Asianet News MalayalamAsianet News Malayalam

എഐഎസ്എഫ് അംഗത്വം മുതൽ പ്രധാനമന്ത്രി പദം വരെ; അടൽ ബിഹാരി വാജ്‌പേയിയുടെ രാഷ്ട്രീയ ജീവിതം

ജീവിതാവസാനം വരെ ബ്രഹ്മചര്യം അനുഷ്ഠിച്ച വാജ്പേയിയോട് ആരോ ഒരിക്കൽ, " എന്തേ വിവാഹം കഴിക്കാഞ്ഞൂ..?" എന്ന ചോദ്യമുയർത്തിയപ്പോൾ അദ്ദേഹം ഫലിതരൂപേണ പറഞ്ഞത്, " എനിക്ക് സമയം കിട്ടിയില്ല " എന്നുമാത്രമായിരുന്നു

AISF membership to Primeministership, the political life of Atal Bihari Vajpayee
Author
Delhi, First Published Dec 25, 2019, 10:47 AM IST

ഇന്ന് അടൽ ബിഹാരി വാജ്പേയി എന്ന ജനപ്രിയ രാഷ്ട്രീയ നേതാവിന്റെ തൊണ്ണൂറ്റിയഞ്ചാം ജന്മവാർഷികദിനമാണ്. ഇന്ന് ലോകമെമ്പാടും ക്രിസ്മസ് ആഘോഷിക്കുമ്പോൾ, ഇന്ത്യയിൽ ഇന്നേ ദിവസം സദ്ഭരണ ദിവസം(Good  Governance  Day ) കൂടിയാണ്. അസാമാന്യപ്രതിഭയുള്ള ഒരു പ്രാസംഗികൻ, രാഷ്ട്രീയനേതാവ്, കവി, എല്ലാറ്റിനും പുറമെ ജനഹൃദയങ്ങളിൽ വസിച്ചിരുന്ന ഒരു മനുഷ്യൻ - ഇതൊക്കെയായിരുന്നു അടൽ ബിഹാരി വാജ്‌പേയി എന്ന ബിജെപി നേതാവ്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 16 -നാണ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്.

AISF membership to Primeministership, the political life of Atal Bihari Vajpayee


1924 ഡിസംബർ 25 -ന് കൃഷ്ണ ബിഹാരി വാജ്‌പേയിയുടെയും കൃഷ്ണാ ദേവിയുടെയും മകനായി ഗ്വാളിയോറിലാണ് അടൽ ജനിക്കുന്നത്. അധ്യാപകനായിരുന്നു അച്ഛൻ. വിക്ടോറിയ കോളേജിൽ നിന്ന് ഹിന്ദി, സംസ്കൃതം, ഇംഗ്ലീഷ് എന്നിവയിൽ ബിരുദം. കാൺപൂർ DAV കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം എന്നിവ പൂർത്തിയാക്കി. അതിനിടെ 1944 -ൽ  ആര്യ കുമാർ സഭ എന്ന ആര്യസമാജത്തിന്റെ യുവജനവിഭാഗത്തിൽ നേതൃനിരയിലേക്ക് എത്തുന്നു വാജ്പേയി. തുടർന്ന് രാഷ്ട്രീയ സ്വയം സേവക് സംഘിൽ അംഗമാകുന്നു. 1939 ബാബാസാഹേബ് ആപ്‌തെയുടെ പ്രചാരക് ആയി മാറുന്നു.

