ഉദ്യോഗാർത്ഥികൾക്ക് വേണ്ട യോഗ്യതകളായി പറയുന്നത് ഇംഗ്ലീഷ് പ്രാവീണ്യവും ശാരീരിക ക്ഷമതയും ആണ്. കൂടാതെ എക്സൽ ഡാറ്റ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം.
സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യപ്പെടുന്ന തൊഴിലവസരങ്ങളെ സാധാരണഗതിയിൽ ആളുകൾ വളരെ ഗൗരവപൂർവ്വമാണ് സമീപിക്കാറ്. എന്നാൽ ഇതാ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു തൊഴിലവസരത്തിന് താഴെ രസകരവും തമാശ നിറഞ്ഞതുമായ അഭിപ്രായപ്രകടനങ്ങൾ നടത്തുകയാണ് സോഷ്യൽ മീഡിയ യൂസർമാർ.
ചീറ്റകളെ സംരക്ഷിക്കുന്നതിലും മറ്റും പേരുകേട്ട മൊസാംബിക്കിൽ സ്ഥിതി ചെയ്യുന്ന പന്യാമെ വന്യജീവി സംരക്ഷണ കേന്ദ്രമാണ് ജോലിക്കായി ആളെ തേടിക്കൊണ്ടുള്ള പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ആയിരക്കണക്കിന് ഹെക്ടർ പ്രദേശത്തുള്ള ചീറ്റകളെ ട്രാക്ക് ചെയ്യാനും നിരീക്ഷിക്കാനും ഒരു മുഴുവൻ സമയ ചീറ്റ മോണിറ്ററെ ആവശ്യമുണ്ട് എന്നായിരുന്നു കമ്പനിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്.
വളരെ രസകരമായിട്ടാണ് നെറ്റിസൻസ് അതിനോട് പ്രതികരിച്ചത്. രസകരമായ ഇത്തരം അഭിപ്രായപ്രകടനങ്ങൾ കൊണ്ട് വളരെ വേഗത്തിലാണ് ഇത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതും.
ജൂലൈ 15 -നാണ്, പന്യാമെ കൺസർവൻസി, കൺസർവൻസിയിലെ ചീറ്റകളെ നിരീക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുള്ള ഒരു ഒഴിവിനെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ചീറ്റകളെ ട്രാക്ക് ചെയ്യുക, കൃത്യമായി നിരീക്ഷിക്കുക, ഭക്ഷണം നൽകുക, പരിപാലിക്കുക, ആന്റി-പോച്ചിംഗ് ടീമുകളുമായി അടുത്ത് പ്രവർത്തിക്കുക എന്നതൊക്കെയാണ് ചെയ്യേണ്ട ഉത്തരവാദിത്വങ്ങൾ.
കൂടാതെ ഉദ്യോഗാർത്ഥികൾക്ക് വേണ്ട യോഗ്യതകളായി പറയുന്നത് ഇംഗ്ലീഷ് പ്രാവീണ്യവും ശാരീരിക ക്ഷമതയും ആണ്. കൂടാതെ എക്സൽ ഡാറ്റ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം. ഇതിനെല്ലാം പുറമേ പോർച്ചുഗീസ്, ഷോണ ഭാഷകൾ അറിയുന്നത് ഒരു ബോണസ് ആണെന്നും പോസ്റ്റിൽ പറയുന്നു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ പോസ്റ്റ്, ഇതിനകം 40,000 -ത്തിലധികം ലൈക്കുകളും 64,000 -ത്തിലധികം ഷെയറുകളും നൂറുകണക്കിന് കമന്റുകളും നേടി.
ചീറ്റകളെ ഇംഗ്ലീഷ് സംസാരിക്കാനും എക്സൽ ഉപയോഗിക്കാനും പരിശീലിപ്പിക്കണോ എന്നായിരുന്നു ഒരാൾ കുറിച്ചത്. 'ചീറ്റകൾ ഇംഗ്ലീഷ് സംസാരിക്കുകയും എക്സൽ ഉപയോഗിക്കുകയും ചെയ്യുമോ അതോ ഞാൻ അവയെ പരിശീലിപ്പിക്കണോ' എന്ന് മറ്റൊരു യൂസർ കമന്റ് നൽകി. 'ഇതുവരെ നോക്കിയിരുന്ന ജീവനക്കാരന് എന്ത് സംഭവിച്ചു' എന്നായിരുന്നു മറ്റു ചിലർക്ക് അറിയേണ്ടിയിരുന്നത്.
