ഇതിൽ ശിവസേനയെപ്പറ്റി വളരെ മോശമായ പല പരാമർശങ്ങളും ഉണ്ടെന്നും, തന്റെ മുത്തച്ഛൻ ബാൽ താക്കറെയെപ്പറ്റി വളരെ നികൃഷ്ടമായ ഭാഷയിൽ പലതും പറഞ്ഞിട്ടുണ്ട് എന്നുമായിരുന്നു ആയ സമരത്തിന് കാരണമായി ആദിത്യ പറഞ്ഞിരുന്നത്. എന്തായാലും, ആ സമരത്തിന് മുന്നിൽ സർവകലാശാല മുട്ടുമടക്കി. പ്രസ്തുത പുസ്തകം സിലബസിൽ നിന്ന് നീക്കി. സമരം അവസാനിപ്പിച്ചു. 

 

 

ആ സമരം മുംബൈ രാഷ്ട്രീയത്തിലേക്കുള്ള ആദിത്യ താക്കറെയുടെ അരങ്ങേറ്റമായിരുന്നു. ആ വിഷയം ആദിത്യ താക്കറെയ്ക്ക് ഒരു രാഷ്ട്രീയപ്രവേശമൊരുക്കാൻ വേണ്ടി ശിവസേന മനഃപൂർവം ഉയർത്തിക്കൊണ്ടുവരികയായിരുന്നു അന്ന് എന്നായിരുന്നു പിന്നീട് പല രാഷ്ട്രീയനിരീക്ഷകരും അഭിപ്രായപ്പെട്ടത്. മിസ്ട്രിയെ പിന്തുണച്ചുകൊണ്ട് അന്ന് ആനന്ദ് പട്വർദ്ധൻ അടക്കമുള്ള പലരും രംഗത്തെത്തിയിരുന്നു. 

മണ്ണിന്റെ മക്കൾ വാദത്തിലൂന്നിയ സേനാരാഷ്ട്രീയം 

കടുത്ത പ്രാദേശികവാദവുമായാണ് എന്നും മഹാരാഷ്ട്രയുടെ മണ്ണിൽ ശിവസേന നിലനിന്നിട്ടുള്ളത്. 1966-ൽ അന്ന് ഫ്രീപ്രസ് ജേർണലിൽ പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റായിരുന്ന ബാൽ താക്കറെ പാർട്ടി രൂപീകരിച്ച അന്നുമുതൽ, മുംബൈയിലെ മറാഠികളെ അധിനിവേശക്കാരായ 'റെസ്റ്റ് ഓഫ് ഇന്ത്യ' യിൽ നിന്ന് രക്ഷിച്ചു നിർത്തുക എന്നതായിരുന്നു ശിവസേനയുടെ പ്രഖ്യാപിത ലക്‌ഷ്യം.  രാഷ്ട്രീയത്തെ വരട്ടുചൊറിയോട് ഉപമിച്ച ബാൽ താക്കറെ അന്ന് പറഞ്ഞത്, സേന രാഷ്ട്രീയത്തിന് 20 ശതമാനം ഊന്നൽ മാത്രമാണ് നൽകുന്നത്, ശേഷിക്കുന്ന ശ്രദ്ധയത്രയും മറാഠികളുടെ സാമൂഹികമായ ഉന്നമനത്തിലാണ് എന്നായിരുന്നു. 

പ്രാദേശികവാദത്തെ മുറുകെപ്പിടിച്ച സേന, 1969-ൽ കർണാടകയുമായി അതിർത്തിത്തർക്കത്തിൽ ഏർപ്പെടുന്നുണ്ട്.  ഒരാഴ്ചയോളം തുടർന്ന കലാപങ്ങളിൽ 69  പേർക്ക് ജീവഹാനി സംഭവിക്കുന്നു. 1970-ലും 1984-ലും ഭിവണ്ടിയിൽ നടന്ന ലഹളകളിലും, 1992-93  കാലയളവിൽ നടന്ന ബോംബേ കലാപത്തിലും നിരവധി അക്രമങ്ങളിൽ പ്രതിസ്ഥാനത്തു വരുന്നുണ്ട് ശിവസേന. യണ്ടുഗണ്ടു എന്ന പരിഹാസനാമത്തിൽ തമിഴരെയും മലയാളികളെയും വിളിച്ചുപോന്ന താക്കറെയുടെ 'ഉഠാവോ ലുങ്കി, ബജാവോ പുങ്കി' ( ലുങ്കി പൊക്കി, വടിയെടുത്ത് അടി കൊടുക്ക്..) എന്ന ആഹ്വാനം അക്കാലത്ത് പല മറാഠികളും അക്ഷരം പ്രതി അനുസരിച്ചപ്പോൾ അതിന്റെ ദുരിതങ്ങൾ മുംബൈയിൽ അക്കാലത്ത് തൊഴിൽ തേടി ചെന്നു പാർത്തിരുന്ന പല ദക്ഷിണേന്ത്യക്കാരും അനുഭവിക്കേണ്ടി വന്നു. 

