Asianet News MalayalamAsianet News Malayalam

നെല്ലിനൊപ്പം മീനും; കൂടുതല്‍ വിളവ് ലഭിക്കാന്‍ ചില മാര്‍ഗങ്ങള്‍

നെല്ലും മീനും ഒരുമിച്ച് കൃഷി ചെയ്യുന്നതുകൊണ്ട് പലഗുണങ്ങളുമുണ്ട്. നെല്‍ക്കൃഷിക്കായി കണ്ടം പൂട്ടുന്നതും കള പറിച്ച് വൃത്തിയാക്കുന്നതും കീടനാശിനികള്‍ തളിക്കുന്നതും വളമിടുന്നതുമെല്ലാം ഒഴിവാക്കാന്‍ കഴിയുമെന്ന് അനുഭവസ്ഥര്‍ പറയുന്നു.

agricilture Rice fish farming tips
Author
Thiruvananthapuram, First Published Dec 25, 2019, 3:10 PM IST

നെല്‍പ്പാടങ്ങളില്‍ നെല്ലിനൊപ്പം മീന്‍കൃഷി കൂടി നടത്തുന്ന സമ്പ്രദായം തുടങ്ങിയിട്ട് വളരെക്കാലമായി. നെല്ലും മീനും ഒരുമിച്ച് കൃഷി ചെയ്യുന്നതുകൊണ്ട് പലഗുണങ്ങളുമുണ്ട്. നെല്‍ക്കൃഷിക്കായി കണ്ടം പൂട്ടുന്നതും കള പറിച്ച് വൃത്തിയാക്കുന്നതും കീടനാശിനികള്‍ തളിക്കുന്നതും വളമിടുന്നതുമെല്ലാം ഒഴിവാക്കാന്‍ കഴിയുമെന്ന് അനുഭവസ്ഥര്‍ പറയുന്നു. ചൈന, ബംഗ്ളാദേശ്, മലേഷ്യ, കൊറിയ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, തായ്ലാന്റ്, ഇന്ത്യ എന്നിവിടങ്ങളില്‍ പരീക്ഷിച്ച് വിളവെടുത്ത ഈ കൃഷിരീതിയെക്കുറിച്ച് അല്‍പ്പം കാര്യം.

രാജ്യത്തിന്റെ ഭാവിപുരോഗതി കാര്‍ഷിക മേഖലയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ഗ്രാമീണ മേഖലകളിലെ സാമൂഹിക-സാമ്പത്തിക സ്ഥിരത നിലനിര്‍ത്താനും പോഷകാഹാരം ലഭിക്കാനും തൊഴിലവസരവും സൃഷ്ടിക്കാനും സഹായിക്കുന്ന പ്രധാനപ്പെട്ട മേഖലയാണ് മത്സ്യക്കൃഷി.

അരി മാത്രമായി വളര്‍ത്തി വിളവെടുക്കുന്നതിനേക്കാള്‍ കാര്യക്ഷമമായി വിളവുത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നെല്ലും മീനും പദ്ധതി നടപ്പിലാക്കിയത്. ഈ സുസ്ഥിരമായ കൃഷിരീതി വഴി ചെലവാകുന്ന തുക, ലഭിക്കുന്ന വിളവ്, ഉപയോഗിക്കുന്ന മത്സ്യത്തിന്റെ അളവ്, തൊഴിലാളികളുടെ അധ്വാനം എന്നിവയും സാധാരണ രീതിയില്‍ വെറും നെല്ല് മാത്രം കൃഷി ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ലാഭക്കണക്കുകളും കര്‍ഷകര്‍ വിലയിരുത്തണം. അതുപോലെ ഇത്തരം ഒരു കൃഷി രീതി നടപ്പിലാക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങളും കാര്‍ഷിക മേഖലയിലുള്ളവര്‍ തിരിച്ചറിയണം.

നെല്ലും മീനും കൃഷിയുടെ ഗുണങ്ങള്‍

മണ്ണിലെ പോഷകമൂല്യം കൂട്ടാനും മണ്ണിന്റെ ആരോഗ്യം വര്‍ധിപ്പിക്കാനും കഴിയുന്നു. ഒരു യൂണിറ്റ് സ്ഥലത്ത് നിന്ന് കര്‍ഷകന് കിട്ടുന്ന സാമ്പത്തിക ലാഭം കൂട്ടാന്‍ കഴിയുന്നു. അതുപോലെ ഉത്പാദനത്തിന്റെ ചെലവും കുറവാണ്.

പലവഴിയിലൂടെയും വരുമാനം നേടാന്‍ കഴിയുന്നത് കൊണ്ട് കര്‍ഷകന് കുടുംബം മെച്ചപ്പെടുത്താനുള്ള കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നു. മലിനീകരണമില്ലാത്ത അന്തരീക്ഷമുണ്ടാക്കാനും കഴിയും.

മത്സ്യത്തിന് തീറ്റ കൊടുത്താല്‍ അത് വളമായി മാറുന്നു. ചിലര്‍ മീന്‍കുഞ്ഞുങ്ങളെ നെല്‍പ്പാടങ്ങളില്‍ ഇടുന്നതിനൊപ്പം അല്‍പം ഗ്രാസ് കാര്‍പിന്റെ കുഞ്ഞുങ്ങളെയും ഇടും. ഗ്രാസ്‌കാര്‍പ്പിന്റെ ഭക്ഷണം പുല്ലാണ്. അപ്പോള്‍ നെല്ലിനെ ആക്രമിക്കുന്ന ഓലപ്പുഴുവിനെയും ഗ്രാസ്‌കാര്‍പ് തിന്നുതീര്‍ക്കും. കീടനാശിനി തളിക്കാതെ ഇങ്ങനെ നെല്‍ക്കൃഷി ചെയ്ത് വിളവെടുത്ത കര്‍ഷകരുണ്ട്.

