'ഞങ്ങൾ പഴയ സഹോദരന്മാരും നിലവിലെ ശത്രുക്കളുമായിത്തീർന്നു. ഞാൻ വീണ്ടും വീട്ടിൽ പോയാൽ എനിക്ക് എന്റെ ജീവൻ നഷ്ടപ്പെടും, കാരണം ഞാൻ ഒരു രാജ്യദ്രോഹിയാണെന്ന് എന്റെ സഹോദരൻ വിശ്വസിക്കുന്നു' നംഗ്യാൽ പറഞ്ഞു.
നംഗ്യാലും നൂറിയും(Nangyal and Noori) സഹോദരന്മാരാണ്. ചെറുപ്പത്തില്‍ എല്ലാക്കാര്യത്തിലും ഒരുമിച്ചു നിന്നവരായിരുന്നു അവര്‍. ഒരേ ഫുട്ബോള്‍ ടീമിന് വേണ്ടി ഇരുവരും കളിച്ചു, ഒരേ സ്കൂളില്‍ പഠിച്ചു, ഒരേ മുറിയില്‍ ഉറങ്ങി, ഒരേ പള്ളിയില്‍ പോയി. പക്ഷേ, കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളായി ഇരുവരും പരസ്പരം കൊല്ലാന്‍ നടക്കുകയാണ്. അഫ്ഗാനിസ്ഥാനിലെ കുന്ദൂസ് പ്രവിശ്യയിൽ(Kunduz province in Afghanistan) നിന്നുള്ള ഈ സഹോദരങ്ങൾ ശത്രുക്കളായി മാറുന്നത്, താൻ അഫ്ഗാൻ നാഷണൽ ആർമിയിൽ ചേരുകയാണെന്ന് ഒരത്താഴവേളയില്‍ നംഗ്യാൽ തന്റെ കുടുംബത്തോട് പറഞ്ഞ ദിവസം മുതലാണ്.
“മുസ്ലിംകൾക്കെതിരെ അമേരിക്കക്കാരെ പിന്തുണയ്ക്കുക വഴി നരകത്തിന്‍റെ പാതയാണ് തെരഞ്ഞെടുത്തിരിക്കുന്നത് എന്ന് നൂറി നംഗ്യാലിനോട് പറഞ്ഞു. തുടർന്ന് ഡൈനിംഗ് റൂമിൽ വെച്ച് എന്റെ സഹോദരങ്ങൾ തമ്മിൽ വഴക്ക് തുടങ്ങി” അവരുടെ 28 -കാരിയായ സഹോദരി വൈസ് വേൾഡ് ന്യൂസിനോട് പറഞ്ഞു. മൂന്ന് മാസങ്ങള്‍ക്ക് ശേഷം നൂറി താലിബാനില്‍ ചേര്‍ന്നു. പാശ്ചാത്യ സൈന്യം പിൻവാങ്ങിയതോടെ താലിബാൻ അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായും പിടിച്ചെടുത്തു തുടങ്ങി. പലപ്പോഴും നംഗ്യാലും നൂറിയും മുന്‍നിരയില്‍ തന്നെ പരസ്പരം ഏറ്റുമുട്ടി. രണ്ടുപേരോടും സംസാരിച്ച വൈസ് ന്യൂസ് എഴുതുന്നത് അവരിപ്പോഴും ശത്രുത പുലര്‍ത്തുന്നു എന്നാണ്.
“പർവ്വതങ്ങളിലും ഗ്രാമങ്ങളിലും വെച്ച് ഞാൻ എന്റെ സഹോദരനെ പലതവണ യുദ്ധത്തിൽ നേരിട്ടു. എന്റെ സഹോദരന് നേരെ വെടിയുതിർത്തത് ഞാൻ ഇതുവരെ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പക്ഷേ എനിക്ക് മറ്റ് വഴികളില്ല. എന്റെതന്നെ ഹൃദയത്തിൽ വെടിവെച്ച് സ്വയം കൊല്ലുകയാണെന്ന് ഞാൻ കരുതി” ഇപ്പോൾ 34 വയസുള്ള നംഗ്യാൽ പറഞ്ഞു.
ഈ വേനൽക്കാലത്ത് അഫ്ഗാൻ നാഷണൽ ആർമി ശിഥിലമായി, പാശ്ചാത്യ പിന്തുണയുള്ള ഗവൺമെന്റുകളുടെയും സായുധ സേനയുടെയും മുൻ അംഗങ്ങൾക്ക് താലിബാൻ പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടും, പ്രതികാര കൊലപാതകങ്ങൾ തുടർന്നു. അഫ്ഗാൻ സൈന്യം തകരുന്നതിന് മുമ്പ്, ആഗസ്ത് 10 -ന് നൂറി നംഗ്യാലുമായി ബന്ധപ്പെട്ടു. ഏകദേശം 10 വർഷത്തിന് ശേഷമുള്ള അവരുടെ ആദ്യത്തെ നേരിട്ടുള്ള ആശയവിനിമയമായിരുന്നു അത്.