എഴുപതുകളിൽ ഇന്ത്യക്കുമേൽ അടിച്ചേല്പിക്കപ്പെട്ട  അടിയന്തരാവസ്ഥയെ പിന്തുണച്ച ഒരേയൊരു പാർട്ടിയും ഒരുപക്ഷേ, ശിവസേന തന്നെയായിരിക്കും. 2012-ൽ ബാൽ താക്കറെ മരിക്കുന്നതോടെ മകൻ ഉദ്ധവ് താക്കറെ ശിവസേനാ പ്രമുഖ് ആയി സ്ഥാനമേൽക്കുന്നു. 

 

 

യുവാക്കളെ കയ്യിലെടുക്കാനുള്ള ട്രംപ് കാർഡ് 

പാശ്ചാത്യമായ എല്ലാ വിധ ആഘോഷങ്ങളോടും ശിവസേനയ്ക്ക് തുടക്കം മുതലേ എതിർപ്പായിരുന്നു. വാലന്റെയ്ൻസ് ഡേ, ന്യൂ ഇയർ എന്നിവയൊക്കെ ഒട്ടും പഥ്യമല്ലാതിരുന്ന സേന അതിനെതിരെ അക്രമാസക്തമായി പ്രതികരിക്കുന്ന നയങ്ങൾ കൊണ്ടുതന്നെ യുവതലമുറയിൽ നിന്ന് പതിയെ അകന്നുതുടങ്ങി. യുവതലമുറയ്ക്കിടെ ക്ഷയിച്ചുകൊണ്ടിരിക്കുന്ന തങ്ങളുടെ സ്വാധീനം തിരിച്ചുപിടിക്കാനുള്ള തുറുപ്പുചീട്ടായിട്ടാണ് ആദിത്യ താക്കറെയെ ശിവസേന കരുതുന്നത്.  

കഴിഞ്ഞ വർഷം ഡിസംബറിൽ ആദിത്യ താക്കറെ മഹാരാഷ്ട്രാ മുഖ്യമന്ത്രിക്ക് ഒരു കത്തയച്ചു. മുംബൈ, താനെ, നവി മുംബൈ, പുണെ തുടങ്ങിയ ഇടങ്ങളിൽ പുതുവത്സരവുമായി ബന്ധപ്പെട്ടുള്ള എല്ലാ വിധത്തിലുമുള്ള ആഘോഷങ്ങളും പൊതുഇടങ്ങളിൽ  നടത്താനുള്ള അനുവാദം ചോദിച്ചുകൊണ്ടുള്ള ഒന്നായിരുന്നു അത്.  നാട്ടിലെ യുവാക്കളുടെ ഏറെ നാളത്തെ ഒരു ആവശ്യമായിരുന്നു അത്. അങ്ങനെയായിരുന്നു തുടക്കം. കാലത്തിനൊത്തു മാറിയ ഒരു പുതിയ ശിവസേന യുടെ പ്രതിച്ഛായയാണ് ആദിത്യ താക്കറെ മുന്നോട്ടു വെക്കാൻ ആഗ്രഹിച്ചത്. 