1940 -ൽ വളരെ ചുരുങ്ങിയ കാലത്തേക്ക് ഒരു ഇടത് വ്യതിയാനവും വാജ്‌പേയിക്ക് സംഭവിച്ചിട്ടുള്ളതായി ചരിത്രം പറയുന്നുണ്ട്. അന്നത്തെ കമ്യൂണിസ്റ്റ് പാർട്ടിയുടെ(CPI) വിദ്യാർത്ഥിവിഭാഗമായ എഐഎസ്എഫിൽ അംഗത്വമെടുക്കുന്നുണ്ട് വാജ്‌പേയി. സിപിഐ ഒരു അന്താരാഷ്ട്ര കാഴ്ചപ്പാടായിരുന്നു അന്ന് വെച്ചുപുലർത്തിയിരുന്നത്. രണ്ടാം ലോകമഹായുദ്ധം നടക്കുന്നതിനിടെ ബ്രിട്ടനെതിരെ നടത്തുന്ന സമരങ്ങൾ അന്താരാഷ്ട്ര തലത്തിൽ ഫാസിസ്റ്റുവിരുദ്ധ പോരാട്ടങ്ങൾക്ക് ക്ഷീണമുണ്ടാക്കും എന്നതുകൊണ്ട് സിപിഐ സ്വാതന്ത്ര്യസമരത്തിനുവരെ അന്ന് എതിരായിരുന്നു. വാജ്‌പേയിയുടെ ഈ ഇടതുഭ്രമം താത്കാലികമായിരുന്നു. താമസിയാതെ അദ്ദേഹം സംഘ് പാളയത്തിലേക്കുതന്നെ തിരിച്ചുപോന്നു. അടിസ്ഥാനപരമായി ആർഎസ്എസ് പ്രത്യയശാസ്ത്രമായിരുന്നു ഉള്ളിൽ എന്നതിനാൽ സ്വാതന്ത്ര്യസമരം നടക്കുന്നകാലത്ത് രാഷ്ട്രീയമായി സജീവമായിരുന്നിട്ടും, ഗാന്ധിജിയുടെ ആശയങ്ങളോട് അനുഭവം പ്രകടിപ്പിക്കാനോ ദേശീയതലത്തിൽ നടക്കുന്ന സമരങ്ങളോട്  ചേർന്ന് പ്രവർത്തിക്കാനോ വാജ്‌പേയിക്ക് സാധിച്ചിരുന്നില്ല. എന്നിട്ടുപോലും 1942 -ൽ ആർഎസ്എസ് പ്രവർത്തകരായിരിക്കെ അടലും സഹോദരൻ പ്രേമും ക്വിറ്റ് ഇന്ത്യാ സമരത്തിനിടെ അറസ്റ്റിലാകുന്നുണ്ട്. ആൾക്കൂട്ടത്തിന്റെ ഭാഗമായിരുന്നു എങ്കിലും, ബഡേശ്വറിൽ അന്ന് നടന്ന അക്രമങ്ങളിലൊന്നും തനിക്കോ സഹോദരനോ പങ്കില്ല എന്ന് എഴുതി നല്കിയിട്ടാണ് അന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത്.  

AISF membership to Primeministership, the political life of Atal Bihari Vajpayee
 

1947 -ൽ  വിഭജനത്തിന്റെ ലഹളകൾക്കിടെ വാജ്‌പേയിയുടെ നിയമപഠനം മുടങ്ങുന്നുണ്ട്. തുടർന്ന് ദീനദയാൽ ഉപാധ്യായയുടെ പത്രങ്ങളായ സ്വദേശി, വീർ അർജുൻ, മാസിക രാഷ്ട്രധർമ, വരിക പാഞ്ചജന്യം എന്നിവയ്ക്കുവേണ്ടി ജോലിചെയ്യാൻ തുടങ്ങുന്നു അദ്ദേഹം.1951 -ൽ ജനസംഘം രൂപീകരിക്കപ്പെട്ടപ്പോൾ ദീനദയാൽ ഉപാധ്യായയുടെ നിർദേശപ്രകാരം വാജ്പേയി അതിൽ ചേർന്ന് പ്രവർത്തിക്കുന്നു. അധികം താമസിയാതെ അതിന്റെ നേതാവായ ശ്യാമപ്രസാദ് മുഖർജിയുടെ പ്രിയ അനുയായിയായി അദ്ദേഹം മാറുന്നു. 1968 ദീനദയാൽ ഉപാധ്യയുടെ മരണത്തിനു ശേഷം വാജ്‌പേയി ജനസംഘത്തിന്റെ ജനറൽ സെക്രട്ടറിയാകുന്നു.

1975 -ൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നു. പ്രതിപക്ഷ നേതാക്കളിൽ പലരും അറസ്റ്റുചെയ്യപ്പെട്ട കൂട്ടത്തിൽ വാജ്‌പേയിയും അകത്താകുന്നു. പിന്നീട് 1977 -ൽ അടിയന്തരാവസ്ഥ കഴിഞ്ഞ് മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ ജനതാ ഗവണ്മെന്റുണ്ടായപ്പോൾ വാജ്‌പേയി വിദേശകാര്യമന്ത്രിയായി. 1979 -ൽ വാജ്‌പേയിയുടെ രാജിയും, ജനത ഗവണ്മെന്റിന്റെ തകർച്ചയും ഒക്കെയുണ്ടാകുന്നു. അടുത്ത വർഷം, അതായത് 1980 -ൽ ഭാരതീയ ജനതാ പാർട്ടി എന്ന പുതിയ പാർട്ടി രൂപീകരിക്കപ്പെട്ടപ്പോൾ അതിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്നു അദ്ദേഹം. ഇന്ദിരയുടെ മരണത്തിനു ശേഷം 1984 -ൽ നടന്ന തെരഞ്ഞെടുപ്പിൽ ഗ്വാളിയോറിൽ നിന്ന് മാധവറാവു സിന്ധ്യയോട് തോൽക്കുന്നുണ്ട് വാജ്‌പേയി.

പ്രധാനമന്ത്രിക്കസേരയിലെ മൂന്ന് ഊഴങ്ങൾ

1995 -ലെ ഒരു ബിജെപി സമ്മേളനത്തിൽ അദ്വാനി പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി വാജ്‌പേയിയുടെ പേര് പ്രഖ്യാപിച്ചു. 1992 -ൽ ബാബരി മസ്ജിദ് തകർക്കപ്പെട്ടതിനുശേഷം നടന്ന 1996 -ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. നേരത്തേ പ്രഖ്യാപിച്ചിരുന്നതുപോലെതന്നെ വാജ്‌പേയിയുടെ നേതൃത്വത്തിൽ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. എന്നാൽ, പാർലമെന്റിൽ കേവല ഭൂരിപക്ഷം തെളിയിക്കാൻ ആകാതെ, സ്ഥാനമേറ്റ് 16 ദിവസങ്ങൾക്കുള്ളിൽ തന്നെ ആ മന്ത്രിസഭയ്ക്ക് രാജിവെച്ചൊഴിയേണ്ടി വന്നു.

അടുത്ത രണ്ടു വർഷങ്ങൾക്കുള്ളിൽ ദേവഗൗഡയുടെയും, ഗുജ്‌റാളിന്റെയും രണ്ടു ഗവൺമെന്റുകൾ വന്നുപോയി. 1998 -ൽ ലോക്സഭ പിരിച്ചുവിട്ട് വീണ്ടും പൊതുതെരഞ്ഞെടുപ്പ് നടന്നു. അതിൽ വീണ്ടും ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചു. എൻഡിഎ എന്ന പേരിൽ പല പ്രാദേശിക കക്ഷികളുടെയും പിന്തുണയോടെ സഖ്യമുണ്ടാക്കിയായിരുന്നു ഭരണം. തട്ടിയും മുട്ടിയും അത് 13 മാസം നീണ്ടു. അവസാനം AIADMK പിന്തുണ പിൻവലിച്ചതോടെ അവിശ്വാസ വോട്ടെടുപ്പിന് കളമൊരുങ്ങി. ഗിരിധർ ഗമാങ്ങിന്റെ ഒരൊറ്റ വോട്ടിൽ ഭൂരിപക്ഷം തെളിയിക്കാനാവാതെ മന്ത്രിസഭ നിലം പൊത്തി. വാജ്‌പേയി വീണ്ടും പ്രധാനമന്ത്രിപദം രാജിവെച്ചിറങ്ങി. വീണ്ടും പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടു.

അതിനു തൊട്ടുമുമ്പായിരുന്നു കാർഗിൽ യുദ്ധം. ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിൽ നിലനിന്നിരുന്ന വൈരത്തിന് അയവു വരുത്താൻ പരമാവധി ശ്രമിച്ച ഒരേയൊരു നേതാവാണ് വാജ്‌പേയി. സമാധാനം ലക്ഷ്യമിട്ട് അദ്ദേഹം 1999 ഫെബ്രുവരി 20-ന് ഇന്ത്യക്കും പാകിസ്ഥാനുമിടയിൽ സദാ-എ-സർഹദ് എന്ന പേരിൽ ഒരു ലക്ഷ്വറി ബസ് സർവീസ് തുടങ്ങി.  വാഗാ ബോര്‍ഡര്‍ കടന്ന് ചാരനിറത്തിലുള്ള ആ ബസ് പാക്കിസ്ഥാന്റെ മണ്ണിലേക്ക് കടന്നു ചെന്നു  സദാ-എ-സർഹദ് എന്ന വാക്കിന് ഉറുദുവിൽ 'അതിർത്തിയുടെ സ്വരം' എന്നായിരുന്നു അർഥം. അത് വാഗാ അതിർത്തി കടന്നുകൊണ്ട് പാക്കിസ്ഥാനുനേരെ കടന്നുചെന്ന സൗഹൃദത്തിന്റെ സ്വരമായിരുന്നു. പതിറ്റാണ്ടുകൾക്കുശേഷം അയൽരാജ്യവുമായി സൗഹൃദം സ്ഥാപിക്കാൻ വേണ്ടി  ഇന്ത്യ ഏറെ ആത്മാർത്ഥമായിത്തന്നെ നടത്തിയ ഒരു സമാധാനശ്രമം.  

ആ ബസ്സിന്റെ വരവും കാത്ത് അവിടെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് നില്‍പ്പുണ്ടായിരുന്നു. അതിര്‍ത്തിയിലെ പാക് മണ്ണില്‍ ബസ് നിര്‍ത്തി. അതിന്റെ ഓട്ടോമാറ്റിക് ഡോര്‍ തുറന്ന് ആദ്യമിറങ്ങിയത് ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ് ആയിരുന്നു. പിന്നാലെ വിദേശകാര്യമന്ത്രി ജസ്വന്ത് സിങ്ങും. രണ്ടു പ്രധാനമന്ത്രിമാരും തമ്മില്‍ ഹസ്തദാനം നടത്തി. വാജ്പേയി സൗഹൃദത്തിന്റെ വാഗ്ദാനമെന്നോണം ഷെരീഫിനെ ഒന്നാലിംഗനം ചെയ്തു. ഏറെക്കാലം പരസ്പരം  കണ്ടിരുന്ന, പരസ്പരം ഇടയ്ക്കിടെ യുദ്ധത്തിലേര്‍പ്പെടുന്ന രണ്ടയല്‍ രാജ്യങ്ങള്‍ക്കിടയിലെ മഞ്ഞ് ഒടുവില്‍ ഉരുകാന്‍ തുടങ്ങി എന്നുതന്നെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ കരുതി. എഴുതി.  പ്രധാനമന്ത്രി വാജ്പേയി തന്റെ സ്വതസിദ്ധമായ കാവ്യാത്മക വാഗ്‌ധോരണിയില്‍ പാകിസ്ഥാനി സദസ്സിനോട് പറഞ്ഞു, ' ശത്രുതയ്ക്കായി നമ്മള്‍ ഏറെക്കാലം ചെലവിട്ടില്ലേ..? ഇനി സൗഹൃദത്തിനും ഒരു അവസരം കൊടുത്തുകൂടെ..? ' ആ സദസ്സ് വാജ്പേയിയുടെ ഈ ചോദ്യത്തെ നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്. 

AISF membership to Primeministership, the political life of Atal Bihari Vajpayee

 എന്നാല്‍, ഈ സന്ദര്‍ശനത്തിലുടനീളം വളരെ പ്രധാനപ്പെട്ട ഒരാളുടെ അസാന്നിധ്യം ഏറെ ദുരൂഹമായിരുന്നു. പാകിസ്ഥാന്റെ ചീഫ് ഓഫ് ആര്‍മി സ്റ്റാഫായ, ജനറല്‍ പര്‍വേസ് മുഷാറഫ് ആയിരുന്നു ആ വിശിഷ്ടവ്യക്തി. അദ്ദേഹം വാഗയില്‍ നടന്ന സൗഹൃദസമ്മേളനം ബഹിഷ്‌കരിച്ചിരുന്നു. 1998 നവംബറില്‍, അതായത് വാജ്പേയി വാഗയില്‍ ബസ്സിറങ്ങി, നവാസ് ഷെരീഫിനെ കെട്ടിപ്പിടിക്കുന്നതിന് മൂന്നുമാസങ്ങള്‍ക്ക് മുമ്പ്, ലെഫ്റ്റനന്റ് ജനറല്‍ മെഹമൂദ് അഹമ്മദ് എന്ന  പാക്കിസ്ഥാനിലെ ടെന്‍ത്ത്  കോറിന്റെ കമാന്‍ഡിങ് ആര്‍ട്ടിലറി ഓഫീസറും, മേജര്‍ ജനറല്‍ ജാവേദ് ഹസ്സന്‍ എന്ന നോര്‍ത്തേണ്‍ ഫ്രണ്ടിയര്‍ കണ്‍സ്റ്റാബുലറി കമാന്‍ഡറും തങ്ങളുടെ ചീഫായ ജനറല്‍ പര്‍വേസ് മുഷാറഫിനെ ചെന്നുകണ്ടിരുന്നു. ആ മീറ്റിംഗില്‍ നാലാമത് ഒരു ജനറല്‍ കൂടിയുണ്ടായിരുന്നു. ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അസീസ്. ജന്മം കൊണ്ട് ഒരു കാശ്മീരിയും, പാകിസ്ഥാന്‍ സൈന്യത്തിലെ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫുമായിരുന്നു ജനറല്‍ അസീസ്. ഇവര്‍ നാലുപേരും ചേര്‍ന്ന് 1998 നവംബറില്‍, വളരെ മുമ്പുതന്നെ പാക് സൈന്യത്തിന്റെ മനസ്സില്‍ പൊട്ടിമുളച്ചിരുന്ന, എന്നാല്‍ മുമ്പാരും തന്നെ അനുമതി നല്‍കാന്‍ ധൈര്യപ്പെടാതിരുന്ന, ഒരു നുഴഞ്ഞുകയറ്റത്തിന്റെ പ്ലാനിന് അംഗീകാരം നല്‍കി. 

വാഗാ അതിര്‍ത്തിയില്‍ അടല്‍ ബിഹാരി വാജ്പേയി നവാസ് ഷെരീഫിന് ഹസ്തദാനം നല്‍കി ലോകത്തോട് അയൽരാജ്യവുമായുള്ള സൗഹൃദത്തിന്റെ ഒരു പുതിയ അധ്യായത്തെപ്പറ്റി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍  പാക് സൈന്യം ആ സൗഹൃദസന്ദര്‍ശനത്തിന്റെ മറവില്‍ കാര്‍ഗിലിലെ 135  ഇന്ത്യന്‍ മിലിട്ടറി പോയിന്റുകളില്‍ കയ്യേറ്റം നടത്തി, അവരുടെ പച്ചക്കൊടി പറിച്ചുകഴിഞ്ഞിരുന്നു. 130 ചതുരശ്രകിലോമീറ്റര്‍ ഇന്ത്യന്‍ മണ്ണ് വളച്ചുപിടിച്ചുകഴിഞ്ഞിരുന്നു. 

വാജ്പേയിക്ക് അപ്പോള്‍ ഇതേപ്പറ്റി ഒരു വിവരവും ലഭിച്ചിരുന്നില്ല. പാക്കിസ്ഥാനിലെ മിലിട്ടറിയുടെ സ്വഭാവം വെച്ച് നവാസ് ഷെരീഫിനുപോലും ലഭിച്ചുകാണില്ല എന്നുവേണം കരുതാന്‍. കാർഗിലിൽ പാക് സൈന്യം നുഴഞ്ഞുകയറി ബങ്കറുകൾ കയ്യേറിയ കാര്യത്തെപ്പറ്റി ലവലേശം ബോധ്യമില്ലാതെ, 1999  മാര്‍ച്ച് 21-ന് വാജ്പേയിയും ഷെരീഫും ചേര്‍ന്ന്  'ലാഹോര്‍ പ്രഖ്യാപന'ത്തില്‍ ഒപ്പുവെച്ചു. പിന്നാലെ നടന്നത് ഇരു രാജ്യങ്ങൾക്കും ഏറെ പണച്ചെലവും, ആൾനാശവുമുണ്ടാക്കിയ 'കാർഗിൽ' യുദ്ധമായിരുന്നു. 

AISF membership to Primeministership, the political life of Atal Bihari Vajpayee


കാർഗിൽ യുദ്ധം പകർന്ന ദേശീയവികാരത്തിന്റെ ചിറകിലേറി തെരഞ്ഞെടുപ്പിനെ നേരിട്ട എൻഡിഎ സഖ്യത്തിന് ചരിത്രത്തിൽ ഏറ്റവും അധികം സീറ്റുനേടിക്കൊടുത്ത തെരഞ്ഞെടുപ്പായിരുന്നു 1999 -ലേത്. 543 -ൽ 303 സീറ്റും അവർ തൂത്തുവാരി. ഒന്നിൽ പിഴച്ചാൽ മൂന്നെന്നാണല്ലോ. തെഹെൽക്ക സ്റ്റിങ് ഓപ്പറേഷൻ, പാർലമെന്റ് ആക്രമണം, ഇന്ത്യൻ എയർലൈൻസ് വിമാനാപഹരണം, 2002 ഗുജറാത്ത് കലാപം തുടങ്ങിയ പല നിർണായക സംഭവങ്ങളെയും അതിജീവിച്ച് അഞ്ചുകൊല്ലം തികച്ചു ഭരിക്കാനുള്ള ഭാഗ്യം വാജ്‌പേയിക്ക് സിദ്ധിച്ചു. ദേശീയപാതാ വികസന പദ്ധതി, പ്രധാനമന്ത്രി ഗ്രാം സഡക് യോജന, സർവശിക്ഷാ അഭിയാൻ തുടങ്ങിയ പദ്ധതികൾ ആരംഭിക്കുന്നത് ഇക്കാലയളവിലാണ്. രാജ്യത്തിന്റെ ജിഡിപി തുടർച്ചയായ വളർച്ച രേഖപ്പെടുത്തി. ആ സംതൃപ്താവസ്ഥ പ്രയോജനപ്പെടുത്താം എന്ന് കരുതി കാലാവധി പൂർത്തിയാകുന്നതിന് ആറുമാസം മുമ്പുതന്നെ ലോക്സഭ പിരിച്ചുവിട്ട് പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു ബിജെപി സർക്കാർ. എന്നാൽ, ഫലം വന്നപ്പോൾ അവരുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായി കോൺഗ്രസ് നേതൃത്വം നൽകിയ ഐക്യ മുന്നണി അധികാരത്തിലേറി.
 

AISF membership to Primeministership, the political life of Atal Bihari Vajpayee

ജീവിതാവസാനം വരെ ബ്രഹ്മചര്യം അനുഷ്ഠിച്ച വാജ്പേയിയോട് ആരോ ഒരിക്കൽ, " എന്തേ വിവാഹം കഴിക്കാഞ്ഞൂ..?" എന്ന ചോദ്യമുയർത്തിയപ്പോൾ അദ്ദേഹം ഫലിതരൂപേണ പറഞ്ഞത്, " എനിക്ക് സമയം കിട്ടിയില്ല " എന്നുമാത്രമായിരുന്നു. കോളേജ് വിദ്യാഭ്യാസകാലത്ത് കാര്യമായ അടുപ്പമുണ്ടായിരുന്ന രാജകുമാരി കൗൾ എന്ന സുഹൃത്തിന്റെ കുടുംബത്തെ അദ്ദേഹം അവരുടെ വിവാഹശേഷവും തന്റേതെന്നപോലെ കണ്ടിരുന്നു. അവരുടെ മകളെ അദ്ദേഹം തന്റെ മകളായി ദത്തെടുത്തു. ഒടുവിൽ കഴിഞ്ഞ വർഷം വാർധക്യസഹജമായ അസുഖങ്ങൾ മൂർച്ഛിച്ച് വാജ്‌പേയി മരിച്ചപ്പോൾ അദ്ദേഹത്തിന്റെ ചിതക്ക് തീ കൊളുത്തിയത് നമിതാ കൗൾ ഭട്ടാചാര്യ എന്ന അദ്ദേഹത്തിന്റെ ഈ ദത്തുപുത്രി തന്നെയായിരുന്നു.

അടൽ ബിഹാരി വാജ്‌പേയിയുടെ ജീവിതം വർഷങ്ങളിലൂടെ

1942-1951: പതിനാറു വയസ്സുമുതൽ സജീവമായ രാഷ്ട്രീയ പ്രവർത്തനം. ആര്യ കുമാർ സമാജിലും, ആർഎസ്എസിലും പല പദവികളും വഹിച്ചു. ക്വിറ്റ് ഇന്ത്യാ സമരത്തിനിടെ അറസ്റ്റിലായി 23 ദിവസം ജയിൽവാസം അനുഷ്ഠിച്ചു.|

1951 : ഭാരതീയ ജനസംഘത്തിൽ ചേർന്ന് പ്രവർത്തിച്ചു തുടങ്ങുന്നു.

1957: മുഖ്യധാരാ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശം.ലഖ്‌നൗ, മഥുര, ബൽറാംപൂർ എന്നിങ്ങനെ മൂന്നു സീറ്റുകളിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുന്നു. മാറ്റുരണ്ടിടങ്ങളിൽ നിന്നും തോറ്റു എങ്കിലും ബൽറാംപൂരിൽ നിന്ന് ജയിച്ച് പാർലമെന്റിലെത്തുന്നു.