എപ്പോഴും വെള്ളം ലഭിക്കുന്ന പ്രദേശങ്ങള്‍ തിരഞ്ഞെടുക്കണം. അതുപോലെ പാടശേഖരത്തിലെ മണ്ണ് വളക്കൂറുള്ളതും വെള്ളം നന്നായി പിടിച്ചുനിര്‍ത്താന്‍ കഴിവുള്ളതുമായിരിക്കണം. നീര്‍വാര്‍ച്ചയുള്ള കളിമണ്ണുപോലെയുളള മണ്ണാണ് ഈ രീതിയില്‍ നെല്ല് വളര്‍ത്താന്‍ അനുയോജ്യം.

കരുത്തുള്ള ബണ്ടുകള്‍ കെട്ടിനിര്‍ത്തിയ പാടശേഖരങ്ങളാണ് മത്സ്യക്കൃഷിക്ക് അനുയോജ്യം. വെള്ളം വാര്‍ന്നുപോകുന്നത് തടയാനും അതുപോലെ തന്നെ വെള്ളപ്പൊക്കത്തില്‍ മീനുകള്‍ ഒലിച്ചുപോകാതിരിക്കാനും ഈ ബണ്ടുകള്‍ സഹായിക്കും.

അനുയോജ്യമായ നെല്ലിനങ്ങള്‍

ആന്ധ്രപ്രദേശില്‍ ഈ രീതിയില്‍ കൃഷി ചെയ്യാന്‍ പറ്റിയ നെല്ലിനമാണ് PLA-2. ആസാമില്‍ ഉപയോഗിക്കുന്നത് IB-1, IB-2, AR-1, 353-146 എന്നിവയാണ്.

പഞ്ചാബിലെ കൃഷിയിടത്തിന് യോജിച്ച നെല്ലിനങ്ങളാണ് BR-14, ജിസൂര്യ എന്നിവ. കേരളത്തില്‍ നെല്ലും മീനും പദ്ധതി വഴി വിളവെടുക്കാന്‍ യോജിച്ച നെല്ലിനങ്ങളാണ് AR 61-25B, PTB-16 എന്നിവ.

ഉത്തര്‍പ്രദേശില്‍ കൃഷി ചെയ്യുന്നയിനമാണ് ജലമഗന്‍. പശ്ചിമ ബംഗാളില്‍ കൃഷി ചെയ്യാന്‍ യോജിച്ച നെല്ലിനങ്ങളാണ് ജലധി-1, ജലധി-2 എന്നിവ.

മീന്‍ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കാന്‍

ജൈവവള പ്രയോഗമാണ് ഈ കൃഷിരീതിക്ക് അഭികാമ്യം. കോഴിക്കാഷ്ഠം, ചാണകം, നെല്ലില്‍ നിന്ന്് വേര്‍തിരിച്ചെടുക്കുന്ന ഉമി പോലെയുള്ള അവശിഷ്ടങ്ങള്‍, അഴുകിയ വൈക്കോല്‍ എന്നിവ വളമായി ഉപയോഗിക്കാം. രണ്ടാഴ്ച കൂടുമ്പോള്‍  50 മീറ്റര്‍ സ്‌ക്വയറിലുള്ള കൃഷിസ്ഥലത്ത് 10 കി.ഗ്രാം എന്ന തോതില്‍ ചാണകം ചേര്‍ത്ത് കൊടുക്കാം.

നെല്ല് കൊയ്ത ഉടനെ അടുത്ത നടീലിന് തയ്യാറാകണം. അല്ലെങ്കില്‍ മത്സ്യം നശിച്ചുപോകും. മീനുള്ള നെല്‍പ്പാടത്തില്‍ നെല്ലിന്റെ നീളം കുറച്ച് കൊയ്യുന്നതാണ് നല്ലത്. ഒരടി വെള്ളം പാടത്തില്‍ നിലനിര്‍ത്തണം.

കോഴിമാലിന്യം അരച്ച് പേസ്റ്റാക്കി പെല്ലറ്റ് രൂപത്തില്‍ ഉണക്കി വേണം മീനിന് തീറ്റ കൊടുക്കാന്‍. മീന്‍ വേഗത്തില്‍ വളരാനും കൂടുതല്‍ തൂക്കം വെക്കുന്നതിനും ഇത് സഹായിക്കും.

സാധാരണ താഴ്ന്ന പ്രദേശങ്ങളിലെ നെല്‍വയലുകളില്‍ ഒരു വര്‍ഷത്തില്‍ നാല് മാസത്തോളം മാത്രമേ നെല്‍ക്കൃഷി നടത്താറുള്ളു. ബാക്കിയുള്ള 8 മാസത്തോളം തരിശുഭൂമിയായാണ് നിലനിര്‍ത്തുന്നത്. കീടനാശിനി, വളം എന്നിവയുടെ ഉപയോഗം കുറച്ച് സുസ്ഥിരമായ ഒരു കൃഷിരീതി നടപ്പിലാക്കാനാണ് നെല്ലും മീനും പദ്ധതി ആവിഷ്‌കരിച്ചത്.

Follow Us:
Download App:
  • android
  • ios