വർളി കേന്ദ്രീകരിച്ചുകൊണ്ട് കുറച്ചുനാളായി ആദിത്യ താക്കറെ പ്രവർത്തനങ്ങൾ തുടങ്ങിയിട്ട്. കഴിഞ്ഞ ജൂലായിൽ മുംബൈയിൽ കണക്കില്ലാതെ മഴ പെയ്തിരുന്നു. അന്നേ ദിവസം, വർളിയിലെ ഒരു ഫ്ലാറ്റിനുള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച ഏതോ തെരുവുപട്ടിയെ ഫ്ലാറ്റിലെ സെക്യൂരിറ്റി ക്രൂരമായി മർദ്ദിച്ചു. അത് സാമൂഹ്യമാധ്യമങ്ങളിൽ  വലിയ ചർച്ചയായി. അടുത്ത ദിവസം ആദിത്യ താക്കറെയുടെ നേതൃത്വത്തിൽ അഞ്ഞൂറോളം പേരടങ്ങുന്ന ഒരു സംഘം ആ ഫ്ലാറ്റിലേക്ക് പ്രതിഷേധമാർച്ച് നടത്തുകയും, ബോളിവുഡ് താരങ്ങളടക്കം പലരും ആ പ്രതിഷേധത്തെ പിന്തുണച്ചുകൊണ്ട് രംഗത്തു വരുകയും ചെയ്തിരുന്നു. സാമൂഹ്യമാധ്യമങ്ങളെ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിൽ ശ്രദ്ധാലുവായ ആദിത്യ ഈയടുത്ത് വർളിയിലെ പെൺകുട്ടികൾക്കായി ഒരു സ്‌കൂൾ ബസ് ഏർപ്പെടുത്തി അതിന്റെ ചിത്രങ്ങൾ ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ആരെ കോളനിയിലെ മരങ്ങൾ മുറിച്ചുമാറ്റിയതിനെയും ആദിത്യ വിമർശിക്കുകയുണ്ടായി. 

 


മുത്തച്ഛൻ ബാൽ താക്കറെയ്ക്കു മുന്നിൽ നമസ്കരിക്കുന്ന ചിത്രം ട്വീറ്റുചെയ്‌തുകൊണ്ടാണ് ബാന്ദ്രയിലുള്ള മാതോശ്രീ എന്ന തന്റെ വീട്ടിൽ  നിന്ന് നാമനിർദേശ പത്രികാ സമർപ്പണത്തിനായി ആദിത്യ ഇറങ്ങിയത്. എന്നാൽ, നാമനിർദേശ പത്രിക സമർപ്പിച്ചതിനു പിന്നാലെ, അതിൽ ആദിത്യ തന്നെ വെളിപ്പെടുത്തിയ സ്വത്തുവിവരം ജനങ്ങളുടെ കണ്ണുതള്ളിക്കുന്നതാണ്. ആകെ സ്വത്തുക്കൾ 16 കോടി രൂപയുടേത്. പലതും പരമ്പരാഗത സ്വത്തുക്കൾ. അച്ഛനിൽ നിന്ന് കൈമാറികിട്ടിയ അഞ്ചുകോടിയോളം രൂപയുടെ സ്ഥാവരസ്വത്തുക്കൾ. ഏകദേശം നാലു കോടി വിലമതിക്കുന്ന കമേഴ്‌സ്യൽ പ്രോപ്പർട്ടി, ഒരു ബിഎംഡബ്ള്യു കാർ, 555 വജ്രങ്ങൾ പതിച്ച സ്വർണ്ണ ബ്രേസ്‌ലെറ്റ് അടക്കം എഴുപതു ലക്ഷത്തിന്റെ ആഭരണങ്ങൾ, കോടികളുടെ ബാങ്ക് നിക്ഷേപം അങ്ങനെ പലതുമുള്ള ആദിത്യ ബിസിനസുകാരനാണ് എന്നാണ് നാമനിർദേശപത്രികയിൽ പറയുന്നത്. 2018-19  ലെ വാർഷിക വരുമാനം 26  ലക്ഷം രൂപ. 

എന്തായാലും, ഈ തെരഞ്ഞെടുപ്പ് അങ്കം തുടങ്ങിയതോടെ സ്വന്തം സ്വത്തുവിവരം വെളിപ്പെടുത്തുന്ന ആദ്യ താക്കറെ കുടുംബാംഗം എന്ന സവിശേഷത കൂടി ആദിത്യ താക്കറെയ്ക്ക് സ്വന്തമായിരിക്കുകയാണ്.