1968: ദീനദയാൽ ഉപാദ്ധ്യായ ഏറെ അവിചാരിതമായി ഒരു തീവണ്ടി അപകടത്തിൽ മരിക്കുന്നു. അതിനുശേഷം വാജ്‌പേയി ഭാരതീയ ജനസംഘത്തിന്റെ ദേശീയ പ്രസിഡന്റുപദവി ഏറ്റെടുക്കുന്നു.

1975 -77 : ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നു. പ്രതിപക്ഷ നേതാക്കൾക്കൊപ്പം അറസ്റ്റുചെയ്യപ്പെടുന്നു. ജനസംഘം ജനതാപാർട്ടിയിൽ ലയിക്കുന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷം രൂപീകരിക്കപ്പെട്ട മൊറാർജി ദേശായി ഗവൺമെന്റിൽ വാജ്‌പേയി വിദേശകാര്യവകുപ്പ് മന്ത്രിയാകുന്നു.

1980: ബിജെപി എന്ന പാർട്ടിയുടെ ഉദയം. ആദ്യ ജനറൽ സെക്രട്ടറിയായി വാജ്‌പേയി തെരഞ്ഞെടുക്കപ്പെടുന്നു.

1984: ഇന്ദിരയുടെ മരണാനന്തരമുണ്ടായ സഹതാപ തരംഗത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി തകർന്നടിയുന്നു. ഗ്വാളിയോറിൽ മത്സരിച്ച വാജ്‌പേയി മാധവറാവു സിന്ധ്യയോട് തോൽക്കുന്നു. പാർലമെന്റിൽ ആകെ രണ്ടേ രണ്ടു സീറ്റുമാത്രമായി ചുരുങ്ങുന്നു. ഇക്കാലയളവിൽ റാം ജന്മഭൂമി പ്രക്ഷോഭത്തിന് ചുക്കാൻ പിടിക്കുന്നു.

1994: കർണാടകയിലും ഗുജറാത്തിലും മഹാരാഷ്ട്രയിലും നടന്ന നിയമസഭാതെരഞ്ഞെടുപ്പുകളിലെ മിന്നുന്ന പ്രകടനം ബിജെപിയെ ദേശീയരാഷ്ട്രീയത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നു.

1996: പൊതു തെരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുന്നു. വാജ്‌പേയി പ്രധാനമന്ത്രിയായി മന്ത്രിസഭ അധികാരത്തിലേറെങ്കിലും 13 ദിവസത്തിനകം രാജിവെച്ചൊഴിയേണ്ടി വരുന്നു.

1998: ബിജെപി വീണ്ടും അധികാരത്തിൽ. എൻഡിഎ രൂപീകരിക്കപ്പെടുന്നു. വാജ്‌പേയിക്ക് രണ്ടാമൂഴം. ഇത്തവണ മന്ത്രിസഭയ്ക്കുണ്ടായത് 13 മാസത്തെ ആയുസ്സ്. AIADMK പിന്തുണ പിൻവലിച്ചതോടെ മന്ത്രിസഭ നിലംപൊത്തുന്നു.

1999: വാജ്‌പേയിക്ക് മൂന്നാമൂഴം. വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറുന്നു. അഞ്ചുവർഷം തികച്ചും ഭരിക്കുന്നു.തെഹെൽക്ക സ്റ്റിങ് ഓപ്പറേഷൻ, പാർലമെന്റ് ആക്രമണം, ഇന്ത്യൻ എയർലൈൻസ് വിമാനാപഹരണം, 2002 ഗുജറാത്ത് കലാപം തുടങ്ങിയ പല നിർണായക സംഭവങ്ങളെയും സർക്കാർ അതിജീവിക്കുന്നു. ദേശീയപാതാ വികസന പദ്ധതി, പ്രധാനമന്ത്രി ഗ്രാം സഡക് യോജന, സർവശിക്ഷാ അഭിയാൻ തുടങ്ങിയ പദ്ധതികൾ ആരംഭിക്കുന്നു.

2004: പ്രതീക്ഷയ്ക്ക് വിരുദ്ധമായി തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് കനത്ത തോൽവി.

2018 : വാർധക്യസഹജമായ അസുഖങ്ങളാൽ വാജ്‌പേയി അന്തരിക്കുന്നു.

Follow Us:
Download App:
  • android
  • ios