'ഞങ്ങൾക്ക് വിജയം ലഭിച്ചു എന്ന് അവന്‍ എന്നോട് പറഞ്ഞു, നിങ്ങൾ നിങ്ങളുടെ ആളുകളോടൊപ്പം കീഴടങ്ങണം എന്ന് ഭീഷണിപ്പെടുത്തി. അല്ലാത്തപക്ഷം ഞങ്ങൾ കൊല്ലപ്പെടുമെന്നും സൂചന തന്നു. എന്നാൽ, അവർ എന്നെ കീഴടക്കാൻ ശ്രമിച്ചാൽ അവനെയും കൊല്ലുമെന്ന് ഞാൻ ഭീഷണിപ്പെടുത്തി' എന്നും നംഗ്യാല്‍ പറയുന്നു. അഞ്ച് ദിവസത്തിന് ശേഷം നംഗ്യാൽ തന്റെ സഹോദരന്റെ പ്രതികാരത്തില്‍ നിന്നും ഒഴിവാകാന്‍ കാണ്ഡഹാറിലേക്ക് താമസം മാറ്റി.
കഴിഞ്ഞ 10 വര്‍ഷത്തെ കാര്യങ്ങളെടുത്തു നോക്കിയാലും നംഗ്യാല്‍ ഇപ്പോഴും ഉറച്ച് വിശ്വസിക്കുന്നത് താനെടുത്ത തീരുമാനം ശരിയായിരുന്നു എന്ന് തന്നെയാണ്. 'ഞാൻ ഒരു ദേശസ്നേഹിയായിരുന്നു, അഫ്ഗാനിസ്ഥാന്റെ സ്വാതന്ത്ര്യം അപകടത്തിലായിരുന്നു. സൈന്യത്തിൽ ചേരുകയും സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി എന്റെ ജീവിതം സമർപ്പിക്കുകയും ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്തമായിരുന്നു. പക്ഷേ, മണ്ണിനോടുള്ള എന്റെ വിശ്വസ്തതയും ത്യാഗവും എന്റെ സഹോദരനെ എന്റെ ശത്രുവാക്കി. എന്റെ വീട്ടിലേക്ക് കഠിനമായ ദുരന്തങ്ങൾ വരുത്തിയ നിർഭാഗ്യവാനായ ഒരു സൈനികനായി ഞാൻ' അദ്ദേഹം പറഞ്ഞു.
'ഞങ്ങൾ പഴയ സഹോദരന്മാരും നിലവിലെ ശത്രുക്കളുമായിത്തീർന്നു. ഞാൻ വീണ്ടും വീട്ടിൽ പോയാൽ എനിക്ക് എന്റെ ജീവൻ നഷ്ടപ്പെടും, കാരണം ഞാൻ ഒരു രാജ്യദ്രോഹിയാണെന്ന് എന്റെ സഹോദരൻ വിശ്വസിക്കുന്നു' നംഗ്യാൽ പറഞ്ഞു.
ഇപ്പോൾ 33 വയസ്സുള്ള നൂറിക്ക് യാതൊരു പശ്ചാത്താപവുമില്ല. 'അവിശ്വാസികൾ നിങ്ങളുടെ രാജ്യം ആക്രമിക്കുമ്പോൾ മുസ്ലിംകൾക്ക് യുദ്ധം നിർബന്ധമാണ്. ഇസ്‌ലാമിന് വേണ്ടി എല്ലാം ത്യജിക്കാൻ ഞാൻ തയ്യാറാണ്. എന്റെ രാജ്യത്തെ മോചിപ്പിക്കാനാണ് ഞാൻ ജിഹാദിൽ പങ്കെടുത്തത്' അയാള്‍ വൈസ് വേൾഡ് ന്യൂസിനോട് പറഞ്ഞു. 'എന്റെ സഹോദരൻ അവിശ്വാസികളുടെ അടിമയായിരുന്നു, അവർക്കുവേണ്ടി മുസ്ലിംകൾക്കെതിരെ പോരാടുകയായിരുന്നു അവൻ' എന്നും നൂറി പറയുന്നു. തന്റെ സഹോദരനുമായി അനുരഞ്ജനം സാധ്യമല്ലെന്നും നൂറി പറഞ്ഞു. 'എന്റെ സഹോദരന്‍ താലിബാന്റെ കൊലയാളിയാണ്. താലിബാനെ കൂട്ടക്കൊല ചെയ്യാന്‍ ശ്രമിച്ച കൊലയാളികളെ ഞാൻ മറക്കില്ല, ക്ഷമിക്കില്ല' എന്നും അയാള്‍ പറയുന്നു.
ഇവരുടെ പിതാവ് 2010 -ൽ മരിച്ചു, അവർക്ക് മൂന്ന് സഹോദരിമാരുണ്ട്. 64 വയസ്സുള്ള അവരുടെ അമ്മ തന്റെ മക്കളെ അനുനയിപ്പിക്കാൻ പലതവണ ശ്രമിച്ചുവെങ്കിലും അവർ ഇതുവരെ നിരസിച്ചു. 'ഞാൻ ലോകത്തിലെ ഏറ്റവും ഭാഗ്യമില്ലാത്ത അമ്മയാണ്. എന്റെ വേദന വാക്കുകളിൽ വിവരിക്കുക അസാധ്യമാണ്' എന്ന് അവര്‍ പറയുന്നു.
