Asianet News MalayalamAsianet News Malayalam

153 വർഷത്തിനുശേഷം യുകെ -യില്‍ തോട്ടിക്കഴുകന്‍, കാണാൻ പക്ഷിനിരീക്ഷകരുടെ ഒഴുക്ക്!

ഇതിന് മുൻപ് രണ്ട് തവണ മാത്രമാണ് ഈ പക്ഷിയെ കണ്ടിട്ടുള്ളത്. ഒന്ന് 1825 -ലും പിന്നെ 1868 -ലും ആയിരുന്നു അത്. 

after 153 years Egyptian vulture found in uk
Author
UK, First Published Jun 16, 2021, 3:07 PM IST

ഇന്ന് മഹാമാരി മൂലം ആളുകൾ കൂടുതലും വീടുകളിൽ തന്നെ ഒതുങ്ങുമ്പോൾ, പ്രകൃതിക്ക് ഇത് വീണ്ടെടുക്കലിന്റെ കാലമാണ്. വർഷങ്ങളായി കാണാതിരുന്ന പല അപൂർവ മൃഗങ്ങളെയും, പക്ഷികളെയും ഇപ്പോൾ വീണ്ടും പ്രകൃതിയിൽ കണ്ട് തുടങ്ങിരിക്കുന്നു. അക്കൂട്ടത്തിൽ 153 വർഷത്തിന് ശേഷം യുകെയിൽ ആദ്യമായി ഒരു തോട്ടിക്കഴുകനെ കണ്ടെത്തിയിരിക്കയാണ്.        

നൂറ്റാണ്ടിലൊരിക്കൽ മാത്രം സംഭവിക്കുന്ന ഒന്നായിട്ടാണ് പക്ഷി നിരീക്ഷകർ ഇതിനെ കാണുന്നത്. സില്ലി ദ്വീപുകളിൽ വച്ചാണ് അതിനെ കണ്ടെത്തിയത്. 1868 -ന് ശേഷം ഇത് ആദ്യമായിട്ടാണ് അവയെ കാണുന്നത്. കഴുകനെ കാണാൻ പക്ഷി നിരീക്ഷകർ അവിടേക്ക് ഒഴുകുകയാണ്. ദ്വീപുകളിൽ ഇപ്പോൾ തന്നെ നാൽപ്പതോളം പേരാണ് അതിനെ ഒരുനോക്ക് കാണാൻ കാത്തിരിക്കുന്നത് എന്ന് ഐൽസ് ഓഫ് സില്ലി ട്രാവൽ ബിബിസിയോട് പറഞ്ഞു. മഞ്ഞനിറമുള്ള മുഖവും തൂവലുകളുമുള്ള ഈ വലിയ പക്ഷിയെ തിങ്കളാഴ്ചയാണ് ആദ്യമായി സെന്റ് മേരീസ് പെനിന്നിസ് ഹെഡിന് മുകളിലൂടെ പറക്കുന്നതായി കണ്ടത്. പിന്നീട് അത് ട്രെസ്കോയിലേക്ക് നീങ്ങി.  

ഇതിന് മുൻപ് രണ്ട് തവണ മാത്രമാണ് ഈ പക്ഷിയെ കണ്ടിട്ടുള്ളത്. ഒന്ന് 1825 -ലും പിന്നെ 1868 -ലും ആയിരുന്നു അത്. എക്സ്റ്റൻഷൻ സർവകലാശാലയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രൊഫ. സ്റ്റുവർട്ട് ബിയർഹോപ്പ് പറഞ്ഞു: "ഇത് ആ പക്ഷി തന്നെയാണെന്ന് തെളിയിക്കപ്പെട്ടാൽ, അവിശ്വസനീയമാംവിധം അപൂർവമായ ഒരു കാഴ്ചയാകുമത് എന്നതിൽ സംശയമില്ല." ബേർഡ് ലൈഫ് ഇന്റർനാഷണലിന്റെ കണക്കനുസരിച്ച് ലോകത്ത് ആകെ 12,000 മുതൽ 38,000 വരെ തോട്ടിക്കഴുകന്‍മാര്‍‍ മാത്രമാണ് അവശേഷിക്കുന്നത്. തെക്കൻ യൂറോപ്പ്, വടക്കേ ആഫ്രിക്ക, തെക്ക് പടിഞ്ഞാറൻ ഏഷ്യ എന്നിവിടങ്ങളിലാണ് ഇവ സാധാരണയായി കാണപ്പെടുന്നത്. സില്ലി ദ്വീപുകളിൽ കണ്ടെത്തിയ തോട്ടിക്കഴുകന്‍ വടക്കൻ ഫ്രാൻസിൽ നിന്നാണെന്ന് കരുതപ്പെടുന്നു.


 

Follow Us:
Download App:
  • android
  • ios