യുക്രെെയിനിലെ ഒഡേസയിൽ നിന്ന് 1110 കിലോമീറ്റർ സഞ്ചരിച്ച് പോളണ്ടിലെത്തിയിരിക്കയാണ് റഹ്മാനി. ഒരു വലിയ ദുരന്തം ഒഴിവാക്കാൻ ഉള്ളതെല്ലാം ഉപേക്ഷിച്ച് ഒഴിഞ്ഞ കൈയുമായി മറ്റൊരു രാജ്യത്ത് അഭയം തേടി. ഇപ്പോൾ എല്ലാം ഉപേക്ഷിച്ച് അവിടെ നിന്നും പലായനം ചെയ്യേണ്ട ഗതികേടിലായി അദ്ദേഹം. 

എരിതീയിൽ നിന്ന് വറചട്ടിയിലേയ്ക്ക് എന്ന് കേട്ടിട്ടില്ലേ? ഇന്നലെ വരെ അഫ്ഗാൻ(Afghan) സ്വദേശിയായ അജ്മൽ റഹ്മാനി(Ajmal Rahmani)യുടെ അവസ്ഥയും എന്താണ്ട് അതുപോലെയായിരുന്നു. കഴിഞ്ഞ വർഷം താലിബാൻ അഫ്ഗാൻ പിടിച്ചെടുത്തപ്പോൾ, ജീവഭയം കൊണ്ട് രാജ്യം വിട്ടതാണ് അജ്മൽ. ഒടുവിൽ അഭയം തേടി എത്തിയതോ യുക്രൈനി(Ukraine)ലും. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ യുക്രൈനിലെത്തിയ അദ്ദേഹം സമാധാനപരമായ ഒരു ജീവിതം സ്വപ്‍നം കണ്ടു. എന്നാൽ റഷ്യന് അധിനിവേശത്തെ തുടർന്ന് ഇപ്പോൾ ജീവനും കൈപിടിച്ച് അദ്ദേഹത്തിന് വീണ്ടും പോളണ്ടിലേക്ക് പലായനം ചെയ്യേണ്ടി വന്നിരിക്കയാണ്. "ഞാൻ ഒരു യുദ്ധത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട് മറ്റൊരു രാജ്യത്തേക്ക് വന്നു. എന്നാൽ, അവിടെ മറ്റൊരു യുദ്ധം ആരംഭിച്ചിരിക്കുന്നു. ഇത് വളരെ നിർഭാഗ്യകരമാണ്" റഹ്മാനി പറഞ്ഞു.

അദ്ദേഹം മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യ മിനയും, മകളായ മർവയും, മകൻ ഒമറും അദ്ദേഹത്തിനൊപ്പമുണ്ട്. മകൾക്ക് 7 വയസ്സും, മകന് 11 വയസ്സുമാണ് പ്രായം. താലിബാൻ ഭരണം ഏറ്റെടുത്തപ്പോൾ, കാബൂൾ വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന അജ്മൽ റഹ്മാനിയുടെ പ്രഥമ പരിഗണന കുടുംബത്തിന്റെ ജീവൻ രക്ഷിക്കുക എന്നതായിരുന്നു. തന്റെ ഭാര്യയെയും രണ്ട് ചെറിയ കുട്ടികളെയും യുദ്ധാന്തരീക്ഷത്തിൽ നിന്ന് ഏതുവിധേനയും കരകയറ്റണമെന്നായിരുന്നു അജ്മലിന്റെ ആഗ്രഹം. അമേരിക്ക പിൻവാങ്ങുന്നതിന് നാല് മാസം മുമ്പ് തന്നെ രാജ്യം വിടാൻ അദ്ദേഹം തീരുമാനിച്ചു. ഇതിനിടയിൽ അദ്ദേഹത്തിന് ജോലി നഷ്ടമായി. അധ്വാനിച്ചുണ്ടാക്കിയ വീടും, കാറും വിൽക്കേണ്ടി വന്നു. സകലതും നഷ്ടപ്പെട്ടിട്ടും അദ്ദേഹം തളർന്നില്ല. കാരണം അപ്പോൾ അദ്ദേഹത്തിന്റെ പരിഗണന സ്വന്തം കുടുബത്തെ ഒരു സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുക എന്നത് മാത്രമായിരുന്നു. അഫ്ഗാനിസ്ഥാൻ വിടാൻ മറ്റൊരു രാജ്യത്തിന്റെ വിസ ആവശ്യമായിരുന്നു. കുടുംബത്തിന് വിസ അനുവദിച്ച ഏക രാജ്യം യുക്രൈൻ ആയിരുന്നു. അപ്പോൾ യുക്രൈൻ തനിക്ക് സ്വർഗം പോലെയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

