Asianet News MalayalamAsianet News Malayalam

മഹേന്ദ്ര സിങ്ങ്: അറിഞ്ഞുകൊണ്ട് മരണപ്പോരാട്ടത്തിനിറങ്ങിയ ഉന്നാവിലെ ധീരനായ അഭിഭാഷകൻ

പെൺകുട്ടി നൽകിയ വക്കാലത്ത് ഏറ്റെടുക്കാൻ ഉന്നാവ് ജില്ലയിലെ ഒരുവിധം ക്രിമിനൽ വക്കീലന്മാരൊക്കെയും വിമുഖതകാണിച്ചപ്പോൾ, സധൈര്യം അത് ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചയാളാണ് മഹേന്ദ്ര സിങ്ങ്. 

Advocate Mahendra Singh Unnao case
Author
Unnao, First Published Jul 30, 2019, 6:14 PM IST

ന്നാവ് കൂട്ടബലാത്സംഗക്കേസിലെ പീഡിപ്പിക്കപ്പെട്ട സ്ത്രീയെ ലക്ഷ്യമിട്ടുകൊണ്ട് നടത്തപ്പെട്ട ട്രക്ക് ആക്രമണത്തിൽ അവരുടെ രണ്ട് അടുത്ത ബന്ധുക്കൾ കൊല്ലപ്പെട്ടു. പെണ്‍കുട്ടി ഗുരുതരമായ പരിക്കുകളേറ്റ് വെന്റിലേറ്ററിൽ മരണത്തോട് മല്ലിടുകയാണ്. എന്നാൽ, ഇവരോട് യാതൊരു വിധത്തിലുള്ള ബന്ധുതയുമില്ലാത്ത ഒരാൾ കൂടെ അതേ ഐസിയുവിൽ ഒരുപക്ഷേ, ആ പെൺകുട്ടിയുടെ തൊട്ടടുത്ത ബെഡിൽ തന്നെ കിടന്നു മരണശ്വാസം വലിക്കുന്നുണ്ട്. 

അയാളുടെ പേര്, മഹേന്ദ്ര സിങ്ങ് എന്നാണ്. അഭിഭാഷകനാണ്. ചെയ്ത കുറ്റം ഒന്നുമാത്രം, മറ്റുള്ള വക്കീലന്മാരൊന്നും കാണിക്കാതിരുന്ന പ്രതിബദ്ധത തന്റെ തൊഴിലിനോട് കാണിച്ചു. ചൂഷണം ചെയ്യപ്പെട്ട ഒരു പെണ്‍കുട്ടി തന്റെ അഭിമാനം സംരക്ഷിക്കാൻ നടത്തുന്ന പോരാട്ടത്തിൽ അവള്‍ക്കൊപ്പം ചേർന്നു. അതെ, ആ പെൺകുട്ടിക്ക് വേണ്ട നിയമസഹായം നൽകി, കോടതിയിൽ അവളുടെ കേസുകൾ വാദിച്ചു എന്നതുമാത്രമാണ് അയാൾ ചെയ്ത കുറ്റം. അതിന് ഒരുപക്ഷേ, അയാൾ കൊടുക്കേണ്ടി വരുന്ന വില, സ്വന്തം ജീവനായേക്കാം..! 

അവരെ പ്രവേശിപ്പിച്ചിട്ടുള്ള കിങ്ങ് ജോർജ് മെഡിക്കൽ കോളേജിൽ നിന്നും കിട്ടുന്ന വിവരങ്ങൾ പ്രകാരം, മഹേന്ദ്ര സിങ്ങിന്റെ രണ്ടു കാലിന്റെയും എല്ലുകൾ തകർന്നുപോയിരിക്കുന്നു. അദ്ദേഹത്തിന്റെ പേശികൾക്ക് കാര്യമായ ചതവുകൾ പറ്റിയിട്ടുണ്ട്. മുഖത്തും കാര്യമായ പരിക്കുകളുണ്ട്. അദ്ദേഹം സ്വന്തം കാറിൽ സ്വയം ഡ്രൈവ് ചെയ്താണ് അവരെയും കൊണ്ട് റായ്ബറേലി ജയിലിലേക്ക് പൊയ്ക്കൊണ്ടിരുന്നത്. ഡ്രൈവിങ് സീറ്റിൽ ആയിരുന്നതുകൊണ്ടുതന്നെ, നേർക്കുനേർ ട്രക്ക് വന്നിടിച്ചപ്പോൾ ഏറ്റവുമധികം പരിക്കുകൾ ഇട്ടതും അദ്ദേഹത്തിനുതന്നെ ആയിരുന്നു. 

പെൺകുട്ടി നൽകിയ വക്കാലത്ത് ഏറ്റെടുക്കാൻ ഉന്നാവ് ജില്ലയിലെ ഒരുവിധം ക്രിമിനൽ വക്കീലന്മാരൊക്കെയും വിമുഖതകാണിച്ചപ്പോൾ, സധൈര്യം അത് ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചയാളാണ് മഹേന്ദ്ര സിങ്ങ്. അതിന്റെ പേരിൽ നിരവധി ഭീഷണികൾ അയാൾക്ക് എംഎൽഎയുടെ ബന്ധുക്കളിൽ നിന്നും പലപ്പോഴായി കിട്ടിയിട്ടുമുണ്ട്.  വക്കാലത്തുമായി മുന്നോട്ടുപോയാൽ തീർത്തുകളയും എന്ന ഭീഷണികളെ അവഗണിക്കുകമാത്രമേ ഇന്നുവരെ അദ്ദേഹം ചെയ്തിട്ടുള്ളൂ. ഇന്നിപ്പോൾ, ആ ഭീഷണികൾ യാഥാർഥ്യമായിരിക്കുകയാണ്. 

പതിനെട്ടു വർഷം പഴക്കമുള്ള ഒരു വെടിവെപ്പുകേസ്‌ കുത്തിപ്പൊക്കി പെണ്‍കുട്ടിയുടെ അമ്മാവനെ റായ് ബറേലി ജയിലിൽ അടച്ചിരിക്കുകയാണ്. താൻ നടത്തുന്ന പോരാട്ടങ്ങളോടുള്ള പ്രതികാരമായാണ് തന്റെ അമ്മാവന് ഈ ദുര്യോഗം നേരിടേണ്ടി വന്നത് എന്ന കുറ്റബോധം ഉള്ളിൽ തോന്നിയിരുന്നതുകൊണ്ടാവും, അവർ ജയിലിൽ കിടക്കുന്ന അമ്മാവന്റെ പത്നിയും അവരുടെ സഹോദരിയും ഒക്കെയായി റായ് ബറേലി ജയിലിൽ അദ്ദേഹത്തെ സന്ദർശിക്കാൻ വേണ്ടി പോയത്. അതിന് അവർക്കുവേണ്ടുന്ന സൗകര്യങ്ങൾ ചെയ്തുകൊടുക്കാൻ വേണ്ടിയാണ് അഭിഭാഷകൻ എന്ന നിലയിൽ മഹേന്ദ്ര സിങ്ങ് കൂടെപ്പോയത്. 

Advocate Mahendra Singh Unnao case

"അവന് വല്ലാത്ത ധൈര്യമുണ്ടായിരുന്നു. തുനിഞ്ഞിറങ്ങിയാൽ പിന്നെ അവനെ തടുത്തു നിർത്താൻ ആർക്കും കഴിയില്ലായിരുന്നു. മറ്റുള്ളവരെ സഹായിക്കാൻ വേണ്ടിയാണെങ്കിൽ ഏത് പാതിരായ്ക്കും ഇറങ്ങി വരുന്ന പ്രകൃതമായിരുന്നു അവന്റേത്..."  മഹേന്ദ്ര സിംഗിന്റെ അടുത്ത സുഹൃത്ത് നീരജ് ബിബിസിയോട് പറഞ്ഞു. "അവന് എംഎൽഎയുമായി ഒരു ശത്രുതയും ഉണ്ടായിരുന്നില്ല. അവന്റെ ജോലിയുടെ ഭാഗമായി അവൻ ഏറ്റെടുത്ത ഒരു വക്കാലത്തുമാത്രമായിരുന്നു ഇത്." നീരജ് തുടർന്നു. 

മഹേന്ദ്ര സിങിന്റെ അവസ്ഥ വളരെ മോശമാണ്. ദില്ലിയിലേക്ക് കൊണ്ടുപോകുന്നതിനെപ്പറ്റി ആലോചനകൾ നടക്കുന്നുണ്ടെങ്കിലും, ഇപ്പോൾ ഒരു എയർ ലിഫ്റ്റിനുപോലും അദ്ദേഹത്തിന്റെ ആരോഗ്യം അനുവദിക്കുന്നില്ല. 

കഴിഞ്ഞ പത്തു വർഷമായി അഭിഭാഷകവൃത്തിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്ന മഹേന്ദ്ര സിങ്ങ് മുമ്പും പല കേസുകൾക്കും വക്കാലത്തേറ്റെടുത്തിട്ടുണ്ടെങ്കിലും അതിന്റെ പേരിൽ ജീവൻ അപായപ്പെടുത്താനുളള ശ്രമങ്ങൾ ഒരിക്കലും ഉണ്ടായിട്ടില്ല. 

സിബിഐ അന്വേഷിക്കും എന്ന് പറയുന്ന സ്ഥിതിക്ക് സത്യങ്ങൾ വെളിച്ചത്തുവരും എന്ന് തന്നെ ബന്ധുക്കൾ പ്രതീക്ഷിക്കുന്നുണ്ട്. ഇത്രയൊക്കെ സംഭവിച്ചിട്ടും അതിനെയൊക്കെ സ്വാഭാവികമായ ഒരു കാറപകടം എന്ന് വിധിയെഴുതാൻ ധൃതികൂട്ടുന്ന ലോക്കൽ പൊലീസിൽ തങ്ങൾക്ക് വിശ്വാസമില്ല എന്ന് അവർ അറിയിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios