പ്രത്യേകിച്ച് ചൂടുള്ള പ്രദേശങ്ങളിലെ ഹോട്ടലുകളാണെങ്കിൽ നിർബന്ധമായും ടോയ്‍ലെറ്റ് ഉപയോഗിക്കുന്നതിന് മുമ്പ് തന്നെ അത് ഫ്ലഷ് ചെയ്യേണ്ടതാണ്.
സാധാരണയായി ട്രാവൽ എക്സ്പേർട്ടുകൾ നമുക്ക് യാത്രകളുമായി ബന്ധപ്പെട്ട് പലതരം ടിപ്‍സുകളും പറഞ്ഞു തരാറുണ്ട്. അതിൽ പലതും നമുക്ക് വളരെ അധികം ഉപകാരപ്പെടാറും ഉണ്ട്. നമുക്കറിയാം, ഹോട്ടലുകളിൽ ചെന്നാൽ നമ്മുടേയും കൂടെ ഉള്ളവരുടേയും സുരക്ഷ വളരെ പ്രധാനമാണ്. അതുകൊണ്ട് തന്നെ ഹോട്ടൽ മുറികളിൽ ചെന്നാൽ ചെയ്യാവുന്നതും ചെയ്യരുത്തതുമായ പല കാര്യങ്ങളും ഉണ്ട്. ഉദാഹരണത്തിന്, ഹോട്ടൽമുറികളിൽ കിട്ടുന്ന കോംപ്ലിമെന്ററി ഷവർ ജെല്ലും ഷാംപൂവും ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത് എന്ന് പറയാറുണ്ട്.
അതുപോലെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് യാത്ര പോയിക്കഴിഞ്ഞാൽ ഹോട്ടൽ മുറികളിൽ ചെല്ലുമ്പോൾ ആദ്യം തന്നെ ടോയ്ലെറ്റ് ഫ്ലഷ് ചെയ്യുക എന്നത്. ഇക്കാര്യം പറയുന്നത്, eShores എന്ന ട്രാവൽ കമ്പനിയാണ്. ഹോട്ടലിലെ ക്ലീനർമാർ, റിസപ്ഷനിസ്റ്റുകൾ എന്നിവരുൾപ്പെടെ നിരവധി ഹോട്ടൽ ജീവനക്കാരുമായി സംസാരിച്ച ശേഷമാണ് ഇക്കാര്യം കമ്പനി പറഞ്ഞിരിക്കുന്നത്. പ്രത്യേകിച്ച് ചൂടുള്ള പ്രദേശങ്ങളിലെ ഹോട്ടലുകളാണെങ്കിൽ നിർബന്ധമായും ടോയ്‍ലെറ്റ് ഉപയോഗിക്കുന്നതിന് മുമ്പ് തന്നെ അത് ഫ്ലഷ് ചെയ്യേണ്ടതാണ്. അങ്ങനെ ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ഹോട്ടൽ ജീവനക്കാർ തന്നെ മുന്നറിയിപ്പ് നൽകുന്നുണ്ട് എന്നും ട്രാവൽ കമ്പനി മെട്രോയോട് പറഞ്ഞു.
ചൂട് കാലാവസ്ഥയിൽ ടോയ്‌ലറ്റ് ബൗളും സീറ്റിനു താഴെയുള്ള സ്ഥലവും പ്രാണികളും ചിലന്തികളും തങ്ങൾക്ക് അനുയോജ്യമായ ഒളിത്താവളമാക്കാറുണ്ട്. അതിനാൽ തന്നെ ഹോട്ടലിൽ എത്തിച്ചേർന്നാൽ ഉടൻ തന്നെ ടോയ്ലെറ്റ് ഫ്ലഷ് ചെയ്യണം. അതിനി രാവിലെ പുറത്ത് പോയി വൈകിട്ട് വരുന്നതാണെങ്കിലും എത്തിയാലുടൻ ടോയ്‍ലെറ്റ് ഫ്ലഷ് ചെയ്യാമെന്നും ട്രാവൽ കമ്പനി പറയുന്നു.
നാം തന്നെ ടോയ്ലെറ്റുകളിൽ പാമ്പുകളടക്കം ജീവികൾ കാണപ്പെടുന്ന അനേകം വാർത്തകൾ കണ്ടിരിക്കും. അതിനാൽ തന്നെ ഹോട്ടൽമുറികളിലും മറ്റും ചെല്ലുമ്പോൾ ഇക്കാര്യം ഓർമ്മയിലിരിക്കുന്നത് നല്ലത് തന്നെ.
വായിക്കാം: കുഞ്ഞുങ്ങളെ നോക്കാന്‍ ആളെ വേണം, സ്ത്രീയുടെ ഡിമാൻഡുകൾ കേട്ട് തലയിൽ കൈവച്ച് നെറ്റിസൺസ്!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:

