12 വർഷത്തെ കാത്തിരിപ്പിനു ശേഷം ഒറ്റ പ്രസവത്തിൽ അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി എത്യോപ്യൻ യുവതി. 35 -കാരിയായ ബെദ്രിയ ആദമാണ് കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും നാല് ആൺകുഞ്ഞുങ്ങളും ഒരു പെൺകുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ.

കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾക്ക് പലപ്പോഴും വീട്ടിൽ നിന്നും നാട്ടിൽ നിന്നുമൊക്കെ കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വരാറുണ്ട്. എന്നാൽ, വർഷങ്ങളോളം കാത്തിരുന്നിട്ടും കുഞ്ഞുങ്ങളില്ലാത്ത ദമ്പതികളിൽ ഇതുണ്ടാക്കുന്ന വേദന വളരെ വലുതായിരിക്കും. അതുപോലെ, എത്യോപ്യയിലെ ഹരാരി റീജിയണൽ സ്റ്റേറ്റിൽ നിന്നുള്ള ഈ ദമ്പതികൾ ഒരു കുഞ്ഞിന് വേണ്ടി കാത്തിരുന്നത് ഒരു പതിറ്റാണ്ടിലധികമാണ്. ഒടുവിൽ, 12 വർഷത്തെ കാത്തിരിപ്പിന് ശേഷം യുവതി അഞ്ചു കുട്ടികൾക്ക് ജന്മം നൽകി. ഒരേസമയം അഞ്ചു കുട്ടികളെ അനുഗ്രഹമായി ലഭിച്ചതിൽ താനും ഭർത്താവും അതീവ സന്തോഷത്തിലാണെന്നാണ് 35 -കാരിയായ ബെദ്രിയ ആദം ഇപ്പോൾ പറയുന്നത്. ഹിവോട്ട് ഫാന സ്പെഷ്യലൈസ്ഡ് ആശുപത്രിയിൽ നടന്ന പ്രസവത്തിൽ നാല് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണ് ജനിച്ചത്. അമ്മയും കുഞ്ഞുങ്ങളും പൂർണാരോഗ്യത്തോടെയിരിക്കുന്നു എന്ന് ആശുപത്രി അധികൃതർ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വന്ധ്യതാ ചികിത്സകളുടെ സഹായമില്ലാതെ സ്വാഭാവികമായ രീതിയിലാണ് ബെദ്രിയ ഗർഭം ധരിച്ചത്. ഇത്തരം ചികിത്സകളും മറ്റുമില്ലാതെ ഇങ്ങനെ അഞ്ചു കുട്ടികൾ ജനിക്കാനുള്ള സാധ്യത 5.5 കോടിയിൽ ഒന്നു മാത്രമാണ്. സിസേറിയനിലൂടെയായിരുന്നു പ്രസവം. ജനിക്കുമ്പോൾ കുഞ്ഞുങ്ങൾക്ക് 1.3 കിലോഗ്രാം മുതൽ 1.4 കിലോഗ്രാം വരെയായിരുന്നു തൂക്കം. ഒരു കിലോയ്ക്ക് മുകളിൽ തൂക്കമുള്ള കുഞ്ഞുങ്ങൾ അതിജീവനത്തിന് ഉയർന്ന സാധ്യതയുള്ളവരാണെന്ന് മെഡിക്കൽ ഡയറക്ടർ ഡോ. മുഹമ്മദ് നൂർ അബ്ദുല്ലാഹി പറഞ്ഞു.

"വാക്കുകൾ കൊണ്ട് എന്റെ സന്തോഷം പ്രകടിപ്പിക്കാൻ കഴിയില്ല" എന്നാണ് അത്യന്തം വികാരാധീനയായി ബെദ്രിയ ബിബിസിയോട് പറഞ്ഞത്. ഗ്രാമത്തിലുള്ളവരുടെ ചോദ്യങ്ങൾ തന്നെ മാനസികമായി ഒരുപാട് തളർത്തിയിരുന്നതായും അവർ പറഞ്ഞു. നാല് കുട്ടികളുണ്ടാകുമെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും പ്രസവസമയത്താണ് അഞ്ചാമതൊരു കുഞ്ഞ് കൂടിയുള്ളതായി അറിയുന്നത്. നായ്ഫ്, അമാർ, മുൻസിർ, നസീറ, അൻസാർ എന്നിങ്ങനെയാണ് കുഞ്ഞുങ്ങളുടെ പേരുകൾ. താനൊരു ചെറിയ കർഷകയാണെന്നും ഇത്രയും വലിയ കുടുംബത്തെ എങ്ങനെ നോക്കുമെന്ന് ഉറപ്പില്ലെന്നും ബെദ്രിയ പറഞ്ഞു. എങ്കിലും ദൈവത്തിലും, സമൂഹത്തിന്റെയും സർക്കാരിന്റെയും പിന്തുണയിലും താൻ വിശ്വസിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.