Asianet News MalayalamAsianet News Malayalam

സുകുമാരക്കുറുപ്പ് മോഡൽ, 37 കോടിയുടെ ഇൻഷുറൻസ് തുക തട്ടാൻ മൂർഖൻ കടിച്ച് മരിച്ചുവെന്ന നാടകം, നാടകീയ അന്ത്യം

അന്വേഷണത്തിന്റെ ഭാഗമായി രാജൂരിലെ വാഗ്ചൗരെയുടെ വീട്ടിൽ പൊലീസ് ആദ്യം സന്ദർശിച്ചിരുന്നു. പാമ്പുകടിയേറ്റ സംഭവമൊന്നും താൻ കേട്ടിട്ടില്ലെന്നും എന്നാൽ സംഭവസമയത്ത് ആംബുലൻസ് വീട്ടിലേക്ക് വരുന്നത് കണ്ടിരുന്നതായും അയൽവാസി പറഞ്ഞു.

Ahmednagar man stages his own death to claim 37 crore insurance
Author
Ahmednagar, First Published Oct 27, 2021, 9:24 AM IST

സുകുമാരക്കുറുപ്പിന്റെ(Sukumara Kurup) കഥ നമുക്കെല്ലാം അറിയാവുന്നതാണ്. അതേ, പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് തന്നെ. 1984 -ലാണ് ഇയാൾ ചാക്കോ എന്ന ചലച്ചിത്രവിതരണക്കാരനെ കൊലപ്പെടുത്തി ശവശരീരം ആസൂത്രിതമായി ചുട്ടുകരിച്ചത്. താനാണ് മരിച്ചത് എന്ന് തെറ്റിദ്ധരിപ്പിച്ച് ഗൾഫിൽ ജോലിചെയ്തിരുന്ന കമ്പനിയിൽ നിന്നും ഇൻഷുറൻസ് തുക തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം. എട്ട് ലക്ഷം രൂപയായിരുന്നു ഇൻഷുറൻസ് തുക. 

അതുപോലെ ഒരു സംഭവം മഹാരാഷ്ട്രയിലെ അഹമ്മദ് ന​ഗറിലും(Maharashtra's Ahmednagar) നടന്നിരിക്കുകയാണ്. എന്നാൽ, ഇയാൾ കയ്യോടെ പിടിക്കപ്പെട്ടു. ഇയാൾ മൂര്‍ഖന്‍ പാമ്പ് കടിച്ച് താൻ മരിച്ചുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചതിന് ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്. 37.5 കോടിയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിനായിട്ടാണ് ഇയാൾ സ്വന്തം മരണനാടകം കളിച്ചത്. 

എന്നാല്‍, ഇയാളുടെ തട്ടിപ്പ് പൊളിഞ്ഞത് ഇന്‍ഷുറന്‍സ് കമ്പനി ഇയാളുടെ മരണത്തെ കുറിച്ച് അന്വേഷിക്കാനായി ഒരാളെ ഏര്‍പ്പെടുത്തിയപ്പോഴാണ്. 20 വർഷമായി യുഎസിൽ താമസിക്കുന്ന പ്രഭാകർ ഭീമാജി വാഗ്ചൗരെ ഈ വർഷം ജനുവരിയിൽ ഇന്ത്യയിലേക്ക് മടങ്ങിയതായി പൊലീസ് പറഞ്ഞു. അന്നുമുതൽ മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിലെ രാജൂർ ഗ്രാമത്തിലായിരുന്നു വാഗ്ചൗരെ താമസിച്ചിരുന്നത്. ഏപ്രിൽ 22 -ന് പ്രദേശത്തെ ഒരു പ്രാദേശിക സർക്കാർ ആശുപത്രിയിൽ നിന്ന് വാഗ്ചൗരെയുടെ മരണത്തിന്റെ റിപ്പോർട്ടുകൾ രാജൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ലഭിച്ചു.  

വാഗ്ചൗരെയുടെ മൃതദേഹം തിരിച്ചറിഞ്ഞത് അയാളുടെ അനന്തരവൻ എന്ന് അവകാശപ്പെടുന്ന ഒരാളും രാജൂർ ഗ്രാമവാസിയാണെന്ന് അവകാശപ്പെടുന്ന മറ്റൊരാളുമാണ്. രാജൂർ സ്വദേശി ഹർഷാദ് ലഹാംഗെ എന്ന മറ്റൊരു വ്യക്തിയും മൃതദേഹം വാഗ്ചൗരേയുടേതാണെന്ന് തിരിച്ചറിഞ്ഞു. 

പാമ്പുകടിയേറ്റതാണ് മരണകാരണമെന്ന് പറയുന്ന പ്രാഥമിക മെഡിക്കൽ റിപ്പോർട്ട് ലഭിച്ചശേഷം മൃതദേഹം അന്ത്യകർമങ്ങൾക്കായി അനന്തരവന് വിട്ടുകൊടുത്തു. എന്നിരുന്നാലും, വാഗ്‌ചൗരെയുടെ ലൈഫ് ഇൻഷുറൻസ് ക്ലെയിം അന്വേഷിക്കുന്ന ഇൻഷുറൻസ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ തേടി അഹമ്മദ്‌നഗർ അധികൃതരെ ബന്ധപ്പെട്ടപ്പോൾ കാര്യങ്ങൾ നാടകീയമായി മാറി. 

അന്വേഷണത്തിന്റെ ഭാഗമായി രാജൂരിലെ വാഗ്ചൗരെയുടെ വീട്ടിൽ പൊലീസ് ആദ്യം സന്ദർശിച്ചിരുന്നു. പാമ്പുകടിയേറ്റ സംഭവമൊന്നും താൻ കേട്ടിട്ടില്ലെന്നും എന്നാൽ സംഭവസമയത്ത് ആംബുലൻസ് വീട്ടിലേക്ക് വരുന്നത് കണ്ടിരുന്നതായും അയൽവാസി പറഞ്ഞു. മരിച്ചയാളുടെ ഒരു ബന്ധുവിനെയും കണ്ടെത്താൻ പൊലീസിന് കഴിയാത്തതിനാൽ, അവർ വാഗ്ചൗരെയുടെ കോൾ റെക്കോർഡുകൾ പരിശോധിക്കുകയായിരുന്നു. ഇതേ തുടർന്ന് അയാളെ ജീവനോടെ കണ്ടെത്തി, തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. ഇതേ പ്രദേശത്ത് താമസിച്ചിരുന്ന നവനാഥ് യശ്വന്ത് അനപ് (50) എന്നയാളാണ് യഥാര്‍ത്ഥത്തില്‍ മരിച്ചത്. 

ഏതായാലും ഇൻഷുറൻസ് തുക കിട്ടിയില്ലെന്ന് മാത്രമല്ല, ഇയാൾ ഇപ്പോൾ ജയിലിലുമായിരിക്കുന്നു. 

Follow Us:
Download App:
  • android
  • ios