മുംബൈ എയർപോർട്ടിൽ വെച്ച് സഹായം അഭ്യര്‍ത്ഥിച്ച് 26 വയസ് തോന്നിക്കുന്ന യുവാവ്. 2000 രൂപ നല്‍കുകയും ചെയ്തു. എന്നാല്‍, ട്രൂകോളറില്‍ നോക്കിയപ്പോള്‍ ഞെട്ടി.
ഒരാളെയും വിശ്വസിക്കാനാവാത്ത കാലമാണിത്. അതിനാൽ തന്നെ സഹായം ശരിക്കും ആവശ്യമുള്ള മനുഷ്യർക്കുപോലും സഹായം നൽകാൻ പലരും മടിക്കാറുണ്ട്. അത്രയേറെ തട്ടിപ്പുകൾ നാം ദിവസേന കാണുന്നത് കൊണ്ടാണത്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. മുംബൈ എയർപോർട്ട് ടെർമിനലിന് പുറത്തുവെച്ച് അപരിചിതനായ ഒരാൾ സാമ്പത്തിക സഹായം അഭ്യർത്ഥിച്ച് വന്ന് തട്ടിപ്പ് നടത്തിയതായിട്ടാണ് ഈ പോസ്റ്റിൽ പറയുന്നത്. എന്നാൽ, യുവാവ് സ്വന്തം നിലയിൽ അന്വേഷണം നടത്തി പണം തിരികെ വാങ്ങിയതായും റെഡ്ഡിറ്റിൽ ഷെയർ ചെയ്ത പോസ്റ്റിൽ പറയുന്നു. എയർപോർട്ടിന് പുറത്തുവച്ച് 26 വയസ് തോന്നിക്കുന്ന ഒരാൾ യുവാവിനെ സമീപിച്ചു. ഡെൽഹിയിൽ നിന്ന് വന്നതാണെന്നും അടുത്ത ദിവസം പരീക്ഷയുണ്ടെന്നും ഹോട്ടൽ വാടക നൽകാൻ 2,000 രൂപ അടിയന്തരമായി വേണമെന്നും പറഞ്ഞാണ് ഇയാൾ യുവാവിനെ സമീപിച്ചത്.
തന്റെ യുപിഐ ഇടപാടുകളുടെ ലിമിറ്റ് കഴിഞ്ഞെന്ന് കാണിക്കുന്ന എറർ മെസ്സേജ് ഫോണിൽ കാണിച്ച് ഇയാൾ യുവാവിനെ വിശ്വസിപ്പിച്ചു. തുടർന്ന് 'ഗോൾഡൻ റെസിഡൻസി' എന്ന പേരുള്ള ഒരു ക്യുആർ കോഡ് സ്കാൻ ചെയ്ത് പണം നൽകാൻ ആവശ്യപ്പെട്ടു. ഇത് താൻ താമസിക്കുന്ന ഹോട്ടലിന്റെ ക്യുആർ കോഡ് ആണെന്നാണ് ഇയാൾ പറഞ്ഞത്. ധൃതിയിലായിരുന്ന യുവാവ് ഉടൻ തന്നെ 2,000 രൂപ അയക്കുകയും ചെയ്തു.
പണം അയച്ച ശേഷം, യുവാവ് ഇയാളോട് വാട്സാപ്പിൽ ഒരു മെസ്സേജ് അയക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, ഇയാൾ മറ്റൊരു പേരുള്ള നമ്പറിൽ നിന്നാണ് ആദ്യം മെസ്സേജ് അയച്ചത്. ഇതിൽ സംശയം തോന്നി ചോദിച്ചപ്പോൾ 'പ്രതീക് ഭാട്ടിയ' എന്ന പേരുള്ള പാൻ കാർഡ് കാണിക്കുകയും പിന്നീട് സ്വന്തം നമ്പറിൽ നിന്ന് മെസ്സേജ് അയക്കുകയും ചെയ്തു. യുവാവ് വിമാനത്താവളത്തിൽ നിന്ന് മാറിയ ശേഷം ഈ ഫോൺ നമ്പർ ട്രൂകോളറിൽ തിരഞ്ഞപ്പോൾ 'Airport Scammer' എന്ന് അടയാളപ്പെടുത്തിയിരിക്കുന്നത് കണ്ടത്. ഉടൻ തന്നെ യുവാവ് ഇയാളെ തിരികെ വിളിച്ചെങ്കിലും വരാമെന്ന് പറഞ്ഞ് ഇയാൾ പിന്നീട് മുങ്ങുകയായിരുന്നു.
തുടർന്ന് നടത്തിയ ഓൺലൈൻ തിരച്ചിലിൽ ഡെൽഹി വിമാനത്താവളത്തിലും മറ്റ് പലയിടങ്ങളിലും ഇതേ വ്യക്തി സമാനമായ തട്ടിപ്പുകൾ നടത്തിയതായി യുവാവ് കണ്ടെത്തി. ഇതോടെ ഇയാളുടെ ഒരു ബന്ധുവിനെ കണ്ടെത്തുകയും, തൻ്റെ പക്കലുള്ള തെളിവുകൾ വെച്ച് പൊലീസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ബന്ധുവിനെ ബന്ധപ്പെട്ടതോടെ ഭയന്നുപോയ തട്ടിപ്പുകാരൻ ഒരു മണിക്കൂറിനുള്ളിൽ യുവാവിനെ നിരന്തരം ഫോണിൽ വിളിക്കുകയും വാങ്ങിയ 2,000 രൂപ മുഴുവനായി തിരികെ നൽകുകയും ചെയ്തു.
ഈ സംഭവം റെഡ്ഡിറ്റിൽ പങ്കുവെച്ചതോടെ നിരവധി പ്രതികരണങ്ങളാണ് വരുന്നത്. 'കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ വ്യക്തിയെക്കുറിച്ച് മറ്റ് പല ഗ്രൂപ്പുകളിലും ഞാൻ പോസ്റ്റുകൾ കണ്ടിട്ടുണ്ട്. ഇയാൾക്കെതിരെ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല എന്നത് അത്ഭുതപ്പെടുത്തുന്നു' എന്നാണ് ഒരാൾ കുറിച്ചത്. ഇത്തരം തട്ടിപ്പുകളെ കുറിച്ച് ജാഗ്രത പുലർത്തണമെന്നും പലരും അഭിപ്രായപ്പെട്ടു.