18 വർഷം നാറ്റോയിൽ ജോലി ചെയ്ത അജ്മൽ വല്ലവിധേനയും വിസ സംഘടിപ്പിച്ചു. തുടർന്ന്, അഭയാർത്ഥിയായി യുക്രൈനിലെത്തി. "അഫ്ഗാനിസ്ഥാനിൽ ഞങ്ങൾ നല്ലൊരു ജീവിതമായിരുന്നു നയിച്ചിരുന്നത്. എനിക്ക് സ്വന്തമായി വീടും, കാറും ഒക്കെ ഉണ്ടായിരുന്നു. അത്യാവശ്യം നല്ല ശമ്പളവുമുണ്ടായിരുന്നു" റഹ്മാനി പറഞ്ഞു. “എന്നാൽ, ഞാൻ എന്റെ കാറും വീടും എല്ലാം വിറ്റു. എനിക്ക് എല്ലാം നഷ്ടമായി" അദ്ദേഹം പറഞ്ഞു. പിന്നീട് യുക്രൈനിലെത്തിയ അദ്ദേഹം തുറമുഖ നഗരമായ ഒഡെസയിൽ ഒരു ജീവിതം ആരംഭിച്ചു. ഇനിയെല്ലാം നന്നായി വരുമെന്ന് അവർ പ്രതീക്ഷിച്ചു. കഴിഞ്ഞ് നാല് മാസം മുമ്പ് സ്വർഗ്ഗമാണെന്ന് തോന്നിയ സ്ഥലം എന്നാൽ ഇപ്പോൾ നരകതുല്യമായി മാറിയിരിക്കുന്നു. യുദ്ധത്തിന്റെ സൈറണുകളും ആകാശത്ത് യുദ്ധവിമാനങ്ങളുടെ ആരവവും ബോംബ് സ്‌ഫോടനങ്ങളുടെ ശബ്‌ദവും രാജ്യത്തെ പ്രകമ്പനം കൊള്ളിക്കുന്നു. അതോടെ, കുടുംബത്തോടോപ്പം യുക്രൈൻ വിടാൻ അജ്മൽ തീരുമാനിച്ചു.

യുക്രെെയിനിലെ ഒഡേസയിൽ നിന്ന് 1110 കിലോമീറ്റർ സഞ്ചരിച്ച് പോളണ്ടിലെത്തിയിരിക്കയാണ് റഹ്മാനി. ഒരു വലിയ ദുരന്തം ഒഴിവാക്കാൻ ഉള്ളതെല്ലാം ഉപേക്ഷിച്ച് ഒഴിഞ്ഞ കൈയുമായി മറ്റൊരു രാജ്യത്ത് അഭയം തേടി. ഇപ്പോൾ എല്ലാം ഉപേക്ഷിച്ച് അവിടെ നിന്നും പലായനം ചെയ്യേണ്ട ഗതികേടിലായി അദ്ദേഹം. കൊച്ചുകുട്ടികൾക്കും ഭാര്യക്കുമൊപ്പം റഹ്‌മാനി 30 കിലോമീറ്റർ നടന്നാണ് അതിർത്തി കടന്നത്. റഷ്യൻ ആക്രമണത്തിന് ശേഷം, യുക്രൈനിൽ നിന്നുള്ള ആളുകളുടെ പലായനം തുടരുകയാണ്. ഇതുവരെ രണ്ട് ലക്ഷത്തിലധികം ആളുകൾ അയൽരാജ്യമായ പോളണ്ടിലെത്തിയിട്ടുണ്ട്. അജ്മൽ റഹ്മാനിയും കുടുംബത്തോടൊപ്പം വിസയില്ലാതെയാണ് പോളണ്ടിലെത്തിയിട്ടുള്ളത്. അത്തരം ആളുകൾക്ക് സ്വയം രജിസ്റ്റർ ചെയ്യാൻ 15 ദിവസത്തെ സാവകാശമുണ്ടെന്ന് അഭയാർഥികളെ സഹായിക്കുന്ന സംഘടനയായ ഒകലേനി ഫൗണ്ടേഷന്റെ അഭിഭാഷകൻ ടോമാസ് പീറ്റ്ർസാക്ക് പറഞ്ഞു. പോളണ്ടിൽ എത്തിയ അഭയാർത്ഥികളിൽ ഭൂരിഭാഗവും വിദ്യാർത്ഥികളും തൊഴിലാളികളുമാണ്. ഈ ആളുകളിൽ യുക്രേനിയൻ പൗരന്മാരും അഫ്ഗാനിസ്ഥാൻ, കോംഗോ, ഇന്ത്യ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു.